ജാനകി, അവസാന ഭാഗം

രചന: ജിഷ്ണു രമേശൻ

ജാനകി, ആദ്യഭാഗം…

ജാനകിയുടെ എഴുത്തിന്റെ ഉള്ളടക്കം എന്റെ ഹൃദയമിടിപ്പ് വർധിപ്പിച്ചു..

” മാഷേ, നമ്മുടെ അവസാന കൂടിക്കാഴ്ചയിൽ നമുക്ക് പറ്റിയൊരു തെറ്റിലെ ശരിയുടെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ കാണിച്ചു തുടങ്ങിയിരിക്കുന്നു.. അച്ഛൻ ഇവിടെ ഉള്ളപ്പോഴായിരുന്നു ഞാൻ തല ചുറ്റി വീണത്.. ആശുപത്രിയിൽ വെച്ച് എന്റെ വയറ്റിലൊരു ജീവൻ തുടിക്കുന്ന കാര്യം അവര് അച്ഛനോടാണ് പറഞ്ഞത്..അതിനു ശേഷം മാഷെനിക്ക്‌ അയച്ച എഴുത്തിലെ വാചകങ്ങൾ ഉൾക്കൊള്ളുവാൻ മാത്രമേ സാധിച്ചുള്ളൂ.. മറുപടി എഴുതുവാൻ സാധിച്ചില്ല, എന്നെയും കൂട്ടി പൂണെയ്ക്ക്‌ പോവുകയാണെന്ന് അച്ഛൻ ഇവിടെ പറയുന്നത് കേട്ടു.. ഇതു വരെ അച്ഛൻ എന്നെയൊന്നു വഴക്ക് പറയുക പോലും ചെയ്തില്ല.. ഈ സാഹചര്യത്തിൽ അച്ഛനെ അനുസരിക്കുക മാത്രമേ വഴിയുള്ളൂ… എനിക്കൊരു വിശ്വാസമുണ്ട്, എവിടെയാണെങ്കിലും മാഷെന്നെ തേടി വരുമെന്നുള്ള വിശ്വാസം.. നമ്മുടെ കുഞ്ഞിനെ എന്ത് വില കൊടുത്തും ഞാൻ ജന്മം നൽകും..”

ജാനകിയുടെ വാക്കുകൾ ഒന്നുകൂടി വായിക്കാൻ കഴിയാത്തത് കൊണ്ട് എഴുത്ത് ഉള്ളം കയ്യിൽ ചുരുട്ടി പിടിച്ചിരുന്നു…

ജാനകിയുടെ കൂട്ടുകാരി അരുന്ധതി അല്ലാതെ ഇവിടെ മറ്റാരുമില്ല അവളെ കുറിച്ച് ചോദിക്കാൻ.. മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകാതെ ജീവിതം പാതി വഴിയിൽ നിന്നത് പോലെ തോന്നിച്ചു..

ഇന്നത്തെ രാത്രി ദൈർഘ്യം കൂടുതലുള്ളത് പോലെ…!!എന്റെ ജാനകി ഇന്ന് ഒറ്റയ്ക്കല്ല അവളിൽ ഒരു ജീവനും കൂടി ഉണ്ട്.. എന്നെ ഓർക്കുന്നുണ്ടാവുമോ..!

പിറ്റേന്ന് ക്ലാസ്സിൽ കുട്ടികളോട് അനാവശ്യ ദേഷ്യം കാണിച്ചു.. പൊട്ടിക്കരയാൻ തോന്നുന്നു..! അധ്യാപനത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു.. അന്ന് വൈകീട്ട് ജാനകിയുടെ മുറിയിലേക്ക് ചെന്നു… അവള് കൂടെയുണ്ടെന്നുള്ള തോന്നലിന് പങ്ക്‌ വഹിച്ചത് അവളുടെ ചിത്രങ്ങളും എഴുത്തുകളുമാണ്..അതെല്ലാം ഒരു ചെറിയ ബാഗിലാക്കി എടുത്തു..പിറ്റേന്ന് പൂണെയ്ക്ക്‌ തിരിക്കാൻ തന്നെ തീരുമാനിച്ചു…

രാവിലെ അരുന്ധതിയുടെ പക്കൽ നിന്നും ജാനകിയുടെ അച്ഛന്റെ പൂനെയിലെ അഡ്രസ്സ് വാങ്ങിച്ചു..ഒരു മാസമായി ജാനകി പോയിട്ട്, ഇനി എന്റെ കുഞ്ഞിനെ അവളുടെ അച്ഛൻ നശിപ്പിക്കുമോ..! ആധിയോടെയുള്ള ചിന്തകൾ മനസ്സിൽ തെളിഞ്ഞു വന്നു..

