അവിവാഹിത എന്ന പേരിൽ നിന്നും താനൊരു വിവാഹിത ആയിരിക്കുന്നു…

രചന: Ayyappan A

അടുക്കളയുടെ ജനലിന്റെ കണ്ണാടിയിൽ കൂടി അവൾ അവളെയൊന്നു നോക്കി…
ഇരുണ്ട മെല്ലിച്ച രൂപം… വീതി കൂടിയ നെറ്റി…. വിടർന്ന പാതിയടഞ്ഞ കണ്ണുകൾ.. ഒട്ടിയ കവിൾത്തടങ്ങൾ…ഒരല്പം പരന്ന മൂക്ക്.. കറുത്ത ചുണ്ടുകൾ.. കഴുത്തിനു താഴെയായി ഒരല്പം ഉന്തിയ എല്ലുകൾ..ചെറിയ മാറിടം..

അവൾക്ക് പെട്ടന്ന് ഒരു അപകർഷതാ ബോധം ഉണ്ടാവുകയും പെട്ടന്ന് തന്നെ അവിടെനിന്നും മാറി, അടുപ്പിന്റരികത്തേക്ക് വന്നു നിൽക്കുകയും ചെയ്തു…

രാവിലെ അയാൾക്കുണ്ടാക്കിയ
ദോശയും ചമ്മന്തിയും.. ഉച്ചയ്ക്കുണ്ടാക്കിയ ചോറും സാമ്പാറും ഉപ്പേരിയും എല്ലാം തണുത്തു വിറങ്ങലിച്ചിരുന്നു….

അവൾ അവിടെ ഇരുന്ന ഒരു ഓട്ടുഉരുളി എടുക്കയും കഴുകി വൃത്തിയാക്കിയ ശേഷം അടുപ്പത്തു വെക്കുകയും ചെയ്തു…
ശേഷം കുറച്ച് വെള്ളം ഒഴിച്ച് തിളയ്ക്കാൻ വെച്ചു….

തന്റെ വിവാഹം കഴിഞ്ഞ രണ്ടാമത്തെ ദിവസമാണിത് എന്ന ചിന്ത വന്നപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു….
അവിവാഹിത എന്ന പേരിൽ നിന്നും താനൊരു വിവാഹിത ആയിരിക്കുന്നു..
ഒരു ചൊവ്വാദോഷകാരിയായ 33 വയസ്സുകാരിക്ക് അതിനപ്പുറം മറ്റൊരു ആശ്വാസമില്ലാരുന്നു….

വെള്ളം തിളച്ചു തുടങ്ങിയപ്പോഴാണ് നുറുക്കിയ ഉണക്കലരി അവൾ അതിലേക്ക് ഇട്ടത്…..
രണ്ടുപേർക്കുള്ള പായസത്തിനു ഇത്രേം അരി മതിയാവുമോ എന്ന ചിന്തയിൽ നിന്നും ഒരുനുള്ള് അരി കൂടി ഇട്ടു…. വെള്ളം തിളച്ചുമറിയുന്നുണ്ട്…. സാരിതലപ്പ് കൊണ്ട് മുഖം തുടച്ചവൾ കണ്ണടച്ചു….

തിളച്ചു മറിയുന്ന അവളുടെ ഓർമ്മകളിൽ മുപ്പത്തിമൂന്നു വര്ഷങ്ങള്ക്കു മുൻപ്, 28 ദിവസം പ്രായമുള്ള ഒരു കുഞ്ഞിന്റെ നൂലുകെട്ടിന് ആരൊക്കെയോ പറയുന്നുണ്ട്
“കറുത്ത കൊച്ചാണല്ലോ “…..

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടിയെ നോക്കി ടീച്ചർ പറയുന്നുണ്ട് ” ആ കറുത്ത കുട്ടിടെ പേരെന്താ???

