കെട്ടിയോളാണെന്റെ മാലാഖ…

രചന: Vipin PG

തീയേറ്ററിൽ എസിയുടെ തണുപ്പിൽ പ്രിയ ജീവനോട് ചേർന്നിരുന്നു. അവർ തമ്മിൽ പ്രണയത്തിലായ ശേഷം ആദ്യമായാണ് ഒരുമിച്ച് ഒരു സിനിമ കാണാൻ വേണ്ടി പോകുന്നത്. തിയേറ്ററിലെ സിസിടിവി ക്യാമറ യെ വകവയ്ക്കാതെ ജീവന്റെ കവിളിൽ ആദ്യചുംബനം കൊടുത്തുകൊണ്ട് പ്രിയ ജീവനോട് ചോദിച്ചു

” എന്നെ ചതിക്കുമോ ”

” ഇന്ന് ഈ നിമിഷം വരെ എന്റെ പെരുമാറ്റത്തിൽ എപ്പോഴെങ്കിലും ഞാൻ നിന്നെ ചതിക്കുമെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ ”

” ഇല്ല പക്ഷേ ചോദിക്കാതെ പറ്റില്ല. ഈ കാലഘട്ടം വളരെ മോശമാണ്. ഈ റിലേഷൻഷിപ്പ് വീട്ടിൽ ഒരിക്കലും അംഗീകരിക്കില്ല. ഒളിച്ചോട്ടമല്ലാതെ നമ്മുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല. എല്ലാം തീരുമാനിച്ചുറപ്പിച്ചു ഞാൻ വരുമ്പോൾ നീ നോ പറയുമോ ”

” നിന്നെ പരിചയപ്പെട്ട അന്നുമുതൽ ഞാൻ കണ്ടത് നമ്മൾ ഒരുമിചുള്ള ഒരു ജീവിതമാണ്
അതാരും അംഗീകരിക്കുന്നില്ലെങ്കിൽ അത് അംഗീകരിക്കാത്ത ആരെയും നമുക്കും വേണ്ട. നമ്മൾ ഒരുമിച്ചു ജീവിക്കും ”

പ്രിയ ജീവന്റെ കവിളിൽ ഒരു ചുംബനം കൂടി നൽകി. സിനിമ പാതി തീർന്നത് ഇരുവരും അറിഞ്ഞില്ല. അവർക്ക് പറയാനുള്ളതെല്ലാം അവർ പറഞ്ഞു തീർക്കുകയായിരുന്നു.
തിയേറ്ററിനുള്ളിൽ അവർ ചില കമിതാക്കളെ
വളരെ മോശമായ രീതിയിൽ കണ്ടു. ചിലർ പഠിക്കുന്ന കുട്ടികൾ. ചിലർ കെട്ടുപ്രായം തികഞ്ഞ കുട്ടികൾ

” ഛേ ,,,,, ഇവരുടെയെല്ലാം കാഴ്ചപ്പാടിൽ പ്രണയം എന്നാൽ കാമം മാത്രമാണ് ”

മറ്റൊരാളുടെ സ്വകാര്യതയിൽ ഇടപെടാറില്ല എന്നതുകൊണ്ടുമാത്രം പ്രിയ എല്ലാത്തിനും നേരെ കണ്ണടച്ചു

പ്രിയ ജീവന്റെ നെഞ്ചോട് ഒട്ടിക്കിടന്നു.
സിനിമ തീർന്നിട്ടും രണ്ടുപേർക്കും അവിടെനിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല.
ജീവൻ പ്രിയയുടെ നെറ്റിയിൽ ചുംബിച്ചു. ആദ്യ ചുംബനം

തീയേറ്ററിൽ നിന്ന് എല്ലാവരും ഒഴിഞ്ഞശേഷം അവസാനമാണ് അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയത്

ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ
അവർ കണ്ട കാഴ്ച ഇരുവരെയും ഞെട്ടിച്ചു

പ്രിയയുടെ ഹസ്ബൻഡ് ടോണിയും ജീവന്റെ ഭാര്യ ജെസ്സിയും.

ആകാശം ഇടിഞ്ഞ് തലയിൽ വീണാൽ മതിയായിരുന്നു എന്ന് ജീവനും ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയായിരുന്നു എന്ന അവസ്ഥയിൽ പ്രിയയും.

രണ്ടുപേരും നാറി നാണംകെട്ടു,,, രണ്ടാളുടെയും ക്രയ വിക്രയങ്ങൾ സി സി ടി വിയിൽ നന്നായി പതിഞ്ഞത് കൊണ്ട് തെളിവിനു പഞ്ഞമില്ല.

പ്രിയയെ ടോണി തീയേറ്ററിനു മുന്നിലൂടെ വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടുപോയി

വീട്ടിൽ തിരിച്ചെത്തിയ ജീവനെ ജീവന്റെ വീട്ടുകാരും ജെസ്സിയുടെ വീട്ടുകാരും മാറിമാറി തെറി വിളിക്കുകയായിരുന്നു

ഒന്നും മിണ്ടാൻ പറ്റാതെ എല്ലാവരുടെയും ഇടയിൽ ഇരിക്കുന്ന ജീവന്റെ അടുത്തുവന്ന് ജീവന്റെ അളിയൻ ഇങ്ങനെ ചോദിച്ചു

” എന്റെ പൊന്നളിയോ,,, ഉടായിപ്പിന് പോകുമ്പോൾ ആരുമറിയാതെ വേണ്ടേ പോകാൻ,,, ആട്ടെ ഏതാ നിങ്ങളൾ കണ്ട സിനിമ ”

ചെറിയൊരു വ്യസനത്തോടെ കൂടി ജീവൻ പറഞ്ഞു

” കെട്ടിയോളാണ് എന്റെ മാലാഖ ”

രചന: Vipin PG

Leave a Reply

Your email address will not be published. Required fields are marked *