ഈ വിവാഹം കൂട്ടുകാർ അല്ലാതെ ആരും അറിഞ്ഞിട്ടില്ല…

രചന: Varun mavelikara

നല്ല സ്ത്രീധനം കൊടുത്ത് കെട്ടിച്ചിട്ടും അളിയൻ എന്റെ അഞ്ചരയേക്കർ തെങ്ങിൻ തോപ്പിൽ കണ്ണുവെച് പെങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയ വിവരം അറിഞ്ഞപ്പോൾ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. ഇതിങ്ങനെ വിട്ടാൽ പറ്റില്ല നീ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന അച്ഛന്റെ ഉപദേശം ഞാൻ ശിരസാവഹിച്ചു. കാരണവന്മാർ നേരത്തെ ഇടപെട്ടിട്ടും താൽക്കാലിക ശമനം മാത്രമാണ് ഉണ്ടായത്.ഇത്തവണ ഞങ്ങൾ യുവാക്കൾക്ക് ഒരു അവസരം അവർ നൽകി. അടുത്ത ദിവസം മൂന്നാല് കൂട്ടുകാരെയും കൂട്ടി അളിയനെ പോയി കാണാൻ തീരുമാനിച്ചു. പെങ്ങളോട് ചോദിച്ചപ്പോൾ അവൾക്കും സമ്മതം.

***( പിറ്റേന്ന് ഞായറാഴ്ച്ച അളിയന്റെ വീട്ടിൽ ഞങ്ങൾ 4 പേര് കയറിച്ചെന്നു. “അല്ല ഇതാരൊക്കെയാ ,വരൂ ഇരിക്കൂ… ടീ നിവ്യാ ഇങ്ങോട്ട് നോക്കിക്കേ ആരാ വന്നതെന്ന് ?” അളിയൻ ഞങ്ങളെ ക്ഷണിച്ചിരുത്തിയ ശേഷം അകത്തേക്ക് നോക്കി വിളിച്ചു. പെങ്ങൾ ഇറങ്ങി വന്നു. പാവം,മനപ്രയാസം അവളുടെ മുഖത്ത് കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. “ചേച്ചി അകത്തേക്ക് പൊയ്ക്കോളൂ ഞങ്ങൾക്ക് അളിയനോട് അല്പം സംസാരിക്കാനുണ്ട്” ഞാൻ പറഞ്ഞു. പെങ്ങൾ അകത്തേക്ക് പോയി. “എന്താ സംസാരിക്കാൻ ഉള്ളത്?” “മുഖവുര ഒന്നും വേണ്ട കാര്യത്തിലേക്ക് കടക്കാം. 5 വർഷം മുൻപ് എന്റെ പെങ്ങളെ അളിയൻ വിവാഹം ചെയ്യുമ്പോൾ ഒരു എൽ.ഡി ക്ലർക്കിന് കിട്ടാവുന്ന ഏറ്റവും മാന്യമായ സ്‌ത്രീധനം തന്നാണ് ഞങ്ങൾ നിവ്യയെ ഇങ്ങോട്ടയച്ചത്. പെണ്ണിനെ മാത്രം മതി സ്ത്രീധനം പ്രശ്‌നമല്ല എന്നു നിങ്ങൾ പറഞ്ഞെങ്കിലും 101 പവനും 5 ലക്ഷം രൂപയും ഒരു കാറും തന്നിരുന്നു. പുതുമോടി കഴിഞ്ഞപ്പോൾ നിങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങി. ഇതിനിടയിൽ രണ്ടു തവണ അവളുടെ പ്രസവത്തിന്റെ എല്ലാ ചെലവുകളും ഞങ്ങൾ വഹിച്ചു. അപ്പോഴൊന്നും അളിയന് യാതൊരു ബുദ്ധിമുട്ടുകളും ഞങ്ങൾ വരുത്തിയിട്ടില്ല. ഇതിനിടയിൽ പല തവണ നിങ്ങൾ അവളെ ശല്യം ചെയ്‌തു എന്തിന്? സ്വത്തിന് വേണ്ടി. അപ്പോഴൊക്കെ വീട്ടുകാർ ഇടപെട്ട് എല്ലാം ഒതുക്കി വന്നു.