പത്തു വയസ്സുള്ളപ്പോ അവളെ നോക്കി “കറുമ്പി “എന്നു വിളിക്കുമ്പോൾ അവൾ തല നിറയെ ലേഡീസ് പൂ വെച്ചു അവളെന്നോക്കി കളിയാക്കുന്നവരോട്
“കറുപ്പിന് ഏഴ് അഴകാണെന്ന് വാദിക്കുന്നുണ്ട് ഇടയ്ക്ക് ഇടയ്ക്ക് അവൾ വിങ്ങുന്നുണ്ട്….

പന്ത്രണ്ടാം വയസ്സിൽ അവൾ വയസ്സറിയിച്ചപ്പോ, അവൾക്ക് കിട്ടിയ ചുവന്നതും തിളങ്ങുന്നതുമായ പാട്ടുപാവാടകൾ അനിയത്തിമാർക്കു വീതം വെക്കുമ്പോൾ..
ഇരുണ്ട നിറത്തിനു ഇതാണ് ചേരുന്നത് എന്നു പറഞ്ഞു കിട്ടിയ ഇളം നിറത്തിലെ പാട്ടുപാവാട നെഞ്ചോട് വെച്ചു ജനലരികിൽനിന്നും മുഖം വീർപ്പിച്ചു പുറത്തേക്ക് നോക്കിനിൽക്കുന്നുണ്ട്

കൂട്ടുകാരിക്ക് കിട്ടിയ പ്രേമലേഖനം രണ്ടാവർത്തി വായിച്ചു അവൾക്കു തിരികെ നൽകുമ്പോൾ ആ പതിനാലു വയസ്സുകാരിടെ ഉള്ളിൽ അവളെ ആരാധിക്കുവാൻ ആരും ഇല്ലല്ലോ എന്ന ചിന്ത വല്ലാത്ത ഒരു നഷ്ടബോധം ഉണ്ടാക്കി…

ക്ലാസ്സിലെ ഒരു തെമ്മാടിചെക്കനോട് എന്തിനോ വേണ്ടി ദേഷ്യപ്പെട്ടു തിരിഞ്ഞു നടക്കുമ്പോൾ അവൻ പിന്നിൽ നിന്നലറി വിളിക്കുന്നുണ്ട്

“കറുമ്പി…. മത്തിക്കണ്ണി ”

ആ പതിനഞ്ചു വയസ്സുകാരി തല കുമ്പിട്ടു അപമാനിതയായി നടന്നു പോകുമ്പോൾ ചുറ്റും കൂടി നിന്നവർ ആർത്തു ചിരിക്കുന്നുണ്ട്…..

ഓട്ടോഗ്രാഫിന്റെ തുടക്കത്തിൽ എല്ലാം മത്തിക്കണ്ണി എന്ന പേര് നിറഞ്ഞു നിന്നു…
അന്ന് രാത്രിയിൽ ഓട്ടോഗ്രാഫ് കട്ടിലിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം പുതപ്പിനുള്ളിൽ ആരും കേൾക്കാതെ അവൾ തേങ്ങുന്നുണ്ടായിരുന്നു…..

പെണ്ണ് കാണാൻ വരുന്നോർക്കു മുന്നിൽ ഉടുത്തൊരുങ്ങി നാണത്തോടെ നിൽകുമ്പോൾ പെണ്ണിനെ ഇഷ്ടയില്ല എന്നൊരു കാരണത്താൽ മുടങ്ങി പോവുന്ന കല്യാണലോചനകൾ കണ്ട് അവൾ വല്ലാതെ അസ്വസ്‌ഥയായി…..

ഇന്നൊരു കൂട്ടര് നിന്നെ കാണാൻ വരുന്നുണ്ട് എന്നു പറയുമ്പോൾ തന്നെ ആ ഇരുപത്തിയഞ്ചു വയസ്സുകാരിക്ക് ഒരു വല്ലാത്ത മടുപ്പ് വന്നു തുടങ്ങി

ഉടുത്തൊരുങ്ങി ഒരു വില്പനചരക്കുപോലെ വന്നു നിർവികാരത്തോടെ അവൾ വന്നു നിൽകുമ്പോൾ ഉള്ളിൽ വല്ലതെ നീറുന്നുണ്ടായിരുന്നു….

