അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇനി അധികനാളൊന്നും കാത്തിരിക്കാൻ വയ്യെന്ന്…

രചന : അഞ്‌ജലി മോഹൻ

“എന്താണ് അപ്പച്ചിയ്‌ടെ സുന്ദരി ദേവൂസ് രാവിലെതന്നെ???… ഓഓഓ ഉണ്ണി വന്നൂന്ന് അറിഞ്ഞിട്ട് വന്നതാണ് അല്ലാതെ അപ്പച്ചീനെ കാണാൻ ഒന്നുമല്ല അല്ലേ….” ദേവു ചിരിച്ച് വസുന്ധരയുടെ കവിളുകൾ പിടിച്ചു വലിച്ചൂ…. ഹാ വേദനിക്കുന്നെടി വിട്ടേ… ന്നാ ഈ ചായ കൊണ്ട് കൊടുക്ക് നിന്റെ ഉണ്ണ്യേട്ടന് അവനിതുവരെ എണീറ്റിട്ടില്ല….

റൂമിനു മുന്നിലെത്തി കതക് തുറന്ന് നോക്കുമ്പോ തലവഴി പുതപ്പിട്ട് മൂടിപ്പുതച്ചു ഉറങ്ങുവാണു കക്ഷി… അവളാ ചായ ടേബിൾ ഇൽ വച്ച് അവനെ തട്ടി വിളിച്ചു… എവിടെ.. കക്ഷി നല്ല ഉറക്കം തന്നെ… പിന്നൊന്നും നോക്കാതെ ദേവു അവനൊപ്പം ചേർന്ന് കിടന്ന് അവനെ വാരിപ്പുണർന്നു….. ഞെട്ടി എണീറ്റ ഉണ്ണി ദേവൂനെ കണ്ടു ദേഷ്യം കൊണ്ട് അവളെ പിടിച്ച് തള്ളിയിട്ടു… നീയെന്താടി ഇവടെ??? അവളെന്തെല്ലാമൊക്കെയൊ കൈകൊണ്ട് കാണിക്കുന്നുണ്ട്… കുറച്ചു നേരം നോക്കി നിന്നിട്ടും ഒന്നും മനസിലാവാഞ്ഞപ്പോ ഉണ്ണി അവളോട് ദേഷ്യപ്പെട്ടു… ഇറങ്ങിപോവുന്നുണ്ടോ നീയൊന്ന്… രാവിലെ തന്നെ വന്നോളും മനുഷ്യന്റെ ഉറക്കോം മനസമാധാനോം കളയാനായിട്ട് ഓരോ കോപ്രായോം കാണിച്ചോണ്ട്…. നിറഞ്ഞ് വന്ന കണ്ണുകൾ അവനെ മറച്ചു പിടിച്ചു നനുത്ത പുഞ്ചിരിയും സമ്മാനിച്ച് അവളാ മുറിയിൽനിന്നും ഇറങ്ങി….. നെഞ്ച് പൊട്ടി ചോരയൊഴുകുന്ന വേദനയുണ്ടായിരുന്നു…. കോണിപ്പടികൾ ഇറങ്ങി ചെല്ലുമ്പോഴായിരുന്നു അപ്പച്ചിയെ കാണുന്നത്…. ഓടിച്ചെന്നാ മാറിൽ വീണു… പതിയെ വസുന്ധരയുടെ കവിൾ തടങ്ങളിൽ ചുംബിച്ചവൾ ഉമ്മറത്തേക്ക് നടന്നു….

