പെൺമനസ്സ്..

രചന: Samar Prathap

“പ്രണയിച്ചു വിവാഹം കഴിച്ചവരല്ലേ നിങ്ങൾ എന്നിട്ടും എന്താണ് നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ”

അവന്റെ ചോദ്യം എന്നെ അസ്വസ്ഥനാക്കി.

“what do you mean..? നീയെന്താണ് പറഞ്ഞുവരുന്നത് ജീവിതം പരാജയപ്പെട്ടതു കൊണ്ട് മറ്റൊരു പുരുഷനെ തേടി ഞാൻ വന്നതെന്നോ..?

നിങ്ങൾ ആണുങ്ങളൊക്കെ ഇങ്ങനെയാണ് ഒരു പെണ്ണ് ഇൻ ബോക്സിൽ വന്ന് മിണ്ടിയാൽ അവൾക് അവനോട് ഇഷ്ടമാണെന്നും പ്രേമമാണെന്നും ധരിക്കുന്നവരാണ് ഒക്കെയും..”

എന്റെ ദേഷ്യപെട്ടുള്ള മറുപടി മുറിച്ചുകൊണ്ട് അവന്റെ അടുത്ത ചോദ്യമെത്തി

“എങ്കിൽ പറയൂ എന്തുകൊണ്ടാണ് ഇത്രമേൽ പ്രണയിച്ചിട്ടും ഇങ്ങനെ നിങ്ങൾ മടുത്തു പോയത്..?”

“നോക്കൂ ‘ജതിൻ’ ഞാൻ നിങ്ങളോട് മിണ്ടാൻ വരുന്നു എന്ന് കരുതി എനിക്കെന്റെ ജീവിതം മടുത്തിട്ടോ ഞങ്ങൾക്കിടയിൽ പ്രണയമില്ലാഞ്ഞിട്ടോ അല്ല, ചിലപ്പോൾ ആരോടെങ്കിലും സംസാരിക്കാൻ തൊന്നും..! അറിയാത്തവരാകുമ്പോൾ ഒക്കെയും തുറന്നുപറയാം നാളെ നമുക്ക് അവർ ഒരു ബാധ്യത ആവില്ല.

നിങ്ങളുടെ എഴുത്തിൽ എനിക്ക് താല്പര്യം തോന്നി അതാണ് സംസാരിക്കാൻ വന്നത് അല്ലാതെ ഓൺ ലൈനിൽ ഒരു ബോയ്ഫ്രണ്ടിനെ തേടി ഇറങ്ങിയതല്ല”

എനിക്ക് നന്നായി ദേഷ്യം വന്ന് തുടങ്ങിയിരുന്നു

“നോക്കൂ പ്രണിതാ.. നിങ്ങൾ ബോയ് ഫ്രണ്ടിനെ തേടിയെന്നോ എന്നെ പ്രണയിക്കുന്നുവെന്നോ അല്ല ചോദിച്ചത്,

ഞാൻ അറിഞ്ഞ സുഹൃത്തുക്കളിൽ പ്രണയിച്ചവരൊന്നും വിവാഹത്തിനപ്പുറം അത് നിലനിർത്താൻ കഴിയാതെ മടുത്തുപോയവരാണ്, അങ്ങനെ മടുക്കാനുള്ള കാരണങ്ങൾ അറിയാൻ തോന്നി അല്ലാതെ വേറെ ഉദ്ദേശങ്ങളൊന്നും എനിക്കില്ല.

പിന്നെ പരിചയപ്പെടാൻ വേണ്ടി മുട്ടി നിൽക്കുന്നവരിൽ എന്നെ ചേർക്കേണ്ട താല്പര്യമുണ്ടെങ്കിൽ പറയാം ഇല്ലെങ്കിൽ നോ പ്രോബ്ലം ”

“ഓ അങ്ങനെ,
ഞങ്ങൾ പ്രണയിച്ചു തന്നെയാണ് വിവാഹം കഴിച്ചത്, നീണ്ട ഇരുപത് വർഷത്തെ ദാമ്പത്യത്തിൽ, പ്രണയമില്ലാതിരുന്നിട്ടില്ല ഇപ്പോഴും അദ്ദേഹം എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു സ്നേഹിക്കുന്നു അതൊന്നും നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.”

