മാലാഖ

ബസിലെ തോട്ടു മുന്നിലെ സീറ്റിൽ ഇരുന്നു മയങ്ങുന്ന പെൺകുട്ടിയുടെ കഴുത്തിലെ മാല അവളറിയാതെ പൊട്ടിച്ചു എടുക്കുമ്പോൾ അവന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആരുടെയും ഒരു മൊട്ടുസൂചി പോലും മോഷ്ടിക്കാത്ത അവനാണിപ്പൊ…. അവന്റെ മനസ്സിൽ ഇപ്പൊ ഒന്നേയുള്ളൂ അമ്മയും പെങ്ങളും….മരിക്കുന്നതിനു മുൻപ് അച്ഛനുണ്ടാക്കി വച്ച ബാധ്യതകൾ ഇന്നു ഞങ്ങളെ കിടപ്പാടം പോകുമെന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു.വീടും സ്ഥലവും പണയപ്പെടുത്തി അച്ഛൻ വാങ്ങിയ വായ്പയ്ക്ക് കടക്കാർ തന്ന അവസാന അവധിയും കഴിഞ്ഞിരിക്കുന്നു.

പ്രായമായ അമ്മയേയും പെങ്ങളേയും കൊണ്ട് തെരുവിലിറങ്ങുന്നത് അവന് ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു. കെട്ടുപ്രായമായ പെങ്ങൾക്കു വരെ കടക്കാർ വില പറഞ്ഞപ്പോൾ മറ്റൊരു വഴിയും അവൻ കണ്ടില്ല. അവൾ നല്ല മയക്കത്തിലായിരുന്നതുകൊണ്ടാവണം വലിയ ബുദ്ധിമുട്ടില്ലാതെ അവളറിയാതെ മാല അവൻ പൊട്ടിച്ചെടുത്തു.മാല അത്യാവശ്യം വലുതായിരുന്നു. കാഴ്ചയിൽ പുതിയതും. ഏതോ കാശുള്ള വീട്ടിലെ പെണ്ണായിരിക്കും, ഈ മാല പോയാലും അവർക്ക് വലിയ കുഴപ്പമൊന്നുമുണ്ടാകില്ല… അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

രണ്ടുമൂന്നു ദിവസം ചെയ്തതിലുള്ള കുറ്റബോധം അവനെ വേട്ടയാടിയെങ്കിലും അമ്മയേയും പെങ്ങളേയും തെരുവിലറക്കാതെ കഴിച്ചു കൂടിയതിൽ അവൻ ആശ്വസിച്ചു. മാസങ്ങൾ കഴിഞ്ഞൊരു ദിവസം പെട്ടെന്നാണ് മുറ്റമടിച്ചു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് തലചുറ്റി വീണത്. വീഴ്ചയിൽ അമ്മയുടെ തല ഒരു കല്ലിലടിച്ചു. ചോര വാർന്നു കിടന്ന അമ്മയേയും കൊണ്ട് അടുത്തുള്ള ഗവർൺമെന്റ് ആശുപത്രിയിലേക്കോടിയെങ്കിലും മുറിവ് ആഴലുള്ളതായതിനാൽ പട്ടത്തിലെ വലിയ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ആമ്പുലൻസിൽ അമ്മയെ പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങ്ങും മറ്റു ചികിത്സകളും കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം അമ്മയെ മുറിയിലേക്ക് മാറ്റി. അടുത്ത ദിവസം രാവിലെ അമ്മയ്ക്കുള്ള കഞ്ഞിയും വാങ്ങി മുറിയിലെത്തിയപ്പോഴാണ് അവനവളെ കണ്ടത്.അന്ന് ബസിൽ വച്ച് അവൻ മല പൊട്ടിച്ചെടുത്ത ആ പെൺകുട്ടിയെ.

പെട്ടെന്നൊരു നിമിഷം അവൻ സ്തംഭിച്ചു നിന്നു പോയി. അവളവിടുത്തെ നഴ്സ് ആയിരുന്നു.അമ്മയുടെ കാര്യങ്ങളെല്ലാം നോക്കേണ്ട ഡ്യൂട്ടി അവൾക്കായിരുന്നു. നടക്കാനാവാത്ത അമ്മയുടെ എല്ലാ കാര്യങ്ങളും സ്വന്തം മകളെപ്പോലെ അവൾ നോക്കുമ്പോൾ അവനിലെ കുറ്റബോധം തലപൊക്കിക്കൊണ്ടിരുന്നു. ഉറങ്ങാതെ അമ്മക്ക് കാവലിരിന്നും സമയാസമയങ്ങളിൽ മരുന്നു നല്കിയും അവൾ അമ്മയ്ക്കൊരു മകൾ കണക്കായി. വളരെ പെട്ടെന്നു തന്നെ അമ്മയുമായി അവൾ നല്ല അടുപ്പത്തിലായി. ഒരു നഴ്സിന്റെ കഷ്ടപ്പാടുകൾ അവൻ നേരിട്ടറിഞ്ഞ ദിവസങ്ങളായിരുന്നു അത്.ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാതെ രാപ്പകൽ രോഗികൾക്കായി ഓടി നടക്കുന്ന അവളെ കണ്ടപ്പോ സഹതാപം തോന്നി. ഉള്ളതിനും ഇല്ലാത്തതിനും ഡോക്ടറിന്റെയും രോഗികളുടെയും ചീത്ത കേട്ടും ആരോടും പരാതി പറയാതെ മറ്റുള്ളവർക്കായി ഉറങ്ങാതിരിക്കുന്ന അവൾ ഒരു സ്ഥിരം കാഴ്ചയായിരുന്നു. “മോളുടെ കല്യാണം കഴിഞ്ഞതാണോ “- കുത്തിവയ്പ് എടുക്കുന്നതിനിടയിൽ അവളോടൊരിക്കൽ അമ്മ ചോദിച്ചു. പെട്ടെന്നവളുടെ മുഖം വാടിയെങ്കിലും വിഷമം കലർന്ന ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു – ” പറഞ്ഞുറപ്പിച്ച സ്വർണം സ്ത്രീധനമായി കൊടുക്കാൻ കഴിയാതെ വന്നതുകൊണ്ട് ഉറപ്പിച്ച കല്യാണം മാറിപ്പോയി. ” “അതെന്തു പറ്റി…”

