ഒളിച്ചോട്ടം…

രചന: Bindhya Balan

“നിന്റെ തീരുമാനം എന്താണ് പൊന്നു? പറയ് എനിക്കിപ്പോ അറിയണം.. നിനക്ക് എന്റെ കൂടെ ജീവിക്കണോ വേണ്ടേ…. ”

മറൈൻഡ്രൈവിലെ മരത്തണലിൽ, ഉയിരും ഉടലും തളർന്ന് വിറച്ച് ഒന്നിനും ഒരുത്തരമില്ലാതെ തല കുനിച്ചിരുന്ന എന്നോട് ഇച്ചായൻ അത് ചോദിക്കുമ്പോൾ, ഇടറുന്ന ആ ശബ്ദത്തിലെ നോവ്‌ മുഴുവൻ എന്റെ ഹൃദയത്തിലേക്കാണ് ഉരുകിയൊലിച്ചിറങ്ങിയത്.

പ്രണയിക്കുന്നവർക്കിടയിൽ കണ്ട് വരുന്നൊരു കോമൺ പ്രശ്നം തന്നെയായിരുന്നു ഞങ്ങൾക്കും. എന്റെ വീട്ടുകാരുടെ ശക്തമായ എതിർപ്പ്. കടലിൽ കെട്ടിത്താത്തിയാലും എന്നെ ഞാൻ സ്നേഹിച്ചയാൾക്ക് കൊടുക്കില്ല എന്ന ഏട്ടന്റെ തീരുമാനത്തിൽ പാതി ചത്ത്‌ ഒരു തീരുമാനം എടുക്കാനാവാതെ തളർന്നിരിക്കുമ്പോഴാണ് ഒന്ന് കാണണം എന്ന് പറഞ്ഞ് ഇച്ചായന്റെ മെസ്സേജ് വന്നത്. ആ മുഖം കാണുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷവും സമാധാനവും അമ്മയുടെ മടിയിൽ കിടക്കുമ്പോൾ പോലും എനിക്ക് കിട്ടില്ല.

ഒടുക്കം ഇല്ലാത്ത ഇന്റർവ്യൂവിന്റെ പേരും പറഞ്ഞു മറൈൻഡ്രൈവിലേക്ക് ബസിൽ ചെന്നിറങ്ങിയ ഞാൻ കണ്ടു, ബുള്ളറ്റിൽ ചാരി എന്നെയും നോക്കി നിൽക്കുന്ന ഇച്ചായനെ. എന്നെയും കൂട്ടി നടക്കുമ്പോഴും മരത്തണലിലെ ബഞ്ചിൽ ചെന്നിരിക്കുമ്പോഴും ഇച്ചായനും ഞാനും പരസ്പരം മിണ്ടിയില്ല. ഒടുവിൽ എന്റെ മൗനം ഇച്ചായന്‌ സഹിക്കാൻ കഴിയുന്നതിനും അപ്പുറമായപ്പോൾ മാത്രമായിരുന്നു ഇച്ചായൻ ചോദിച്ചത്.

പ്രാണനെപ്പോലെ പ്രണയിക്കുന്നവന്റെ ഇടറിയ സ്വരവും കണ്ണിലെ പിടച്ചിലും കണ്ടില്ലെന്നു നടിച്ച് വിദൂരതയിലേക്ക് നോക്കിയിരിക്കുമ്പോഴും,കാതുകളിൽ കൊടുങ്കാറ്റായാഞ്ഞടിച്ച് ഇച്ചായന്റെ ചോദ്യം മുഴങ്ങികൊണ്ടിരുന്നു.

“പൊന്നു ഞാൻ നിന്നോടാണ് ചോദിച്ചത്.. ഉത്തരം പറയാൻ നിനക്കെന്നാ പറ്റാത്തത്? വീട്ടുകാർക്ക് വേണ്ടി ഇച്ചായനെ വേണ്ടന്നു വയ്ക്കാനാണ് കൊച്ചിന്റെ തീരുമാനമെങ്കിൽ ഇച്ചായനതിനെ എതിർക്കില്ല.. കൊച്ച് പറയ് മനസിലുള്ളത് എന്താന്നു വച്ചാ.. സ്നേഹത്തോടെ പിരിയണൊ.. നിന്റെ സന്തോഷവും സമാധാനവുമാടി ഇച്ചായന്‌ വലുത്. ”

