രണ്ടാം കെട്ട്…

രചന: സിയാദ് ചിലങ്ക

“ഉമ്മാനോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എനിക്ക് ഇനി കല്യാണം വേണ്ട എന്ന്. ഇത് പോലെ ഞാൻ നിങ്ങളുടെ കൂടെ കഴിഞ്ഞോളാം, ഇനി ഞാൻ നിങ്ങൾക്ക് ഒരു ഭാരമായി തോനുന്നുണ്ടെങ്കിൽ ഞാൻ വല്ല ഹോസ്റ്റലിലും പോയി താമസിച്ചോളാം…”

”മോളെ അവര് നല്ല കൂട്ടരാണ്ന്നാ കേൾക്കുന്നത്, എന്തായാലും അവര് നാളെ നിന്നെ കാണാൻ വരും, കണ്ട് പൊക്കോട്ടെ, ഇനിയെല്ലാം നിന്റെ ഇഷ്ടം.”

ഉമ്മാക്ക് നാദിയോട് നിർബന്ധിക്കാൻ മനസ്സ് അനുവദിച്ചില്ല, ആദ്യത്തെ വിവാഹം അവൾക്ക് ഇഷ്ടമില്ലാതിരുന്നിട്ടും എല്ലാവരും കൂടി നിർബന്ധിച്ചിട്ടാണ് അവളെ കൊണ്ട് സമ്മതിപ്പിച്ചത്.

അന്ന് ചെറുക്കനെ കണ്ടപ്പോൾ തന്നെ അവൾ വേണ്ടാ എന്ന് പറഞ്ഞതാ, അയാൾക്ക് വയസ്സും കൂടുതലായിരുന്നു കാണാൻ നാദിയുമായി ഒട്ടും ചേരുകയും ഇല്ലായിരുന്നു. അവന്റെ ജോലിയും പത്രാസും ഒക്കെ കണ്ട് കെട്ടിച്ച് കൊടുത്തതാണ്. അതിന് ആ കൊച്ച് ഒരു കൊല്ലം ശരിക്കും അനുഭവിച്ചു, സംശയവും ദേഹോപദ്രവും ജീവനോടെ കിട്ടിയത് തന്നെ ഭാഗ്യം.

പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ ചെന്ന് നിൽക്കാൻ അവൾ ഉമ്മ കൊണ്ട് വന്ന് വെച്ച നീല നിറത്തിലുള്ള ചുരിദാർ ധരിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നു.കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു. പതിനെട്ട് വയസ്സിൽ തന്നെ ആദ്യത്തെ വിവാഹം നടത്തിയത് കൊണ്ട് ഇരുപത്തൊന്നാം വയസ്സിൽ വീണ്ടും പെണ്ണ് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി.

മുറ്റത്ത് കാറ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. അവൾ കർട്ടൻ നീക്കി ജനലിലൂടെ പുറത്തേക്ക് നോക്കി. കാറിൽ നിന്ന് മധ്യവയസ്കനായ ഒരാൾ ഇറങ്ങി, ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഒരു ചെറുപ്പക്കാരനും. എക്സിക്യുട്ടീവ് സ്റ്റൈലിൽ വസ്ത്രം ധരിച്ച ഒരു ജന്റിൽമാൻ.മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ അവൾ ഒന്ന് ഞെട്ടിപ്പോയി..

“പടച്ചോനെ….. ” സലിക്ക “…

ആദ്യവിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ആദ്യമായി പോയ ചടങ്ങ് അദ്ദേഹത്തിന്റെ വീടിന് തൊട്ട് അയൽപക്കത്തുള്ള ഉള്ള പെൺകുട്ടി നസിയുടെ നിശ്ചയത്തിനാണ്.

അന്നാണ് ആദ്യമായി അവളെ കെട്ടാൻ പോകുന്ന സലിക്കയെ ആദ്യമായി കാണുന്നത്. എല്ലാവരോടും വളരെ നല്ല രീതിയിൽ സൗഹൃദമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സലിക്കയെ എല്ലാ വർക്കും ഇഷ്ടം ആയിരുന്നു.

നസിയെ സലിക്ക പൊന്ന് പോലെയാണ് നോക്കിയിരുന്നത്. സത്യം പറഞ്ഞാൽ പലപ്പോഴും നസിയോട് അസൂയ തോന്നാറുണ്ട് ഇത്രയും സൗമ്യനായ ഒരു ഭർത്താവിനെ അവൾക്ക് കിട്ടിയതോർത്ത്.

