മാലാഖയും തെമ്മാടിയും

രചന: തനൂജ

“ആഹ്ഹ്….” മുറിക്കുള്ളിൽ വേദനകൊണ്ട് പിടയുന്ന അയാളുടെ അലർച്ച പ്രതിധ്വനിച്ചു. “എടോ പതുക്കെ കിടന്നു കീറി വിളിക്ക്..” അയാളുടെ കയ്യിൽ ആഴത്തിൽ പതിഞ്ഞ ആ മുറിവ് വെച്ചു കെട്ടുന്നതിനിടയിൽ നേഴ്സ് ആയ നിർമല പിറുപിറുത്തു. അയാളുടെ കണ്ണുകളിൽ ദേഷ്യം തികട്ടി. “താൻ നോക്കി പേടിപ്പിക്കേണ്ട…താൻ വലിയ ഗുണ്ട ആണെന്നാണല്ലോ കൊണ്ടുവന്നവര് പറഞ്ഞത്…താനൊക്കെ എവിടുത്തെ ഗുണ്ടയാടോ..” നിർമല കളിയാക്കി ചിരിച്ചു. “നഴ്സുന്മാരെല്ലാം മാലാഖയാണെന്നാണെല്ലോ ഞാൻ കേട്ടേക്കുന്നതു…ഇയാൾ ഇവിടുത്തെ നേഴ്സ് ആണ്..” ജോർജും വിട്ടുകൊടുത്തില്ല.

പെട്ടെന്ന് നിർമ ലയ്‌ക്കൊരു മറുപടി കിട്ടിയില്ലേലും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് അവളും വിട്ടു കൊടുത്തില്ല. “വല്ലവന്റേം വെട്ടും കുത്തും കൊണ്ടിട്ടു മനുഷ്യന് പണിയുണ്ടാക്കാൻ ഇങ്ങോട്ട് കയറി വന്നോളും.നിങ്ങൾക്കൊക്കെ തമ്മിൽ തല്ലി ചവനാണേൽ ഹോസ്പിറ്റലിലേക്ക് വരേണ്ട കാര്യമെന്താ…” “ഡോ…തനിക്കു ശമ്പളം തരുന്നില്ലേ അപ്പൊ ജോലി ചെയ്താൽ മതി…ഇങ്ങോട്ട് പ്രസംഗിക്കണ്ട..” “ഹമ്മ്” നിർമല പിന്നെ ഒന്നും പറയാതെ അവളുടെ ജോലി അവസാനിപ്പിച്ചു മുറിയിൽ നിന്നും ഇറങ്ങി. * മുറിക്കു പുറത്ത് ബഹളം കേട്ടാണ് ജോർജ് ഒന്ന് എത്തിനോക്കിയത്…ഏതോ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഒച്ചയാണ് ഉയർന്നു കേൾക്കുന്നത്.. “എടി..ഉടുത്തൊരുങ്ങി നടക്കാൻ നല്ല മിടുക്കണല്ലോ…ഡോക്ടർ ഇപ്പൊ വരും പിന്നെ വരും എന്ന് പറയുന്നതല്ലാതെ ഇതുവരെ വന്നോടി…” “അമ്മേ…ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്…ഡോക്ടർ ഒരു മേജർ സർജറി അറ്റൻഡ് ചെയ്യുകയാണ്..അദ്ദേഹം അത് കഴിഞ്ഞാൽ ഉടനെ തന്നെ വരും…” “ഓഹ്..അവളുടെ ഒരു അദ്ദേഹം…എടി…നിന്നെ ഒക്കെ ശമ്പളം തന്നു നിർത്തിയേക്കുന്നതെന്തിനാടി പിന്നെ…” പിന്നെ കേൾക്കാൻ അറയ്ക്കുന്ന ഭാഷയിൽ ആ സ്ത്രീ എന്തൊക്കെയോ അസഭ്യം വർഷിച്ചു..കാഴ്ചക്കാരുടെ എണ്ണവും കൂടി.കുറച്ചു മുൻപ് റൂമിൽ വന്ന നഴ്സ് കരയാൻ പാകത്തിന് നില്കുന്നത് ജോർജ് കണ്ടു.പതുക്കെ ആൾകൂട്ടത്തെ വകഞ്ഞു മാറ്റി ഉള്ളിൽ എത്തി.ആ സ്ത്രീ പിന്നെയും എന്തോ പറയാൻ തുടങ്ങവേ ജോർജിന്റെ ശബ്ദം ഉയർന്നു. “എന്താ ഇവിടെ…”

“നീ ഏതാടാ…” അവർ തിരിച്ചു ചോദിച്ചു. അടുത്തു നിന്നൊരു പയ്യൻ അവരുടെ കാതിൽ എന്തോ പറഞ്ഞു…പെട്ടെന്ന് അവരുടെ മുഖം മാറി ഒന്ന് പേടിച്ചിട്ടുണ്ട്. “എന്താ പ്രശ്നമെന്ന്…” “അത്…ഞങ്ങൾക്കിന്നു ഡിസ്ചാർജ് തരാമെന്നു ഡോക്ടർ പറഞ്ഞതാ ഇതുവരെ അയാള് വന്നില്ല…ഇവിടുന്നു ചെന്നിട്ടൊരു കല്യാണമുണ്ടായിരുന്നു..” “അവര് പറഞ്ഞില്ലേ ഡോക്ടർ വരുമെന്ന്…അവർക്ക് ഇതുമാത്രം അല്ല ഇവിടെ ഉള്ള ബാക്കി രോഗികളെ നോക്കണ്ടേ…ഒരുപണിയും ഇല്ലാതെ കല്യാണമുണ്ണാൻ നടക്കുവല്ല അവർ…എഴുന്നേറ്റ് നടക്കാൻ വയ്യാതെ ഇങ്ങോട്ട് വരുമ്പോൾ അവരെ വേണമല്ലോ…ഒന്ന് നിവർന്നു നില്കാറാകുമ്പോൾ എന്തും പറയാമെന്നോ…ഡോക്ടർ വരുമ്പോൾ അവര് വിളിക്കും ഇപ്പൊ എല്ലാരും റൂമിൽ പോയെ…” അവിടെ നിന്ന പലർക്കും നഗരതിലെ കുപ്രസിദ്ധ ഗുണ്ടയെ അറിയാവുന്നതുകൊണ്ടോ എന്തോ പെട്ടെന്ന് തന്നെ ആ കൂട്ടം പിരിഞ്ഞു….