ട്രെയിനിലും ബസ്സിലും ആയി ഏഴു ദിവസങ്ങൾ കൊണ്ട് പൂണെയിലെത്തി.. അവിടെ തിരക്കുള്ള ചെറു പട്ടണങ്ങളിൽ കാണുന്ന മുഖമെല്ലാം ജാനകി ആണെന്നുള്ള തോന്നലുകൾ ആകാംഷ നിറഞ്ഞതായിരുന്നു.. “അവളെ കണ്ടെത്തിയാൽ എങ്ങനെയെങ്കിലും കൂട്ടികൊണ്ട് വരണം.. ഇനി അവളാണ് എനിക്കെല്ലാം, അച്ഛനും അമ്മയ്ക്കും ഒരു മരുമകളെ സമ്മാനിക്കണം.. ”
തേടലുകൾക്കിടയിൽ ഭാവി ചിന്തകൾ കവിത പോലെ മനസ്സിൽ തുളുമ്പി നിന്നിരുന്നു…

രണ്ടു പകലുകളുടെ ദൈർഘ്യം നിറഞ്ഞ തിരച്ചിലിനൊടുവിൽ കയ്യിലുള്ള അഡ്രസ്സിൽ എത്തിപ്പെട്ടു..
പക്ഷെ പ്രതീക്ഷകൾ കെടുത്തുന്ന മറുപടിയാണ് അവിടുന്ന് അറിയാൻ കഴിഞ്ഞത്…ജാനകിയുടെ അച്ഛൻ നടത്തി വന്നിരുന്ന തുണി മില്ലിന്റെ ബിസിനസ്സ് അവസാനിപ്പിച്ചു.. അതിനു ശേഷം ഒരു മാസത്തിനു മുമ്പ് മകളെ കൊണ്ടു വരാൻ പോയിരുന്നു.. തിരിക വന്ന അവര് കഴിഞ്ഞ ആഴ്ച ഇവിടുന്ന് പോയി… എവിടേക്കാണ് എന്നൊന്നും ആരോടും പറഞ്ഞില്ല..

അവളുടെ അച്ഛന്റെ ഇവിടുത്തെ സഹായി ആയിരുന്ന ഒരു തമിഴ് നാട്ടുകാരൻ പറഞ്ഞതനുസരിച്ച് ജാനകിയേയും കൂട്ടിക്കൊണ്ട് വന്നതിനു ശേഷം ചെറിയ രീതിയിൽ അവര് തമ്മിൽ വഴക്ക് നടന്നിരുന്നു എന്നാണ്.. അതിന്റെ കാരണം എനിക്ക് വ്യക്തമായിരുന്നു…

പിന്നീട് അവിടെ പലരോടും അന്വേഷിച്ചിട്ടും ജാനകിയും അച്ഛനും എവിടേക്കാണ് പോയതെന്ന് അറിയാൻ കഴിഞ്ഞില്ല…ഇവിടെ എനിക്ക് താമസിക്കാൻ ആ തമിഴൻ അവര് താമസിച്ചിരുന്ന ചെറിയ വീട് തുറന്നു തന്നിരുന്നു.. അവളുടെ കണ്ണുനീർ വീണിടമായിരിക്കും ഇത്..! വിങ്ങിപ്പൊട്ടി കരഞ്ഞിട്ടുണ്ടാവും ജാനകി ഇവിടെ ഈ മൂടികെട്ടിയ വീടിന്റെ അന്തരീക്ഷത്തിൽ…!

പിന്നെയും കുറെ അലഞ്ഞു, കയ്യിൽ മിച്ചമുള്ള കുറച്ച് കാശ് വീട്ടിലേക്ക് അയച്ചു.. എന്നെ പ്രതീക്ഷിച്ച് അവിടെ എന്റെ അച്ഛനും അമ്മയും ഉള്ളത് മറക്കാൻ പാടില്ല…അച്ഛനും അമ്മയ്‌ക്കും വിശേഷം അറിയിച്ചു കൊണ്ടുള്ള എഴുത്തിൽ വാക്കുകൾ പിശുക്കിയാണ് എഴുതിയത്..

അഞ്ചു മാസങ്ങളോളം ജാനകിയെയും അന്വേഷിച്ച് നടന്നു..” ഇരു ജീവനാണ് അവളിന്ന്, എന്നിലെ പാതി ജീവൻ ജാനകിയുടെ ഉടലിലുണ്ട്..”

അവളെ തേടി അലയുമ്പോഴും മനസ്സിൽ ഉള്ളൊരു ഏക പ്രതീക്ഷ ഒരിക്കലെങ്കിലും അവളെയും കൊണ്ട് ബനാറസിൽ ജാനകിയുടെ അച്ഛൻ വരാതിരിക്കില്ല..ഇതിനിടയിൽ പല സ്ഥലങ്ങളിലും പല ജോലികളും ചെയ്താണ് അന്നന്നേക്കുള്ള അന്നവും വീട്ടിലേക്ക് അയക്കാനുള്ള കാശ് സ്വരുകൂട്ടിയതും.. അഞ്ചു മാസങ്ങൾക്ക് ശേഷം ഞാൻ ബനാറസിലേക്ക്‌ തിരിച്ചു..

അവിടെ കുട്ടികളെ പഠിപ്പിക്കാൻ പുതിയ അധ്യാപകൻ വന്നിരുന്നു..എന്നിരുന്നാലും എന്നോടുള്ള പരിചയം കൊണ്ട് അവിടെ തുടരുവാൻ അവര് സമ്മതിച്ചു.. എന്റെ മുറിയ്ക്ക് പുറത്തുള്ള എഴുത്ത് പെട്ടിയിൽ കുറച്ച് കത്തുകൾ ഉണ്ടായിരുന്നു.. വീട്ടിൽ നിന്നുള്ള എഴുത്താണ്.. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ ഞാൻ ഇവിടെയുണ്ട് എന്ന കരുതലിൽ അച്ഛനും അമ്മയും എനിക്കയച്ച എഴുത്തുകളാണ്.. അതോ ഒരിക്കലും ഇതിനുള്ള മറുപടി ആയിരുന്നില്ല ഞാൻ തിരിച്ച് അവർക്ക് എഴുതിയിരുന്നത്…

