കാക്കകറുമ്പൻ

രചന: sreelekshmi sreedhevi ganesh

“ദേ.. ആ കാണുന്ന പെണ്ണിനെ ആണ് അഭിക്ക് വേണ്ടി ആദ്യം ആലോചിച്ചത്..” കാവിലെ ഉത്സവത്തിനിടയിലാണ് അമ്മായിയമ്മ അവളെ എനിക്ക് കാട്ടി തന്നത്.. ഓ ഇതായിരുന്നോ ആ ഭൂലോകരംഭ.. ഞാൻ മനസ്സിൽ പിറുപിറുത്തു. “അവൾടെ അത്രേം നിറമുള്ള പെമ്പിള്ളേര് ഈ നാട്ടിൽ വേറെ ഇല്ല..” അമ്മായിയമ്മ വിടുന്ന മട്ടില്ല.. നിങ്ങളുടെ കാക്കക്കറുമ്പന് എന്റെ അത്രേം വെളുപ്പുള്ള പെണ്ണ് കിട്ടിയതെന്നെ ഭാഗ്യവാ സ്ത്രീയേ.. “അഭിക്കും താൽപര്യാർന്നു ആ പെണ്ണിനെ കെട്ടാൻ..” ഇനി ഒരക്ഷരം തള്ള മിണ്ടിയാ ഞാൻ മറക്കും ഇവരെന്റെ കെട്ട്യോനെ പ്രസവിച്ച കാര്യം.. എന്റെ ആത്മഗതം കുറച്ച് ഉച്ചത്തിലായോ ന്നൊരു സംശയം.. അമ്മായിയമ്മ പിന്നെ ഒന്നും പറഞ്ഞില്ല.

വീട്ടിൽ എത്തിയപാടെ ഞാൻ കെട്ടിയോന്റെ കുത്തിനു പിടിച്ചു ചോദിച്ചു.. നിങ്ങൾക്ക് ആ രംഭയെ കെട്ടണാർന്നോന്ന്.. “യേത് രംഭ??” അങ്ങേരുടെ ഒരു നിഷ്കളങ്കത.. കശ്മലൻ..!! “നിങ്ങടെ അമ്മ കാണിച്ചൂലോ ഒരു വെളുമ്പി പാറൂനെ..” എന്റെ കണ്ണിൽ അഗ്നി ഗോളങ്ങൾ പാറി. “അതാര്.. വാ അമ്മയോട് ചോദിക്കാം..” അഭിയേട്ടൻ എന്റെ കൈയിൽ പിടിച്ച് വലിച്ചു.. “ഈ പാതിരാത്രിക്ക് ആ ത്രിലോകസുന്ദരീടെ കാര്യം അറിഞ്ഞില്ലെങ്കി നിങ്ങക്ക് ഒറക്കം വരൂലാലേ..” ഞാൻ കള്ളിയങ്കാട്ട് നീലിയായി. “ശ്ശെടാ.. അനക്കല്ലടീ ഹിമാറേ സംശയം..” അങ്ങേര് മൂക്കത്ത് വിരൽ വച്ചു. അന്നു രാത്രി മൊത്തം ആ പീറപ്പെണ്ണ് എന്റെ ഉറക്കം കളഞ്ഞു. ശരിയാ..
എന്നെക്കാളും ഇത്തിരി നിറം ണ്ട്..
എന്നാ എനിക്കുള്ളത്ര സൗന്ദര്യം ഉണ്ടോ ആ നര്ന്തിന്..?? ഉണ്ട്.. അതും ന്നെക്കാൾ ശ്ശി കൂടുതലെന്നെയാ.. എന്റെ ജീവിതം കൊഞ്ഞാട്ട ആയ സങ്കടത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ആ രാത്രി തള്ളി നീക്കി. പിറ്റേന്ന് നേരെ അടുക്കളയിൽ ചായ ഇട്ടോണ്ടിരുന്ന അമ്മായിയുടെ അടുത്തേക്ക് പോയി ചോദിച്ചു..