ഉണ്ണീ…. നീയെന്താ ദേവുമോളോട് പറഞ്ഞത്???? ഓ… അപ്പം അപ്പളേക്കും അത് അവിടെ എത്തിച്ചു അല്ലേ മഹാറാണി…? അതിലൊരു പുച്ഛം ഉണ്ടായിരുന്നു… നിന്നോടാ ഉണ്ണി ഞാൻ ചോയ്ച്ചത് അതിനുള്ള മറുപടി പറഞ്ഞാമതി…. ഞാൻ അവളോട് ഈ റൂമിൽ നിന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞു അതിലെന്താ തെറ്റ്…??? എന്റെ മുറി എന്റെ പ്രൈവസി ആണ്.. അവിടേക്ക് കേറിവന്നതും പോരാ… എന്നെക്കൊണ്ടൊന്നും പറയിക്കണ്ട അമ്മ…. അവളൊന്ന് കേറിയാൽ തന്നെ എന്താടാ… എന്നായാലും അവളീ മുറിക്കകത്തു തന്നെ വരേണ്ടവൾ അല്ലേ???…. എന്ന് അമ്മമാത്രം തീരുമാനിച്ചാൽ മതിയോ??? എനിക്കവളെ കെട്ടാൻ ഇഷ്ടം വേണ്ടേ?? എന്താ ഉണ്ണീ നീ പറേണെ?? നിനക്ക് ദേവൂനെ ഇഷ്ടല്ലേ???? അല്ല അമ്മേ എനിക്കവളെ അങ്ങനൊന്നും കാണാൻ പറ്റില്ല… മാത്രവുമല്ല എനിക്കവൾ പറയുന്നതൊന്നും മനസിലാക്കാനും ആവുന്നില്ല….. എന്തിനാ വെറുതെ ഒരു പരീക്ഷണം???…. എന്തൊക്കെയാ ഉണ്ണി നീ പറയണേ കുഞ്ഞുന്നാൾ മുതൽ അത് നിന്നെ മനസ്സിൽ കൊണ്ടുനടക്കണതാ… ആാാ മിണ്ടാപ്രാണീടെ ശാപം എന്റെ മോന്റെ തലയിൽ വേണ്ട… അമ്മതിന് സമ്മതിക്കില്ല…… എനിക്കവളെ വേണ്ടാന്ന് പറഞ്ഞാൽ വേണ്ട…. അവനതും പറഞ്ഞു ജോഗ്ഗിങ്‌നായി പുറത്തേക്കിറങ്ങി… തിരിച്ചു വന്നപ്പോ കണ്ടു ടീപോയ്ക്ക് മേൽ ഇലച്ചീന്തിൽ മഞ്ഞളും ചന്ദനവും അതിനടിയിൽ രസീതും “നിരഞ്ജൻ ഉത്രാടം അർച്ചന ” ദേവു കഴിപ്പിച്ചതാ… ഇങ്ങനെ ഒത്തിരി ഉണ്ട് കാണണമെങ്കിൽ ആാാ ഫ്രിഡ്ജിനുമേൽ ഉണ്ടാകും വഴിപാടുകളുടെ കൂപ്പൺ.. അതും പറഞ്ഞു വസുന്ധര തിരിഞ്ഞ് നടന്നു….

പിന്നീട് ഒരാഴ്ച ദേവു അങ്ങോട്ടേയ്ക്ക് വന്നതേ ഇല്ലാ… അല്ലെങ്കിൽ എല്ലാ ദിവസോം എന്തേലും കാരണോം ഉണ്ടാക്കി അവനെ കാണാൻ എത്തുമായിരുന്നു… എന്തോ അന്നാദ്യമായി ദേവൂനെ കാണാൻ ഉണ്ണീടെ ഉള്ള് കൊതിച്ചു…
പിറ്റേന്ന് ലീവ് കഴിഞ്ഞ് തിരിച്ചുപോകും ഇനി ഒന്ന് രണ്ടാഴ്ച കഴിയും തിരിച്ചു വരാൻ….
അവനാ ഫ്രിഡ്ജിനു മുകളിലേക്ക് നോക്കിയപ്പോ അക്ഷരാർത്ഥത്തിൽ ഞെട്ടി…. അത്രയും വഴിപാട് കൂപ്പണുകൾ… എല്ലാത്തിലും ഒന്ന് മാത്രം… “നിരഞ്ജൻ ഉത്രാടം ” പതിയെ ആാാ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