എഴുത്ത് പെട്ടിയിലെ കടലാസ് കെട്ടുകൾക്കിടയിൽ ഞാൻ ജാനകിയുടെ അക്ഷരങ്ങൾക്ക് വേണ്ടി പരതി..ഒരു തരം ഇടിപ്പായിരുന്നു നെഞ്ചിന്.. അവളുടെ എഴുത്തിന് വേണ്ടിയുള്ള തിരച്ചിൽ അനാഥമായിരുന്നു…

പിന്നീട് ഒമ്പത് മാസക്കാലം ഇവിടെ തന്നെയായിരുന്നു.. അവൾ എന്നെങ്കിലും ഇവിടെ വരും എന്നുള്ള പ്രതീക്ഷ സമ്മാനിച്ചത് നിരാശ മാത്രം..അതിനിടയിൽ വീട്ടിൽ പോയത് രണ്ടു പ്രാവശ്യം മാത്രം..വെറും ഒരാഴ്ച മാത്രമുള്ള അവധി ദിവസങ്ങൾ..ചിലപ്പോ ജാനകി ഇവിടെ വന്നിട്ട് എന്നെ കാണാതെ തിരിച്ചു പോയാൽ…!

എന്റെ കുഞ്ഞിന് ജാനകി ജന്മം നൽകിയിട്ടുണ്ടാകും..! ജാനകി കുഞ്ഞിനോട് അച്ഛനെ കുറിച്ച് സംസാരിക്കുന്നുണ്ടാകും..! ഇത്തരം തോന്നലുകൾ എന്നെയെന്നും കരയിച്ചിട്ടെ ഉള്ളൂ..

ഇന്നലെ അമ്മയുടെ എഴുത്ത് ഉണ്ടായിരുന്നു, “നീ വരാൻ കഴിയുമെങ്കിൽ വരണം, അച്ഛന് പഴയത് പോലെ ആരോഗ്യമൊന്നുമില്ല രണ്ടു പ്രാവശ്യം തല കറങ്ങി വീണു..ഇവിടെ ഞാൻ ഒറ്റയ്ക്കാണ്..”

പോവാതിരിക്കാൻ കഴിയില്ലല്ലോ…! ജാനകിയുടെ ഉറ്റ സുഹൃത്തായിരുന്ന അരുന്ധതിക്ക്‌ എന്റെ നാട്ടിലെ അഡ്രസ്സ് കൊടുത്തിട്ട് പറഞ്ഞു,
“എന്ത് അത്യാവശ്യം ഉണ്ടെങ്കിലും എനിക്ക് എഴുതണം..പിന്നെ ജാനകി…!”

ഞാൻ പറഞ്ഞു മുഴുവിപ്പിച്ചില്ല.. അരുന്ധതിക്ക്‌ മനസ്സിലായിരുന്നു ഞാൻ പറഞ്ഞതിന്റെ പൊരുൾ.. നാട്ടിലേക്ക് തിരിച്ചു ഞാൻ…

അച്ചനുള്ള ചികിത്സയും മരുന്നും കാര്യങ്ങളുമായി നടക്കുമ്പോഴും വെറുതെയാണെങ്കിലും അവളെന്നെ തേടി വരും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു…

ജീവിതത്തിൽ ഒരിക്കൽ നഷ്ടം എന്താണെന്ന് മനസ്സിലാക്കിയ എനിക്ക് വീണ്ടും അച്ഛനിലൂടെ ആ വേദന പിന്നെയും വിധി സമ്മാനിച്ചു.. അച്ഛൻ മരിച്ചു, അന്നാദ്യമായി അമ്മ പൊട്ടിക്കരയുന്നത് ഞാൻ കണ്ടു..അമ്മയുടെ പാതി ജീവനാണ് പോയത്…

ജീവിതമെന്നത് നഷ്ടങ്ങൾ മാത്രമായി, എല്ലാം അച്ഛനോടും അമ്മയോടും തുറന്നു പറയണം എന്ന തീരുമാനം വൈകി..അച്ഛൻ…!

അമ്മയുടെ മനസ്സൊന്നു തണുക്കാൻ ഞാൻ കാത്തിരുന്നു..അമ്മയോടായി എല്ലാം പറഞ്ഞു.. കുറച്ച് നേരത്തെ മൗനത്തിനു ശേഷം അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.. അഞ്ചു മാസങ്ങൾക്ക് ശേഷം ഒരിക്കൽ അമ്മ പറഞ്ഞു,

“മോനേ ഹരി, നീ തിരിച്ചു പോകണം..എനിക്ക് കൂട്ടിനായി സുഭദ്ര കുഞ്ഞമ്മയെ ഇവിടെ കൊണ്ടു നിർത്താം.. നിങ്ങളുടെ സ്നേഹം അത്രയും ആഴത്തിൽ ഉള്ളത് കൊണ്ടാണല്ലോ നീ ഇത്രയും അനുഭവിച്ചത് അവൾക്ക് വേണ്ടി.. ഇന്നിപ്പോ ജാനകി ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടെങ്കിൽ നീയൊരു അച്ഛനാണ്.. മനസ്സുകൊണ്ട് നീയൊരു ഭർത്താവാണ് ഹരി..പോയി അവളെയും കൂട്ടി വാടാ..”