– അമ്മ മൂക്കത്തു വിരൽ വച്ചു. “അവർക്കാകെ നിർബന്ധമുണ്ടായിരുന്നത് ഇരുപത് പവൻ സ്വർണമായിരുന്നു… അത് കടം വാങ്ങീം കുറി കൂടിം വയ്യാത്ത അച്ഛൻ എങ്ങനെയോ തട്ടിക്കൂട്ടി. അങ്ങനെ കല്യാണം ഉറച്ചു. കല്യാണമുറച്ച പെണ്ണു കാലിയായ കഴുത്തുമായി നടക്കണ്ടെന്നു അച്ഛൻ നിർബന്ധിച്ചിട്ടാ കല്യാണത്തിനു വാങ്ങി വച്ചിരുന്ന ഒരു മാല ഞാനെടുത്തിട്ടത്.” ” എന്നിട്ട്…. ” – അമ്മ വിഷമത്തോടെ ചോദിച്ചു. “അടുപ്പിച്ചുള്ള നൈറ്റ് ഡ്യൂട്ടി കാരണം ഒട്ടും ഉറങ്ങിയിരുന്നില്ല. അതിന്റെ ക്ഷീണംകൊണ്ട് വീട്ടിലേക്കുള്ള ബസിൽ കയറിയപ്പോൾ തന്നെ ഞാനുറങ്ങിപ്പോയി.

പിന്നെ ബസിൽ നിന്നറങ്ങിയപ്പോഴാ കഴുത്തിൽ മാലയില്ലായെന്നറിഞ്ഞത്… അവരു പറഞ്ഞ ഇരുപതു പവൻ തികച്ചു കൊടുക്കാൻ കഴിയാതെ വന്നപ്പോ….” – അവൾക്കതു മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. കരയാതിരിക്കാൻ അവൾ പാടുപെട്ടു. “വേറെ നോക്കീലേ മോളേ?” – അമ്മ വിഷമത്തോടെ വീണ്ടും ചോദിച്ചു. ” നഴ്സിങ് പഠിച്ചതിന്റെ കടവും രണ്ടനിയത്തിമാരും അവരുടെ പഠനവും വയ്യാത്ത അച്ഛന്റെ ചികിത്സയും ഒക്കെയുള്ള എന്റെ പ്രാരാബ്ദം ആരെറ്റെടുക്കാനാ അമ്മേ…

സ്ത്രീധനം കൊടുക്കാനും കാര്യായ് ട്ടൊന്നുല്ല” – ഒരു തമാശ പോലെ അവൾ പറഞ്ഞവസാനിപ്പിച്ചെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “മോളു വിഷമിക്കണ്ട…. മോളുടെ വിഷമം ഒക്കെ മനസ്സിലാക്കുന്ന ഒരാളു വരും.” – അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു. “എനിക്കതല്ല വിഷമം… അച്ഛന്റെ വിഷമം കാണുമ്പോഴാ…. അച്ഛൻ ഒരുപാടു കഷ്ടപ്പെട്ടിട്ടാ ആ കല്യാണം ഉറപ്പിച്ചത്.. പക്ഷേ… ” – അവൾ കരഞ്ഞു പോയി. അവളുടെ കഥ കേട്ടിരുന്ന അവൻ പോയി. അവൻ കാരണം ആ പെൺകുട്ടിക്ക് ഒരു ജീവിതം നഷ്ടപ്പെടുമെന്നവൻ ഒരിക്കലും കരുതിയിരുന്നില്ല.

രണ്ടു ദിവസങ്ങൾക്കപ്പുറം അമ്മയെ ഡിസ്ചാർജ് ചെയ്ത ദിവസം ബില്ലടയ്ക്കാൻ പണത്തിനായി നെട്ടോട്ടമോടിയ അവന്റെ കയ്യിലേയ്ക്ക് അന്നു കിട്ടിയ തന്റെ ശമ്പളത്തിന്റെ പകുതി തുക നല്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. കുറച്ചു കാലങ്ങൾക്കപ്പുറം തരക്കേടില്ലാത്തൊരു ജോലി കിട്ടിയ സമയം അമ്മയോടൊപ്പം അവളെ പെണ്ണു ചോദിക്കാൻ പോയ അവനൊരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ … പൊന്നും വേണ്ട പണവും വേണ്ട വേണ്ടത് അവനൊരു കൂട്ടും, അമ്മയ്ക്ക് സ്നേഹനിധിയായ മരുമകളും… അല്ല മകളും… രചന: P.Sudhi

Leave a Reply

Your email address will not be published. Required fields are marked *