ചെല്ല് അവൾ അമ്പലത്തിൽ കാണും… പിറകിൽ നിന്നും അമ്മയായിരുന്നു… അവളുടെ കണ്ണനോട് പരിഭവം പറയാൻ ഉണ്ടാകും… എന്റെകുട്ടി അതിനെ തന്നെ ശപിക്കുന്നുണ്ടാകും… ഒന്ന് ആർത്തലച്ച് കരയാനെങ്കിലും അതിനിത്തിരി ശബ്ദം കിട്ടാൻ വേണ്ടി…. നിന്നെയൊന്ന് ഉണ്ണ്യേട്ടാന്നെങ്കിലും വിളിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് മനമുരുകി പ്രാർത്ഥിക്കുന്നുണ്ടാകും…. ഞാനിതൊക്കെ എങ്ങനെ അറിഞ്ഞുന്നാകും നിന്റെ സംശയം അല്ലേ ഉണ്ണീ??? അന്ന് നീ ആട്ടി ഇറക്കി വിട്ട ദിവസം അവൾടച്ചൻ എന്റേട്ടൻ എന്നെ വിളിച്ചിരുന്നു… ഇവിടെ എന്താ സംഭവിച്ചെന്ന് അറിയാൻ അവളൊരെ കരച്ചിലാണെന്ന്.. അവൾക്ക് സംസാരിക്കണമെന്ന് ശബ്ദം വേണമെന്ന് അവൾ ആദ്യമായി ആവശ്യപ്പെട്ടത്രെ…. പാവാണ്‌ ഉണ്ണീ ദേവു.. നീ പറഞ്ഞില്ലേ നിനക്കൊന്നും മനസിലാവുന്നില്ലാന്ന് ആദ്യം നീയവളെ അംഗീകരിക്ക് എന്നിട്ട് അവളെന്താ പറയുന്നെന്നൊന്ന് ആത്മാർത്ഥമായി നീയൊന്ന് മനസിലാക്കാൻ ശ്രമിയ്ക്ക്…. നമ്മളെക്കാളൊക്കെ ഭംഗിയായി ദേവുമോൾ സംസാരിക്കും…..

നേരെ ഒരോട്ടമായിരുന്നു അമ്പലത്തിലേക്ക്… നോക്കുമ്പോ വഴിപാട് കൗണ്ടറിൽ ഉണ്ട് കക്ഷി… നീല ദാവണി ചുറ്റി.. മുട്ടറ്റം നീളുന്ന മുടി അഴിച്ചിട്ട്.. ദേവുകുട്ടിയെ പതിവ് തന്നെയല്ലേ???… അവളൊന്ന് ചിരിച്ച് അതെയെന്ന് പതിയെ തലയാട്ടി… കക്ഷി ലീവിന് വന്നിട്ടുണ്ടെന്ന് കെട്ടുലോ പോയോ ആൾ?? അവൾ തലതാഴ്ത്തി പതിയെ ഇല്ലെന്ന് തലയനക്കി… തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോളാണ് ദേവു ഉണ്ണിയെ കണ്ടത്… കൈകെട്ടി അവളേം നോക്കി നിൽകുവാ കക്ഷി… അവളൊരു നനുത്ത പുഞ്ചിരിയുമായി അവനടുത്തേക്ക് നടന്നു……

എന്താ നീ വീട്ടിലേക്ക് വരാഞ്ഞത്?? അല്ലേൽ എല്ലാ ദിവസോം അവടെ വരുന്നതാണല്ലോ??? എന്തെ അപ്പച്ചിയോടുള്ള സ്നേഹൊക്കെ കുറഞ്ഞോ??? അവളില്ലെന്ന രീതിയിൽ തലയനക്കി…. ഞാൻ നാളെ കാലത്ത് പോകും… വാ നമുക്ക് തൊഴാം…

അവനൊപ്പം നില്കുമ്പോ അവള്ടെ കണ്ണുകൾ നിറഞ്ഞു… എനിക്ക് തന്നേക്കുവോ കണ്ണാ ഉണ്ണ്യേട്ടനെ??? കുഞ്ഞുന്നാൾ മുതൽ ഈ മനസ്സിൽ കൊണ്ടുനടക്കണതാ ദേവു… ഒന്ന് പറഞ്ഞു കൊടുക്കുവോ… ദേവൂന് സ്നേഹിക്കാൻ ശബ്ദം വേണ്ടാന്ന്… ഒരു കടലോളം സ്നേഹം കൊടുത്തോളാമെന്ന്… “നിരഞ്ജൻ ഉത്രാടം അർച്ചന ” പൂജാരി വിളിച്ചപ്പോ ദേവു ഇലച്ചീന്തിലെ പ്രസാദം കൈകളിലേക്ക് വാങ്ങി… പതിയെ തിരിഞ്ഞ് നിന്ന് ഉണ്ണീടെ നെറ്റിത്തടത്തിൽ ഒരു കുറി വരച്ചുകൊടുത്തു… ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി…. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി ഉണ്ണിയും അവൾക്കൊപ്പം നടന്നിറങ്ങി…