അവളെ നിർത്തി അനിയത്തിയുടെ കല്യാണം നടന്ന ദിവസം അവളെ നോക്കി സഹതപിച്ചവരുടെ മുന്നിൽ ഒരു ചെറു പുഞ്ചിരിയോടെ നടന്നു നീങ്ങി.

കൂട്ടുകാരുടെ കല്യാണത്തിന് ഏറ്റവും പിറകിൽ നിന്നു കല്യാണം കണ്ടു ആശംസകൾ അറിയിച്ചു പോരുന്നവൾ….

കൂട്ടുകാരുടെ കുഞ്ഞുങ്ങളെ വാങ്ങി നെഞ്ചോടു ചേർത്ത് നൂറുനൂറു ഉമ്മ കൊടുക്കുമ്പോൾ ആരൊക്കെയോ ചോദിക്കുന്നുണ്ട്

“എത്ര വയസ്സായി നിന്റെ ഇനി എന്നാണ്???? ”

അന്ന് രാത്രിയിൽ ഒരു തലയണ ഉടുപ്പിനുള്ളിൽ വയറിനു മുകളിലായി തിരുകി വെച്ചു കണ്ണാടിയിലേക്ക് നോക്കി, വയർ താങ്ങി അവൾ സന്തോഷിക്കുന്നുണ്ട്… അല്പ നേരം കഴിഞ്ഞു തലയണ ഊരിമാറ്റി മുഖം പൊത്തി അവൾ കരയുന്നുണ്ട്…..

അനിയത്തി ഭർത്താവുമായി വന്ന രാത്രി തൊട്ടപ്പുറത്തു നിന്നു കേൾക്കുന്ന ശ്വാസനിശ്വാസങ്ങൾ കേട്ട് ചെവി പൊത്തി ചുരുണ്ടുകൂടി കിടന്ന രാത്രികൾ….

ഒരു പുരുഷനായാലും നോക്കപെടാൻ ഇല്ലാത്തവൾ…

ഒരു പുരുഷന്റെയും ശക്തമായആലിംഗനത്തിൽ ഉരുകിയൊലിക്കാൻ കഴിയാത്തവൾ….

മഴ പെയ്യുന്ന രാത്രിയിലൊക്കെ മഴയെക്കാൾ പെയ്യുന്ന കണ്ണുള്ളവൾ…..

തല ചൊറിഞ്ഞു കൊണ്ട് ഉമ്മറത്തിരുന്നു ഇടനിലക്കാരൻ” അവളെ കാണാൻ നാളെ ഒരു ചെക്കൻ വരുണ്ടെന്നും ഒരല്പം സാമൂഹികപ്രവർത്തകൻ ആണെന്ന് “പറയുമ്പോൾ അകത്തളത്തിൽ തലയിൽ എണ്ണ തേച്ചു കണ്ണാടിയിലേക്ക് നോക്കി അവൾ പുച്ഛിച്ചു ചിരിക്കുന്നുണ്ടായിരുന്നു..

നിറം മങ്ങിയ ഒരു കോട്ടൺ സാരി ഉടുത്തു തലമുടി വെറുതെ അഴിച്ചിട്ടു ഇരു വശത്തും നിന്നും ഒരല്പം മുടി വീതം എടുത്തു ചെറുകെ പിന്നിയിട്ടു ചെറുക്കന്റെ മുഖത്ത് പോലും നോക്കാതെ തിരിഞ്ഞു നടന്നു അടുക്കള ഭാഗത്തു നിന്നപ്പോഴാണ് അച്ഛൻ ഓടി വന്നു അവളോട് പറഞ്ഞു
“ചെക്കൻകൂട്ടർക്കു നിന്നെ ഇഷ്ടായെന്നു ”
ഒരു ഞെട്ടലോടെ തരിച്ചുനിൽകുമ്പോൾ അച്ഛൻ നിറഞ്ഞു തൂവിയ കണ്ണുകളുമായി അവൾക്കു ഒരു ചുംബനം നൽകി…..

അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ച സാമൂഹികപ്രവർത്തകനായ മുപ്പത്തിയഞ്ചു വയസ്സുകാരൻ അവളെ വിവാഹം കഴിക്കുമ്പോൾ ഏറ്റവും ലളിതമായ ചടങ്ങുമതിയെന്നു അദ്ദേഹം പറഞ്ഞിരുന്നു..

അവൾക്കും എതിർപ്പില്ലാരുന്നു പത്തഞ്ഞൂറുപേരുടെ മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കുമ്പോൾ ആയിരം കണ്ണുകളാൽ കൊത്തിവലിക്കുന്നത് അവൾക്കും അസഹനീനമായ്‌ തോന്നി….

ആരും ഇല്ലാത്ത അയാളുടെ വീട്ടിൽ ആദ്യരാത്രിയിൽ അവൾ ഏറെ നേരം കാത്തിരുന്നിട്ടും അയാൾ വന്നില്ല…

പുറത്ത് അയാളെ കാണാൻ വന്ന ആളുകളുടെ കൂടെ അവരുടെ പ്രശ്നങ്ങൾ കേട്ട് അവരിലൊരാൾ ആയി അയാൾ മാറുമ്പോൾ അയാളെ നോക്കി അവൾ മുറിയിൽ പ്രതീക്ഷയോടെ ഇരുന്നു….

രാവേറെ ആയിട്ടും അയാൾ വരാത്ത കൊണ്ടാണ് അവൾ ചുരുണ്ടുകൂടി ഒരു മൂലയ്ക്ക് കിടന്നത്..

അയാൾ ഇഷ്ടപെട്ടാണോ തന്നെ വിവാഹം കഴിച്ചത് എന്ന ചിന്ത അവളെ വല്ലാതെ അലട്ടി…. അവൾ വായിച്ച കഥകളിൽ എല്ലാം അങ്ങനെ ആണ്….

അവൾക്ക് അന്ന് അയാളോടൊപ്പം ഇരിക്കണമെന്നുണ്ടായിരുന്നു…

അയാളോട് സംസാരിക്കണമെന്നുണ്ടായിരുന്നു….

അയാളുടെ ശരീരഭാരത്തെ വേദനയുള്ള ഒരു സുഖത്തോടെ അറിയണമെന്നുണ്ടായിരുന്നു…

അയാളുടെ നെഞ്ചിൽ തലവെച്ചുറങ്ങണമെന്നുണ്ടായിരുന്നു….

രാത്രിയിൽ എപ്പോഴോ അയാൾ വന്നുറങ്ങിയിരിക്കണം രാവിലെ അവൾ ഉണരുന്നതിനു മുന്നേ അയാൾ പുറത്തേക്കു പോവുകയും ചെയ്തു

അരി തിളച്ചു പൊന്തിയ ഒരു നനുത്ത മണം വന്നപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്…. നേരത്തെ ഉരുക്കി വെച്ചിരുന്ന ശർക്കര അവൾ അതിലേക്ക് ഒഴിക്കുകയും. അടിയിൽ പിടിക്കാതെ കട്ടിയുള്ള ഒരു തവി കൊണ്ട് ഇളക്കി കൊടുക്കയും ചെയ്തു….

അടുപ്പത്തു പുകയുന്ന കനലിന്റെ ചൂട് തട്ടിട്ടാവണം അവൾ ഒരല്പം പിറകിലേക്ക് നീങ്ങിയത്…..
ശേഷം ചേരുവ കുറുകി വെന്തു വന്നപ്പോൾ ചുരണ്ടിയ തേങ്ങ ഇട്ടു ഒന്നുകൂടി നന്നായി ഇളക്കിയ ശേഷം, നുറുക്കിയ പഴം അരിഞ്ഞതും ചേർത്തു ഇളക്കി വാങ്ങി വെച്ചു..

