പുന :സമാഗമം

രചന: രമ്യ മണി

ഫോൺ നിർത്താതെയടിക്കുന്നതു കേട്ടാണ് ഉച്ചമയക്കത്തിൽ ആയിരുന്ന സുമ ഞെട്ടിയുണർന്നത്. നോക്കുമ്പോൾ പേരറിയാത്ത നമ്പർ. പാതിമയക്കത്തിൽ മടുപ്പോടു കൂടിയവൾ ഫോൺ എടുത്തു ചെവിയിൽ ചേർത്തു.

“ഡീ, സുമേ.. ഇത് ഞാനാ പത്മ…നീ എന്താ ഉറങ്ങുവാരുന്നോ”?

മറുതലക്കൽ നിന്നു ശബ്ദം അലച്ചുകൊണ്ടവളുടെ ചെവിയിൽ വന്നു വീണു.

ഉറക്കം അപ്പോളും തെളിഞ്ഞിട്ടില്ലാതിരുന്ന സുമ നിമിഷങ്ങളോളം ജനലിലൂടെ പുറത്തെ പച്ചപ്പിലേക്ക് നോക്കി ആലോചനയോടെ ഇരുന്നു.. ഇതാരാ ഭഗവാനെ ഈ പത്മ..ന്റെ ഓർമയുടെ അവസാനത്തെ കോണിൽ പോലും ഇല്ലല്ലോ അങ്ങനെ ഒരു പേര്…

“സുമേ, എടീ നമ്മൾ ആലിപ്പറമ്പ് ഗവണ്മെന്റ് സ്കൂളിൽ പത്താം തരം ഒരുമിച്ചു പഠിച്ചു ഓർമയില്ലേ നിനക്ക്, പത്തു ‘ബി’ യിൽ ..? സാവിത്രി ടീച്ചർടെ ക്ലാസ്സിൽ.”

പത്മയുടെ വീണ്ടുമുള്ള ശബ്ദം സുമയെ ചിന്തകളിൽ നിന്നുണർത്തി. പത്മ നിർത്താതെ പറഞ്ഞു കൊണ്ടേ യിരുന്നു…ഒപ്പം സുമ അവളുടെ ഭൂതകാല ഓർമകളിൽ നനഞ്ഞു കുതിർന്നു.

പിന്നീട്, വീട്ടുജോലികൾ ഓരോന്നായി ഒതുക്കുമ്പോളും സുമയുടെ മനസ്സ് പഴയ ആ വിദ്യാലയ മുറ്റത്തായിരുന്നു. പത്മയും ഗിരിജയും ഒത്തു ഉച്ചയൂണ് പങ്കിട്ടു കഴിച്ചതും വിലാസിനി ടീച്ചറുടെ അടി പേടിച്ചു ഒരു ദിവസം മുഴുവൻ സ്കൂളിൽ സ്റ്റേജിനു പിറകിൽ പോയി ഒളിച്ചിരുന്നതും ഉപന്യാസമത്സരത്തിൽ കള്ളത്തരം കാണിച്ചു പത്മ തന്നെ തോൽപ്പിച്ചതും അങ്ങനെയങ്ങനെ…..

വീട്ടുജോലികൾ എല്ലാം തീർത്തു, സുമ വീടിന്റെ ചായ്പ്പിലേക് നടന്നു. ചായ്‌പിൽ മൂലയിൽ ഇട്ടിരുന്ന അലമാര തുറന്നു പഴകിയ ആൽബങ്ങൾ പുറത്തേക്കെടുത്തു, ഓരോരോ താളുകളായി മറിച്ചു നോക്കി. രണ്ടു വശം മുടി മെടഞ്ഞു മടക്കി റിബ്ബൺ കെട്ടി പാവാടയും ഷർട്ടും ഇട്ടു പത്മയോടൊപ്പം നിൽക്കുന്ന പകുതി മങ്ങിയ കറുപ്പും വെളുപ്പും കലർന്ന ഫോട്ടോ പുറത്തേക്കെടുത്തു പൊടി തട്ടി അവൾ നെഞ്ചോട്‌ ചേർത്തു. എന്തിനെന്നറിയാതെ അവളുടെ മിഴിയിൽ നീർകണങ്ങൾ ഉരുണ്ടുകൂടി.

ദിവസങ്ങൾ കടന്നു പോയി.ഒടുവിൽ ആ ദിവസം വന്നെത്തി, എണ്പത്തിമൂന്നു എണ്പതിനാല് പത്താം തരത്തിന്റെ കൂടിച്ചേരൽ.

അന്ന് രാവിലെ സുമ നേരത്തെ എണീറ്റു എല്ലാം ഒരുക്കി ഉള്ളതിൽ വച്ചേറ്റവും നല്ല സാരി ഉടുത്തു ഒരുങ്ങിയിറങ്ങി.