“നിങ്ങൾക് അന്നത്തെ പോലെ തീവ്രതയിൽ ഇന്ന് പ്രണയിക്കാൻ സാധിക്കുന്നുണ്ടോ..?? ഇല്ലെന്ന് ഞാൻ പറയും, എന്റെ മനസ്സ്‌ തെറ്റാറില്ല.”

അവന്റെ ചോദ്യങ്ങൾ എന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.

“ഇല്ലെന്ന് വെച്ചോ ‘ജതിൻ’ അതിൽ എനിക്ക് കുഴപ്പമില്ല ഞാനെന്റെ ലൈഫിൽ സന്തോഷവതിയാണ്”

“അപ്പോൾ സമ്മതിച്ചല്ലോ പ്രണയമില്ലെന്ന്‌ ”

അവന്റെ ചിരി എന്നെ ദേഷ്യം പിടിപ്പിച്ചു

വേണ്ടായിരുന്നു, അല്ലെങ്കിൽ തന്നെ സങ്കൽപ്പങ്ങൾ എഴുതി നിറക്കുന്ന എഴുത്തുകാരുടെ ലോകം അറിഞ്ഞിട്ട് തനിക്കെന്ത് കിട്ടാൻ, വായിച്ചു തള്ളിയ പുസ്തകങ്ങളിലൊക്കെ പ്രണയത്തെ പാടിപ്പുകഴ്ത്തിയിരിക്കുന്നു, ഇരുപത് വർഷത്തെ ദാമ്പത്യത്തിൽ എവിടെയാണ് പ്രണയമുണ്ടായിരുന്നത്.

“സാരമില്ല,’പ്രണിത’ പ്രണയിക്കുമ്പോൾ നാമൊക്കെയും സാങ്കല്പിക ലോകത്താണ് യാഥാർഥ്യങ്ങളുടെ തീവ്രതയെ നാം മനപ്പൂർവം അവഗണിക്കും, കാരണം മധുരമൂറുന്ന വാക്കിലും നോക്കിലും പ്രണയത്തിലും മതിമറന്നിരിക്കുന്ന സമയമാണത്”

“ജതിൻ, അങ്ങനെ പ്രണയലോകത്ത് പാറിപ്പറന്നൊന്നും നടന്നില്ല ഞങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ ഞാനും അവനും ഒരുമിച്ചു പഠിച്ചിരുന്നു ‘എം ബി ബി എസ്’ ആദ്യ വർഷം ചേർന്നപ്പോൾ അദ്ദേഹം അവസാന വർഷ വിദ്യാർത്ഥി ഇടയ്ക്കിടെ ഉള്ള കൂടിക്കാഴ്ചകൾ പരസ്പരം ആകർഷിക്കപ്പെട്ടു.. പിന്നീട് അദ്ദേഹം എം ഡി ചെയ്യാൻ അവിടെ തന്നെ വന്നു. ഞാൻ പ്രണയിച്ചു എന്നതിനേക്കാൾ അങ്ങേരുടെ പ്രണയത്തിലേക് എന്നെ ആകർഷിച്ചു എന്ന് പറയാം..

കോഴ്സ് കഴിഞ്ഞപ്പോൾ എൻറെ വീട്ടിൽ വന്ന് കാര്യം അവതരിപ്പിച്ചു, ഒരു പൊട്ടിത്തെറിയും വഴക്കും പ്രതീക്ഷിച്ച എനിക്ക് അവരുടെ സമ്മതം അത്ഭുതമായിരുന്നു എന്നത് സത്യം”

“അപ്പോൾ ഡോക്ടർ ആയ നിങ്ങൾ വീട്ടിലിരിക്കുകയായിരുന്നു ഇത്രയും കാലം അല്ലേ..? കഷ്ടം, ഇവിടെ പഠിച്ചിട്ട് ജോലി കിട്ടാതെ ആയിരങ്ങൾ വെറുതെയിരിക്കുമ്പോൾ ജോലി കയ്യിലുള്ള നിങ്ങൾ വെറുതെ ഇരുന്നു സുഖിക്കുന്നു, വളരെ മോശം”

