കതകിൽ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് അവൾ എഴുന്നേറ്റത്.

“മായേ, കതക് തുറക്കൂ”.. അനിയേട്ടൻ ഇതുവരെ ഉറങ്ങിയില്ലേ. ക്ലോക്കിൽ നോക്കിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. കുട്ടികൾ നല്ല ഉറക്കത്തിലാണ്. എന്തെങ്കിലും വയ്യായ്കയോ മറ്റോ ആണോ എന്ന് കരുതി കൊണ്ടാണ് മായ വാതിൽ തുറന്നത്. അനിയെ കണ്ടപ്പോൾ അവൾക്ക് എന്തോ പന്തികേട് തോന്നി. കരഞ്ഞു വീർത്ത മുഖം. “മായേ, എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്. എന്റെ റൂമിലേക്ക് വരൂ”. “എന്താ ഏട്ടാ എന്താണെങ്കിലും ഇവിടെവച്ചു പറഞ്ഞോളൂ”. “വേണ്ട, കുട്ടികൾ ഉണരും”

“ശരി നടന്നോളൂ, ഞാൻ വരാം” മായ കുട്ടികൾ കിടക്കുന്ന കട്ടിലിനരികിലേക്ക് ചെന്നു. തലയിണ എടുത്ത് തടവച്ചു. പതുക്കെ വാതിൽ അടച്ചു. അനിയുടെ റൂമിലേക്ക് ചെന്നു. അനി കട്ടിലിൽ ഇരിക്കുകയാണ്. മായയെ കണ്ടതും അയാൾ ഓടി വന്ന് കാൽക്കൽ വീണു. “എന്നോട് ക്ഷമിക്കൂ മായേ, നീ ഇല്ലാതെ പറ്റുന്നില്ല എനിക്ക്” “എന്താ അനിയേട്ടാ ഇത്? എഴുന്നേൽക്കൂ, എന്താ ഇതൊക്കെ? എന്താ കാര്യം പറയൂ? ” “മായേ, ഞാൻ നിന്നോട് തെറ്റ് ചെയ്തു. പൊറുക്കാനാകാത്ത തെറ്റ്. പക്ഷേ കഴിഞ്ഞ ഏഴ് വർഷമായി നീ എന്നെ ശിക്ഷിക്കുകയല്ലേ.? മതി മായേ, ഇനിയും എനിക്കിത് താങ്ങാനാവുന്നില്ല. ” “അനിയേട്ടൻ തെറ്റ് ചെയ്തത് സമ്മതിച്ചല്ലോ? കഴിഞ്ഞ ഏഴു വർഷമായി നമ്മളിങ്ങനെ, കുട്ടികളെ പോലും അറിയിക്കാതെ… ഇപ്പോ എന്താ അനിയേട്ടന് മനംമാറ്റം? അവളുടെ വിവാഹം ആയല്ലേ? ” മായയുടെ ചോദ്യം കേട്ടതും അനി അവളെ ഞെട്ടലോടെ നോക്കി. “ഞാൻ അറിഞ്ഞു അനിയേട്ടാ, നാളെ മുതൽ അവളുടെ സ്നേഹം മറ്റൊരാൾക്ക് പങ്കിട്ടു പോകുന്നല്ലേ? അപ്പോഴാണോ അനിയേട്ടൻ എന്നെ ഓർത്തത്?” “മായേ, നീ ഇവിടെ എനിക്കരികിൽ ഇരിക്കൂ. എത്രകാലമായി എന്റെ മുറിയിലേക്ക് പോലും കയറുന്നില്ല നീ” അതുകേട്ട് ചിരിച്ചുകൊണ്ട് മായ കട്ടിലിലേക്ക് ഇരുന്നു. “അനിയേട്ടാ, അനിയേട്ടൻ ഓർക്കുന്നുണ്ടോ നമ്മുടെ വിവാഹം കഴിഞ്ഞ നാളുകൾ? ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ ആവാതെ… ഇങ്ങനെ ചേർന്നിരുന്ന്… ഒരു നിമിഷം പോലും പിരിയാൻ ആവാതെ.. ”

