“”ടാ പെണ്ണ് കാണാൻ പോയിട്ട് എന്തായെടാ…..

രചന: അരുൺ നായർ

നിനക്ക് ഇങ്ങനെ ചായ കുടിച്ചും ജിലേബി തിന്നും നടക്കാൻ ഒരു മടിയും ഇല്ലെടാ…… അതും ഇന്നത്തെ കാലത്ത് ഈ ഇന്റർനെറ്റ്‌ യുഗത്തിൽ ആരേലും ഇങ്ങനെ പെണ്ണും കണ്ടു നടക്കുമോ…. ഒത്ത ഒരെണ്ണത്തിനെ പൊക്കി വീട്ടിലേക്കു കൊണ്ടു പോകെടാ….”” പതിവ് പോലെ അവധി ദിവസത്തിൽ പെണ്ണ് കണ്ടു ഷഡ്ജം കീറി മുഖത്തിട്ടു നമ്ര ശിരസ്കനായി തിരിച്ചു വരുമ്പോൾ എന്റെ കൂട്ടുകാരുടെ ചോദ്യം ഇതായിരുന്നു……

“”അതൊന്നും വേണ്ടെടാ…. എനിക്കു വേണ്ടി ജനിച്ച കിളി എവിടെയോ പാറി നടക്കുന്നുണ്ട്…. സമയം ആകുമ്പോൾ എന്റെ മുൻപിൽ പറന്നെത്തും……”” അവരോടുള്ള മറുപടിയിൽ എന്നെ തന്നെ ആശ്വസിപ്പിക്കുക ആയിരുന്നു ഞാൻ…… “”അല്ല അതു പോട്ടെ സുധി….. നിൻറെ കല്യാണം മാത്രം എന്താണ് നടക്കാത്തത്…….നിന്നേ കാണാൻ വലിയ തെറ്റൊന്നും ഇല്ലല്ലോ…… നല്ല കുടുംബം…. നല്ലൊരു ജോലി ഉണ്ടല്ലോ…. നിനക്ക് ഞങ്ങൾ അറിയാത്ത എന്തെങ്കിലും അവിഹിതം ഉണ്ടോടാ പെണ്ണ് വീട്ടുകാർ അന്വേഷിക്കുമ്പോൾ കല്യാണം വേണ്ടെന്നു വെക്കാൻ….””

“”ഒന്നു പോടാ ചെറ്റകളെ…. കൂട്ടുകാർ ആണത്രേ കൂട്ടുകാർ….. ഇപ്പോളും ബയോളജി പരിക്ഷ ഇട്ടാൽ എട്ടു നിലയിൽ പൊട്ടും അതാണ് എന്റെ അവസ്ഥ…. ആ എന്നോടു ചോദിക്കുന്ന ചോദ്യം അവിഹിതം…. ബെസ്റ്റ് കണ്ണാ ബെസ്റ്റ്….”” കൂട്ടത്തിൽ ഒരുത്തൻ പെട്ടെന്ന് വരമ്പിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക്ക് വന്നു… അളിയൻ വിഷമിക്കണ്ട….. എന്നാലും ഇത് എന്താണ് അളിയന് മാത്രം പെണ്ണ് കിട്ടാത്തത്……