വിദ്യാലയത്തിന്റെ പടിവാതിൽ എത്താറാവുമ്പോൾ അവളുടെ ഹൃദയം പതിവിലേറെ കുതിച്ചുയർന്നു.. മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം കൂടെ പഠിച്ചിരുന്നവരെ വീണ്ടും കാണാൻ പോവുകയാണ്.. അതോർത്തപ്പോൾ അറിയാത്തൊരു വെപ്രാളം അവളെ പിടികൂടി, ഇനി ആരെയും മനസ്സിലാവാതെ വരുമോ, പത്മ വിളിക്കുന്നവരെ പഠിച്ചിരുന്ന ഡിവിഷൻ ബി ആണെന്ന് പോലും ഓർത്തെടുക്കാൻ പറ്റണില്ലാരുന്നു.

മുപ്പത്തഞ്ചു വർഷങ്ങൾക്കിപ്പുറവും പഠിച്ച വിദ്യാലയത്തിന് വലുതായി ഒരു മാറ്റവുമില്ല.. സുമ നടന്നു നോക്കി കാണുകയായിരുന്നു.

ചോറുപാത്രം കഴുകിയിരുന്ന പൈപ്പിൻ ചോട്, സ്റ്റേജിന്റെ വലതു വശത്തുള്ള കാറ്റാടി മരം അന്നത്തെ അതേ തലയെടുപ്പോടെ ഇപ്പോളും..

പിന്നെ യുവജനോത്സവത്തിനു തിരുവാതിര പ്രാക്ടീസ് ചെയ്തിരുന്ന പിന്മുറ്റം… എല്ലാം അവൾക്കു മനസ്സ് നിറഞ്ഞ കാഴ്ചകൾ ആയിരുന്നു.

ആ നടത്തത്തിന്റെ അവസാനം നിന്നത് പത്തു ‘ഡി’ യുടെ മുന്നിലായിരുന്നു.. ക്ലാസ്സ്‌നു അകത്തേക്ക് കയറിയ അവളെ ഒരു കൂക്കുവിളിയാണ് എതിരേറ്റത്. ചെറിയ ലജ്ജയോടും ഭയത്തോടും വെപ്രാളത്തോടും കൂടെ സുമ ഒരു ബെഞ്ചിന്റെ മൂലയിൽ സ്ഥാനം പിടിച്ചു. മിക്ക ആളുകളെയും അവൾക്കു മനസ്സിലാകുന്നില്ലായിരുന്നു.. തലയിൽ കഷണ്ടി കയറി വയറു ചാടിയ കുറെ അപരിചിതരായാണ് അവൾക്കു കൂടെ പഠിച്ച ആൺകുട്ടികളെ ഒക്കെ തോന്നിയത്.

“ആഹാ.. ആരിത് നമ്മടെ പഠിപ്പിസ്റ് സുമയോ”?? ഗിരിജയും പത്മയും ഓടി വന്നവളെ കെട്ടിപ്പിടിച്ചു.

“സുമേ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നീയെന്താണ് ചെയ്യുന്നേ?? ജോലിക്കു പോകുന്നില്ലേ?? നിന്റെ മക്കൾ, കുടുംബം ഒക്കെ… പറ പറ.. എനിക്ക് എല്ലാം കേൾക്കണം.. പത്മ സുമയെ ചേർത്തു പിടിച്ചു കൊണ്ടു ചോദിച്ചു.

സുമയിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു. ഞാൻ ജോലിക്കൊന്നും പോകുന്നില്ല. ഭർത്താവും രണ്ടു പെൺമക്കളും ഉണ്ട്.. നീ നിന്റെ കാര്യങ്ങൾ പറ. ”

“എടൊ സുമേ താൻ എന്തായീ പറയണേ പത്താംതരം സ്കൂൾ ടോപ്പർ ആയിരുന്നില്ലേ താൻ.. എന്നിട്ട് പിന്നെ പഠിച്ചില്ലേ”??

“ഗിരിജേ ഞാൻ പഠിച്ചു, ബിരുദം എടുത്തു. പക്ഷെ ഭർത്താവിന് ഞാൻ ജോലിക്ക് പോകുന്നതൊന്നും ഇഷ്ടമില്ല.. പെൺകുട്ടികളെ നോക്കാൻ എപ്പോളും അവരുടെ കൂടെ അമ്മ വേണം എന്നാ ആൾടെ പക്ഷം..അത് വിട് നീ നിന്റെ കാര്യം പറ “.

“സുമേ, ഞാൻ ഹൈക്കോടതി യിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ്. കുടുംബം ഉണ്ട്..നിനക്കോര്മയുണ്ടോ, ഞാൻ പത്തിൽ ഒരു വട്ടം തോറ്റ ശേഷം, സെപ്റ്റംബറിലാ എഴുതിഎടുത്തത്, അന്ന് നിന്റെ നോട്ടു ബുക്കുകളാണ് എന്നെ സഹായിച്ചത് അതൊക്കെ ഒരു കാലം അല്ലേ”…ഗിരിജ പൊട്ടി ചിരിച്ചു.

