ഒരുജോഡികമ്മൽ

രചന: ഷെർബിൻ ആന്റണി

അമ്മേ… ഇവിടെ വെച്ചിരുന്ന കമ്മല് കണ്ടോ അമ്മേ…?

നിന്റെയാണോടീ…? അടുക്കളയിൽ നിന്നും അമ്മ.

അല്ലമ്മേ, മോളുടെ ചരട് കെട്ടിന് ചിറ്റ വാങ്ങിച്ച് തന്നത്.

കഴിഞ്ഞ ദിവസം വരെ അലമാരിക്കകത്ത് ഇരിക്കുന്നത് ഞാനും കണ്ടാർന്നല്ലോ. അതും പറഞ്ഞ് അമ്മയും തെരച്ചില് തുടങ്ങി.

എടീ നിന്റെ അച്ഛനെങ്ങാനും കമ്മല് പണയം വെച്ച് കള്ള് കുടിച്ചിട്ടുണ്ടാകുമോ…?

എന്റിശ്വരാ… ഉള്ളിലൊരാന്തലോടെ അവൾ പറഞ്ഞു. ഒന്ന് പോ അമ്മേ…. അച്ഛൻ അങ്ങനെയൊക്കെ ചെയ്യുമോ…???

ഇപ്പഴ്ത്തെകാലത്തെ പാട്ടൊക്കെ കേട്ടാൽ ആരും ചെയ്തു പോകും.

പാട്ടോ….?ഏത് പാട്ട്….ഈ അമ്മ എന്തൊക്കെയാണീ പറയുന്നത്.

ഓ…. നീ കേട്ടിട്ടില്ലേ, എന്റമ്മേട ജിമിക്കി കമ്മൽ…. നിന്റച്ഛൻ കട്ടോണ്ട് പോയ പാട്ട്.

ഇവിടെ മനുഷ്യൻ ആധി പിടിച്ച് നില്ക്കുമ്പോ തന്നെ വേണം അമ്മയ്ക്ക് പാട്ട് പാടി രസിക്കാൻ.

ഇടയ്ക്കിടയ്ക്ക് എന്റെ അരി പാത്രത്തിൽ നിന്നും പൈസ അടിച്ച് മാറ്റാറുണ്ട്, അതുകൊണ്ട് ഞാനിപ്പോൾ കാശ് സൂക്ഷിക്കുന്ന സ്ഥലവും മാറ്റി. മാത്രവുമല്ല നിന്റെ അച്ഛൻ പഠിച്ചിരുന്ന കാലത്ത് തന്നെ ആളൊരു വേന്ദ്രനായിരുന്നു.

അമ്മയ്ക്കെങ്ങിനെ അറിയാം…? ആകാംക്ഷയോടേ അവൾ.

ചെറുപ്പത്തില് പുളളിക്കാരൻ വീട്ടിലെ തന്നെ തേങ്ങയും മറ്റും മോഷ്ടിച്ച് ചായക്കടയിൽ നിന്നും പലഹാരങ്ങളൊക്കെ വാങ്ങി തിന്നാറുള്ള കഥ നിന്റെ ചിറ്റമാര് തന്നെയാ പറയാറുള്ളത്.

ന്നാലെന്താ എന്റച്ഛൻ പഴയ പത്താം ക്ലാസ്സ് പാസ്സാണ്.അമ്മയെപ്പോലെ എട്ടാം ക്ലാസ്സും ഗുസ്തിയുമല്ലല്ലോ…!

പണ്ഡിത ശിരോമണിയുടെ കൈയ്യിലിരുപ്പ് ഇതൊക്കെയാ.അമ്മ കെറുവിച്ചു.

ന്നാപ്പിന്നെന്തിനാ അമ്മ എന്തിനാ അച്ഛനെ കെട്ടാൻ പോയത്…?

എന്റെ തലവിധി അല്ലാതെന്ത് പറയാൻ.വിധിയെ തോല്പിക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ലല്ലോ….!

ഇനി അച്ഛനെങ്ങാനും പണയം വെച്ച് കാണുമോ.ഉള്ളിൽ ഒരു സംശയം പതുക്കെ തല പൊക്കി തുടങ്ങി. അച്ഛനോടെങ്ങനെയാ ചോദിക്കുന്നത്.