തിരികെ ബനാറസിലേക്ക്‌ പോകാനായി തയ്യാറാകുമ്പോഴാണ് ഒരെഴുത്ത് പോസ്റ്റ്മാൻ കൊണ്ടു തരുന്നത്… അരുന്ധതിയുടെ എഴുത്താണ്, വെറും രണ്ടു വരികളിൽ ഒതുങ്ങിയ എഴുത്തു രൂപം..

“ഹരി മാഷേ തിരിച്ചു വരണം എന്നൊരു ആഗ്രഹം ഉണ്ടെങ്കിൽ നന്ന്..ഇല്ലെങ്കിൽ ഇവിടെ ഈ അനാഥാലയത്തിലെ കുട്ടികളുടെ കൂടെ ഒരു കുഞ്ഞ് അനാഥനായി വളരും..”

ആ വാക്കുകളിലെ അർഥം ഈ ലോകത്ത് എന്നെക്കാൾ നന്നായി മനസ്സിലാക്കുവാൻ ആർക്കും കഴിയില്ല.. മൂന്ന് ദിവസത്തിന് ശേഷം തിരിക്കുവാനുള്ള എന്റെ തീരുമാനം മാറ്റി അന്ന് തന്നെ ബനാറസിലേക്ക്‌ തിരിച്ചു..

അവിടെ എത്തുന്നത് വരെയുള്ള സമയം ഇഴഞ്ഞ് നീങ്ങുന്ന പ്രതീതി ആയിരുന്നു.. അവിടെയെത്തിയ ഞാൻ നേരെ അനാഥാലയത്തിലേക്ക് തന്നെയാണ് പോയത്.. അരുന്ധതിയും അവിടുത്തെ സാറും അവിടെ ഉണ്ടായിരുന്നു.. എനിക്ക് എന്തെങ്കിലും ചോദിക്കാൻ കഴിയുന്നില്ല നാവ് കുഴയുന്നത് പോലെ..!

അപ്പോഴേക്കും അരുന്ധതി അകത്തേക്ക് ചെന്നു ഒരു കുഞ്ഞിനെ എടുത്തു കൊണ്ട് വന്നു.. ആ കുഞ്ഞിനെ എനിക്ക് നേരെ തന്നിട്ട് പറഞ്ഞു,

“ഹരി മാഷേ, ഇത് ജാനകി ജന്മം നൽകിയ കുഞ്ഞാണ്, മാഷിന്റെ ചോരയിൽ ജനിച്ച മോൻ..”

കരഞ്ഞു കൊണ്ട് ഞാനെന്റെ കുഞ്ഞിനെ വാങ്ങി, എന്റെ മാറോട് ചേർത്ത് കരയാനെ എനിക്ക് കഴിഞ്ഞുള്ളൂ…ജാനകിയുടെ ചൂടാണ് എന്റെ മോനും..ഞാൻ പിന്നെ തിരഞ്ഞത് ജാനകിയെ ആയിരുന്നു..

“മാഷേ, കുഞ്ഞിനെ രണ്ടാഴ്ച മുമ്പാണ് ഇവിടെ കൊണ്ടു വന്നത്, അന്ന് തന്നെ ഞാൻ മാഷിന് വിവരം പറഞ്ഞ് എഴുത്തയച്ചതാണ്.. ജാനകിയുടെ അച്ഛനാണ് കുഞ്ഞിനെ കൊണ്ടു വന്നത്..അദ്ദേഹം പിറ്റേന്ന് പുലർച്ചെ തന്നെ തിരികെ പോവുകയും ചെയ്തു…
ജാനകിയെ പറ്റി ഞാൻ ചോദിച്ചതിനുള്ള മറുപടി മുഖം കനത്തൊരു ചിരി മാത്രമായിരുന്നു.. അന്ന് തന്നെ ഇവിടുത്തെ സാറിനോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു.. അവളുടെ അച്ഛൻ തിരികെ പോകാൻ നേരം ഒന്നേ പറഞ്ഞുള്ളൂ,
” ഈ കുഞ്ഞ് അധികകാലം അനാഥനായി കഴിയേണ്ടി വരില്ല, ഒരിക്കൽ ഒരാൾ ഈ കുഞ്ഞിന്റെ അവകാശം പറഞ്ഞ് വരുമെന്ന്..”

അവളുടെ അച്ഛന് വ്യക്തമായി അറിയാം മാഷ് അവളെയും കുഞ്ഞിനെയും തേടി വരുമെന്ന്…പക്ഷേ ഇപ്പോഴും എനിക്ക് അറിയാത്തൊരു കാര്യമുണ്ട്, ജാനകി എവിടെ..! അവളെ എന്തിനാ അദ്ദേഹം മറച്ചു പിടിക്കുന്നത്.. ചിലപ്പോ അച്ഛനെന്ന സ്വാർത്ഥത കാണിക്കുന്നതാകാം…

ആരോടും ഒന്നും പറയാതെ എന്റെ കുഞ്ഞിനെയും കൊണ്ട് ഞാനെന്റെ മുറിയിലേക്ക് നടന്നു…മുറിയിലെത്തി എന്റെ മകന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു,

” നിന്നെയും വയറ്റിലിട്ട്‌ നിന്റെ അമ്മ ഇവിടുന്ന് പോകാൻ നേരം ഇവിടെ എനിക്കായി ഉപേക്ഷിച്ച അക്ഷരങ്ങളിലൂടെ ഒന്നേ പറഞ്ഞുള്ളൂ, എന്ത് വില കൊടുത്തും ഹരി മാഷിന്റെ കുഞ്ഞിന് ജന്മം നൽകുമെന്ന്..”