അളിയന് എന്താണ് ഇത്രയും പെണ്ണ് കണ്ടിട്ട് മനസ്സിലായത്…… ഇതിനു ഒരു അറുതി വേണ്ടേ…. “”അളിയാ എല്ലാവർക്കും എന്റെ ജോലി ആണ് പ്രശ്നം…. ആർക്കും വേണ്ടെടാ ഗവണ്മെന്റ് ജോലി ആണെങ്കിലും ഈ പണി ഉള്ളവനെ…… മിക്കവാറും എല്ലാവരും ഉന്നയിക്കുന്നത് ഈ ജോലി പ്രശ്നം തന്നെ ആണ്…. പലർക്കും സത്യത്തിൽ പേടിയാണ്…. അവരു പറയുന്നത് പെൻഷൻ ഒന്നും ഇല്ലങ്കിലും കുഴപ്പമില്ല ഒരു പ്രൈവറ്റ് ജോലി ആണെങ്കിൽ ശമ്പളം എങ്കിലും കിട്ടും…. ഇത് അതെങ്കിലും ഉറപ്പു ഉണ്ടോന്നു ആണ്…. നമ്മുടെ ഗവെർന്മെന്റിന്റെ കാര്യം ആയോണ്ട് എനിക്കു ഉറപ്പും കൊടുക്കാൻ പറ്റുന്നില്ല….”” “”എല്ലാവരും വിചാരിച്ചിരുന്നത് ഗവണ്മെന്റ് ജോലി ഉള്ള നീ ഭാഗ്യവാൻ ആണെന്ന് ആണ്….. എല്ലാ രീതിയിലും സേഫ് അല്ലേ നിന്റെ കാര്യങ്ങൾ….. ഒന്നും പേടിക്കേണ്ട….. ഇതിപ്പോ ഞങ്ങളെക്കാൾ കഷ്ടം ആണല്ലോ നിൻറെ കാര്യം……””

“”ഒന്നും പറയണ്ട ചങ്ങയിമാരെ…. ഇന്ന് പോയ പെണ്ണിന്റെ അച്ഛനു വേറൊരു സംശയം കൂടി ഉണ്ടായിരുന്നു…. ശമ്പളം അല്ല ജീവൻ എങ്കിലും ഈ നാട്ടിലെ ksrtc ബസിൽ കണ്ടക്ടർ ആണെങ്കിൽ ഉണ്ടാകുമെന്നു ഉറപ്പു ഉണ്ടോന്നു….”” “”അതെന്നാടാ അയാൾ അങ്ങനെ പറഞ്ഞത് ….. ഗവണ്മെന്റ് ജോലി പോലെ സുഖം ഉള്ള പരുപാടി വേറെ ഉണ്ടോ…. ഇപ്പോൾ ഉള്ള പെണ്ണുങ്ങളുടെ തന്തമാർക്കു ഒക്കെ ഇത് എന്ത് പറ്റി…..

അളിയൻ വിഷമിക്കണ്ട അളിയന് ഉള്ളത് പെട്ടെന്ന് വരും….”” “”അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലെടാ…. ഈ ഹർത്താലിന് ഒക്കെ വിവരം കേട്ട രാഷ്ട്രീയ അടിമകൾ എന്തൊക്കെ കാട്ടും എന്നു ശബരിമല അയ്യപ്പന് പോലും അറിയാൻ

വയ്യാ……..അതു പേടിച്ചാണ് ഈ ചോദ്യം….. പിന്നെ ഇപ്പോൾ വിപ്ലവ പാർട്ടി ഭരിക്കുന്നത് കൊണ്ട് കുറച്ചു റിലാക്‌സേഷൻ ഉണ്ട്……”” “”അളിയാ സുധി നിനക്കെന്നാൽ ഈ പണി നിർത്തിക്കൂടെ….. എന്നിട്ടു വല്ല കൊള്ളാവുന്ന ജോലിക്കും ശ്രമിക്കേടാ…. അളിയൻ വിചാരിച്ചാൽ കിട്ടും…..”” “”അച്ഛൻ മരിച്ചപ്പോൾ താഴെയുള്ള രണ്ടു അനുജത്തിമാരെ നോക്കാൻ വേണ്ടി കയറിയത് അല്ലേടാ…….ഈ ജോലിക്ക് കുഴപ്പം പറയുന്നവർ എന്റെ അനുജത്തിമാരുടെ ഇപ്പോളത്തെ അവസ്ഥക്ക് കാരണം ഈ ജോലി ആണെന്ന് മറക്കരുത്…….ഞാൻ ഒരിക്കലും ഈ ജോലിയെ തള്ളി പറയില്ല അളിയന്മാരെ……..ഞാൻ പറഞ്ഞില്ലേ എനിക്കുള്ള ബെകിളി എവിടുന്നു ആണെങ്കിലും പറന്നു വന്നോളും സമയം ആകുമ്പോൾ…….ഞാൻ എന്നാൽ വീട്ടിലേക്കു പോകട്ടെ……. അമ്മ കാത്തിരിക്കുന്നുണ്ടാവും വിവരം അറിയാൻ……പിന്നെ കാണാം…..””

