കൈ പിടിച്ചു കൂടെ കൂട്ടുന്നവൻ ഒരിയ്ക്കലും പെങ്ങളുടെ കണ്ണു നിറയ്ക്കരുതെന്നുള്ള പ്രാർത്ഥന…

രചന: ഷെഫി സുബൈർ

ചിത്രം: അനീഷ് തൃത്തല്ലൂർ

തലേന്നു മീൻകറി വെച്ച മൺചട്ടിയിൽ ചോറുണ്ണുന്ന ഏട്ടനെ അനിയത്തി എപ്പോഴും കളിയാക്കുമായിരുന്നു. ആണുങ്ങള് അടുക്കളയിൽ വന്നിരുന്നു ചട്ടിയിൽ ചോറുണ്ണാൻ നാണമില്ലേന്ന്. അപ്പോഴും ഏട്ടൻ ചിരിയ്ക്കും.

കിണറിന്റെ അരികിലുള്ള മുരിങ്ങ മരത്തിൽ നിന്നു മുരിങ്ങ കായ മുളംതോട്ടി വെച്ചു കുത്തിയിട്ടു ഉണക്ക കൊഞ്ചും ചേർത്തു കറിവെയ്ക്കുമ്പോൾ അമ്മ പറയും, നിനക്കു എന്നും ഈ പൊതിച്ചോറു തിന്നാൽ മടുക്കില്ലെ മോനെയെന്ന്. ഒരു നേരമെങ്കിലും പുറത്തു നിന്നു വാങ്ങി കഴിച്ചൂടെയെന്ന്. ഒരു കോഴിയുള്ളതു രണ്ടു ദിവസമായി മുട്ടയിടുന്നില്ല. അടയിരിയ്ക്കുകയാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഇതിന്റെ കൂടെ ഒരു മുട്ട കൂടി പൊരിച്ചു വെയ്ക്കാമായിരുന്നു. അപ്പോഴും ഒരു ചിരിയോടെ ഏട്ടൻ പറയുമായിരുന്നു, ഹോട്ടലിൽ നിന്നു കഴിയ്ക്കുന്ന കാശുണ്ടെങ്കിൽ ഇവൾക്കൊരു ഗ്രാമിന്റെ മോതിരം വാങ്ങി കൊടുക്കാമെന്ന്.

രാവിലത്തെ തണുപ്പിൽ സ്റ്റാർട്ടാവാൻ മടി പിടിച്ചിരിയ്ക്കുന്ന പഴയ ഹീറോ ഹോണ്ട ബൈക്കിന്റെ ക്വിക്കറിൽ മൂന്നാലു തവണ അടിയ്ക്കുമ്പോൾ, വല്ലപ്പോഴും പെട്രോൾ പമ്പിന്റെ
അരികിലൂടെ പോകണമെന്നു പറഞ്ഞു ചിരിയോടെ അനിയത്തി ഒരു കൈയിൽ വർക്ക്ഷോപ്പിലെ കരിപുരണ്ട ഷർട്ടും, മുണ്ടും മറു കൈയിൽ ചോറുപൊതിയുമായി വരുമ്പോൾ പറയുമായിരുന്നു.

ഈ പഴഞ്ചൻ ബൈക്ക് മാറ്റിയിട്ടു ലോണെടുത്തു നിനക്കൊരു പുതിയ ബൈക്ക് വാങ്ങിക്കൂടേയെന്ന് അച്ഛൻ പറയുമ്പോൾ, ആ കാശു കൊടുത്തു അടുത്ത മഴക്കാലത്തിനു മുമ്പ് വീടിന്റെ മേൽക്കൂര പണിഞ്ഞു പൊട്ടിയ ഓടുകൾ മാറ്റിയിടാമെന്നു ഏട്ടൻ പറയും.

ആഴ്ചയിലെ അവസാന ദിവസം ജോലിയ്ക്കു പോകുന്നതിനു മുമ്പു അടുക്കളയിലെ
അരിക്കലം മുതൽ കടുകുപാത്രം വരെ നോക്കിയിട്ടായിരിയ്ക്കും ഏട്ടൻ ജോലിയ്ക്കു പോകുന്നത്. വൈകുംന്നേരം തിരികെ വരുമ്പോൾ രണ്ടു കൈയിലും പലചരക്കു സാധങ്ങളും, പച്ചക്കറികളും നിറഞ്ഞ സഞ്ചികൾ കാണാമായിരുന്നു. അമ്മയുടെ കൈയിലേക്ക് സാധങ്ങൾ കൊടുക്കുമ്പോൾ, ഇതവൾക്കു കൊടുത്തേക്ക്. അവൾക്കെന്തെങ്കിലും വാങ്ങാൻ കാണുമെന്നു പറഞ്ഞു കുറച്ചു പണവും ഏൽപ്പിയ്ക്കുമായിരുന്നു.

ബാങ്കു ബാലൻസില്ലാത്ത ഏട്ടന്റെ മേശ വലിപ്പിൽ ആഴ്ച ചിട്ടികളുടെയും, മാസ ചിട്ടികളുടെയും കണക്കെഴുതുന്ന ചെറിയ ബുക്കുകൾ മാത്രമായിരുന്നുള്ളത്.

ഒരിയ്ക്കൽ അമ്മയോട് ഏട്ടൻ പറയുന്നതു കേൾക്കാമായിരുന്നു, ചിട്ടിയെല്ലാം പിടിച്ചിട്ടു വേണം അടുത്ത ഓണത്തിനു മുൻപെങ്കിലും ഇവളെ ഒരാളുടെ കൈയിൽ പിടിച്ചേൽപ്പിയ്ക്കണമെന്ന്.

ആണൊരുത്തൻ അളിയനായി വരുന്നത് ഏട്ടന്റെ സ്വപ്നമായിരുന്നു. കൂലി പണിയാണെങ്കിലും വേണ്ടില്ല, ന്റെ മോളെ മനസ്സറിഞ്ഞു സ്നേഹിയ്ക്കുന്നൊരാള് മതിയെന്നു
മാത്രമായിരുന്നു ഏട്ടന്റെ ആഗ്രഹം.

അല്ലെങ്കിലും മറ്റൊരാളുടെ പണവും, പ്രതാപവുമൊന്നും ഏട്ടൻ ആഗ്രഹിച്ചിരുന്നില്ല. കൈ പിടിച്ചു കൂടെ കൂട്ടുന്നവൻ ഒരിയ്ക്കലും പെങ്ങളുടെ കണ്ണു നിറയ്ക്കരുതെന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു…. !

രചന: ഷെഫി സുബൈർ

ചിത്രം: അനീഷ് തൃത്തല്ലൂർ

Leave a Reply

Your email address will not be published. Required fields are marked *