എന്റെ ഒറ്റനക്ഷത്രം

രചന: അമ്മു സന്തോഷ്

“ഉണ്ണിയേട്ടാ അതേയ് ഞാൻ ഒന്ന് വീട്ടിൽ പൊക്കോട്ടെ? ”
പതിവില്ലാതെ ഉള്ള സ്നേഹപ്രകടനം കണ്ടപ്പോഴേ തോന്നി എന്തോ കാര്യസാധ്യമുണ്ടെന്ന്

“എന്തോ കേട്ടില്ല? “ഞാൻ ഉറക്കെ ചോദിച്ചു

“ഞാനെയ്‌ ഒന്ന് വീട്ടിൽ പൊക്കോട്ടെന്നു? ശനിയാഴ്ച പോയി തിങ്കളാഴ്ച വരാം ”

ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. എന്താ വിനയം !എന്താ ഒരു ബഹുമാനം !ലാളിത്യം !എളിമ !മഹാലക്ഷ്മി ഭൂമിയിൽ അവതരിച്ച പോലെ.

ഞാൻ മുറിയകമാനം ഒന്നോടിച്ചു നോക്കി. നല്ല അടുക്കും ചിട്ടയും.. സത്യം പറയാമല്ലോ എന്റെ കണ്ണ് നിറഞ്ഞു പോയി. അപൂർവങ്ങളിൽ അപൂർവ കാഴ്ച ആണെന്നെ സത്യം.

“ഉണ്ണിയേട്ടനിഷ്ടമുള്ള ചക്കപ്പുഴുക്കും മത്തിക്കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഈയിടെ ക്ഷീണം ആണ് എന്റെ ഏട്ടന്.. നല്ലോണം കഴിക്കാഞ്ഞിട്ടാ വന്നേ വന്നു കഴിച്ചേ ”

“ഒരു രക്ഷയില്ലാത്ത പതപ്പീര് ആണല്ലോ മോളെ ഇച്ചിരി ഓവർ അല്ലെ? ”
“ഇതാ കുഴപ്പം ചങ്ക് എടുത്തു… ”

“വേണ്ടാ മടുത്തു ചെമ്പരത്തി പൂവിന്റെ ഹിസ്റ്ററി അല്ലെ പറയണ്ട… നീ ഇപ്പൊ എന്തിനാ അത്യാവശ്യം ആയി പോകുന്നെ അത് പറ ”
“അച്ഛനെയും അമ്മയെയും ഒക്കെ കാണാൻ തോന്നുന്നു അത്രേ ഉള്ളു.. രണ്ടു ദിവസം ല്ലേ പ്ലീസ് ”

“എനിക്ക് ലീവ് ഇല്ല ”

“വേണ്ട അവളൊറ്റക്ക് പൊക്കോളും.. ഇരുപത് കിലോമീറ്റർ അല്ലെ ഉള്ളു? ഒന്ന് പോയി വരട്ടെടാ. അവന്റെ ഒരു ജാട. നീ പൊയ്ക്കോ മോളെ ”

ഈ അമ്മ ഇത് ഏതിലെ വന്നു..?

വന്നു വന്നു ഇതെന്റെ അമ്മയാണോ അമ്മായിഅമ്മയാണോ എന്ന എന്റെ ഡൌട്ട്.. അമ്മാതിരി സ്നേഹം ആണ് അവളോട്..

എന്നാലും രണ്ടു ദിവസം അവളില്ലാതെ… പക്ഷെ അത് കാണിക്കാൻ പറ്റുമോ? പിന്നെ അതിൽ പിടിച്ചു ബ്ലാക്ക് മെയിൽ ചെയ്യും. കളിയാക്കി കൊല്ലും.

“വേണെങ്കിൽ ഞാൻ ശനിയാഴ്ച ലീവ് എടുക്കാം. വൈകുന്നേരം ഇങ്ങു വരല്ലോ “രാത്രി കിടക്കാൻ നേരം ഞാൻ അറച്ചറച് അവളോട് പറഞ്ഞു

“എന്തിനു? വേണ്ട.. ഞാൻ രണ്ടു ദിവസം നിന്നിട്ടെ വരുവുള്ളു. നിങ്ങൾക്ക് മനസാക്ഷി ഉണ്ടൊ? ഞാൻ എന്റെ വീട്ടിൽ പോയിട്ട് മാസം മൂന്നായി ”

“അവർക്കിങ്ങോട്ടും വരാമല്ലോ? പെണ്മക്കളെ കെട്ടിച്ചു വിട്ടാൽ പിന്നെ അതാണവരുടെ വീട് ”
ഞാൻ ഒരു പൊതുതത്വം പറഞ്ഞു.