അവന്റെ വാക്കുകൾ മുള്ളുകൾ പോലെന്നെ കുത്തി നോവിച്ചു

“എനിക്ക് ജോലി ചെയ്യാൻ ഇഷ്ടമാണ് ‘ജതിൻ’ പക്ഷെ അദ്ദേഹം വിട്ടില്ല ഞാൻ ശ്രമിച്ചു നോക്കി, പിന്നെ കുട്ടികൾ ഒക്കെ ആയപ്പോൾ അവരുടെ പിറകെയായി, അവരിപ്പോൾ സ്വന്തമായി കാര്യങ്ങൾ ഒക്കെ ചെയ്യാൻ പ്രാപ്തരായി എനിക്ക് വല്യ ജോലികളും ഇല്ല ഈ മടുപ്പിൽ ഒറ്റക്കാവുന്നുണ്ട്.

എത്ര പഠിച്ചാലും പെണ്ണെന്നും ദുര്ബലയാണ്, അവളുടെ ഇഷ്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ വല്യ വിലയൊന്നും ഇല്ല

പ്രണയിക്കുമ്പോൾ പറയുന്ന മധുരവാചകങ്ങൾ പ്രവർത്തിയിലെത്തുമ്പോൾ കയ്‌പ്പേറുന്ന യാഥാർഥ്യങ്ങളാണ്

എത്ര പ്രണയിച്ചാലും പെണ്ണിന്റെ മനസ്സ്‌ കാണുവാൻ ഒരാണിനും കഴിയാറില്ല
എന്തിനേറെ അവളുടെ മനസ്സ്‌ പൊലിപ്പിച്ചെഴുതുന്ന നിനക്കറിയുമോ യഥാർത്ഥത്തിൽ അവളെന്താണ് ആഗ്രഹിക്കുന്നതെന്ന് അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെയെന്ന്..

ഏറെയൊന്നും അവൾ ആഗ്രഹിക്കില്ല അവനൊന്ന് ചേർത്തുപിടിച്ചാൽ മതിയാകും സങ്കടങ്ങൾ ഒഴുകിത്തീരാൻ, എന്ത് പറ്റിയെടാ.. എന്ന് കണ്ണിൽ നോക്കി ചോദിച്ചാൽ അവളുടെ എല്ലാ പരിഭവങ്ങളും ഉതിർന്നുപോകും എത്ര ദേഷ്യത്തിലായാലും ചേർത്തൊന്നു പിടിച്ചാൽ അവനിലേക് അവൾ ഉരുകി വീഴും. അവൻ മാത്രമാണ് അവളുടെ സ്നേഹം”

“ഇതൊക്കെ നിങ്ങൾ ഭർത്താവിനോട് സംസാരിച്ചിട്ടുണ്ടോ, നിങ്ങളുടെ ഒറ്റപ്പെടൽ അങ്ങേര് അറിഞ്ഞു കാണുമോ, ഒന്ന് തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ”

“നോക്കൂ ജിതിൻ ഒരു കൂരയ്ക്കുള്ളിൽ താമസിക്കുന്ന ഞങ്ങൾ പരസ്പരം പറഞ്ഞിട്ട് വേണോ കാര്യങ്ങൾ അറിയാൻ അദ്ദേഹത്തിന് കാര്യങ്ങൾ അറിയാലോ ഒക്കെയും പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടോ അതാണോ സ്നേഹം”

അതുകേട്ട് അവൻ ഏറെ നേരം ചിരിച്ചു

“പ്രണിതാ..മനുഷ്യരാണ് ദൈവമല്ല, ആണിന്റെയും പെണ്ണിന്റെയും പ്രണയവും അതിന്റെ രീതികളും ഏറെ വ്യത്യസ്‍തമാണ്. എല്ലാം പറയാതെ അറിയാൻ ആർക്ക് പറ്റും, നിങ്ങൾക്ക് ആവാറുണ്ടോ..?

പെണ്ണ് എപ്പോഴും അവന്റെ പ്രകടമായ സ്നേഹത്തെയാണ് നോക്കുന്നത്. അവൻ അവളിൽ മാത്രം ഒതുങ്ങണം തൊട്ടു തലോടി അവളിൽ എപ്പോഴും അവന്റെ സാന്നിധ്യം അറിയിക്കണം അവളെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് എപ്പോഴും ഫീൽ ചെയ്തുകൊണ്ടിരിക്കണം,

ജോലിയൊന്നും ഇല്ലാതെ വീട്ടിൽ സമയം കൊല്ലാനില്ലാതെ ഇരിക്കുന്നവരിൽ അതേറെ പ്രകടമായി ഉണ്ടാകും അവന്റെ ചെറിയ അവഗണയും ശ്രദ്ധക്കുറവും പോലും അവളെ ബാധിക്കുന്നു സ്നേഹമില്ലായ്മ എന്ന് വിലയിരുത്തുന്നു.

പ്രകടമാവാത്ത സ്നേഹം പിശുക്കന്റെ ക്ലാവുപിടിച്ച പാത്രം പോലെ ഉപയോഗശൂന്യമെന്ന ആരോ പറഞ്ഞുപോയ വാക്കുകളാവും അവരുടെ ഉള്ളിൽ.

ഒന്നറിയൂ പ്രണയം ഒരിക്കലും പൂർണ്ണമല്ല
തേടലുകളാണ് അനന്തമായ സ്വപ്നലോകങ്ങൾ താണ്ടി പൂർണതയിലേക്കുള്ള പ്രയാണം.

നിലക്കാത്ത ആഗ്രഹങ്ങളും മോഹങ്ങളും ഉള്ളടുത്തോളം ഒരു പ്രണയവും തൃപ്തിയടയില്ല

ഓരോന്നും ഓരോരുത്തരുടെയും സ്വഭാവ സവിശേഷതകൾ അനുസരിച്ച് വ്യത്യസ്തമാക്കുന്ന ഒന്നാണ് പ്രണയം അതിന് സ്ഥായിയായ ഒരു ഭാവമില്ല.

ചിലപ്പോൾ ഒരുയാത്ര പോകുന്നത്, ഒരു സിനിമക്ക് പോകുന്നത് ഐസ് ക്രീം കഴിക്കാൻ പോകുന്നത്, ഔട്ടിങ്ങിന് പോകുന്നത് ഒന്നിച്ചുള്ള യാത്രകൾ അതിലൊക്കെ പ്രണയമാണ്, എങ്കിലും ഓരോരുത്തരുടെ സ്വഭാവം രീതികൾക്കനുസരിച്ച് ഇവയൊക്കെയും മാറ്റപ്പെടാം

പരസ്പരം സംസാരിച്ചു തീർക്കേണ്ട കാര്യങ്ങൾ മനസിൽ വെച്ച് വലുതാക്കാതെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ മനസ്സുകൾ തമ്മിൽ അകലില്ലാരുന്നു .

ആണൊരുത്തൻ എപ്പോഴും പൊതിഞ്ഞു പിടിച്ചു സ്നേഹിക്കാൻ ആഗ്രഹിക്കില്ല അവന്റെ കരുതലുകളാണ് സ്നേഹം.

അവൾക് വേണ്ടി അവനൊരുക്കുന്ന സൗകര്യങ്ങളിലാണ് സ്നേഹം.

പകലന്തിയോളം അവൾക്കുവേണ്ടി കഷ്ടപ്പെട്ട് അധ്വാനിച്ച് അവളെ നല്ലപോലെ നോക്കുന്നതിലാണ് സ്നേഹം.

ഇതിനിടയിൽ പ്രകടിപ്പിക്കാനോ സ്നേഹിക്കാനോ ഒന്നും അവന് സമയം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. അവനും ഒരു ലോകമുണ്ടാവും

അതൊക്കെ അറിഞ്ഞും മനസ്സിലാക്കിയും അവനെ തന്നോട് ചേർത്തുപിടിക്കുന്നവൾ തോളോട് തോൾചേർന്ന് അവനൊപ്പം നിൽക്കുന്നവൾ അവളാണ് പെണ്ണ്.

അവൾക്കു വേണ്ടി അവൻ ജീവൻ കൊടുക്കും അതാണ് അവന്റെ സ്നേഹം അത് നേടുന്നതിലാണ് പെണ്ണിന്റെ കഴിവ്.