അതും പറഞ്ഞു ഞാൻ വീട്ടിലേക്കു വണ്ടി എടുത്തു……. ഞാൻ കണ്ടു എന്റെ കല്യാണത്തിന് കള്ള് കുടിക്കുന്നതും കൊതിച്ചിരിക്കുന്ന കൂട്ടുകാരുടെ കണ്ണിലെയും മുഖത്തെയും വാട്ടം…… പെണ്ണ് കാണാൻ ഞാൻ പോകുന്ന ദിവസമൊക്കെ എന്റെ കൂട്ടുകാരുടെ മനസ്സിൽ ഓരോ ബേക്കർഡി പൊട്ടും എന്റെ നാണംകെട്ടുള്ള തിരിച്ചു വരവിൽ ബേക്കർഡി താഴെ വീണ അവസ്ഥയും ആകും…….ഇത് പതിവ് വികാരങ്ങൾ മാത്രം…..

ഇനിയും വീട്ടിൽ ഒരാൾ ഉണ്ട്… ദൈവങ്ങൾ ആയ ദൈവങ്ങൾക്ക് എനിക്കു കിട്ടുന്ന ശമ്പളം പകുതി കൊടുക്കുന്ന ഒരാൾ…. അമ്മക്ക് പിന്നെ ഒരു വിശ്വാസം ഉണ്ട് എനിക്കു നല്ലൊരു പെണ്ണ് തന്നെ വന്നു കേറും എന്നു…… ചിലപ്പോൾ ഒക്കെ ഞാൻ പോലും അന്തിച്ചു കുന്തം വിട്ടു പോകാറുണ്ട് അമ്മയുടെ വിശ്വാസം കാണുമ്പോൾ….. പതിവ് പോലെ വീട്ടിൽ ചെന്നു അമ്മയോട് പറഞ്ഞപ്പോളും എന്നെ ആശ്വസിപ്പിക്കും പോലെ ഒന്നു ചിരിച്ചിട്ട് മോന് ഉള്ളത് വരാറായെ ഉള്ളൂ എന്നും പറഞ്ഞു അമ്മ ഈ വയസാം കാലത്തും അടുക്കളയിൽ പാത്രങ്ങളോടുള്ള പോരാട്ടത്തിനായി പോയി….. വൈകുന്നേരം ആയപ്പോൾ അമ്മ വന്നു വിളിച്ചു ഞാൻ ഒന്നു മയങ്ങുക ആയിരുന്നു….. “”എന്താണ് അമ്മേ കാര്യം….”” ഞാൻ പതിവില്ലാതെ എന്റെ ഉറക്കം അമ്മ കളഞ്ഞത് കൊണ്ട് ചോദിച്ചു പോയി….

“”നാളെ മോൻ ലീവ് എടുക്കണം…. ഒരു അത്യാവശ്യം ഉണ്ട്….. അമ്മയുടെ മനസ്സു പറയുന്നത് മോന്റെ പെണ്ണ് കാണൽ തെണ്ടൽ ഇതോടെ അവസാനിക്കും എന്നാണ്….”” “”പെണ്ണ് കാണാൻ വേണ്ടി ലീവോ…. അത്രക്കും സാഹസം വേണോ അമ്മേ…. ഒരു ലഡ്ഡുവും ജിലേബിയും ചായയും കുടിക്കാൻ ഒരു ദിവസത്തെ ശമ്പളം കളയണോ….”” “”വേണം,,, ഇതും കൂടി മോൻ അമ്മയുടെ ഇഷ്ടത്തിന് ചെയ്യൂ…. മോന്റെ കൂടെ വയ്യെങ്കിലും അമ്മ കൂടി വരാം…. അമ്മയുടെ മനസ്സു പറയുന്നു ഇതു നടക്കുമെന്ന്….”” അമ്മക്ക് അത്രക്കും വിശ്വാസം ആണെങ്കിൽ നമുക്കു പോയേക്കാം…… അതും പറഞ്ഞു എഴുന്നേറ്റു ഞാൻ മുഖം കഴുകി ചായ കുടിക്കാൻ ഇരുന്നു…. വയ്യെങ്കിലും അമ്മ എന്തെങ്കിലുമൊക്കെ സമയം ആകുമ്പോൾ ഉണ്ടാക്കി വെക്കും…. പാവം….