കണ്ണുകളിൽ നിർവികാരത നിറച്ച് ഞാൻ ഇച്ചായന്റെ കണ്ണുകളിലേക്ക് നോക്കി. എന്നും തീരുമാനങ്ങൾ എടുത്തു മാത്രം ശീലിച്ച് പഴക്കം വന്നൊരു മനസ് കണ്ണുകളിൽ നിസ്സഹായതയോടെ ഇരിക്കുന്നത് കണ്ടപ്പോ ഹൃദയം മുറിയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.കണ്ണുകൾ നിറയാൻ തുടങ്ങുന്നത് കണ്ട് എന്റെ കൈകൾ നെഞ്ചോട് ചേർത്ത് ഇച്ചായൻ പറഞ്ഞു

“ഇച്ചായനറിയാടി എന്റെ കൊച്ചിനെ. നിനക്ക് എന്നെയും വേണം.. വീട്ടുകാരെയും വേണം. പക്ഷെ രണ്ടും കൂടി നടക്കില്ല അല്ലേ. ഇച്ചായൻ വന്നു ചോദിച്ചതല്ലേ. എന്താണ് ഉണ്ടായതെന്ന് കൊച്ച് കണ്ടതല്ലേ.. സാരമില്ല…. എന്റെ കൊച്ച് എവിടെ ആയാലും സന്തോഷായി ജീവിക്കണം..ഇച്ചായനു അത് മതി. ഇപ്പൊ ഇങ്ങനെ കരയാതെ. ”

ഇച്ചായൻ പറഞ്ഞത് കേട്ട് കണ്ണുകൾ തുടച്ച് ഞാൻ പറഞ്ഞു

“പോകണം.. സമയമായി ”

പറയുമ്പോൾ ഇച്ചായന്റെ ഞാൻ മുഖത്തേക്ക് നോക്കിയില്ല. അതിനുള്ള ധൈര്യം ഇല്ലായിരുന്നു. പാർക്കിൽ നിന്ന് ബസ് സ്റ്റോപ്പിലേക്കുള്ള ദൂരം വരെ ഞങ്ങൾക്കിടയിൽ മൗനമായിരുന്നു. സ്റ്റോപ്പിലെത്തിയപ്പോ ഇച്ചായൻ മെല്ലെ പറഞ്ഞു

“പൊന്നുവേ.. ഇറങ്ങ്. ആ പിന്നെ വീട്ടിൽ ചെല്ലുമ്പോ എന്നത്തേം പോലെ ഇച്ചായനെ വിളിക്കരുത്.. കേട്ടോ… മ്മ്.. ഇറങ്ങ് ”

“അതിന് എന്നെ ഇവിടെ ഇറക്കാൻ ഞാൻ പറഞ്ഞോ… ”

“പിന്നെ കുമ്പളങ്ങീല് കൊണ്ട് വിടണോ ”

മിററിലൂടെ നോക്കി ഒന്നും മനസിലാവാത്തത് പോലെ ഇച്ചായൻ ചോദിച്ചു.

രണ്ട് കൈകൾ കൊണ്ടും ഇച്ചായനെ ഇറുകെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു

“വണ്ടി കോട്ടയത്തോട്ട് വിട് മോനെ ഇച്ചായാ… ഞാൻ നിന്നേം കൊണ്ടേ പോകൂന്നു പറയാറുള്ളതല്ലേ.. ഇച്ചായനെന്നാ വിചാരിച്ച്, ഞാൻ എന്റെയീ താന്തോന്നീനെ തേക്കാൻ വന്നതാണെന്നോ.. അയ്യടാ…ഞാൻ ഇല്ലാതെ ചെക്കൻ അങ്ങനെ ഇപ്പൊ സുഖിക്കണ്ട ”

അത് കേട്ട് ഇച്ചായനുണ്ടായ ഞെട്ടൽ ആ നിമിഷം വരെ ചെക്കന്റെ ജീവിതത്തിൽ വേറേ ഉണ്ടായിക്കാണില്ല.

ഏറ്റവും വലിയ രസം എന്താന്നു വച്ചാ, കല്യാണം കഴിഞ്ഞു ഇപ്പൊ നാല് മാസമായി.. ചെക്കൻ ഇപ്പോഴും ഇടയ്ക്ക് ചോദിക്കും “സത്യം പറ പൊന്നുവേ നീയന്ന് എന്നെ തേക്കാൻ വന്നതല്ലെടി… എന്റെ വാർത്താനത്തിൽ നിന്റെ മനസ് മാറിയതല്ലേ?”

രചന: Bindhya Balan

Leave a Reply

Your email address will not be published. Required fields are marked *