ഒരാഴ്ചക്ക് ശേഷം ഞാൻ അവിടുത്തെ സാറിനെ കണ്ട് കാര്യം വിവരിച്ചു… അദ്ദേഹം എനിക്ക് നേരെ നീട്ടിയ കടലാസുകളിൽ ഒപ്പിട്ട് നൽകിയതിന് ശേഷം ഞാൻ എന്റെ മകനെയും കൊണ്ട് അവിടുന്ന് ഇറങ്ങി..ജാനകി എവിടെയാണെന്ന് അറിയില്ല, ഇവിടെ ആരോടും അവളുടെ അച്ഛൻ എവിടേക്കാണ് പോകുന്നതെന്ന് പോലും പറയാൻ കൂട്ടാക്കിയില്ല… എന്തിനാണ് ഇങ്ങനെയൊരു ഒളിച്ചോട്ടം..എന്റെ മകനെ എനിക്ക് തന്നിട്ട് എന്തിനാണ് എന്റെ ജാനകിയെ…!

കുറെ കാലം കുഞ്ഞിനെയും കൊണ്ട് അലഞ്ഞു..അവസാനം ഭ്രാന്ത് പിടിച്ച മനസ്സുമായി നാട്ടിലേക്ക് തിരിച്ചു.. ഒരു കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് കയറി ചെന്ന എന്നെ അയൽക്കാരും മറ്റും വേറിട്ട കണ്ണുകളോടെ നോക്കി നിന്നപ്പോഴും ചിരിച്ച മുഖവുമായി എന്റെ മോനെ അമ്മ എന്നിൽ നിന്ന് എടുത്തൊരു നിമിഷം മതിയായിരുന്നു എനിക്ക്..പക്ഷേ അപ്പോഴും അമ്മയുടെ മുഖത്ത് പാതി സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

കുഞ്ഞിനെയും കൊണ്ട് പടിപ്പുര കടന്നു വരുമ്പോ അമ്മ എത്തി നോക്കിയത് എന്റെ വാക്കുകളിലൂടെ മാത്രം വർണ്ണിച്ചു കേട്ടിരുന്ന ജാനകിയെ ആയിരുന്നു…

അമ്മ മനപൂർവ്വമാണ് ജാനകിയെ കുറിച്ച് ചോദിക്കാതിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു..പിന്നീട് എന്റെ മകനായിരുന്നു അമ്മയുടെ എല്ലാം..അവന്റെ മുത്തശ്ശി അല്ലേ..!

ഞാനും പതിയെ എന്റെ പഴയ ജോലിയായ അധ്യാപനം തുടർന്നു..നാട്ടിലുള്ള പള്ളിക്കൂടത്തിൽ തന്നെ..അയൽക്കാരും ബന്ധുക്കളും പതുക്കെ പതുക്കെ എല്ലാം മറന്നു തുടങ്ങി..

രണ്ടു വർഷങ്ങൾക്കപ്പുറം ഒരിക്കൽ അമ്മ എന്നോട് ചോദിച്ചൊരു കാര്യമുണ്ട്, ” ഈ കുഞ്ഞ് അച്ഛന്റെ സാമീപ്യത്തിൽ മാത്രം വളർന്നാൽ പോര, അവനൊരു അമ്മയും വേണം..”

ജാനകി എവിടെയാണെന്നോ, ഈ ലോകത്ത് ഉണ്ടോ എന്ന് പോലും അറിയാതെ ഓരോ ദിവസവും നീറി നീറി കഴിയുന്ന ഞാൻ മറ്റൊരു വിവാഹം…!

ചിലപ്പോഴൊക്കെ ഞാനും എന്റെ മകനൊരു അമ്മയുടെ സ്ഥാനം ആഗ്രഹിച്ചിട്ടുണ്ട്..പക്ഷേ മനസ്സിൽ ആ സ്ഥാനം ജാനകിക്ക്‌ മാത്രമായിരുന്നു..

എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതിന് അമ്മയ്ക്ക് പരിധി ഉണ്ടായിരുന്നു.. പല ദിവസങ്ങളിലും രാവിലെ ഏണീക്കുമ്പോ ഉള്ളിലൊരു പ്രതീക്ഷ ഉണ്ടായിരുന്നു, ജാനകിയുടെ എഴുത്തോ മറ്റോ എന്നെ തേടി വന്നാലോ..!

മോന് അമ്മേ എന്ന് വിളിക്കാനുള്ള അവസരം ഞാനായിട്ട് ഇല്ലാതാക്കരുത്… പക്ഷേ എല്ലാം അറിഞ്ഞുകൊണ്ട് മറ്റൊരു പെൺകുട്ടി വിവാഹത്തിന് തയ്യാറാകുമോ എന്നത് സംശയമായിരുന്നു…

പക്ഷേ എന്റെ സമ്മതം അമ്മയെ അറിയിച്ചതോടെ അമ്മയുടെ അകന്നൊരു ബന്ധത്തിൽ നിന്നു തന്നെ എല്ലാം ഉൾക്കൊണ്ട് ഒരു പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..