നിർമല അവനെ നന്ദിയോടുകൂടി നോക്കി.അവൻ അത് ശ്രെദ്ധിക്കാതെ റൂമിലേയ്ക്ക് പോയി.. റൂമിന്റെ ഡോറിൽ ചെറുതായി മുട്ടിയതിനൊപ്പം നേരത്തെ കണ്ട നേഴ്സ് അകത്തേയ്ക്കു വന്നു.മുഖത്ത് ചെറിയ കുറ്റബോധം കാണാം… “സോറി…ഞാൻ നേരത്തെ..” ജോർജും ചിരിച്ചു… “സോറി ഒന്നും വേണ്ട…” “പലരും ഞങ്ങളുടെ അവസ്ഥ മനസിലാക്കാറില്ല…ഇന്നാദ്യമായാണ് ഒരാൾ ഞങ്ങളെ അറിഞ്ഞു സംസാരിക്കുന്നതു…” “ഹ ഹ..” ജോർജ് കുറച്ചുറക്കെ ചിരിച്ചു.. “നന്ദി സ്വീകരിച്ചു പോരെ…” നിർമ്മലയുടെ മുഖത്തും ഒരു ചിരി തെളിഞ്ഞു. “ആളുകളെ ഇത്രനന്നായി മനസ്സിലാകുന്ന ആളെങ്ങനെയാ ഒരു…” ബാക്കി പൂരിപ്പിക്കാൻ ആകാതെ നിർമല മടിച്ചു… “എന്റെ കുഞ്ഞിപെങ്ങളെ എന്റെ അച്ഛൻ തന്നെ നശിപ്പിച്ചു കൊന്നപ്പോൾ രക്തത്തോടൊരു ആർത്തിത്തോന്നിയതാ…പലവട്ടം അവൾ അച്ഛനെ കുറിച്ച് സൂചിപ്പിച്ചപ്പോഴും ചെവികൊണ്ടില്ല…ആൾക്കാരെ ഇപ്പൊ വളരെ താമസിച്ചാണ് മനസ്സിലാക്കാൻ പഠിച്ചത്…അവൾക്കും ഒരു നേഴ്സ് ആകണമെന്നായിരുന്നു..ഇതുവരെ പണത്തിനു വേണ്ടി ആരെയും ഒന്നും ചെയ്തിട്ടില്ല…പിന്നെ ഒരിക്കൽ ജയിലിൽ കിടന്നതു കൊണ്ട് ഗുണ്ടയെന്ന പേരങ്ങു് ചാർത്തി കിട്ടി…വേറെ ജോലിയ്‌ക്കൊന്നും ആർക്കും വേണ്ടാതായി… ഓരോരുത്തർക്കും ഓരോ ജീവിതമാണ് സിസ്റ്ററെ…”

നേർത്തൊരു ചിരിയോടു കൂടി ജോർജ് പറഞ്ഞു നിർത്തിയപ്പോൾ നിർമലയുടെ കണ്ണുകളിൽ അതിശയമോ സഹതാപമോ അല്ലായിരുന്നു പകരം ആരാധനയായിരുന്നു…
ആ മുറിക്കു പുറത്തിറങ്ങും മുൻപ് നിർമല ഒന്ന് നിന്ന് തിരിഞ്ഞു നോക്കി…
“വേറെ ഇഷ്ടമൊന്നും ആരോടും ഇല്ലേൽ കയ്യിലെ മുറിവുണങ്ങി കഴിഞ്ഞു അച്ഛനെ വന്നു കാണണം…ഞങ്ങൾക്ക് കുറച്ച് പറമ്പുണ്ട് അധ്വാനിക്കാൻ മനസ്സുണ്ടെൽ ഈ തെമ്മാടിയെ ഞാൻ സ്നേഹിച്ചോളാം..”
അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കി എടുക്കും മുൻപ് ആ വാതിൽ മുറിക്കു പിന്നിൽ അടഞ്ഞിരുന്നു….അവന്റെ ചുണ്ടിൽ ഒരു നനുത്ത ചിരി സ്ഥാനം പിടിച്ചു…
നമ്മൾക്ക് അളക്കാവുന്നതിലും അധികമാണ് ആൾക്കാരുടെ മനസ്സെന്നു അവൾക്ക് തോന്നി….ആദ്യമത്രയിൽ നല്ലവരെന്നു തോന്നിപ്പോകുന്ന പലരും വില്ലന്മാരും വില്ലൻ എന്ന് തോന്നിപ്പിക്കുന്നവർ ഹീറോയുമാകുമെന്നും…. (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: തനൂജ

1 thought on “മാലാഖയും തെമ്മാടിയും

Leave a Reply

Your email address will not be published. Required fields are marked *