ചില ഇഷ്ടങ്ങൾ അങ്ങനാണ് വാരിക്കോരി നൽകുമ്പോഴും അവ നമുക്ക് സ്വീകാര്യമാകുന്നു എന്ന് തോന്നില്ല, അവർ ഉയിർകൊടുത്തു സ്‌നേഹിക്കുമ്പോൾ തെറ്റിദ്ധാരണകൾ മൂലം നമുക്കതിനെ മനസിലാക്കാൻ കഴിയാറില്ല.

സ്നേഹം എന്നാൽ എന്നും പ്രകടിപ്പിച്ചോണ്ടിരിക്കുന്നതും തുളുമ്പി നിൽക്കുന്നതും ആവണമെന്നില്ല, അത് സഹനങ്ങളാണ്, പരിഗണനകളാണ്, വിഷമങ്ങൾ നമ്മിലെത്താതെ സ്വയമേറ്റുവാങ്ങുന്ന വിങ്ങലുകളാണ്.

പ്രണയിക്കുമ്പോൾ ദേഹവും ദേഹിയുമില്ല അത് പ്രണയം മാത്രമാണ് അതിൽ അലിഞ്ഞു ചേരുമ്പോൾ ആത്മാവുകളുടെ പ്രണയമാകുന്നു
അവിടെ ഭാരം പേറുന്നവരില്ല പ്രണയിക്കുന്നവർ മാത്രം.

പരസ്പരം ഈഗോകളില്ലാതെ തുറന്ന് സംസാരിച്ചു നോക്കൂ പ്രണയം ഒരിക്കലും മരിക്കില്ല, ഒരു പെണ്ണിന്റെ മനസ്സും നൊവേണ്ടിവരില്ല”.

എന്താണെന്നറിയില്ല അവന്റെ വാക്കുകളുടെ തീഷ്ണത എന്നെയും കീഴടക്കിയിരുന്നു,

ഏറെ പ്രണയമുണ്ടായിട്ടും തുറന്നുപറയാതെ ഒതുക്കിയതൊക്കെയും ഒരു ദിവസം പെയ്തൊഴിഞ്ഞപ്പോൾ ഒന്ന് പൊട്ടിത്തെറിച്ചപ്പോൾ നഷ്ടപ്പെട്ടെന്ന് കരുതിയ പ്രണയം അതേ തീഷ്ണതയിൽ തിരിച്ചുകിട്ടുകയും ചെയ്തു..

“പെണ്ണിനെ അറിയുന്ന, അവളുടെ മനസ്സിനെ മനസ്സിലാക്കുന്ന ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ,

അത് ഭർത്താവാകാം സുഹൃത്തുക്കളാവാം അതുമല്ലെങ്കിൽ എന്നെ തേടിയെത്തിയ അജ്ഞാതനായ ഒരാളാകാം നിങ്ങൾക് ഒരിക്കലും പരാജയപ്പെടേണ്ടി വരില്ല ജീവിതത്തിലായാലും ജോലിയിലായാലും”

മെഡിക്കൽ ഓഫിസറായി സ്ഥാനക്കയറ്റം കിട്ടിയ പ്രണിത തന്റെ കഥ പറഞ്ഞു നിറുത്തിയപ്പോൾ സദസ്സിൽ കയ്യടി നിറുത്താതെ മുഴങ്ങുന്നുണ്ടാരുന്നു.

അവളെ തന്നെ നോക്കിയിരിക്കുന്ന ഭർത്താവ് രാജശേഖർ കണ്ണുകൾ നിറഞ്ഞത് ആരും കാണാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

പ്രോഗ്രാം കഴിഞ്ഞിറങ്ങുമ്പോൾ പ്രണിതയുടെ മൊബൈലിൽ ഒരു മെസേജ് വന്നു

അവൾ അതെടുത്തു വായിച്ചു

“ഹായ്,…. നിങ്ങൾ ഇപ്പോഴും പ്രണയത്തിലാണോ”

അവളുടെ മുഖം സന്തോഷത്താൽ വിടർന്നു.
രചന: Samar Prathap

Leave a Reply

Your email address will not be published. Required fields are marked *