എന്റെ കുഞ്ഞിന് വന്നു കയറിയ പെണ്ണ് ഒരു അന്യ സ്ത്രീ ആയിരുന്നില്ല അമ്മ തന്നെയായിരുന്നു.. സ്വന്തം രക്തത്തിൽ ജനിച്ച കുഞ്ഞാണെങ്കിൽ പോലും സ്നേഹിക്കണം എങ്കിൽ നല്ലൊരു മനസ്സ് വേണം..അതവൾക്ക്‌ ഉണ്ടായിരുന്നു..

എന്റെ മോന് അഞ്ച് വയസുള്ളപ്പോഴാണ് അവന് കൂട്ടായി ഒരു കുഞ്ഞനിയൻ ജനിക്കുന്നത്.. എന്റെ മനസ്സിലെ ഭയം ഇരട്ടിച്ചു.. എന്റെ ഭാര്യയായി ഈ വീട്ടിൽ കയറി വന്നവൾ എന്റെ രണ്ടു മക്കളെയും ഒരേ മനസ്സോടെ സ്നേഹിച്ചു…അതിൽപ്പരം സമാധാനവും സന്തോഷവും എനിക്ക് അന്യമായിരുന്നു..

പിന്നീട് പാതി വഴിയിൽ നിലച്ചു പോകുമോ എന്നറിയാതെ എന്റെ ജീവിതം തുടർന്നു.. “ജാനകി” അവൾ എവിടെയാണെങ്കിലും സന്തോഷമായി ജീവിച്ചാൽ മതി… അവള് ജന്മം നൽകിയ കുഞ്ഞിനെ പൊന്നു പോലെയാണ് ഞാൻ നോക്കുന്നത്…ജാനകി അവളുടെ ഉടലിൽ രൂപം നൽകിയ മകനെ കാണാൻ വിതുമ്പുന്നുണ്ടാകും…

ചിലപ്പോഴൊക്കെ നഷ്ടങ്ങൾ സമ്മാനിക്കുന്നത് വിഷമത്തിനേക്കാൾ ഏറെ ജീവിത പാഠങ്ങൾ ആയിരിക്കും…

ഇന്നും മനസ്സിൽ വലിയൊരു ചോദ്യം ഒളിഞ്ഞു കിടക്കുന്നുണ്ട്, ” എന്റെ കുഞ്ഞിനെ മാത്രം എനിക്കായി വിട്ടു തന്ന് ജാനകിയെ എന്തിന് എന്നിൽ നിന്നും അകറ്റി..! ചിലപ്പോ പണവും പ്രതാപവും ഉള്ളൊരു അച്ഛന്റെ സ്വാർത്ഥത ആയിരിക്കാം..അതുകൊണ്ട് എനിക്ക് നഷ്ടമായത് പാതി ജീവനാണ്..”

“കഴിഞ്ഞതെല്ലാം അക്ഷരങ്ങളായി ഡയറിയിൽ സ്വരുക്കൂട്ടി വെച്ചത്, ഒരിക്കൽ വാർദ്ധക്യം പിടികൂടുമ്പോൾ ഒന്നും മറവിക്ക്‌ വിട്ടുകൊടുക്കാതിരിക്കാനാണ്…”

*** **** *****

ഡയറി പുസ്തകത്തിലെ അവസാന വാക്കും വായിച്ചതിനു ശേഷം അതിഥി ബാക്കിയുള്ള പേജുകൾ മറച്ചു നോക്കി..ഇല്ല, അവസാന രണ്ടു താളുകളിൽ ഒന്നും തന്നെ എഴുതിയിരുന്നില്ല…

ഇടയിലെ ദ്രവിച്ച് തുടങ്ങിയ ചില താളുകളിലെ വാക്കുകൾ കൺമുന്നിൽ തെളിയുന്നത് പോലെയായിരുന്നു അതിഥിയുടെ അനുഭവം…

“എന്നാലും ആരായിരിക്കും ഈ ജീവിത പുസ്തകത്തിന്റെ ഉടമ..!” അതിഥി ഒന്നും മനസ്സിലാവാതെ ഓരോന്ന് ചിന്തിച്ചു.. അപ്പോഴാണ് അവൾക്ക് ഡയറിയിലെ അവസാന ചട്ട കവറിന്റെ ഇടയിൽ നിന്നും ഒരു ഫോട്ടോ കിട്ടിയത്…

ഫോട്ടോയ്ക്ക് പുറകിൽ ഹരി കൃഷ്ണൻ എന്ന് ചേർത്തിരുന്നു.. നിറം മങ്ങിയ ആ ഫോട്ടോ സൂക്ഷിച്ചു നോക്കിയ അതിഥി ഞെട്ടി..

അവള് തല ചെരിച്ച് ഉമ്മറ കോലായിൽ ചാരു കസേരയിൽ ഇരിക്കുന്ന അവളുടെ മുത്തശ്ശനെ നോക്കി, പിന്നീട് ഒന്നുകൂടി ഫോട്ടോയിലേക്കും..