അടുത്ത ദിവസം പെണ്ണ് കാണാൻ പോകും വഴി കവലയിൽ ബേക്കറി നടത്തുന്ന കൂട്ടുകാരൻ കടയിൽ നിന്നും ലഡ്ഡുവും ജിലേബിയും എടുത്തു കാണിച്ചു…. എടാ പോകേണ്ടെടാ അവിടം വരെ…. ഞാൻ ഇവിടുന്നു തന്നെ തരാം എന്നുള്ള ഭാവത്തിൽ……. കൂട്ടുകാരൻ കാണിച്ചത് ആയതുകൊണ്ട് മനസ്സിന്റെ അടി തട്ടിൽ ആർക്കോ വേണ്ടി ഒളിപ്പിച്ചു വെച്ചേക്കുന്ന ഹൃദയത്തിൽ അതു വലിയ ചലനങ്ങൾ സൃഷ്ഠിച്ചില്ല……. ഞാനും അമ്മയും പെണ്ണ് കാണാൻ പോയ വീട്ടിൽ എത്തി…. അവിടുത്തെ കാർന്നോർ ഞങ്ങളെ ആനയിച്ചു ഇരുത്തി,,, വിശേഷങ്ങൾ ഓരോന്നും പങ്കു വച്ചു…. തുണി കടയിൽ കസ്റ്റമർ ചെല്ലുമ്പോൾ വന്നു നിൽക്കും പോലെ മൂന്ന് പെൺപിള്ളേർ വരി വരിയായി വന്നു നിന്നു…. ദൈവമേ എത്രയും കൊച്ചു പെണ്പിള്ളേര്ക്ക് എന്നെ പോലെ ഉള്ളവൻ പറ്റില്ല…. നല്ല ചെത്തു പിള്ളേരു ഉണ്ടാകും ബോയ് ഫ്രണ്ട്‌സ് ആയിട്ട്…… ഞാൻ സ്വയം എന്നെ തന്നെ വിലയിരുത്തി…..

ഞാൻ ഇങ്ങനെ ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോൾ കാർന്നോർ പറഞ്ഞു തുടങ്ങി…… പൊതുവെ എല്ലായിടത്തും ഉള്ള കത്തി വേഷം അല്ല ഈ കാർന്നോർ എന്നു എനിക്കു ആദ്യത്തെ സംസാരം കേട്ടപ്പോൾ തന്നെ ബോധ്യമായി….. “”നല്ല കഷ്ടപ്പാട് ആയിരുന്നു…. എന്റെ മോൻ ആയിരുന്നു ഇവരുടെ അച്ഛൻ…. കള്ള് കുടിച്ചു ഉള്ളതൊക്കെ നശിപ്പിച്ചു…. അവസാനം അവൻ അങ്ങു പോയി…. ഈ നാല് പെൺപിള്ളേരെ ഈ കിളവനെ ഏല്പിച്ചിട്ടു…. എന്തായാലും മൂത്തവൾ മിടുക്കി ആണ് കേട്ടോ…. ധന്യ…. അവൾ ആണ് അച്ഛന്റെ ജോലിക്ക് കയറി ഈ കുടുംബം നോക്കുന്നത്…. കല്യാണം കുറെ ആയി നോക്കുന്നു ഒന്നും അങ്ങു ശരി ആയില്ല….””

പുള്ളിടെ സംസാരം കേട്ടപ്പോൾ എനിക്കു തോന്നി കല്യാണ ശേഷം ഞാൻ ഇവരുടെ കൂടെ ചിലവ് നോക്കേണ്ടി വരുമോ എന്നു…. പക്ഷെ പെണ്ണ് ഒന്നും കിട്ടാത്തത് കൊണ്ട് എന്റെ ചോദ്യം അതല്ലായിരുന്നു…. “”അതെ ഇവിടുത്തെ പിള്ളേരുടെ അച്ഛൻ ഗവണ്മെന്റ് സെർവിസിൽ ആയിരുന്നോ…. മരിച്ചപ്പോൾ ജോലി കിട്ടി പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്….”” “”അതെ ksrtc ഡ്രൈവർ ആയിരുന്നു…. ധന്യ ഇപ്പോൾ ksrtc കണ്ടക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്…..”” ദൈവമേ എന്റെ അതെ ജോലി….. എനിക്കു ഒരാൾക്ക് ഈ ജോലി ഉണ്ടായിc ട്ടു തന്നെ നാണക്കേട് ആണ് അപ്പോൾ അമ്മയ്ക്കും അച്ഛനും ഈ നാണംകെട്ട ജോലി ആണെങ്കിൽ ഞങ്ങളുടെ പിള്ളേരുടെ അവസ്ഥ എന്താകും ….. വേണ്ട…. പെണ്ണിനെ ഇഷ്ട്ടം ആയില്ലെന്നു പറഞ്ഞു തടി തപ്പാം…. കിളി എന്നു പറഞ്ഞിട്ട് മൂങ്ങ ആണല്ലോ ദൈവമേ…. ഞാൻ ഓരോന്നും ചിന്തിച്ചു ഇരുന്നപ്പോൾ അമ്മയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിച്ചത്….

“”ടാ സുധി,,, ദേ അമ്മയുടെ മരുമകൾ വരുന്നു…. നീ ഇതു എന്ത് ആലോചിച്ചു ഇരിക്കുവാണ്…. നോക്കു മോനെ…..”” ഞാൻ തല ഉയർത്തി നോക്കി…. എന്റെ അമ്മോ എന്തൊരു ചന്തം ആണ് ഈ പെണ്ണിനു എന്നു എന്റെ മനസ്സു എന്നോടു തന്നെ പറഞ്ഞു പോയി…. അവൾ കൊണ്ടു വന്ന ചായ കുടിക്കുമ്പോൾ എന്റെ കണ്ണുകൾ അവളുടെ മുഖത്തു തന്നെ ആയിരുന്നു…. ഞാൻ ഓർത്തു ഇവളെ കിട്ടിയാൽ കൂട്ടുകാരോട് പറഞ്ഞ കിളി തന്നെ വന്നു ചേരും അതു ഉറപ്പു…. ഭാഗ്യം കിളി മൂങ്ങ അല്ല……. പെട്ടന്ന് ആണ് അമ്മയുടെ ചോദ്യം വന്നത് നിനക്ക് പെണ്ണിനോട് വല്ലോം സംസാരിക്കാൻ ഉണ്ടോന്നു…. മറുപടി കൊടുക്കും മുൻപ് ചാടി എണീറ്റിരുന്നു ഞാൻ…. അവളോട് ഒരു വാക്കു മിണ്ടാൻ കൊതി ആയിരുന്നു എന്നു പറയുന്നത് ആകും സത്യം……