സുമ മൗനമണിഞ്ഞു. പത്താം തരം ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി ജയിച്ച താൻ ഒരു കുടുംബിനി ആവാനും രണ്ടു പ്രാവശ്യം എഴുതി പത്തു ജയിച്ച ഗിരിജക്കു പേര് കേട്ട വക്കീലാവാനും, ഇരുനൂറ്റി പത്തു വാങ്ങി ജയിച്ച പത്മ ഇന്ന് കോളേജ് അധ്യാപിക ആവാനും ആയിരുന്നു നിയോഗം. ദൈവത്തിന്റെ തീരുമാനങ്ങൾ വിചിത്രം തന്നെ. അന്ന് പാഠ്യ, പഠ്യേതര വിഷയങ്ങളിൽ ഒന്നാമതായിരുന്ന ഞാൻ ഇന്ന് അടുക്കള പുകയിൽ ഒരിക്കലും തീരാത്ത വീട്ടുജോലികൾക്കിടയിൽ കുടുങ്ങി കിടക്കുന്നു.

“എന്തു പറ്റി സുമേ നിന്റെ മുഖം പെട്ടെന്ന് വാടിയതു”??? നീ ഞങ്ങളോട് പറ”…

“ഹേയ്… പത്മേ ഒന്നൂല്ല… ഓർത്തപ്പോൾ ചെറിയൊരു വിഷമം.. നന്നായി പഠിച്ചു കൊണ്ടിരുന്ന ഞാൻ എവിടെയും എത്തിയില്ല, ഒന്നും ആയില്ല എന്നൊരു തോന്നൽ… മക്കളേ നോക്കാൻ വീട്ടിൽ ഇരുന്നു..ഇപ്പൊ അവരൊക്കെ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരായി… പക്ഷെ എനിക്ക് പ്രായം ആയി ഒന്നിനും കൊള്ളാതായി… ഇപ്പൊ ഞാൻ അടുക്കള പുകയിൽ ഒറ്റപ്പെട്ടു”… സുമ നെടുവീർപ്പിട്ടു.

“ആഹാ ഇത്രേ ഉള്ളോ… എടൊ സുമക്കുട്ടീ… പ്രായമാവുന്നതു ശരീരത്തിനാ.. മനസ്സിനല്ല… മനസ്സ് നമ്മൾ എപ്പോളും ചെറുപ്പമാക്കി വെക്കണം. ഒരു കാര്യം ചെയ്യാം.. നിനക്ക് ഇപ്പോൾ ഇഷ്ടം പോലെ സമയമുണ്ടല്ലോ… നിന്നെ, ഞാൻ പഠിച്ച ലോ കോളേജിൽ പാർട്ട്‌ ടൈം കോഴ്സ് ന് ചേർക്കാം. നീ പഠിക്കു.. ഒപ്പം എന്റെ ഓഫീസിൽ ഞാൻ നിനക്കൊരു ജോലിയും ശെരിയാക്കി തരാം”…

“പ്രായം ഒന്നിനും ഒരു തടസ്സമേ അല്ല.. നമുക്ക് ഒന്നേന്നു തുടങ്ങാം.പൗലൊ കൊയ്‌ലോ പറഞ്ഞത് കേട്ടിട്ടില്ലേ ഒരു കാര്യം വേണമെന്ന് തീരുമാനിച്ചിറങ്ങിയാൽ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ നിൽക്കും, ജീവിതം ശെരിക്കും ആസ്വദിക്കേണ്ടത് മദ്ധ്യവയസ്സിലാടോ”… ഗിരിജയും പത്മയും സുമയെ ചേർത്തു ആശ്വസിപ്പിച്ചു.

“വാ നമുക്ക് കുറച്ചു സമയം നമ്മുടെ ആ പഴയ ആൽമരച്ചോട്ടിൽ പോയി ഇരിക്കാം”. പത്മ സുമയുടെ വിരലുകൾ പിടിച്ചു.

ഗിരിജയും പത്മയും സുമയും കൈകൾ കോർത്തു പിടിച്ചു കൊണ്ടു പുറത്തേക്കു നടന്നു… കാറ്റാടിയുടെ ഇളം കാറ്റ് അവരെ തഴുകി കടന്നു പോയി, ആ നിമിഷം അവർ അൻപതിൽ നിന്നു പതിനഞ്ചിലേക്കു ഊളിയിട്ട് പഴയ, നിഷ്കളങ്കരായ ചെറിയ പെണ്കുട്ടികളായി മാറുകയായിരുന്നു.

പുറത്തു അത് വരെ ചിണുങ്ങി കൊണ്ടിരുന്ന ചാറ്റൽ മഴക്കു കനമേറി വന്നു…

രചന: രമ്യ മണി.

Leave a Reply

Your email address will not be published. Required fields are marked *