ശേഷം കുറച്ചു നെയ്യൊഴിച്ചു തേങ്ങാകൊത്തും അണ്ടിപരിപ്പും മുന്തിരിങ്ങയും വഴറ്റി പായസത്തിലേക്കു ചേർക്കുകയും ചെയ്തു.. അവസാനമായി ഏലയ്ക്ക പൊടിച്ചത് പായസത്തിലേക്ക് വിതറിയ ശേഷം അവൾ മൂടി അടച്ചു വെച്ചു….

പെട്ടന്നാണ് ഒരു വണ്ടി നിർത്തിയ ശബ്ദം അവൾ കേട്ടത്….. അവൾ ജാഗരൂകയായി എണീറ്റു… അയാളുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അവൾ മുഖം തുടച്ചു അയാൾക്കരികിലേക്ക് ചെന്നു…. ഫോണിൽ സംസാരിച്ചുകൊണ്ടു അയാൾ അവളെ ഒന്നു നോക്കി അവിടെ ഇരുന്നു….

അവൾ പെട്ടന്ന് അടുക്കളയിൽ ചെന്നു ഒരു സ്റ്റീൽ ഗ്ലാസ്സ് എടുത്തു കഴുകി തുടച്ച ശേഷം പായസം വിളമ്പി അയാൾക്ക് നേരെ നീട്ടി….
അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…
അയാൾ അവളെ ഒന്നുകൂടി നോക്കിയ ശേഷം പായസം വാങ്ങി ചുണ്ടോട് ചേർത്തു……

ഏലയ്ക്കയുടെയും നെയ്യുടെയും മണം അവിടെയാകെ പരന്നിരുന്നു….
ഒരിറക്കു കുടിച്ച ശേഷം അവളെ അയാളൊന്നു നോക്കി, എന്നിട്ട് ആർത്തിയോടെ മുഴുവനും കുടിച്ചു എന്നിട്ട് ചിറി തുടച്ചു അവളെ നോക്കി ഒന്നു ചിരിച്ചു…..

താടി അല്പം ചരിച്ചു കണ്ണ് കുറുകി പല്ലുവെളുക്കെ അയാൾ ചിരിച്ചു…
അവൾ കണ്ടതിൽ ഏറ്റവും മനോഹരമായ ചിരി…….
അവളുടെ
കണ്ണ് പെട്ടന്ന് നിറയുകയും ഹൃദയം നിറഞ്ഞു തൂവുകയും ചെയ്തു..

അവൾ അയാളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി തിരിഞ്ഞപ്പോഴാണ് പിറകിൽ നിന്നും അയാൾ ചുറ്റി വരിഞ്ഞത്….

അവൾ പെട്ടന്ന് നിശബ്ദയായി 33 വർഷങ്ങൾക്കിടയിൽ ആദ്യമായി ആണൊരുത്തൻ അവളെ ചേർത്തു പിടിച്ചിരിക്കുന്നു…

അവളെ അയാൾക്കഭിമുഖമായി നിർത്തി ചോദിച്ചു….

“പരിഭവമുണ്ടോ ഇന്നലെ ഒന്നും മിണ്ടാത്തതിൽ ????? ”

അവൾ വിങ്ങികൊണ്ട് “ഇല്ല” എന്നുത്തരം പറഞ്ഞു…. അവളുടെ മുഖം കൈകളിൽ എടുത്ത് അയാൾ പറഞ്ഞു…

“ഒരു പൊതു പ്രവർത്തകന്റെ ജീവിതം ഇങ്ങനെ ആണെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്….. ”

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി… അയാൾ അവളുടെ പാതിയടഞ്ഞ ഇരു കണ്ണിലും വളരെ മൃദലമായി ചുംബിച്ചു…. എന്നിട്ട് പറഞ്ഞു….

“നി ഉണ്ടാക്കിയ പായസത്തിനു ഇത്രയും രുചി എന്താണെന്നറിയുമോ…… അത്‌ വെന്തത് നിന്റെ സ്നേഹത്തിലാണ് പെണ്ണെ…… ”

രചന: Ayyappan A

Leave a Reply

Your email address will not be published. Required fields are marked *