അവൾ എന്നെയും കൂട്ടി അവരുടെ വീട്ടിലെ മാവിൻ ചുവട്ടിൽ പോയി നിന്നു…. പരസ്പരം ഉള്ള പരിചയപെടലിനു ശേഷം ഞാൻ പെണ്ണ് കെട്ടാൻ താമസിച്ച കഥ പറയാൻ തുടങ്ങിയതയും അവൾ എന്നോട് പറഞ്ഞു……. “”അതു എന്നോടു പറയണ്ട കാര്യം ഇല്ല…. പറയാതെ തന്നെ എനിക്കു എല്ലാം അറിയാം…. ഞാൻ പിന്നെ psc എക്സാം ഒക്കെ എഴുതുന്നുണ്ട് ഒന്നു രണ്ടു എണ്ണത്തിൽ സെലെക്ഷൻ ആയിട്ടും ഉണ്ട് ….. ഭാഗ്യം തുണച്ചാൽ പെട്ടെന്നു തന്നെ നല്ലൊരു ജോലിയിലേക്ക് മാറാം…. അല്ലേലും പെണ്ണിനു ബുദ്ധിമുട്ട് തന്നെയാണ് ഈ ജോലി…..”” “”എങ്കിൽ പിന്നെ ഈ കാര്യം കല്യാണം കഴിക്കാൻ വരുന്നവരോട് പറഞ്ഞാൽ പോരായിരുന്നോ…. നേരത്തെ തന്നെ കല്യാണം നടക്കുമായിരുന്നല്ലോ…..”‘ “”അതു വേണ്ട…. കല്യാണം കഴിഞ്ഞു മാത്രമേ ഞാൻ ജോലി മാറു തീരുമാനിച്ചിരുന്നു…. എല്ലാ ജോലിക്കും അതിന്റെ അന്തസ് ഉണ്ടെന്നു മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ മതി എനിക്കു…. പിന്നെ സുധിയേട്ടനോട് ഞാൻ പറഞ്ഞത് നമ്മൾ തുല്യ ദുഖിതർ ആയതു കൊണ്ടാണ്….””

അതും പറഞ്ഞവൾ പുഞ്ചിരിച്ചു…. ആ പുഞ്ചിരിക്ക് ഒരുപാട് നിറവും മണവും എന്റെ ജീവിതത്തിൽ നൽകാൻ കഴിയും എന്നു എനിക്കു ഉറപ്പു ഉണ്ടായിരുന്നു….. “”എന്നാൽ ഞാൻ അമ്മയോട് പറയട്ടെ… ഇവിടെ ഞാൻ ഒരു ലോങ്ങ്‌ റൂട്ട് പോകാൻ ഉള്ള ടിക്കറ്റ് കൊടുത്തെന്നു…..”” “”സുധിയേട്ടൻ പോയി പറ…. നമുക്കു അടിച്ചു പൊളിച്ചു ജീവിക്കാം…. അടുത്ത ജോലിക്ക് പോകും വരെ ചേട്ടന്റെ ഡിപ്പോയിലേക്കു ഒരു മാറ്റം ഞാൻ കിട്ടുമോ നോക്കാം….”” “”ധന്യ മാറ്റം കിട്ടുമോ നോക്കു…. കിട്ടിയാൽ കല്യാണം വരെ അടുത്തു തന്നെ കാണാമല്ലോ നമുക്കു….”” “”ശ്രമിക്കം സുധിയേട്ടാ…..”” അതും പറഞ്ഞവൾ അകത്തേക്ക് നടന്നു…. ഞാൻ പുറകെയും….

അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ എന്റെ ജീവിതത്തിനു തന്നെ പുതിയൊരു നിറം പകർന്നു കിട്ടിയത് പോലെ എനിക്കു തോന്നി…… അവളുടെ ആ ചിരിക്കുന്ന മുഖവും ആരും കൊതിക്കുന്ന കണ്ണുകളും ആയി ഇനിയും ഒരുപാട് യാത്ര പോകാൻ ഉണ്ടെന്നു എന്റെ മനസ്സു എന്നോട് പറഞ്ഞപ്പോൾ ഞാൻ മൊബൈൽ എടുത്തു കൂട്ടുകാര്ക്ക് വവ്വാലിന്റെ ഫോട്ടോ സെൻട് ചെയ്തു….. പെണ്ണ് കാണലിനു ശേഷം ആദ്യമായി….

രചന: അരുൺ നായർ

Leave a Reply

Your email address will not be published. Required fields are marked *