അവൾ എന്റെ ഭാര്യയാണ്, അവളുടെ ശരീരമല്ല, അവളുടെ മനസ്സാണ് ആദ്യം സ്വന്തമാക്കേണ്ടതെന്ന് എനിക്ക് തോന്നി…

രചന: Sarath Purushan

അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ സ്പർശിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഒരു ഭർത്താവിന്റെ സ്വാതന്ത്ര്യം ഉണ്ടായിരുന്നിട്ടു കൂടി ഞാൻ അത് വേണ്ടന്ന് വച്ചു. അവൾ എന്റെ ഭാര്യയാണ്, അവളുടെ ശരീരമല്ല,അവളുടെ മനസ്സാണ് ആദ്യം സ്വന്തമാക്കേണ്ടതെന്ന് എനിക്ക് തോന്നി. വിവാഹം കഴിഞ്ഞു ഒരു വർഷം പിന്നീടുന്നു. എന്നിട്ടും അവളോടടുക്കാൻ എനിക്ക് കഴിയുന്നില്ല.

അമ്മയുടെ നിർബന്ധം കൊണ്ടാണ് ഞാൻ വിവാഹത്തിന് തന്നെ തയ്യാറായത്. പെണ്ണിനെ ഒന്ന് കാണുക പോലും ചെയ്യാതെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം എന്ന ചിന്ത എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. ഓരോരോ കാരണങ്ങൾ പറഞ്ഞു വരുന്ന ആലോചനകളെല്ലാം ഞാൻ മുടക്കി.

കാരണം പ്രണയ നഷ്ടം തന്നെയാണ്. പക്ഷെ അമ്മയ്ക്ക് വാശിയായിരുന്നു. ഒറ്റ മകൻ, അമ്മയുടെ കാലശേഷം ഞാൻ തനിച്ചാകുമെന്ന് അമ്മ കരുതിക്കാണും. ഒടുവിൽ അമ്മ ജയിച്ചു. അല്ല സ്നേഹം കൊണ്ട് എന്നെ തോൽപ്പിച്ചു. ഒരു മകന്റെ കടമ, അത് മാത്രമേ ചിന്തിച്ചുള്ളൂ… ഞങ്ങളുടെ വിവാഹം കെങ്കേമമായി തന്നെ നടന്നു. ഉള്ളിൽ അപ്പോഴും നഷ്ടപ്രണയത്തിന്റെ വിങ്ങലായിരുന്നു. അന്യമതക്കാരിയായിരുന്ന സമീറ മറ്റൊരാളുടെ ഭാര്യയാകുന്നത് നിറകണ്ണുകളോടെ നോക്കി നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ജീവനേക്കാൾ ഏറെ സ്നേഹിച്ചിട്ടും സ്വന്തമാക്കാൻ കഴിയാത്തതിന്റെ ഒരു വേദന, അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ.. അതുകൊണ്ട് തന്നെയാണ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയത്. ഒരിക്കൽ സ്നേഹിച്ചവളുടെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കുക. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള ഒന്ന് തന്നെയായിരുന്നു.

പക്ഷെ വിവാഹ ശേഷം ഞാനെന്റെ ഭാര്യയെ ഇഷ്ടപ്പെട്ടു തുടങ്ങി. അവളുടെ സാമിപ്യം ഞാനും ആഗ്രഹിച്ചു തുടങ്ങി. ഒരു താലിബന്ധത്തിനുമപ്പുറം എന്തൊക്കെയോ അവളിൽ ഞാൻ കണ്ടു. അവൾ സുന്ദരിയാണോ.? അല്ല എന്ന് പറയാൻ കഴിയില്ല. ചെറിയ കണ്ണുകൾ, വെളുത്ത വട്ടമുഖം. എന്നും രാവിലെ കുളിപിന്നലിട്ടു ഈറനണിഞ്ഞ മുടി. അവളുടെ നെറുകയിലെ സിന്ദൂരം അവളെ കൂടുതൽ സുന്ദരിയാക്കുംപോൽ തോന്നിയിട്ടുണ്ട്. ഇവളാണ് എനിക്ക് വേണ്ടി ജനിച്ചവൾ. മനസ്സിൽ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അവൾ എനിക്കിന്നും അപരിചിതയാണ്. എന്റെ കാര്യങ്ങളെല്ലാം അവൾ കൃത്യമായി ചെയ്യുന്നുണ്ട്. ഒരു വേലക്കാരിയെ പോലെ അവളെന്നെ പരിപാലിക്കുന്നുണ്ട്. പക്ഷെ ഒരു ഭാര്യ എന്ന നിലയിൽ അവൾ എനിക്ക് ഒരുപാട് അകലെയാണ്. അവൾക്ക് ഇഷ്ടപെട്ടത് എന്താണെന്നു പോലും എനിക്കറിയില്ല. പുറമെ ഞങ്ങൾ നല്ല ഭാര്യാഭർത്താക്കന്മാരാണ്, വീടിനുള്ളിൽ തികച്ചും അപരിചിതർ. എന്റെ സ്നേഹം അവളോട് പ്രകടിപ്പിക്കാൻ പോലും എനിക്ക് കഴിയുന്നില്ല. സംസാരിക്കാറുണ്ടെങ്കിലും, അത് ആവശ്യങ്ങൾക്ക് മാത്രമായിരിക്കും. വർഷം ഒന്ന് കഴിഞ്ഞിട്ടും കുട്ടികളില്ല എന്നതാണ് അമ്മയെ സങ്കടപെടുത്തിയത്. ഇനിയും വൈകിയാൽ എന്റെ ജീവിതത്തിൽ അര്ഥമില്ലാതാകും എന്ന തോന്നലാണ് അവളോട് മനസ്സ് തുറന്ന് സംസാരിക്കാൻ ധൈര്യം തന്നത്.

ആദ്യ പ്രണയം അവതരിപ്പിക്കുന്ന തരത്തിലായിയുന്നു ഉള്ളിൽ ഭയം നിറഞ്ഞത്.

“ഇന്ദു….”

എന്റെ വിളി കേൾക്കാൻ കാത്തിരുന്നത് പോലെ അവൾ വിളി കേട്ടു…

“നിനക്ക് എന്നോട് ഇഷ്ടകുറവു വല്ലതും…” പറഞ്ഞു തീരും മുൻപേ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.. “എന്താ നീയൊന്നും പറയാത്തെ..” കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഒരു വിതുമ്പലോടു കൂടി അവൾ പറഞ്ഞു തുടങ്ങി. “ഹരിയേട്ടന് എന്നെ ഇഷ്ട്ടല്ല്യാന്ന് എനിക്ക് അറിയാം. അത് കൊണ്ട് ഞാൻ ഒഴിഞ്ഞു നിന്നതാ..” എന്റെ ഉള്ളം ഒന്ന് പിടച്ചു.. “ആര് പറഞ്ഞു.. എനിക്ക് നിന്നെ ഇഷ്ടമല്ലന്നു.. ” “എനിക്കറിയാം..കല്യാണം കഴിഞ്ഞുള്ള ആദ്യ നാളുകളിൽ തന്നെ.. ഹരിയേട്ടൻ എന്നോട് കാണിച്ച അകൽച്ചയിൽ നിന്നും ഞാനറിഞ്ഞു.. പിന്നീട് അങ്ങോട്ട് ഒഴിഞ്ഞു മാറി നടന്നതാ ഞാൻ.. ” എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളോട് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. “എനിക്ക്… നിന്നോട് ഇഷ്ടക്കുറവൊന്നും ഇല്ല. ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ നീ ഒരു പാട് അകലയെണെന്ന് തോന്നി..” അതിനു മറുപടി അവളുടെ പുഞ്ചിരിയും കണ്ണീരും ഇടകലർന്ന മുഖമായിരുന്നു. കരഞ്ഞു കൊണ്ട് ചിരിക്കുന്ന അവളെ കാണാൻ പതിവിലും സുന്ദരമായി തോന്നി. ഇനിയും വൈകരുതെന്ന് എനിക്ക് തോന്നി. എന്റെ ആദ്യ ചുംബനം അവളുടെ നെറുകയിൽ സമ്മാനിക്കുമ്പോൾ അതുവരെ ഞാൻ അനുഭവിച്ച ഏകാന്ത ഇരുളിൽ മറഞ്ഞില്ലാതായി. ആ ചുംബനത്തിനു പുതിയ സിന്ദൂരത്തിന്റെ മാനമുണ്ടായിരുന്നു. ഒരു പുതിയ ജീവിതത്തിന്റെ ബലമുണ്ടായിരുന്നു.

ഇപ്പോൾ ഞങ്ങൾ എന്നും സംസാരിക്കാറുണ്ട്. അവളുടെ ഇഷ്ടങ്ങൾ എന്റെ ഹൃദയത്തിൽ കുറിക്കപ്പെട്ടിരിക്കുന്നു. മനസ്സ് കൊണ്ട് മാത്രമല്ല കടമകൊണ്ടും ഞാനിന്ന് നല്ലൊരു ഭർത്താവാണ്. ഒരച്ഛനാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഞാനനുഭവിച്ച ആനന്ദം അതിനിപ്പോൾ എന്റെ പ്രാണനേക്കാൾ വിലയുണ്ട്. സ്നേഹിക്കാൻ ഒട്ടും വൈകരുത്… അഥവാ വൈകിയാലും അർഹതയുണ്ടെങ്കിൽ, ആത്മാർത്ഥതയുണ്ടെങ്കിൽ അത് എന്നും കൂടെയുണ്ടാകും…

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: Sarath Purushan

Leave a Reply

Your email address will not be published. Required fields are marked *