അതെന്നെ എന്റെ ജീവിതം പഠിപ്പിച്ചതാ… നിനക്കും അത് മനസിലാകും…

രചന: മുരളി.ആർ.

“എന്താടി നീ ഈ കാണിയ്ക്കുന്നെ…? ”

അമ്മ ചോദിക്കും മുന്നേ കട്ടിലിൽ കിടന്നിരുന്ന തുണിയും, പേഴ്സുമെല്ലാം ഞാൻ എടുത്ത് താഴത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട്, കട്ടിലിലേക്ക് കമിഴ്ന്ന് കിടന്നു. അമ്മ അതൊക്കെ തറയിൽ നിന്നെടുത്തിട് എന്നോട് ചോദിച്ചു.

” മോളേ… നന്ദിതേ..!
എന്താടി..? എന്താ പറ്റിയെ..? ”

ദേഷ്യത്തോടെ ഞാൻ പറഞ്ഞു.

” അമ്മയൊന്ന് പോയേ…,
എനിക്ക് കുറച്ച് മനസമാധാനം താ…!
ഞാനൊന്ന് ഒറ്റക്ക് ഇരിക്കട്ടെ… ”

ഉറക്കെ അലറികൊണ്ട് കട്ടിലിൽ കിടന്ന് ഞാൻ ഏങ്ങലടിച്ച് കരഞ്ഞു. ഞാൻ അമ്മയോട് പറഞ്ഞത് കുറച്ച് കൂടിപ്പോയത് കൊണ്ടാവാം അമ്മ എന്റെ മുറിയുടെ അടുത്തേക്ക് പോലും പിന്നീട് വന്നില്ല. ആരും ആശ്വസിപ്പിയ്ക്കാനില്ലാതെ എത്ര നേരം എനിക്ക് ഈ മുറിയിൽ കരഞ്ഞോണ്ട് കിടക്കനാകും…?
അച്ഛൻ മരിച്ചെപ്പിന്നെ അമ്മയും, ഞാനും തനിച്ച. എനിക്ക് അമ്മയും, അമ്മയ്ക്ക് ഞാനും മാത്രേ ഉള്ളു ഈ വീട്ടിൽ. എന്റെ ദേഷ്യം അമ്മയുടെ മനസിനെ വേദനിച്ചുകാണുവോ…?
കട്ടിലിൽ നിന്നും ഞാനെഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി നോക്കി. അടുക്കളയുടെ പടിയിലിരുന്ന് അമ്മ ആ പേഴ്സും പിടിച്ച് എന്തോ വലിയ ആലോചനയിലായിരുന്നു. അമ്മയുടെ തോളിൽ കൈവെച്ചു ഞാൻ വിളിച്ചു.

“അമ്മേ…!
അമ്മ പിണങ്ങിയോ…? ”

എന്നെ നോക്കിട്ട് അമ്മ ചോദിച്ചു.

“എന്തിന്…? ”

“അല്ല,
ഞാൻ അപ്പോഴുത്തെ ദേഷ്യത്തിന് എന്തൊക്കെയോ വായിതോന്നിയത് അമ്മയോട് പറഞ്ഞില്ലേ…”

” അതോ…?
അത് സാരമില്ലടി…
നിന്റെ ദേഷ്യം ഒക്കെ മാറിയോ…? ”

“മാറി…”

തല താഴ്ത്തികൊണ്ട് പരിഭവഭാവത്തോടെ ഞാൻ മറുപടി കൊടുത്തു. അമ്മ എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു.

“അതൊക്കെ പോട്ടെ…
നീ എന്തിനാ കരഞ്ഞേ…? ”

“അത് പിന്നെ…
ഓഫീസിൽ ഞാൻ കാരണം ഒര് പ്രൊജക്റ്റ്‌ പ്രസന്റേഷൻ ലേറ്റ് ആയി. സാറെന്നെ സ്റ്റാഫിന്റെ മുന്നിവെച്ച് നല്ല ചീത്ത പറഞ്ഞു. എനിക്കത് ഒട്ടും സഹിക്കാൻ പറ്റിയില്ല.”

“അതൊന്നും കാര്യാക്കണ്ട എന്റെ മോള്…
നാളെയും ജോലിയ്ക്ക് പോണം. ഇനിയൊരു തെറ്റ് നിന്റെ ഭാഗത്തുന്നു ഉണ്ടാവാതെ നോക്കണം. അതാ ഇനി ചെയ്യേണ്ടേ…”

എനിക്ക് ആ മറുപടി തന്നിട്ട്, എന്റെ കവിളിലൊന്ന് തലോടികൊണ്ട് അമ്മ അടുക്കളയിലേക്ക് കേറി പോയി. എനിക്ക് മനസിലാവാത്തത് അമ്മക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു എന്നാണ്. ഞാൻ അമ്മയോട് ചോദിച്ചു.

“അമ്മേ…!
അമ്മയ്ക്കെങ്ങനെ ഇത്ര ക്ഷമയോടെ ഇരിക്കാൻ കഴിയുന്നു..? ”

“അതോ…?
അതെന്നെ എന്റെ ജീവിതം പഠിപ്പിച്ചതാ…
നിനക്കും അത് മനസിലാകും. സന്ദർഭം, സാഹചര്യവും വരുമ്പോ…!
നീ എന്റെ മോളല്ലേടി…?
നിന്നോട് ഞാൻ ക്ഷമിച്ചല്ലേ പറ്റു… ”

അമ്മ ചിരിച്ചുകൊണ്ട് ആ മറുപടി തന്നു. ഇനിയിപ്പോ ഞാനെന്നാണോ ഈ ക്ഷമ പഠിക്കുക…?
അമ്മയോട് മനസ്സ് തുറന്നപ്പോ എന്തെന്നില്ലാത്ത സമാദാനമുണ്ട്. എന്നാലും, നമ്മളെ മനസിലാക്കാൻ നമ്മുടെ അമ്മ തന്നെ വേണമെന്ന സത്യം ഞാൻ കുറച്ച് വൈകിയ മനസിലാക്കിയത്. ക്ഷമ ഉള്ളത് കൊണ്ടാകാം, ഞാൻ അത്രക്ക് ദേഷ്യ പെട്ടിട്ടും ഒര് വാക്കുപോലും മറുത്തുപറയാതെ അമ്മ മുറിന്ന് പോയത്. എന്നാലും എന്റെ അമ്മയ്ക്ക് തുല്യം അമ്മ മാത്രാ…!!!

രചന: മുരളി.ആർ.

Leave a Reply

Your email address will not be published. Required fields are marked *