“ഓഹോ ആരു പറഞ്ഞു? ഓരോരോ ദുരാചാരങ്ങൾ.. പെണ്ണിന് മാത്രം സ്വന്തം വീടില്ല. പത്തിരുപതു വയസ്സാകുമ്പോൾ ജനിച്ച വീട്ടിൽ നിന്നു പൊക്കോണം.. പിന്നെ വേറെ വീട് അതും ഇത് വരെ കണ്ടിട്ടും കൂടെ ഇല്ലാത്ത ഒരുത്തന്റെ..കൂടെ ഹും ”

“എന്റെ ലക്ഷ്മിക്കുട്ടി ഇങ്ങനെ പറയല്ലേ.
ഇത് നിന്റെ ഉണ്ണിയേട്ടന്റെ വീട് അല്ലെ.. നിന്റെ ഭർത്താവിന്റെ വീട്? ഞാൻ ഒന്ന് ചിരിച്ചു

“നിങ്ങൾ ആണുങ്ങൾക്ക്, സ്വന്തം വീട്ടുകാർക്കൊപ്പം നിൽക്കുന്ന കൊണ്ട് അത് മനസ്സിൽ ആകില്ല. ഇടയ്ക്ക് തോന്നും അമ്മയുടെ ഒരു പിടി ചോറ്, അച്ഛന്റ്റെ കുട്ടിശാസന, അനിയന്റെ കുറുമ്പ് ഒക്കെ അനുഭവിക്കാൻ.
അതെങ്ങനെ യാ ഇവിടെ ഇരുപത്തി നാല് മണിക്കൂറും ലക്ഷ്മി…. ലക്ഷ്മി.. ”

അവൾ പറഞ്ഞതൊക്കെ എനിക്ക് അറിയാത്ത കാര്യങ്ങൾ അല്ല. ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലി ആകുമ്പോൾ ലീവ് കിട്ടാനുള്ള എന്റെ ബുദ്ധിമുട്ട് എന്നേക്കാൾ നന്നായി അവൾക്ക് അറിയുന്നതുമാണ്. എന്നാലും ഞാൻ ചിരിച്ചു

“എന്റെ കൊച്ചേ എപ്പോഴും ഇങ്ങനെ ലക്ഷ്മി എന്ന് മന്ത്രം ജപിക്കുന്ന ഒരു കെട്ടിയോനെ കിട്ടിയില്ലേ? സ്നേഹം കൊണ്ടല്ലെടി ”

“പിന്നെ സ്നേഹം.. രാവിലെ കറക്റ്റ് ടൈമിൽ ഭക്ഷണം. അത് ഏറ്റവും ഇഷ്ടം ഉള്ള ഇഡലിയും സാമ്പാറും. അത് കഴിഞ്ഞാൽ ഓഫീസിൽ പോകാനുള്ള ഡ്രസ്സ്‌ അയൺ ചെയ്തു റെഡി ആക്കിയത് ഒരു ജോഡി, കൂടെ സോക്സ്, ടവൽ പിന്നെ ലഞ്ച് ബോക്സ്‌ വിത്ത്‌ ഇഷ്ടം ഉള്ള കറികൾ, ചോറ്.. വൈകുന്നേരം വന്നാ ചായ പലഹാരം
.പിന്നെ രാത്രി….

“മതി. “ഞാൻ അവളുടെ വാ പൊത്തി വിവരമില്ലാത്ത സാധനം. അപ്പുറത്തെമുറിയിൽ അച്ഛനും അമ്മയുമുണ്ട്.
ഹോ ഇതിനെ ഞാൻ എന്നാ ചെയ്യും

“നീ പൊക്കോ ഒരാഴ്ച നിന്നോ. പോരെ “ഞാൻ തല വഴി പുതപ്പിട്ടു മൂടി തിരിഞ്ഞു കിടന്ന് കളഞ്ഞു

“താ……ങ്ക്യൂ “എന്ന് അവളും..

ശനിയാഴ്ച
വൈകുന്നേരം.