പക്ഷെ കാര്യങ്ങളെല്ലാം പെട്ടെന്നാണ് മാറി മറഞ്ഞത്. സലിക്ക ഗൾഫിലായിരുന്ന സമയത്ത്, നസിയുടെ സ്കൂളിൽ റീയൂണിയൻ നടന്നതും,സ്കൂളിൽ പഠിക്കുമ്പോൾ അന്ന് പിറകെ നടന്ന ഒരുത്തൻ അവളോട് വീണ്ടും പ്രണയം അഭ്യർത്ഥിച്ചതും.

സലിക്ക ഗൾഫിലേക്ക് പോകുമ്പോൾ
നസി ഗർഭിണിയായ സന്തോഷം മനസ്സിൽ പേറി ആണ്. പക്ഷെ അവൾ കാമുകന് വേണ്ടി ആ കുഞ്ഞിനെ വയറ്റിൽ വെച്ച് തന്നെ നശിപ്പിച്ചു. ഉള്ള സ്വർണ്ണവും കാശും എല്ലാം കൊണ്ട് അവൾ അവന്റെ കൂടെ പോയി. അവൻ ഒരു ഫ്രോഡ് ആയിരുന്നു.കുറച്ച് നാളുകൾ കഴിഞ്ഞ് പോലീസുകാർ അവളുടെ വീട്ടിൽ വന്ന് പറഞ്ഞപ്പോഴാണ് മോർച്ചറിയിൽ കിടക്കുന്ന അജ്ഞാത ജഡം നസിയുടെ യാണ് എന്ന് നാട്ട്കാർ അറിഞ്ഞത്.

ആ സംഭവത്തിന് ശേഷമാണ് തനിക്ക് ആദ്യ ഭർത്താവിന്റെ ഉപദ്രവം കൂടിയത് എല്ലാ പെണ്ണുങ്ങളും നസിയുടെ പോലെ ആണ് എന്നാണ് അങ്ങേര് പറയുന്നത്.

ഉമ്മ വന്ന് വാതിലിൽ മുട്ടിയപ്പോൾ ആണ് ചിന്തയിൽ നിന്ന് ഉണർന്നത്.

“മോളെ വന്നത് ആരാണെന്നറിയൊ മോള് അറിയും ചെക്കനെ, ഇവിടെ വന്നപ്പോഴാണ് അവർക്കും നീയാണ് പെണ്ണ് എന്ന് മനസ്സിലായത്…”

* * * * * * * * * * *

പ്രസവത്തിന് ഹോസ്പിറ്റലിലേക്ക് അഡ്മിറ്റാകാൻ വരാൻ പറഞ്ഞ ദിവസത്തിന് ഒരാഴ്ച മുമ്പ് തന്നെ സലിക്ക നാട്ടിൽ എത്തി…

നാദിയുടെ നിറവയർ ചുംബിച്ച് കൊണ്ട് അവൻ ചോദിച്ചു…

” നാദി ഞാൻ ഒരു കാര്യം പറയട്ടെ… നിനക്ക് മനസ്സില് ഒന്നും തോന്നരുത് നിന്നോട് എനിക്ക് ഒന്നും മൂടിവെക്കാൻ ഇല്ല ”

” പറയു ഇക്ക.. ഇങ്ങള് ബെർതെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലെ….. ”

” വേറെ ഒന്നുമല്ല അവളുടെ കാര്യം ഓർക്കാൻ എനിക്ക് ഒട്ടും താൽപര്യം ഇല്ല… അന്ന് അവൾ ഗർഭിണിയായപ്പോൾ ഞാൻ മനസ് കൊണ്ട് ആഗ്രഹിച്ചിരുന്നു, എനിക്ക് പെൺകുട്ടിയാണെങ്കിൽ ” ഇശൽ ” എന്ന് പേരിടാൻ.. നമുക്ക് ഇത് ഒരു പെൺകുട്ടി തന്നെ ആയിരിക്കും നിനക്ക് സമ്മതമാണെങ്കിൽ നമ്മുടെ മോളെ “ഇശൽ എന്ന് വിളിക്കട്ടെ?.. നിനക്ക് സമ്മതമാണെങ്കിൽ മാത്രം മതീ ട്ടൊ…”

അദ്ദേഹത്തിന്റെ കണ്ണുകൾ ചെറുതായി ഈറനണിയുന്നത് അവൾ കണ്ടു..

“ഇക്കാ ഇങ്ങോട്ട് അടുത്ത് വന്നെ…. ആ ചെവി ഇങ്ങോട്ട് തന്നെ…. ”

നാദി മെല്ലെ അവന്റെ കാതിൽ കടിച്ച് കൊണ്ട് പറഞ്ഞു…..

” നൂറ് അല്ല പതിനായിരം വട്ടം സമ്മതം…”

രചന: സിയാദ് ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *