സ്നേഹിത

രചന: തൻസീഹ്‌ വയനാട്

അക്ഷരങ്ങളോട് എന്നും എനിക്ക് പ്രിയമായിരുന്നു…അവയോടുള്ള അടങ്ങാത്ത പ്രണയം പലപ്പോഴായി എന്റെ തൂലികയിൽ നിന്നും കഥകളായും കവിതകളായും പിറവി എടുത്തു കൊണ്ടിരുന്നു….ആ പ്രണയം തന്നെയാണ് ഒരു വാട്സാപ്പ് സ്റ്റോറി ഗ്രൂപ്പ്‌ അഡ്മിനിലേക്ക് വഴിവെച്ചതും…അതിൽ കുറച്ചു സ്റ്റോറികൾ പോസ്റ്റ് ചെയ്തും എഴുത്തുകാർക്ക് പ്രോത്സാഹനം നൽകിയും മുന്നോട്ട് പോകുമ്പോൾ ഒരു ദിവസം രാത്രി 9 നോടടുത്ത സമയത്ത് അറിയാത്ത നമ്പറിൽ നിന്നും വന്ന ഒരു മെസ്സേജ്…പക്ഷേ ഇന്നത് എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു….

“ഹായ്…അൻസി അല്ലേ…കഥകളുടെ തറവാട്(പേര് സാങ്കൽപ്പികം) അഡ്മിൻ… ഞാൻ ഹൈറ..സ്റ്റോറി എഴുതാറുണ്ട്.. നിങ്ങളുടെ ഗ്രൂപ്പിൽ പബ്ലിഷ് ചെയ്യാൻ താല്പര്യം ഉണ്ട്… നിങ്ങൾക്ക് കഴിയുമോ…? ”

അവളുടെ ചോദ്യം ഏതൊരു അഡ്‌മിനെയും പോലെ എന്നെയും സന്തോഷിപ്പിച്ചു…ഒരു റൈറ്ററേ കൂടി ഗ്രൂപ്പിൽ കിട്ടിയിരിക്കുന്നു…അതും ഇങ്ങോട്ട് വന്ന്…ആലോചിക്കാൻ സമയമെടുക്കാതെ ഞാൻ മറുപടി നൽകി…

“ഓ അതിനെന്താ ചെയ്യാലോ… സ്റ്റോറി അയച്ചു തരു… തീർച്ചയായും പോസ്റ്റ്‌ ചെയ്യാം..”

ഒരു കാര്യം കൂടി ചോദിക്കാൻ ഞാൻ മറന്നില്ല..

“ഞങ്ങളെക്കാൾ വലിയ ഗ്രൂപ്പുകൾ ഉണ്ടായിട്ടും എന്താണ് അവരുടെ അടുത്തേക്ക് പോവാതെ നിന്നത്… ”

“ഞാൻ എഴുത്തോല(സാങ്കൽപ്പികം) ഗ്രൂപ്പിൽ സ്റ്റോറി അയച്ചു കൊടുക്കാറുണ്ടായിരുന്നു.. അതിലെ അഡ്മിൻ ആയി ചെറിയ പ്രശ്നം ഉണ്ടായി അവരുടെ റൂൾ ഞാൻ തെറ്റിച്ചു എന്നൊക്കെ പറഞ്ഞു… ഒരുപാട് വഴക്ക് പറഞ്ഞപ്പോൾ അവർക്ക് അയച്ചു കൊടുക്കുന്നത് ഞാൻ നിർത്തി… അങ്ങനെ ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ ഗ്രൂപ്പ്‌ കണ്ടത്… ആദ്യ മാത്രയിൽ തന്നെ ഒരു കൗതുകം തോന്നി… അതോണ്ടാണ് ഈ രാത്രി തന്നെ നിങ്ങൾക്ക് മെസ്സേജ് വിട്ടത്… തെറ്റിദ്ധരിക്കല്ലേട്ടോ…. ”

ഇല്ല എന്ന മറുപടിയിൽ ഞാൻ ചാറ്റ് അവസാനിപ്പിച്ചു….