“ഉവ്വ് ! ഉവ്വ്‌ മായേ ഞാൻ എല്ലാം ഓർക്കുന്നു” “അന്നൊക്കെ വീട്ടിലേക്ക് പോലും പോയിരുന്നില്ല ഞാൻ. അനിയേട്ടൻ തനിച്ചായി പോകും എന്നുള്ള വിഷമം കൊണ്ട്. പക്ഷേ അപ്പോഴും അനിയേട്ടന് സ്വന്തമായി ഒരു ലോകമുണ്ടെന്ന് തോന്നിയിരുന്നു എനിക്ക്. എങ്കിലും ഞാൻ സ്നേഹിച്ചില്ലേ? മത്സരിച്ചു സ്നേഹിച്ചില്ലേ ഞാൻ അനിയേട്ടനെ. എന്റേത് മാത്രം എന്നു കരുതി ഭ്രാന്ത് പോലെ സ്നേഹിച്ചില്ലേ? ” “ഉം ” അനിയുടെ മൂളൽ കേട്ട് അവൾ വീണ്ടും തുടർന്നു.. “എന്നിട്ടും എന്തിനാ അനിയേട്ടാ എന്നെ മറന്ന് വേറൊന്നിലേക്ക് പോയത്? കുഞ്ഞൂനെ പ്രസവത്തിനായുള്ള ആ ഇടവേളയിൽ, ആ കുറച്ചു മാസങ്ങളിൽ വേറൊന്നിനെ തേടി പോയതെന്താ? ” “അങ്ങനെയൊക്കെ സംഭവിച്ചു പോയി. ഒന്നും എന്റെ കുറ്റമല്ല എന്നെ അങ്ങനെ ആക്കിയെടുത്തതാ മായേ ” “എന്നാലും അനിയേട്ടന്റെ അനിയത്തികുട്ടി ആയിരുന്നില്ലേ അവൾ? എങ്ങിനെ സാധിച്ചു ആ കുട്ടിയോട്? ഇത്രയും നാൾ നിങ്ങൾ ഒരുമിച്ചു ജീവിച്ചിട്ട്,ഒന്നുമറിയാത്തവളെപ്പോലെ മറ്റൊരുത്തന്റെ ഭാര്യയാകുന്നു. എങ്ങനെ സാധിക്കുന്നു ഇതെല്ലാം? ” “മായേ നിന്നോടുള്ള സ്നേഹം എനിക്ക് വേറെ ആരോടും ഇല്ല. എനിക്കറിയാം മായേ ഞാനൊന്ന് ചേർത്തു പിടിച്ചാൽ മാറിപ്പോകും നിന്റെ പരിഭവങ്ങളെല്ലാം” അതുകേട്ട് മായ ചിരിച്ചു. “ശരിയാ അന്നും നമുക്കിടയിലെ പിണക്കങ്ങളെല്ലാം തീർന്നിരുന്നത് ഇങ്ങനെ തന്നെയാ.. അല്ലേ? പുറകിലൂടെ വന്ന് അനിയേട്ടൻ കെട്ടിപ്പിടിക്കുമ്പോൾ എല്ലാ പിണക്കവും തീരും”. അതുകേട്ട് അനിയും ചിരിച്ചു. ഇവൾ ഒരു പാവം തന്നെയെന്ന് മനസ്സിലോർത്തു. “അനിയേട്ടാ അവളോടുള്ള പിണക്കവും ഇങ്ങനെ തന്നെയാണോ തീർക്കാറ്? ” അപ്രതീക്ഷിതമായ ചോദ്യം കേട്ട് അയാൾ ഞെട്ടി. “മായേ പ്ലീസ്, എന്നെ ഇനി അതൊന്നും ഓർമ്മിപ്പിക്കല്ലേ.. ഇനിയുള്ള നാളുകൾ എനിക്ക് നിന്റെയും കുട്ടികളോടുമൊപ്പം സ്വസ്ഥമായി, സന്തോഷമായി ജീവിക്കണം” അത്രയും പറഞ്ഞുകൊണ്ട് അനി അവളുടെ കൈകൾ എടുത്തു പിടിച്ചു. “നിന്റെ കൈകൾ ഇപ്പഴും എന്തു ഭംഗിയാ മായേ, പണ്ടത്തേതുപോലെ തന്നെ ഇപ്പഴും” അയാൾ അവളുടെ കൈകളിൽ ഉമ്മവെച്ചു. “ശരിയാ പണ്ടും എന്റെ കൈകൾ നോക്കി ഇങ്ങനെ പറയുമായിരുന്നു അനിയേട്ടൻ. എന്നേക്കാൾ ഭംഗിയുള്ള ആരുമുണ്ടായിരുന്നില്ല അനിയേട്ടന്റെ കണ്ണിൽ. എപ്പഴും എന്റെ നിറത്തെ പറ്റി പറയുമായിരുന്നു. അല്ലേ അനിയേട്ടാ? ” “അതേ മായേ നിനക്ക് ഇപ്പഴും ഒരു മാറ്റവും ഇല്ല” “പക്ഷേ അവൾക്ക് എന്നെക്കാൾ നിറം കുറവായിരുന്നില്ലേ അനിയേട്ടാ? എന്നെക്കാൾ എന്തു ഭംഗിയാ അനിയേട്ടൻ അവളിൽ കണ്ടത്? ” അവളുടെ ചോദ്യം കേട്ടതും അയാൾ വീണ്ടും അസ്വസ്ഥനായി. അത് മനസ്സിലാക്കിയതും അവൾ വീണ്ടും തുടർന്നു.. “എത്രയേറെ സ്നേഹിച്ചിരുന്നു ഞാൻ അനിയേട്ടനെ. എന്തെങ്കിലും വയ്യായ്ക വന്നാൽ നേരം പുലരുംവരെ ഇരിക്കുമായിരുന്നു അനിയേട്ടനൊപ്പം” “മായെ ഞാൻ എല്ലാം ഓർക്കുന്നു”

