ദേ എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറ അല്ലാതെ കൊലക്ക് കൊടുക്കുന്ന കാര്യങ്ങള് പറയാതെ…

രചന: Aashi

“നിന്നെ പോലൊരു കാന്താരി മുളകിനെ ഞാൻ കെട്ടിത്തൂക്കിയിടുന്നതാണ് നല്ലത് ഇല്ലെങ്കിൽ ഈ സമൂഹത്തിൽ ഒരു വലിയ പ്രസ്ഥാനമായി മാറി ചുറ്റികളികൾ ഒരുപാടുണ്ടാക്കും….

അമ്മുവിന് നേരെ താലി കെട്ടുന്നത് പോലെ കാണിച്ചു കൊണ്ട് ഒരു കള്ള ചിരിയോടെ വിനു പറഞ്ഞു

“അതെ.. ഉസ്താദ് സിനിമ ഞാനും കണ്ടതാ… ഓരോ ഉഡായിപ്പുമായിട്ട് ഇറങ്ങിക്കോളും രാവിലെ തന്നെ…. അവനെ നോക്കി ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് അവൾ മുന്നോട്ടു നടന്നു

ശ്… ചീറ്റി പോയി എന്നാലും വിട്ട് കൊടുക്കരുതേടാ.. വിനു

“ഞാൻ പറഞ്ഞത് സത്യമാണ്… എല്ലാവർക്കും നിന്നെ പോലൊരു കാന്താരിയെ സഹിക്കാൻ പറ്റണമെന്നില്ല… ഇപ്പോ നിന്നെ നോക്കി വെറുതെ ചിരിച്ചു കൊണ്ടിരുന്ന എന്നെ നീ പോടാ പട്ടിന് വിളിച്ചു അതിപ്പോ വേറാരെങ്കിലും ആയിരുനെങ്കിലോ.. അടിയായി പിടിയായി വാർത്തയായി.. നമ്മുടെ സമൂഹത്തിന് അതൊരു തെറ്റായ സന്ദേശമല്ലേ കൊടുക്കുന്നത്… സൊ ഞാൻ സാക്രിഫൈ ചെയ്തോളാം

അവളുടെ പിറകെ നടന്നു കൊണ്ടവൻ പറഞ്ഞു

“ഹോ… എന്തൊരു നല്ല മനസ്… സമൂഹത്തിനെ കുറിച്ച് എന്തൊരു ചിന്ത… എങ്കിൽ പിന്നെ വല്ല പട്ടാളത്തിലും ചേർന്നുണ്ടായിരുന്നോ…
മുന്നോട്ട് നടന്നുകൊണ്ടവൾ പറഞ്ഞു..

“ദേ എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറ അല്ലാതെ കൊലക്ക് കൊടുക്കുന്ന കാര്യങ്ങള് പറയാതെ… ചുമ്മാതെ ഒന്നും അല്ലല്ലോ നല്ല അന്തസായിട്ട് പിറകെ നടന്നലേ… അതും കഴിഞ്ഞ രണ്ട് കൊല്ലമായിട്ട്…

പെട്ടെന്നവൾ നടത്തം നിർത്തി അവന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു

“രാജ്യത്തിന് വേണ്ടി ജീവൻ കൊടുക്കുന്നത് അത്രയ്ക്കും മോശം കാര്യമാണോ…

“അങ്ങനല്ല… എങ്കിലും ഒരു ഉറപ്പും ഇല്ലാതെ ഒരു ലൈഫ്….

“നമ്മളിൽ ആരുടെ ജീവിതത്തിനാണ് ഉറപ്പുള്ളത്… ഇന്ന് കാണുന്നവനെ നാളെ കാണുമോ ഇല്ലയോ എന്ന് ആർകെങ്കിലും ഉറപ്പ് നൽകാൻ പറ്റുവോ… ചിലപ്പോ പോണ പോക്കിലാവും നിങ്ങള് വല്ല ലോറിയും കേറി ക്ലോസ് ആവുന്നത്…

അവനൊന്ന് ഞെട്ടി അവളെ നോക്കി

‘അങ്ങനെ വല്ല പാണ്ടി ലോറിക്കും ഇടയിൽ പെട്ട് തവളയെ പോലെ ചതഞ്ഞരന് ചാവുന്നതിനേക്കാൾ നല്ലതല്ലേ ഒരു പട്ടാളക്കാരനെന്ന ഉത്തരവാദിത്തോതോടെ രാജ്യത്തിന് വേണ്ടി ധീര മരണം വരിക്കുന്നത്…

അവനൊന്നും മിണ്ടാതെ നിന്നു… ഒരു നിമിഷം അവനെ നോക്കി നിന്ന ശേഷം അവളും പിന്തിരിഞ്ഞു

പിന്നീട് വരും ദിവസങ്ങളിൽ അവളവനെ വഴിയിൽ കണ്ടില്ല…

ദിവസങ്ങൾ മാസങ്ങളിലേക്കും വര്ഷങ്ങളിലേക്കും വഴിമാറി..

രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴിയാണ് അവളവനെ വീണ്ടും കാണുന്നത്…

മീശ പിരിച്ചു വെച്ച്.. മുടി വെട്ടിയൊതുക്കി ആകെ മൊത്തത്തിൽ ഒരു മാറ്റം ഇളം കളർ നീല ഷർട്ടും ജീൻസ് പാന്റും അവന് ന്നായി ഇണങ്ങുന്നുണ്ടായിരുന്നു..

അവളവനെ അത്ഭുതത്തോടെ നോക്കി..

ഡിഗ്രി സ്റ്റുഡന്റിൽ നിന്ന് പി ജി യിലേക്കുള്ള മാറ്റം തെല്ലും അവൾക്കില്ലായിരുന്നു.. അവനവളുടെ നേരെ ചിരിച്ചു കൊണ്ട് നടന്നടുത്തു…

“എങ്ങനുണ്ടാടോ കൊള്ളാമോ…

ശബ്ദത്തിന് പഴയ പഞ്ചാരയില്ല…
ഉറച്ചതും ലളിതവുമായ സ്വരത്തിൽ അവളോട്‌ ചോദിക്കുമ്പോൾ ഒരു മരപ്പാവ കണക്കെ അവൾ തലയാട്ടി..

“താങ്ക്സ് ടൊ തന്റെ അന്നത്തെ ആ മോട്ടിവേഷൻ കാരണമാ ഞാനും ആർമിയിൽ ചേർന്നത്… താൻ പറഞ്ഞത് പോലെ കണ്ട പാണ്ടി ലോറിക്ക് അവസരം കൊടുക്കാതെ രാജ്യത്തിനു വേണ്ടി സമർപ്പിച്ചു ഞാനെന്റെ ജീവിതം.. താങ്ക്സ് എ ലോട്ട്…

അവളവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു

“പോട്ടെ…. കുറച്ചു തിരക്കുണ്ട്

കൺമുന്നിൽ കൂടി അവൻ പോകുന്നത് കാണവേ അവൾക്കു ഒരേ സമയം സന്തോഷവും സങ്കടവും തോന്നി..

ഉള്ളിലുണ്ടായിരുന്ന ചെറിയൊരു ഇഷ്ടം തന്നെക്കാൾ മുന്നേ അവിടെ പൊഴിഞ്ഞു പോയിരുന്നോ…

അതിനത് തുറന്നു പറഞ്ഞിട്ടൊന്നുമില്ലല്ലോ…മനസ്സിൽ തന്നെ കുഴിച്ചു മൂടുക… അത്രേയുള്ളൂ

അവൾ സ്വയം സമാധാനിച്ചു…

വീട്ടിലെത്തുമ്പോൾ വിരുന്നുകാരുടെ വരവറിയിച്ചത് പോലെ മുറ്റത്ത് നിരവധി കാറുകൾ കിടപ്പുണ്ടായിരുന്നു..

ഏതെങ്കിലും പരിചയക്കാരോ ബന്ധുക്കളോ ആവാം.. തലവെട്ടം കണ്ടാൽ തന്നെ കുശലാന്വേഷണം തുടങ്ങും.. പ്രത്യേകിച്ച് കല്യാണക്കാര്യം… അതിനൊന്നും മറുപടി പറയാൻ പറ്റിയ മൂഡ് അല്ല ഇപ്പോൾ… ഒന്ന് സ്വസ്ഥമായി ഒരിടത്ത് ഇരിക്കണം

അതുകൊണ്ട് തന്നെ പുറകുവശത്തു കോടി അകത്തേക്ക് കയറവേ അമ്മ പിടിച്ചു കൊണ്ടുപോയി മുറിയിലാക്കി..

പെണ്ണ് കാണാൻ ഒരു കൂട്ടര് വന്നിട്ടുണ്ടത്രേ….