വാ.. കേറിക്കോ അമ്മ നിന്നെ കാണണമെന്ന് പറയുന്നുണ്ടായിരുന്നു…. മറുത്തൊന്നും പറയാതെ അവന്റെ പിറകിലായി കയറി ഇരുന്നു…. ഒരുപാട് ആഗ്രഹിച്ചതാണ് ഉണ്ണ്യേട്ടനോടൊപ്പം ബൈക്ക് ഇൽ ഇതുപോലെ ഇരുന്ന് കെട്ടിപിടിച്ചൊരു യാത്ര… പക്ഷെ എന്തോ അവനെ ഒന്ന് തൊടാൻ പോലും അവൾ ഭയന്നു… ചേർന്നിരിക്കുമ്പോളെല്ലാം കഴിഞ്ഞ കാര്യങ്ങൾ ഓർമ്മവരുന്നു…. വീടെത്തി അപ്പച്ചിയെക്കണ്ടു ഒത്തിരി എന്തെല്ലാമൊക്കെയൊ പറഞ്ഞു അവർക്കൊരു ഉമ്മയും നൽകി അവളിറങ്ങി….. ദേവുമോളെ…. അവൻ നാളെ രാവിലെപോകും മോളൊന്ന് ഇങ്ങോട്ട് വരണംട്ടോ…. അവളൊന്ന് പുഞ്ചിരിച്ചു വരാമെന്നു തലയാട്ടി… അവൾ ഇടവഴിയിലൂടെ നടന്നു നീങ്ങുന്നത് അവൻ ജനവാതിലിലൂടെ നോക്കി നിന്നു…..

എല്ലാം എടുത്ത് വച്ചില്ലേ നീ??? ഹാ എന്റെ വസുന്ധരാമ്മേ… എവിടെ അമ്മേടെ സുന്ദരിക്കുട്ടി കണ്ടില്ലാലോ….??? അവൾ താഴെയുണ്ട് നീ ഇങ്ങോട്ടേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയല്ലേ….

അവനൊന്ന് പുഞ്ചിരിച്ചു താഴേക്കിറങ്ങി… അവിടെ കണ്ടു ഉമ്മറത്തെ തൂണിനുമേൽ ചാരി നിൽക്കുന്ന ദേവൂനെ… അവൻ ഒന്ന് ചിരിച്ച് മുകളിലേക്ക് നോക്കി…. ഇല്ലാ അമ്മ ഇറങ്ങിവന്നിട്ടില്ല…. അവനവളെ അടുത്തേക്ക് വരാൻ തലയാട്ടി വിളിച്ചു…. ഞാനിനി രണ്ടാഴ്ച കഴിയും ഇങ്ങോട്ടേയ്ക്ക് വരാൻ അതുവരെ ഓർത്തിരിക്കാൻ ഇതിരിക്കട്ടെ…. എന്താണെന്ന് കണ്ണും മിഴിച്ചു നോക്കി നിന്ന അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത്… കൈകൾ പിന്നോട്ട് വലിച്ചു കെട്ടി അധരങ്ങളിൽ അമർത്തി ചുംബിച്ചു…… കുറച്ചു നേരം നീണ്ട നിന്ന ചുംബനം… ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി അടർത്തിമാറ്റിയപ്പോ കണ്ടു…. എന്റെ പെണ്ണിന്റെ കണ്ണിലെ അത്ഭുതം… ഇപ്പഴും വിശ്വസായിട്ടില്ല അതിന്…. പതിയെ ചേർത്ത് പിടിച്ചു നെറുകയിൽ ഒന്ന് ചുണ്ടുകൾ പതിപ്പിച്ചു…

പോയിട്ട് വരാടി പെണ്ണെ… പിന്നെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇനി അധികനാളൊന്നും കാത്തിരിക്കാൻ വയ്യെന്ന്… സന്തോഷം കൊണ്ടവൾ അവനെ വാരി പുണർന്നു… അവളുടെ സന്തോഷത്തിന്റെ ആഴം പിടിമുറുകുന്ന ഷർട്ടിലൂടെയും, പുറത്തമരുന്ന കൈ വിരലുകളിലൂടെയും അവൻ മനസിലാക്കി… അതറിഞ്ഞെന്നോണം അവൻ ഒന്നുകൂടി അവളെ വലിഞ്ഞു മുറുക്കി കെട്ടിപിടിച്ചു…..

രചന : അഞ്‌ജലി മോഹൻ

Leave a Reply

Your email address will not be published. Required fields are marked *