അങ്ങനെ അവൾ സ്റ്റോറി എനിക്ക് അയച്ചു തന്നു…..അപ്പോയല്ലേ ട്വിസ്റ്റ്‌ എന്റെ ഫേവറൈറ്റ് സ്റ്റോറിയുടെ റൈറ്റർ അതും അജു എന്ന തൂലികാനാമം കണ്ടു ഞാൻ ബോയ് ആണെന്ന് കരുതിയ റൈറ്റർ …എനിക്കയച്ചത് സെക്കന്റ് സ്റ്റോറിയും…ഒരു എഴുത്തുകാരി ഇങ്ങോട്ട് വന്നപ്പോൾ തന്നെ എന്തോ ഒരു അടുപ്പം അവളോട് തോന്നിയിരുന്നു…പക്ഷേ അത് പറയാൻ നില്കാതെ നല്ല എഴുത്തുകൾ ആണ് ഇയാളുടേതെന്ന് മാത്രം പറഞ്ഞു അന്നും ചാറ്റ് അവസാനിപ്പിച്ചു …ആദ്യ നാളുകളിൽ സ്റ്റോറി അയച്ചു കൊടുക്കുന്ന റൈറ്റർ അഡ്മിൻ ബന്ധമായി മുന്നോട്ട് പോയി… ദിവസങ്ങൾ ഇലകൾ കണക്കെ പൊഴിഞ്ഞു വീണു… ഒരു ദിവസം ഗ്രൂപ്പിൽ അഡ്മിൻ പാനലിൽ ഒരു ചർച്ച വന്നു…ഗ്രൂപ്പിന്റെ പേര് ഒന്ന് മാറ്റിയാലോ എന്ന്..ഞാൻ ഓക്കേ പറഞ്ഞു…അവളുടെ എഴുതുകളോടുള്ള ഇഷ്ടം കൊണ്ടാകാം ആ നെയിം അവളോട് തന്നെ ചോദിക്കാൻ തോന്നിയത്… ആ ചോദ്യമായിരുന്നു ഞങ്ങൾ പോലും അറിയാതെ ഞങ്ങളിൽ സൗഹൃദത്തിന്റെ വിത്ത് പാകിയത്…സൗഹൃദം മുളച്ചു തുടങ്ങിയപ്പോഴാണ് ഒരേ നാട്ടുകാരാണെന്ന് അറിഞ്ഞത് അത് അവളിലേക്ക് കൂടുതൽ അടുപ്പിച്ചു…എന്റെ നാട്ടിൽ ഇങ്ങനെ ഞാൻ ഇഷ്ടപെടുന്ന ഒരു എഴുത്തുകാരി ഉണ്ടന്നറിഞ്ഞ സന്തോഷമായിരുന്നു എനിക്ക്…

അവളുടെ എഴുത്തുകൾക്ക് മറുപടി പറഞ്ഞും മത്സരങ്ങളിൽ അവളെ പ്രോത്സാഹിപ്പിച്ചും ഞങ്ങളുടെ സൗഹൃദം ആഴത്തിൽ വളരാൻ തുടങ്ങി….

നല്ല സൗഹൃദം പലപ്പോഴും ഒരു ചെടിയുടെ വേരുകള്‍ പോലെയാണല്ലോ…നമ്മെ
വളര്‍ത്താനും താങ്ങാകാനും ഊര്‍ജ്ജം പകർന്നു കൂടെ നിൽക്കുന്ന ശക്തി…ഒന്നും പ്രതീക്ഷിക്കാതെ ചേര്‍ത്ത് പിടിക്കുന്നവ…
ഞങ്ങൾക്കിടയിൽ സൗഹൃദമെന്ന ആത്മീയ ഉണർവ് ആഴത്തിൽ പതിച്ചിട്ടും ഒരാളുടെ മനസ്സൊന്നു ഇടറിയാൽ പോലും സഹിക്കാൻ കഴിയാത്ത പ്രണയത്തിനുമപ്പുറത്തേക്ക് ബന്ധം വളർന്നിട്ടും ഒരു നാട്ടുകാരായിട്ടും പരസ്പരം ഒരു നോക്ക് കാണുവാൻ കഴിഞ്ഞില്ല എന്ന സങ്കടം തീർന്നത് മാസങ്ങൾ തെന്നിമാറിയതിന് ശേഷമാണ്…അതെ… ഞങ്ങൾ തമ്മിൽ കാണാൻ പോകുന്നു…

അഴകാര്‍ന്ന പൂവിന്റെ
മിഴിവാര്‍ന്ന ഇതളുകള്‍
പോലെയുള്ള സൗഹൃദം കൊണ്ട് എന്റെ ഹൃദയം കവർന്ന സ്നേഹിതയെ….