വേഗം റെഡി ആവണം പോലും..

അമ്മുവിനെ ദേഷ്യം വന്നു…

ഈ സന്ധ്യാസമയത്ത് ഏതവനാടാ ഇത്രയ്ക്ക് കല്യാണം കഴിക്കാൻ മുട്ടി ഇരിക്കുന്നത്… അതിന്റെ കൂടെ വിനുവിനെ കണ്ടതും കൂടി ആലോചിച്ചപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..

ആ ദേഷ്യം ചെറുക്കന് കൊടുക്കാനുള്ള ചായയിൽ മുളകും മല്ലിയും മസാലയും ചേർത്തൊരു മിക്സ് ആക്കി തീർത്തു

മനപ്പൂർവ്വം തന്നെ ഒട്ടും ഒരുങ്ങാതെയാണ് ചായയുമായി അവർക്കരികിലേക്ക് ചെന്നത്

അതാണ് ചെറുക്കൻ… അച്ഛൻ പറയുന്നത് കേട്ട് വിരൽ ചൂണ്ടിയ ദിശയിലേക്ക് കാലുകളുടെ ഭംഗി നോക്കിക്കൊണ്ട് ചായ കൊടുത്തു

ആരുടേയും മുഖത്ത് നോക്കിയില്ല…. പെണ്ണിന് അഹങ്കാരം ആണെങ്കിൽ അങ്ങനെ വിചാരിക്കട്ടെ..

കൊടുത്തു കഴിഞ്ഞതും ഉസൈൻ ബോൾട്ടിനെ പോലെ കുതിച് പാഞ്ഞു തിരിച്ച് മുറിയിലേക്ക്

മുൻവശത്ത് നിന്ന് ചിരിയും ബഹളങ്ങളും കേൾക്കാമായിരുന്നു..

ഒന്നിലും ശ്രദ്ധ കൊടുക്കാതെ ജനലോരം ചേർന്ന് പുറത്തേക്ക് നോക്കി നിന്നു

ആരും അടുത്ത് വന്നു നിന്നത് പോലെ തോന്നിയാണ് തിരിഞ്ഞു നോക്കിയത്

വിനു…..

അമ്പരപ്പും അത്ഭുതവും മാറി മാറി അവളുടെ മുഖത്ത് തെളിഞ്ഞു വന്നു…

” ചായ അടിപൊളി ആയിരുന്നു കേട്ടോ.. അവൻ കുസൃതിയോടെ അവളെ നോക്കി പറഞ്ഞു

അവൾ തലയിൽ കൈ വച്ച് പോയി..

” നേരത്തെ കണ്ടപ്പോൾ എന്താ എന്നോട് പറയാതിരുന്നത്…

“എന്ത്

“എന്നെ പെണ്ണുകാണാൻ വരുന്നുണ്ടെന്ന്..

” എങ്കിൽ ഇതുപോലുള്ള അടിപൊളി ചായ കുടിക്കാൻ പറ്റുമായിരുന്നോ.. ഇത് എനിക്ക് വേണ്ടി സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയതാണോ അതോ പെണ്ണുകാണാൻ വരുന്ന എല്ലാവർക്കും ഇങ്ങനെയാണോ..

” നിനക്കുവേണ്ടി സ്പെഷ്യൽ ആയി തന്നെ ഉണ്ടാക്കിയതാ… അവളൊരു വീറോടെ പറഞ്ഞു..

“അതിനർത്ഥം എന്നെ ഇഷ്ടമില്ലാനല്ലേ…എങ്കിൽ പിന്നെ വേറാരെങ്കിലും നോക്കാം… ഒക്കെ ദെൻ…..

പറഞ്ഞു പൂർത്തിയാകും മുന്നേ അവളവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചിരുന്നു

“നിങ്ങൾഎന്റെയ മനുഷ്യ എന്റെ മാത്രം…. അവന്റെ നെഞ്ചോരം നിന്നവൾ മന്ത്രിച്ചത്‌ അവന്റെ ഹൃദയത്തോടായിരുന്നു…

ഇന്നവന്റെ താലി നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ തന്റെ പ്രാണന്റെ നല്ല പാതിയെന്ന നിലയിൽ ഒരു പട്ടാളക്കാരന്റെ ഭാര്യയെന്ന നിലയിൽ…അവളാഭിമാനിക്കുന്നു…

രചന: Aashi

Leave a Reply

Your email address will not be published. Required fields are marked *