“ഉം, അനിയേട്ടന്റെ വിയർപ്പു പറ്റിയ ഷർട്ട് മുഖത്തോട് ചേർത്ത് പിടിക്കുമായിരുന്നു ഞാൻ. അപ്പോഴൊക്കെ അനിയേട്ടൻ പറയും എന്ത് ഭ്രാന്താ മായേ നീയീ കാണിക്കുന്നതെന്ന് ” “മായേ, നീ എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ, പഴയതെല്ലാം പറഞ്ഞു കുത്തി നോവിക്കല്ലേ. ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുന്നു. എനിക്ക് നിന്നെ മാത്രം മതി. ഇനിയൊരു തെറ്റിലേക്ക് ഞാൻ പോകില്ല നീയാണേ സത്യം” അയാൾ അവൾക്കരികിലേക്ക് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.. “പക്ഷേ, ഏഴു വർഷം.. ഏഴുവർഷം അനിയേ ട്ടാ എന്നെ മറന്ന് മറ്റൊരുവൾക്കൊപ്പം” അതു പറഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു. “ഞാനെന്തു കോംപ്രമൈസിനും തയ്യാറാ മായേ, പറയൂ നിനക്ക് എന്ത് വേണമെന്ന് പറയൂ? എനിക്ക് തിരിച്ചു നിന്റെ സ്നേഹം വേണം, അതിനു വേണ്ടി എന്തിനും തയ്യാറാ ഞാൻ..പറയൂ മായേ ” “അനിയേട്ടാ ഞാൻ ഒന്നു പറഞ്ഞാൽ അനിയേട്ടൻ സമ്മതിക്കുമോ? ” “പറയൂ മായേ, അത് എന്ത് തന്നെ എങ്കിലും ഞാൻ സമ്മതിക്കും” ” എനിക്ക് ഒരാളോടൊപ്പം.. ഞാൻ ഏറെ സ്നേഹിക്കുന്ന, ഏറെ പ്രണയിക്കുന്ന, ഏറെ ബഹുമാനിക്കുന്ന ഒരാളോടൊപ്പം.. ഒരു ദിവസം.. ഒരു ദിവസം മതി അനിയേട്ടാ.. ഒരൊറ്റ പ്രാവശ്യം എനിക്ക് അയാളോടൊപ്പം ജീവിക്കണം” ഇതുകേട്ടതും ‘മായേ’എന്നലറിക്കൊണ്ട് അനി ചാടിയെണീറ്റു. “നീ എന്തൊക്കെയാ പറയുന്നത്? എന്നോട്.. നിന്റെ ഭർത്താവിനോട് പറയേണ്ട കാര്യങ്ങളാണോ ഇതൊക്കെ? നീ ഇത്രക്ക് അധപതിച്ചോ മായേ? ” അനി ദേഷ്യംകൊണ്ട് വിറക്കുകയാണ്. മായ പതിയെ എണീറ്റു. അയാൾക്കരികിൽ ചെന്നു. “അനിയേട്ടാ, ഞാൻ ഒരു പ്രാവശ്യം എന്ന് പറഞ്ഞപ്പോഴേക്കും അനിയേട്ടന് ദേഷ്യം വന്നല്ലേ? അപ്പോ കഴിഞ്ഞ ഏഴ് വർഷമായി അനിയേട്ടൻ ചെയ്തിരുന്നതെന്താ? ” “മായേ, എന്നോട് ക്ഷമിക്കൂ”അയാൾ വീണ്ടും അവളുടെ കാലിലേക്ക് വീണു “അനിയേട്ടൻ എഴുന്നേൽക്കൂ, എനിക്ക് ദേഷ്യം ഇല്ല