ആരും ഒരിക്കലും പൂർണ്ണരല്ല… ഓരോരുത്തർക്കും ഓരോരോ വൈകല്യങ്ങളും, വീഴ്ചകളും ഉണ്ടാകാം…

രചന: മുരളി.ആർ.

“നീ എന്താടി രാവിലെ അവന്മാരോട് പറഞ്ഞത്…? ”
വീട്ടിലേക്ക് കേറി വന്നപാടെ ഏട്ടൻ എന്നെ നോക്കി ദേഷ്യത്തിൽ ചോദിച്ചു. കുറച്ച് നേരം മൗനം പാലിച്ച ഞാൻ. ടിവി ഓഫാക്കിട്ട് അടുക്കളയിലേക്ക് പോയി. ഏട്ടൻ അടുക്കളയിലേക്ക് വന്നേച്ചും, എന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് വീണ്ടും ചോദിച്ചു.

“നിന്നോട് അല്ലെ ചോദിച്ചത്…?
നിനക്കെന്താടി ചെവി കേൾക്കില്ലേ…?”

അലറിക്കൊണ്ട് പറഞ്ഞതും എന്റെ കൈയിൽ ഉണ്ടായിരുന്ന ചോറോട് കൂടിയ പാത്രം മൊത്തത്തോടെ താഴേക്ക്‌ വീണു. ആ ചൂട് ചോറൊക്കെ നാലുപാടും വീണുചിതറി. അതുകണ്ട ഞാൻ ദേഷ്യത്തോടെ ഏട്ടനോട് ചോദിച്ചു.

“ഏട്ടനെന്തിന്റെ സൂക്കേടാ…? എല്ലാം താഴെ പോയില്ലേ ഇപ്പോ… രാത്രിക്കിനി എന്ത് വെച്ച് കഴിക്കും…? ”

എന്റെ ചോദ്യം ശ്രദ്ധിയ്ക്കാതെ താഴെ വീണ ചോറും, പാത്രവും ഏട്ടൻ കൈകൊണ്ട് എടുക്കാൻ തുടങ്ങി. അത് കണ്ടതും എനിക്ക് വീണ്ടും കലി കേറി. ദേഷ്യത്തിൽ ഞാൻ ഏട്ടനോട് പറഞ്ഞു.

“ഈ അടുക്കളേന്ന് ഒന്ന് പോയെ… എനിക്ക് അറിയാം ചെയ്യാൻ. ”

അതെല്ലാം താഴെ തന്നെ വച്ചേച്ചും ഒന്നും മിണ്ടാതെ ഏട്ടൻ അവിടുന്ന് ദേഷ്യത്തിൽ പുറത്തേക്കിറങ്ങി. ബൈക്ക് എടുത്ത് എങ്ങോട്ടെന്നറിയതെ ഒര് പോക്ക് പോയി. ഞാൻ ആ ചോറൊക്കെ വരിയെടുത്ത് മുറ്റത്ത്‌ കുരച്ചുകൊണ്ടിരുന്ന ജിമ്മിയുടെ പാത്രത്തിലേക്ക് കൊണ്ടിട്ടു. അത്രേം ചോറ് ഒരുമിച്ച് കണ്ടതും കുരനിർത്തിയ ജിമ്മി എന്നെയൊന്ന് നോക്കി. ദേഷ്യത്തിൽ ഞാൻ ജിമ്മിയോടും പറഞ്ഞു.

“വേണേ തിന്നാ മതി, ദിവസോം ഇങ്ങനെ കിട്ടില്ല. ”
എന്നും പറഞ്ഞ് വീട്ടിലേക്ക് കേറി ഞാൻ വാതിലടച്ചു. ഏറെ നേരം മേശമേൽ തല വെച്ച് കിടന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. കഴിക്കാതെ ഇരിക്കുന്നത് കൊണ്ട് നല്ല വിശപ്പുമുണ്ട്. മുറ്റത്ത്‌ ബൈക്കിന്റെ ശബ്ദം കേട്ടതും ഞാൻ ഉണർന്നു. വാതില് തുറന്ന് അകത്തേക്ക് കേറിയ ഏട്ടൻ, എന്റെ മുന്നിലേക്ക് ഒര് പൊതി കൊണ്ട് വെച്ചു. മനസില്ലമനസോടെ എന്നെ ഒന്ന് വിളിച്ചു.