പതിയെ പോയി അച്ഛൻ കിടക്കുന്ന മുറിയിൽ എത്തി നോക്കി, ആരുമില്ല. അലമാരി തട്ടിലൊക്കെ പരതി നോക്കി, പഴയ കുറച്ച് ബീഡികളും ഒഴിഞ്ഞ തീപ്പെട്ടി കൂടുകളുമല്ലാതെ മറ്റൊന്നും കിട്ടിയില്ല.

തിരികെ നടക്കാൻ തുടങ്ങിയപ്പോൾ കിട്ടിയോന്ന് ചോദിച്ചോണ്ട് അമ്മയും മുറിയിലേക്ക് വന്നു.

ബെഡ്ഡിന്റെ അടിയിൽ കൂടി നോക്കിയേക്കാം. കിടക്ക വിരി മാറ്റിയപ്പോൾ ഒരു ചെറിയ കടലാസ് പൊതി തെറിച്ച് താഴേക്ക് അമ്മയുടെ അടുത്തേക്ക് വീണു.

പൊതി അഴിച്ചതും അമ്മയുടെ മുഖത്തുള്ള ഭാവം മാറിയപ്പോഴേ തോന്നി അതിനുള്ളിൽ കമ്മലായിരിക്കുമെന്ന്.

അമ്മയുടെ കൈയ്യിൽ നിന്ന് അത് വാങ്ങി ബോധ്യപ്പെടുത്തി. വേലി തന്നെ വിളവ് തിന്നുന്നോ…? ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ….!

അമ്മേം കൂട്ടി നേരേ അച്ഛന്റെടുത്തേക്ക് ചെന്നു.

ഉമ്മറപ്പടിയിൽ ഒന്നും അറിയാത്തത് പോലെ ചാരി കിടന്ന് പേപ്പർ വായിക്കുകയായിരുന്നു ആ മാന്യനപ്പോൾ.

അച്ഛാ…. ഇതെവിടുന്ന് കിട്ടി….?

കമ്മല് കണ്ടപ്പോഴേ അച്ഛനൊന്ന് പമ്മി…

അതിന്നലെ…. രാവിലെ മുറ്റത്ത് കിടന്നതാടീ….

മുറ്റത്തോ….?അമ്മയുടെ മുഖത്ത് ഫീലിംഗ്സ് പുച്ഛം.

അതേടീ… പടിയിൽ നിന്ന് കാലെടുത്ത് മുറ്റത്തേക്ക് വെച്ചപ്പോഴേക്കും എന്തോ തറഞ്ഞത് പോലെ തോന്നി. ഞാൻ വിചാരിച്ചത് വല്ല ആണിയുമായിരിക്കുമെന്നാ.

അതെങ്ങനാ മനുഷ്യാ രണ്ട് കമ്മലും ഒരുമിച്ച് നിങ്ങടെ കാലിൽ തറച്ച് കേറുന്നത്…? അമ്മയുടെ ചോദ്യത്തിൽ അച്ഛനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.

യെങ്ങനായാലെന്താ സാധനം കിട്ടിയില്ലേ, കുഴിമന്തി തിന്നാപ്പോരേ കുഴി എണ്ണണോ….?അല്ലേലും പെട്ട് പോകുന്ന സന്ദർഭങ്ങളിൽ ഇതുപോലത്തെ എന്തെങ്കിലും വളിപ്പടിച്ച് മുങ്ങലാണ് അങ്ങേരുടെ പതിവ്.

അച്ഛാനാണ് പോലും അച്ഛൻ….!
കമ്മലിന്റെ ആണി വെച്ച് ഒരു ജോഡി കമ്മല് ഒരുമിച്ച് കയറ്റിയ ആ കാലിലിട്ട് ഒരു കുത്ത് വെച്ച് കൊടുക്കാനാണ് തോന്നിയത്.വേണ്ട, എന്റെ പാവം അച്ചായിയല്ലേ…..പാവം…

രചന: ഷെർബിൻ ആന്റണി

Leave a Reply

Your email address will not be published. Required fields are marked *