പക്ഷെ വീണ്ടും നിങ്ങളുടെ ഉള്ളിലെ അത്യാഗ്രഹം പുറത്തു വന്നിരിക്കുന്നു. ഇനി ഇത് വെച്ചുപൊറുപ്പിക്കാൻ ഞങ്ങൾ ഒരുക്കമല്ല അതാണ് ഞാൻ തന്നെ ഇറങ്ങിത്തിരിച്ചത്. അളിയനോട് ഒരു കാര്യം പറഞ്ഞേക്കാം ആ തെങ്ങുംതോപ്പ് എന്ന അത്യാഗ്രഹം അങ്ങ് മറന്നേരെ, പിന്നെ അളിയന് അത്ര നിർബന്ധം ആണേൽ നാളെ ഒരു 12 മണിക്ക് വീട്ടിലേക്ക് വാ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സമ്മാനം തരാം.അത് വാങ്ങിക്കഴിഞ്ഞാൽ എന്റെ പെങ്ങളെ ജീവിതകാലത്തേക്ക് ശല്യം ചെയ്യരുത്” ഞാൻ പറഞ്ഞു. “എന്താ അളിയാ ?” ആകാംഷയോടെ അയാൾ ചോദിച്ചു. “അതൊരു സർപ്രൈസ്,അത് നാളെ കണ്ടോളൂ.”” ഞാൻ പറഞ്ഞു. “എന്നാൽ ഞങ്ങളിറങ്ങട്ടെ…” **** “എന്തായി മോനെ കാര്യങ്ങൾ?” തിരിച്ചു വീട്ടിൽ എത്തിയ എന്നോട് ‘അച്ഛനും അമ്മയും ചോദിച്ചു. “എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്,പക്ഷെ താൽക്കാലികമാണ് ഇതൊക്കെ എന്ന് എന്റെ മനസ് പറയുന്നു, അതുകൊണ്ട് ഇതിനൊരു ശ്വാശ്വത പരിഹാരം കാണാൻ ഞാൻ തീരുമാനിച്ചു.” “എന്ത് പരിഹാരം ?” “അതൊക്കെ ഉണ്ട്,നാളെ അളിയാനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്. നാളെ മുതൽ അയാൾ മര്യാദക്കാരൻ ആകും അതുറപ്പാണ്…” ഞാൻ പറഞ്ഞു. ***** പിറ്റേന്ന് 11 മണി ആയപ്പോൾ എന്റെ ഫോണിലേക്ക് വിളി വന്നു. “അളിയാ ഞങ്ങൾ വീട്ടിലെത്തി അളിയൻ എവിടാ ?” ഉത്സാഹത്തോടെയുള്ള ചോദ്യം. “ആഹാ ഇത്ര നേരത്തെ എത്തിയോ? 12 മണി എന്നാണല്ലോ ഞാൻ പറഞ്ഞത്?”

“ഹോ സ്വന്തം വീട്ടിലേക്ക് വരാൻ പ്രത്യേകിച്ച് നേരവും കാലവും നോക്കണോ അളിയാ …” “ആ അതും ശരിയാണല്ലോ,അപ്പോൾ അളിയാ 12 മണി കഴിയുമ്പോൾ ഞാൻ വരാം അളിയന് നല്ലൊരു സർപ്രൈസുമായി.” ഞാൻ പറഞ്ഞു. **** 12:10 എന്റെ കാർ വീടിന്റെ ഗേറ്റിലെത്തിയപ്പോഴേ കണ്ടു,പൂമുഖത്ത് അക്ഷമനായി നിൽക്കുന്ന അളിയനെ. കാർ അകത്തേക്ക് കയറി…ഞാൻ കാറിൽ നിന്നിറങ്ങി. ശബ്ദം കേട്ട് എല്ലാവരും പൂമുഖത്തേക്കിറങ്ങി വന്നു. ‘അമ്മ,അച്ഛൻ, പെങ്ങൾ,പെങ്ങളുടെ കുട്ടികൾ… എല്ലാവരും ആകാംഷയോടെ നോക്കി നിന്നപ്പോൾ കാറിന്റെ പിൻഭാഗത്തെ ഡോർ തുറന്ന് ഞാൻ ഒരാളെ കൈപിടിച്ചിറക്കി. അവൾ വിവാഹ വേഷത്തിലായിരുന്നു. കഴുത്തിൽ മഞ്ഞൾ ചരടിൽ കോർത്ത താലി,പൂമാല എന്നിവയൊക്കെ ഉണ്ടായിരുന്നു. “ചാരു…” അളിയന്റെ ചുണ്ടുകൾ വിറയ്ക്കുന്നത് ഞാൻ കണ്ടു. “അതേ അളിയാ ചാരുലത തന്നെ അളിയന്റെ സ്വന്തം പെങ്ങൾ, ഇവളെ ഞാനങ്ങ് കെട്ടി. ഇതല്ലാതെ അളിയന്റെ ആർത്തി അവസാനിപ്പിക്കാൻ മറ്റൊരു മാർഗവും ഞാൻ കണ്ടില്ല. അമ്മേ ആരതി ഉഴിഞ്ഞ് മകനെയും മരുമകളെയും അകത്തേക്ക് കയറ്റിയാലും” ഞാൻ പറഞ്ഞു. “എന്നാലും നീ…” അമ്മയും അച്ഛനും ദേഷ്യത്തോടെ എന്നെ നോക്കി.