“ന്നിട്ടെന്തേമ്മേ ആ കല്യാണം നടക്കാണ്ടിര്ന്നേ..?” “ഏത് കല്യാണം..?” ചായയുംഅരിപ്പയും ഒതുക്കി വച്ച് അമ്മായി അമ്മ എന്നെ നോക്കി.. “ഇന്നലെ കാവില് അമ്മ കാണിച്ച ആ പെണ്ണും അഭിയേട്ടനുമായുള്ള കല്യാണം..” “ഏത് റാണിയോ..?” റാണിയല്ല കോണി.. ഞാൻ പല്ല് കടിച്ചു. “ആലോചനയായിട്ട് പോയപ്പോൾ അവൾക്ക് വാശി.. വെളുത്ത നിറമുള്ള ഗവണ്മെന്റ് ജോലിക്കാരനെയേ കെട്ടൂന്ന്.. ” “എന്റമ്മേ.. അഭിയേട്ടന് ഗവണ്മെന്റ് ജോലി കിട്ടിയില്ലേ ..” ഞാൻ അലറി.. “എടീ കഴുതേ.. അതിന് ഇന്ന് ഞാൻ നിന്റെ ഭർത്താവല്ലേ..” കേട്ട് കൊണ്ടു വന്ന അഭിയേട്ടൻ എന്റെ തലക്കിട്ട് കിഴുക്കി. “എന്നാലും..” എന്റെ മനസ്സിൽ സംശയത്തിരകൾ പിന്നെം അലയടിച്ചു. “എന്റെ മാളുവമ്മേ.. നിന്നെ കിട്ടിയതിന് ശേഷല്ലേ എന്റെ മോന് ജോലി കിട്ടിയത്.. ഒക്കെ നിന്റെ ഭാഗ്യല്ലേ.. എന്തിനാ എഴുതാപ്പുറം വായിക്കണേ.. പൊട്ടി പെണ്ണേ..” ചായ നീട്ടിക്കൊണ്ട് അഭിയേട്ടന്റെ അമ്മ ചോദിച്ചു. “അത്.. ആ പെണ്ണിനെ അഭിയേട്ടന് ഇഷ്ടാർന്നൂന്ന് അമ്മ പറഞ്ഞിട്ടല്ലേ..” “ഇഷ്ടമോ?? എടീ ലൂസേ.. റാണിയെ ആലോചിക്കട്ടെന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ എതിർപ്പ് ഒന്നും പറഞ്ഞില്ല്യാ.. അത്രേ ഇണ്ടായുള്ളൂ..” അമ്മയുംമോനും കൂടി മുഖം പൊത്തി ചിരിക്കുന്നത് കണ്ട് ഞാൻ മുഖം വീർപ്പിച്ചപ്പോൾ രണ്ടു പേരും കൂടി എന്നെ കളിയാക്കി. അന്ന് വൈകിട്ട് അഭിയേട്ടന്റെ ബൈക്കിന് പിറകിലിരുന്ന് പോവുമ്പോളാണ് രംഭയെ വീണ്ടും കണ്ടത്.. പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങുകയായിരുന്നു സുന്ദരി കോത “അഭിയേട്ടാ.. ദേ നിങ്ങടെ പിറക്കാതെ പോയ ഭാര്യ..” ഞാൻ നുള്ളി.. “എനിക്ക് ആ കടയിൽ നിന്നൊരു ഇളനീർ വാങ്ങി തന്നേ.. ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ഭാര്യയെ അവളൊന്ന് അടുത്തൂന്ന് കണ്ടോട്ടെ..” എന്നിലെ കുശുമ്പി സട കുടഞ്ഞ് എണീറ്റു. “രാമേട്ടാ.. രണ്ടു ഇളനീര് തായോ..” അഭിയേട്ടൻ കടയിലെ ചേട്ടനോട് പറഞ്ഞു.