“വിചിത്രേ… ടി…”

കേട്ട ഭാവം നടിക്കാതെ ഞാൻ കമിഴ്ന്നു തന്നെ കിടന്നു. കുറച്ച് നേരം ഏട്ടൻ മൗനമായി ഇരുന്നിട്ട് ആ പൊതി അഴിച്ച് ഒരു പാത്രത്തിലേക്ക് ഇട്ടു. ചൂട് ബോറോട്ടയും, ബീഫും… നല്ല വിശപ്പ്‌ ഉള്ളത് കൊണ്ട് എന്റെ നാവിൽ വെള്ളം ഊറി. നോക്കി ഇരിക്കാൻ മനസുവന്നില്ല. പതിയെ എണിറ്റ്പോയി കൈ കഴുകിയെച്ചും, വന്നിരുന്നു ഞാൻ കഴിച്ചു തുടങ്ങി. അത് കണ്ട ഏട്ടൻ എന്നോട് ചോദിച്ചു.

“ഇപ്പോളെങ്കിലും പറയടി… എന്താ ഉണ്ടായെ…? ”

വായിൽ തിരുകി കെറ്റിയ പൊറോട്ട പതിയെ ചവച്ചിറക്കികൊണ്ട് ഞാൻ പറഞ്ഞു.

“അതുപിന്നെ…
ഞാൻ റോഡിലൂടെ പോയപ്പോ അവമ്മാരെന്നെ “ചട്ടന്റെ ഭാര്യ പോണു.. ” എന്ന് പറഞ്ഞു. അതെനിക്ക് പിടിച്ചില്ല. എന്നെ പറഞ്ഞ ഞാൻ ക്ഷമിക്കും.! ഏട്ടനെ പറഞ്ഞപ്പോ എനിക്ക് കൊണ്ടു. ഏട്ടന് ചെറിയ ചട്ടുണ്ടേൽ അത് ഞാൻ സഹിച്ചാൽ പോരേ…? അവന്മാർക്കെന്നാന്നെ…? ഞാൻ കണക്കിന് മുഖത്തടിച്ചപോലെ കുറേ പറഞ്ഞു അവനോടൊക്കെ…”

അത് കേട്ടതും ഏട്ടൻ ആ കസേരയിൽ ഇരുന്ന് ചിരിയോട് ചിരി… ഞാൻ ഏട്ടനോട് ചോദിച്ചു..

“അത് പോട്ടെ… ഏട്ടനോട് അവമ്മാരെന്താ പറഞ്ഞെ…? അത് പറ… ”

“എന്റെ ഭാര്യക്ക് നാക്കിന് ഒരൽപ്പം നീളം കൂടുതലാണെന്ന്… ”

ഏട്ടൻ അത് പറഞ്ഞ് വീണ്ടും ചിരിച്ചു. ഞാൻ ഏട്ടനോട് പറഞ്ഞു.

“കുറച്ച് നാക്കൊക്കെ വേണം ഏട്ടാ… ഇല്ലേൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ പാടാ… അവമ്മാര് ഇനി അങ്ങനെ വിളിക്കില്ല ഏട്ടനെ… അതും എന്റെ മുന്നിൽ വെച്ച്. ”

ബോറോട്ടയും ബീഫും കഴിച്ചിട്ട് ഞാനാ പാത്രം എടുത്തോണ്ട് അടുക്കളയിലേക്ക് പോയി.

( ആരും ഒരിക്കലും പൂർണ്ണരല്ല… ഓരോരുത്തർക്കും ഓരോരോ വൈകല്യങ്ങളും, വീഴ്ചകളും ഉണ്ടാകാം. അതിനെ മുതലെടുപ്പ് നടത്താതിരിക്കുക. ഇതുപോലെ ഒര് നാവ് നമുക്കെതിരെയും ഒരുനാൾ ഉയരും. ഓർമ ഇരിക്കട്ടെ…! )

രചന: മുരളി.ആർ.

Leave a Reply

Your email address will not be published. Required fields are marked *