അതിനു വഴിയൊരുക്കിയത് എന്റെ ഒരു കസിൻ മുസ്‌ലിഹയാണ്…മലപ്പുറം ജില്ലയിലുള്ള അവളും ഓൺലൈൻ വഴിയാണ് ഹൈറയെ പരിചയപെടുന്നത്… കാരണം അവളും അത്യാവശ്യം എഴുതുന്ന കൂട്ടത്തിൽ ആണ്…മഴയെ ഇഷ്ടപ്പെടുന്ന അവൾ എല്ലാ എതിർപ്പുകളും നിരസിച്ചു ജൂണിലെ മഴയിൽ തന്നെ കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ്‌വാരങ്ങളിലെ കാട്ടരുവികളും ഇഴചേര്‍ന്ന് കിടക്കുന്ന പച്ചപ്പും മഴക്കാലത്തെ നനവും കുളിരും തേടി കൂട്ടത്തിൽ അവളുടെ ആത്മ സുഹൃത്തുക്കളായ ഞങ്ങളെയും തേടി വയനാട്ടിലേക്ക് കുടുംബവുമൊത്ത് യാത്ര തിരിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു ഉത്സവം തന്നെ അരങ്ങേറ്റം കുറിച്ചിരുന്നു….കാരണം ഹൈറയുടെ വീട്ടിലേക്ക് അവരോടൊപ്പം ഞാനും പോകുന്നു അവളെ കാണാൻ….അറിയില്ല എങ്ങനെ അപ്പോഴത്തെ ഫീലിംഗ് എഴുതണമെന്നു…

മഴയെ സ്നേഹിക്കുന്നവർ ഒരു മഴയെങ്കിലും കൊള്ളാൻ തീര്‍ച്ചയായും എത്തിച്ചേരുന്ന സ്ഥലമാണല്ലോ വയനാട്… കാഴ്ച്ചകളുടെ വൈവിധ്യം തേടിയുള്ള യാത്രികരുടെ സ്വര്‍ഗഭൂമിയാണ് വയനാട് എന്ന ചൊല്ലുകൾ കേൾക്കാറുണ്ട്…അതെ ഞാനും ഹൈറയും വായനാട്ടുകാരാണ്…

അവരോടൊത്ത് അവളുടെ വീട്ടിൽ ചെന്നപ്പോൾ ഫോണിലൂടെ പറയുന്ന പോലെ ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല…എന്തോ ആ നിമിഷത്തിൽ വാക്കുകൾക്കു വല്ലാതെ ക്ഷാമം നേരിടേണ്ടി വന്നു…അവളെ കണ്ട മാത്രയിൽ മിഴികളിൽ നോക്കി കുറച്ചു സമയം നിന്നു…

അന്ന് നിന്‍ മിഴികളിൽ കണ്ട പ്രകാശം മന്ത്രിച്ച അക്ഷരങ്ങളാല്‍ ഞാനൊരു കവിതയെഴുതിയിട്ടുണ്ട്,,,, നിനക്കായ്‌ മാത്രം… ഹൃദയം ചാലിച്ചൊരു കവിത….

ഒരിക്കലും പരസ്പരം അറിയാനിടയില്ലാത്ത രണ്ട് കോണിലുള്ള രണ്ടു ജന്മങ്ങൾ
മുൻജന്മ പ്രേരണയാലെന്ന പോലെ സ്വയം അറിയാതെ ആഴത്തിൽ അടുത്തിട്ടും ആദ്യ നോക്ക് കണ്ടപ്പോൾ പരസ്പരം പോലും പറഞ്ഞു
അറിയിക്കാൻ കഴിയാത്ത ഒരു ആത്മാനുഭൂതിയായിരുന്നു എനിക്കപ്പോൾ…

അറിയില്ല ഹൈറാ….നമ്മുടെ ഈ ബന്ധത്തെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടതെന്ന്….നിനക്കറിയുമെങ്കിൽ പറഞ്ഞു തരിക…നമ്മുടെ ബന്ധത്തിന്റെ ആഴം വെറും വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിഞ്ഞെന്ന് വരില്ല ആർക്കും …
സ്നേഹവും ..പ്രണയവും വൈകാരികവും സൗഹൃദവും ​വാത്സല്യവും ഒരു പരിധി വരെ വർണനീയം ആകുമ്പോൾ ഇവയ്ക്കും അപ്പുറം ഉള്ള അവർണനീയമായ ആത്മ ബന്ധത്തെ
എന്ത് പേര് ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത് ഹൈറാ….

നമ്മുടെ സൗഹൃദം ഈ താളിൽ വരച്ചിടാനായി ശ്രമിക്കുമ്പോൾ നീയിതു ആദ്യം വായിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചു…പക്ഷെ നീ എന്റെ ആഗ്രഹം തെറ്റിച്ചു കളഞ്ഞില്ലേ ഹൈറാ…
എന്‍റെ പ്രിയപ്പെട്ടവര്‍ നിന്നെ ഈ വരികളില്‍ കൂടി അറിയുമെന്നും നമ്മുടെ സൗഹൃദം അവര്‍ക്കൊരു പുതുമയായിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റി….വാക്കുകൾ കൊണ്ട് നമ്മുടെ സൗഹൃദത്തെ വര്‍ണ്ണിക്കാന്‍ ശ്രമിച്ച ഞാന്‍ എന്തൊരു മണ്ടനാണ്… നിന്‍റെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും പരപ്പും ഹൃദയത്തിൽ തങ്ങിനില്ക്കുന്ന ആ സ്നേഹത്തിന്‍റെ ആര്‍ദ്രതയും പവിത്രതയും ഒരിക്കലും ഒരിക്കലും ഒരു തൂലികക്കും പൂർണ്ണമാക്കാൻ കഴിയുകയില്ല ഹൈറാ….

പരസ്പരം എല്ലാം തുറന്നു പറഞ്ഞും ഒന്നും ഒളിപ്പിക്കാതെയും സൗഹൃദം മുന്നോട്ട് പോകുമ്പോൾ അതിന് ഭംഗി കൂടുമെന്നല്ലേ …സൗഹൃദത്തില്‍ സത്യമില്ലെങ്കില്‍ അതിന് അല്പായുസ്സേ ഉള്ളു…നല്ലതും ചീത്തയുമായ കാര്യങ്ങളില്‍ സാധാരണ ബന്ധങ്ങളേക്കാള്‍ തീവ്രമായിരിക്കും ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍….ഏറ്റവും പ്രധാനപ്പെട്ട കാര്യം നെഗറ്റീവായ കാര്യങ്ങളിലും സുഹൃത്തിനു അവ പരിഹരിക്കാനും അത് വിട്ടുകളയാനുമുള്ള മനസാകുമ്പോൾ അതെ ഹൈറാ നീയെന്നും എനിക്ക് പ്രിയപ്പെട്ടതാണ്….ഈ ബന്ധം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥന മാത്രം…. ❣

ശുഭം…

മിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന്നെ….
നമ്മള്‍ ആദ്യം നല്ലൊരു സുഹൃത്താവുക … വില മതിക്കാനാവാത്ത സൗഹൃദങ്ങള്‍ തേടിയെത്തുക തന്നെ ചെയ്യും..

നല്ലൊരു സുഹൃത്ത് ഒപ്പമുണ്ടെങ്കിൽ ജീവിതവിജയം ഉറപ്പായും ഉണ്ടാകും….ഒരു ചൊല്ലുണ്ട് “ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട” എന്ന്…..നല്ലൊരു സുഹൃത്താണെങ്കിൽ നമ്മുടെ തെറ്റുകൾ തിരുത്തിയും മനസിലാക്കിതന്നും ഒരു കണ്ണാടി പോലെ നമ്മുടെ പ്രവർത്തികൾ അതിൽ പ്രതിഫലിപ്പിച്ചു കാണിക്കാൻ ഒരു സുഹൃത്തിനെ കൊണ്ട് സാധിക്കും….നല്ല സുഹൃത്തുക്കളെ മാത്രം തിരഞ്ഞെടുക്കുക… മനസ്സുകള്‍ കളങ്കമാകാതിരിക്കട്ടെ….
നിസ്വാര്‍ത്ഥസ്നേഹത്താല്‍ സൗഹൃദങ്ങൾ ധന്യമാകട്ടെ……
ജീവിതം സുകൃതമാകട്ടെ…

രചന: തൻസീഹ്‌ വയനാട്

Leave a Reply

Your email address will not be published. Required fields are marked *