“തെറ്റാണ് ചെയ്തത് പക്ഷെ ഒരു വലിയ ശരിയ്ക്കായാണ് ഞങ്ങൾ ഇതു ചെയ്‌തത്‌. ഈ വിവാഹം കൂട്ടുകാർ അല്ലാതെ ആരും അറിഞ്ഞിട്ടില്ല, സാരമില്ല ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു തന്നെ നമുക്ക് വിവാഹം നടത്താം അല്ലേ അളിയാ…” ഞാൻ ആളിയനോട് ചോദിച്ചു. അയാൾ ദേഷ്യത്തോടെ തലയാട്ടി. എന്തായാലും വീട്ടുകാർ ഞങ്ങളെ അകത്തേക്ക് കയറ്റി. അമളിപറ്റിയ ദേഷ്യത്തോടെ പോകാൻ ഇറങ്ങിയ അളിയനെ ഞാൻ വിളിച്ചു മാറ്റിനിറുത്തി. “അളിയാ തന്നെ നല്ലപോലൊന്ന് പെരുമാറാൻ അറിയാഞ്ഞിട്ടല്ല,പക്ഷെ തന്റെ തീട്ടവും മൂത്രവും കൂടി എന്റെ പെങ്ങൾ എടുക്കേണ്ടി വരുമല്ലോ എന്നോർത്താ. പിന്നെ ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഓർത്തോ അളിയന്റെ പെങ്ങൾ എന്റെ വീട്ടിലാണ്. അവിടെ അളിയൻ കണ്കഷൻ കൊടുക്കുമ്പോൾ ഇവിടെ ആകും ഫ്യൂസ് അടിച്ചു പോകുക മറക്കണ്ട.” അയാൾ തലയാട്ടിക്കൊണ്ട് ഇറങ്ങിപ്പോയി.

**** പിറ്റേന്ന് ചാരുവിനെ അവളുടെ കുടുംബ വീട്ടിൽ ഞങ്ങൾ കൊണ്ടാക്കി. എന്തായാലും ഒരു മാസം കഴിഞ്ഞപ്പോൾ എന്റെയും ചാരുലതയുടെയും വിവാഹം വീട്ടുകാർ നടത്തിത്തന്നു. ***** ഇപ്പോൾ അളിയനും പെങ്ങളും സന്തോഷമായി ജീവിക്കുന്നു. അളിയന് സ്വത്തും വേണ്ട മുതലും വേണ്ട എന്നായി … ഞങ്ങൾ ആകട്ടെ ആദ്യത്തെ കണ്മണിയെ പ്രതീക്ഷിച്ചിരിക്കുന്നു. അപ്പോൾ അധികം പറഞ്ഞ് നിങ്ങളുടെ സമയം കളയുന്നില്ല. എല്ലാവർക്കും ശുഭരാത്രി.

(ശുഭം)

രചന: Varun mavelikara

Leave a Reply

Your email address will not be published. Required fields are marked *