“അഭിമോനെ.. ഈ വഴിക്ക് ഒന്നും കാണാറേ ഇല്ലല്ലോ..” രാമേട്ടൻ ഇളനീർ വെട്ടി കൊണ്ട് ചോദിച്ചു.. “വീട്ടുസാധനങ്ങളൊക്കെ ലിസ്റ്റ് കൊടുത്ത് ഏൽപ്പിച്ചാൽ വീട്ടിൽ കൊണ്ട് തരുന്ന ഒരു കടയുണ്ട് രാമേട്ടാ, ഓഫീസിന്റെ അടുത്ത്.. അവിടുന്നാ സാധനങ്ങളൊക്കെ..” പുഞ്ചിരിച്ച് കൊണ്ട് അഭിയേട്ടൻ മറുപടി പറഞ്ഞു. ഞാൻ അവളെ നോക്കുകയായിരുന്നു. ഒരു പരാജിതയുടെ സകലഭാവങ്ങളും ഞാൻ അവളിൽ കണ്ടു. ഒരു വിജയിയുടെ സകല ഭാവങ്ങളും ആവാഹിച്ച് ഞാനും നിന്നു. “കൊച്ചേ.. മൂന്ന് മാസത്തെ പറ്റായി.. ഇനി ഇത് തുടർന്നാൽ ഞാൻ കടയടച്ച് വീട്ടിൽ ഇരിക്കേണ്ടി വരും..” അവളുടെ സാധനങ്ങൾ കെട്ടി കൊടുക്കുന്നതിനിടയിൽ രാമേട്ടൻ അവളോട് പറഞ്ഞു. താഴോട്ടു നോക്കി സാധനങ്ങളുമായുള്ള അവളുടെ പോക്ക് കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു സങ്കടം തോന്നാതിരുന്നില്ല.. “ഇവരുടെ കല്യാണം കഴിഞ്ഞതല്ലേ രാമേട്ടാ..” അഭിയേട്ടൻ അവളെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരത്തിനായി ഞാൻ കാതോർത്തു. “ഒന്നും പറയണ്ട മോനേ.. ഇവളുടെ പൊട്ടിനും കുപ്പായത്തിനും ചിലവാക്കീട്ട് ആ ചെക്കന് ശമ്പളത്തീന്ന് ചില്ലികാശ് മിച്ചം പിടിക്കാനില്ലാന്ന് മാത്രമല്ല കടം വാങ്ങേണ്ട ഗതികേടാത്രേ.. സ്വന്തം വീട്ടിൽ നിൽപ്പ് തുടങ്ങീട്ട് മാസം കുറച്ചായി.. വാങ്ങി കൊണ്ട് പോയത് മൊത്തം ക്രീമും ഫേസ് വാഷും ഷാമ്പൂം ഒക്കെയാ.. എന്നും കാണുന്നവരായത് കൊണ്ട് ഇല്ലെന്ന് പറയാനും വയ്യ..” രാമേട്ടൻ തലയിൽ കൈവച്ച് കൊണ്ട് പറഞ്ഞു.. “പെണ്ണുങ്ങൾ ഇങ്ങനെ ആയാ എന്താ പിന്നെ ആ പുരുഷന്റെ സ്ഥിതി.. ബന്ധം വേർപിരിയാൻ ആ ചെക്കൻ നോട്ടീസ് അയച്ചൂന്നാ കേക്കണെ.. ” “എന്റമ്മേ..” ഞാൻ പിന്നെയും അലറി.

“എന്താടീ പോത്തേ..” അഭിയേട്ടൻ കണ്ണുരുട്ടി.. “ദേ മനുഷ്യാ.. അവള് ഡൈവോസ് ആയാ നിങ്ങൾ എന്നെ വിട്ടിട്ട് ഓളെ എങ്ങാനും കെട്ടുവോ..? നിങ്ങൾക്ക് ആണെങ്കിൽ ഇപ്പോ ഗവണ്മെന്റ് ഉദ്യോഗോം ണ്ട്..” എന്റെ ജീവിതം പിന്നേം അനിശ്ചിതത്വത്തിൽ.. “ദേ.. ചവിട്ടി കൂട്ടും ഞാൻ കേട്ടല്ലോ.. കേറടീ സംശയപിശാചേ വണ്ടിയിൽ..” ആഭിയേട്ടനെ ചേർന്നിരുന്ന് വയറിലൂടെ കൈചുറ്റി പിടിച്ചത് എന്നത്തേക്കാൾ മുറുകെ ആയിരുന്നു. ഈ കാക്കകറുമ്പനെ മറ്റൊരുത്തിക്കും ഒരിക്കലും കൊടുക്കൂലാന്നൊരു വാശിയായിരുന്നു അത്. . ഞാൻ ആണ്.. ഞാൻ മാത്രമാണ് അദ്ദേഹത്തിന്റെ ജീവന്റെ പാതി എന്ന ഉറച്ച വിശ്വാസമായിരുന്നു അത്..(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ്ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: sreelekshmi sreedhevi ganesh

Leave a Reply

Your email address will not be published. Required fields are marked *