ഏട്ടനോട്. എങ്കിലും എല്ലാം ഒന്ന് ഓർമിപ്പിച്ചു എന്നുമാത്രം. ശരി ഞാൻ റൂമിലേക്ക് പോകട്ടെ നാളെ സംസാരിക്കാം” “പോകല്ലേ മായേ, ഇന്ന് നീ ഇവിടെ എനിക്കൊപ്പം കിടക്കൂ ” “ഇല്ല അനിയേട്ടാ, കുട്ടികൾ അവിടെ തനിച്ചല്ലേ.. ഇന്നൊരു ദിവസം കൂടി എനിക്ക് അവരോടൊപ്പം കിടക്കണം.. നാളെ മുതൽ നമുക്ക് രണ്ടാൾക്കും പുതിയൊരു ജീവിതം. അല്ലേ? ” “മതി, നിന്റെ ഇഷ്ടം പോലെ” അനി മറുപടി പറഞ്ഞു. പിറ്റേന്ന് രാവിലെ അനി എഴുന്നേൽക്കുമ്പോൾ മായയെ കാണുന്നില്ല. കുട്ടികളെ സ്കൂളിലേക്ക് അയച്ചുകാണും, അയാളോർത്തു. ഡൈനിങ് ടേബിളിൽ ബ്രേക്ക് ഫാസ്റ്റ് എടുത്തുവച്ചിട്ടുണ്ട്, ഡ്രസ്സ് അയൺ ചെയ്ത് റൂമിലേക്ക് കൊണ്ടു വച്ചിട്ടുണ്ട്, വീടും മുറ്റവുമെല്ലാം വൃത്തിയാക്കിയിട്ടുണ്ട്, തുണികൾ എല്ലാം കഴുകിയിട്ടുണ്ട്, പതിവുപോലെ പത്രമെടുത്ത് സെറ്റിയിൽ വെച്ചിട്ടുണ്ട്, ചൂടാറാതെ ചായയും ഇരിപ്പുണ്ട്. അനിക്ക് ഒരുപാട് സന്തോഷമായി. മായ എല്ലാം മറന്നിരിക്കുന്നു. അയാൾ പുഞ്ചിരിച്ചു കൊണ്ട് പത്രമെടുത്തു. അപ്പോഴാണ് അയാൾ അത് കണ്ടത്. പത്രത്തിനടിയിൽ ഒരു കത്ത്.. ആകാംക്ഷയോടെ അയാൾ അത് എടുത്തു നോക്കി..

മായയുടെ കൈപ്പടയിൽ എഴുതിയിരിക്കുന്നു. “അനിയേട്ടാ എന്നിലേക്ക് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു. അതിന് ഏഴ് വർഷത്തെ സമയം വേണ്ടിവരുമെന്ന് മാത്രം കരുതിയില്ല. ഈ ദിവസത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.. ഈ നിമിഷത്തിനു വേണ്ടി.. ഇതിനേക്കാൾ വലിയൊരു സ്നേഹം തിരിച്ചു തരാനില്ല എനിക്ക് എന്റെ അനിയേട്ടന്. മായ ഇനി അനിയേട്ടന് ചേരില്ല. ഞാൻ പോകുന്നു, എനിക്കൊപ്പം കുട്ടികളും. ഞങ്ങളെ തിരയേണ്ടതില്ല.. അനിയേട്ടന് നല്ലതുമാത്രം പ്രാർത്ഥിക്കുന്നു.. എന്ന് മായ… ” ശുഭം… (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: നിമിഷ വിജു

Leave a Reply

Your email address will not be published. Required fields are marked *