വെറുതെ ടൗണിൽ ഒക്കെ ഒന്ന് കറങ്ങി. നേരെത്തെ പോയാലും ആരെ കാണാനാ എന്ന ഒരു ചിന്ത. ഒരു ശൂന്യത.
വീട്ടിൽ എത്തിയപ്പോൾ അമ്മ എനിക്കിഷ്ടമുള്ള ആഹാരമെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്.
ഒരു വിശപ്പില്ലായ്മ

“എടാ ഉണ്ണിയേട്ടാ കൂയ് “എന്നൊരു വിളിയോടെ പിന്നിൽ നിന്നു ഒരു കെട്ടിപ്പിടിത്തമുണ്ട് ഓഫീസ് വിട്ടു വരുമ്പോൾ.

ആ ചിരി, ആ നോട്ടം, മുഖം താഴ്ത്തി കണ്ണിനു മുകളിൽ തരുന്ന നനുത്ത ഉമ്മകൾ..താടി രോമങ്ങളിൽ കവിളുരസി കൊഞ്ചി പറയുന്ന വിശേഷങ്ങൾ..
ദേഷ്യം വന്നാൽ

“പോടാ പട്ടി “എന്ന് വിളിച്ചു പിന്നിലേക്ക് ഓടി മാറുന്ന കുറുമ്പത്തി

“എടിയേ മിസ്സ്‌ ചെയ്യുന്നടി” എന്നൊന്ന് വിളിച്ചു കൂവാൻ തോന്നി.

ഈ പെണ്ണിന് ഒരു സ്നേഹോം ഇല്ലേ ദൈവമേ.
ഞാൻ മൊബൈൽ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു. ഒറ്റ ബെല്ലിനു എടുത്തു
“ലക്ഷ്മി കുട്ടിയെ ”

“എന്തോ… ”

“എന്താ ചെയ്യുന്നേ? ”
“ഞാനോ? ”
“ഉം ”

“ഉണ്ണിയേട്ടനെ ഓർത്തിങ്ങനെ… “ആർദ്രമായ ശബ്ദം

“എന്താ ഓർത്തത്? ”

“ഇന്ന് വഴക്ക് കൂടിയില്ല…പിന്നെ.. ഉമ്മ തന്നില്ല.. അങ്ങനെ അങ്ങനെ.. ”

എന്റെ ഉള്ളിൽ ഒരു മഴതുള്ളി വീണത് പോലെ

“ഞാൻ വരട്ടെ അങ്ങോട്ട്.. ”

“ഈ രാത്രിയിലോ ? ”

“സാരോല്ല എനിക്ക് ഒരു ശ്വാസം മുട്ടലാ കൊച്ചേ.. ഞാൻ വരാം ”

“വേണ്ടാട്ടോ മോനെ.. എന്റെ മോൻ വന്നു മുൻ വശത്തെ വാതിൽ തുറന്ന മതി ”

“ങേ? “ഞാൻ ഞെട്ടി സത്യം.

“വന്നു വാതിൽ തുറക്കടാ പൊട്ടാ ഞാൻ മുറ്റത്തുണ്ട് ”

ഞാൻ ഒറ്റച്ചാട്ടത്തിനു എഴുനേറ്റു വാതിൽ തുറന്നു. മുറ്റത്തു പൊട്ടി വീണ നക്ഷത്രം പോലെ അവൾ. അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുന്ന അമ്മയെയും നോക്കിയില്ല അച്ഛനെയും നോക്കിയില്ല.
ഞാൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചു ഒരു ചക്കരയുമ്മ.

അവള് നാണത്തോടെ എന്നെ തള്ളിമാറ്റി അകത്തേക്ക് ഒറ്റ ഓട്ടം.

ദേ ഇതാണ് എന്റെ പെണ്ണ്.

എന്തൊക്കെ പറഞ്ഞാലും എന്നെ പിരിഞ്ഞു ഒരു ദിവസം പോലും നിലക്കാത്ത എന്റെ പെണ്ണ്.

ഞാൻ ഇങ്ങനെ അന്തം വിട്ടു സ്നേഹിക്കുന്നതിൽ എന്തെങ്കിലും കുറ്റമുണ്ടോ?

എന്നാ പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ

ഇന്ന് രാത്രിയിൽ എന്റെ മുറിയിൽ ഞാൻ ഒരു താജ്മഹാള് പണിയും

ഇനിയൊന്നൂല്ല.. കഥ തീർന്നു.. അല്ല ഉണ്ടെങ്കിൽ തന്നെ ഞാൻ പറയൂല ഞാൻ ഡീസെന്റാ… വേഗം സ്ഥലം കാലിയാക്കിക്കോ.

എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം

രചന: അമ്മു സന്തോഷ്

Leave a Reply

Your email address will not be published. Required fields are marked *