അതേ, ഇതെന്റെ മുത്തശനാണ്.. അതിഥിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… പക്ഷേ മുത്തശ്ശന്റെ പേര് കൃഷ്ണൻ എന്നല്ലേ.. ഫോട്ടോയിലെ മറുപുറത്തിൽ എഴുതിയ “ഹരി കൃഷ്ണൻ” എന്ന പേര് ധാരാളമായിരുന്നു അവൾക്ക് വ്യക്തമാകാൻ…

ജാനകി എന്ന പേര് ഇപ്പോഴും അദ്ദേഹത്തിൽ ഒരു ചോദ്യ ചിഹ്നം ആയിരിക്കാം.. മുത്തശ്ശന്റെ അടുത്തേക്ക് നടന്ന അതിഥി ” വേണ്ട ചോദിക്കണ്ട” എന്ന തീരുമാനത്തിൽ തന്റെ മുത്തശ്ശിയെ തിരഞ്ഞ് അടുക്കളയിലേക്ക് നടന്നു…കാരണം, എല്ലാം അറിഞ്ഞു കൊണ്ടാണല്ലോ മുത്തശ്ശി മുത്തശ്ശന് താലി കെട്ടാൻ കഴുത്ത് നീട്ടി കൊടുത്തത്…

അടുക്കള കോലായിൽ അരിയിലെ കല്ല് വേർതിരിക്കുന്ന മുത്തശ്ശി അടുത്ത് വന്നിരുന്നു അതിഥിയുടെ കയ്യിലെ ഡയറി കണ്ടതോടെ നിറഞ്ഞ കണ്ണുകളുമായി അവളെ മുഖമുയർത്തി നോക്കി…

“മോളെ, നിനക്കിത് എവിടുന്നു കിട്ടി…?”

‘ മുത്തശ്ശി, ഇതെനിക്ക് ഒഴിഞ്ഞ ആ മുറിയിലെ തുണി സഞ്ചിയിൽ നിന്ന് കിട്ടിയതാ..ഞാൻ എല്ലാം വായിച്ചു..’

എന്നും പറഞ്ഞ് കൊണ്ട് പഴയ ഫോട്ടോ അവള് മുത്തശ്ശിയെ കാണിച്ചു…

” മോളെ, നിന്റെ മുത്തശ്ശൻ ഇത് എഴുതിയതിന് ശേഷം പലപ്പോഴും ഇടക്കിടെ എടുത്തു വായിക്കാറുണ്ട്..പിന്നെ കുറച്ച് ദിവസം ആരോടും ഒന്നും മിണ്ടില്ല, എന്നോട് പോലും… ഒരിക്കൽ ഞാനീ ഡയറി പുസ്തകം അദ്ദേഹം കാണാതെ ഉപയോഗിക്കാതെ കിടക്കുന്ന ആ മുറിയിൽ സൂക്ഷിച്ചു വെച്ചിരുന്നു.. ഒന്ന് രണ്ടു തവണ ഞാനും വായിച്ചിരുന്നു…പിന്നീട് മുത്തശ്ശൻ ഒരിക്കൽ പോലും തന്റെ ഡയറി അന്വേഷിച്ചിട്ടില്ല…”

‘ അപ്പൊ ഇതില് പറഞ്ഞിരിക്കുന്ന ജാനകി…!’

” അറിയില്ല, പിന്നീട് അദ്ദേഹത്തിന് ജാനകി ഒരു ഓർമ മാത്രം… ഇത്രയൊക്കെ അറിഞ്ഞ നിലയ്ക്ക് മോള് ഒന്നുകൂടി അറിയണം..
അതിഥി മോള് മുത്തശ്ശിയെന്ന് വിളിക്കേണ്ടിയിരുന്നത് എന്നെയല്ല, ജാനകിയെ ആയിരുന്നു.. മോളുടെ അച്ഛനാണ് ജാനകി ജന്മം നൽകിയ ആ കുഞ്ഞ്…”

അത് കേട്ടതും അതിഥി “മുത്തശ്ശി” എന്ന് മാത്രമേ വിളിച്ചുള്ളു..

“മോളുടെ ചെറിയച്ഛനാണ് എന്റെ വയറ്റിൽ ജനിച്ചത്..പക്ഷേ ഒരിക്കൽ പോലും ഞാനാ വേർതിരിവ് ഒരു നോട്ടം കൊണ്ട് പോലും മോൾടെ അച്ഛനോട് കാണിച്ചിട്ടില്ല, ഇന്നും അങ്ങനെ തന്നെ..! ഇപ്പൊ എനിക്കും നിന്റെ മുത്തശ്ശനും മോൾക്കും അല്ലാതെ മറ്റാർക്കും ഇക്കാര്യം അറിയില്ല.. ഒരിക്കലും അച്ഛനോട് ഇതൊന്നും പറയരുത്.. ആ പാവം ഇതൊന്നും അറിയാൻ പാടില്ല, എന്റെ കണ്ണടയുന്നത്‌ വരെയെങ്കിലും..!

പണ്ടൊക്കെ ബന്ധുക്കളിൽ ചിലർ എല്ലാം അറിഞ്ഞിട്ടും മനപ്പൂർവം മറന്നു..
അതിഥി, നീയൊരു പയ്യനെ കണ്ട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞപ്പോ, ഞാനും മുത്തശ്ശനും കൂടിയാണ് അവൾക്കത് ഇഷ്ടമാണെങ്കിൽ നടത്തി കൊടുക്കാൻ നിന്റെ അച്ഛനോട് പറഞ്ഞത്.. പക്ഷേ ഇപ്പൊ ചെറിയ എന്തോ കാര്യവും പറഞ്ഞ് ആ ബന്ധം മോള് വേർപെടുത്തിയില്ലെ..! മുത്തശ്ശനാണ് നിന്റെ അച്ഛനെ വിളിച്ച് നിന്നെ കുറച്ച് ദിവസം ഇവിടേക്ക് വിടാൻ പറഞ്ഞത്..”

പലരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടങ്ങളെ നഷ്ടപ്പെട്ട് വേദനകൾ മാത്രം സ്വന്തമാക്കിയപ്പോ, അതിഥി തന്റെതാക്കിയ ഇഷ്ടങ്ങളെ ചെറു പിണക്കങ്ങൾ കൊണ്ട് നഷ്ടപ്പെടുത്തിയിരുന്നു..

ഇനി ഇതൊന്നും മുത്തശനോട് ചോദിക്കരുതെന്ന മുത്തശ്ശിയുടെ വാക്കുകൾ അതിഥിയുടെ മനസ്സിൽ ഉണ്ടായിരുന്നു…. അന്നത്തെ രാത്രി ഏറെ ആഗ്രഹിച്ച ഉറക്കം അവളെ തേടിയെത്തിയില്ല..

ഒരു മാസം താമസിക്കാനെത്തിയ അതിഥി തന്റെ തീരുമാനം മാറ്റി..പിറ്റേന്ന് രാവിലെ തിരികെ വീട്ടിലേക്ക് പോകാനായി ഒരുങ്ങി… മുത്തശ്ശിയും ചെറിയച്ഛനും പറഞ്ഞിട്ടും കൂട്ടാക്കിയില്ല..

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി, പതിവു പോലെ കാലത്ത് ഉമ്മറ കോലായിൽ തൊടിയിലേക്കും നോക്കി ഇരിക്കുന്ന മുത്തശ്ശന്റെ അടുത്ത് ചെന്ന് അവള് യാത്ര ചോദിച്ചു…

ചാരു കസേരയുടെ പിടിയിൽ താങ്ങി എണീറ്റ് ഇരുന്നു കൊണ്ട് മുത്തശ്ശൻ അവളോട് ഒന്നേ പറഞ്ഞുള്ളൂ,

” മോളെ, രണ്ടു മൂന്നു വർഷം വിവാഹ ജീവിതം നയിച്ച കുട്ടിയാണ് നീ.. കെട്ടുറപ്പുള്ള ഒരു വിവാഹ ബന്ധവും മരണം കൊണ്ടല്ലാതെ പിരിയില്ല.. ഇനി എന്നെങ്കിലും തിരികെ പഴയ ജീവിതം വേണമെന്ന് തോന്നിയാൽ, ആ തോന്നലിനെ സ്വയം തിരുത്തുക..

ഒരിക്കൽ മുറിഞ്ഞ ബന്ധം പിന്നീട് എത്ര കൂട്ടിക്കെട്ടിയാലും പഴയ വീര്യവും ദൃഢതയും ഉണ്ടാവില്ല… രണ്ടു പേരും രണ്ടു വഴിക്കാണ് നല്ലത്.. ഇപ്പൊ മോള് മുന്നോട്ട് ജീവിക്കുക, ഒരിക്കലും മനസ്സിനെ തോൽവിക്ക് വിട്ടു കൊടുക്കരുത്.. എന്നെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ സ്വയം ആലോചിച്ച് ഒരാളെ തിരഞ്ഞെടുക്കുക…
ഇന്നത്തെ കാലത്തോട് യോജിക്കുന്ന അഭിപ്രായമാവണമെന്നില്ല എന്റേത്..
ഒരിക്കൽ എന്റെ വാക്കുകൾ എന്റെ പേരകുട്ടിക്ക്‌ മനസ്സിലാവും.. അന്ന് ഈ മുത്തശ്ശൻ ഉണ്ടാവണമെന്നില്ല…”

അതിനുള്ള മറുപടി ഒരു കരച്ചിലിലൂടെ അല്ലാതെ അതിഥിക്ക്‌ പറയാൻ കഴിയുമായിരുന്നില്ല..അത് കൊണ്ട് തന്നെ കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ യാത്ര പറഞ്ഞിറങ്ങി…

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അതിഥിയുടെ മനസ്സിൽ മുത്തശ്ശൻ വാക്കുകളിലൂടെ വർണ്ണിച്ച തന്റെ മുത്തശ്ശിയുടെ കുട്ടിക്കാലം ആയിരുന്നു..

ജാനകി ഇപ്പോഴും ഒരു നോവായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഓർമകളിലൂടെ ഉണ്ടായിരുന്നിരിക്കണം…

ഡയറി പുസ്തകത്തിൽ കുറിച്ചിരുന്നത് പോലെ നഷ്ടങ്ങൾ ജീവിതത്തിലെ വേദനകളേക്കാൾ അധികം ജീവിത യാത്രയിലെ പാഠങ്ങൾ ആയിരിക്കും..

അപ്പോഴും മുത്തശ്ശന്റെ ആ ഡയറി തുണി സഞ്ചിക്കുള്ളിൽ പഴയ സ്ഥാനത്ത് തന്നെ തിരികെ വെയ്ക്കാൻ അതിഥി മറന്നിരുന്നില്ല..

“ജാനകിയുടെ ഓർമകൾ പൊഴിക്കുന്ന ഹരി മാഷിന്റെ വാക്കുകളാൽ നിറഞ്ഞ ആ ഡയറി ഇന്നും ഒരോർമ്മയാണ്…”

രചന: ജിഷ്ണു രമേശൻ

(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *