രാമേട്ടൻ അത് പറയുമ്പോൾ അവിടെ കൂടി നിന്നവരെല്ലാം എന്നെ നോക്കുന്നുണ്ടായിരുന്നു…

രചന: Maya Shenthil Kumar

“എന്റെ ശിവനെ ഇനി എന്തൊക്കെ കാണണം ”
രാമേട്ടൻ അത് പറയുമ്പോൾ അവിടെ കൂടി നിന്നവരെല്ലാം എന്നെ നോക്കുന്നുണ്ടായിരുന്നു… ചമ്മലോടെയും പരിഭ്രമത്തോടെയും ഞാൻ ഒന്നുടെ കേശവനോട് ചേർന്നു നിന്നു..
കഴിഞ്ഞ വർഷം വരെ ഉത്സവത്തിനു ഈ അമ്പലനടയിൽ ഞാനും ഉണ്ടായിരുന്നു കൂട്ടുകാരികളുടെ കൂടെ കടലയും കൊറിച്ചുകൊണ്ട്… വർണ്ണങ്ങൾ മാറി മറയുന്ന കുടമാറ്റത്തെ അതിശയത്തോടെ നോക്കികൊണ്ട്… ആകാശത്തു വർണങ്ങൾ തീർക്കുന്ന വെടിക്കെട്ട്‌ കണ്ട് അധ്ഭുതത്തോടെ..

ഉത്സവം കഴിഞ്ഞു ആന ഭഗവാനെ തൊഴുതിറങ്ങിയാൽ പിന്നെ എല്ലാം മറന്നു ആലിന്റെ അടുത്തേക്ക് ഒരോട്ടമാണ്.. അവിടെയാണ് അച്ഛനും രണ്ടാം പാപ്പൻ രാഘവേട്ടനും കൂടെ കേശവന്റെ ചമയങ്ങൾ അഴിയ്ക്കുന്നത്… ഉത്സവഎഴുന്നള്ളത്തിന്റെ നാലും അഞ്ചും മണിക്കൂർ കഴിഞ്ഞുള്ള കേശവന്റെ വിശപ്പു മാറ്റാൻ ഞാൻ ആദ്യം പഴം കൊടുക്കണം അല്ലെങ്കിൽ കേശവനെ എന്തെങ്കിലും കഴിപ്പിക്കാൻ അച്ഛൻ പാടുപെടേണ്ടി വരുമെന്ന് രാഘവേട്ടൻ പറയാറുണ്ട്… ഞാൻ ജനിച്ച കൊല്ലം തന്നെയാണ് അച്ഛൻ കേശവന്റെ പാപ്പാനാകുന്നത്… അന്നുതൊട്ട് അച്ഛന് എന്നോടും അവനോടും ഒരേ സ്നേഹമാണ്… ഓർമ വച്ച നാൾ മുതൽ ഞാനും അവനും കൂട്ടാണ്..
അച്ഛന്റെ അസുഖവും പെട്ടന്നുള്ള മരണവും എനിക്കും അമ്മയ്ക്കും ഉൾക്കൊള്ളാൻ പറ്റാത്തതായിരുന്നു…
വീട്ടിലെ പാപ്പാന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങളെ, എന്റെ അമ്മയെ തറവാടികളായ ആങ്ങളമാർക്കും കുടുംബക്കാർക്കും വേണ്ടായിരുന്നു.. അച്ഛൻ മരിച്ചിട്ടും ആരും ഞങ്ങളെ അന്വേഷിച്ചു വന്നതുമില്ല.. തനിച്ചായപ്പോൾ അമ്മയും ആകെ തകർന്നു. പട്ടിണിയുടെ രുചി അറിയാൻ തുടങ്ങിയപ്പോഴാണ് കേശവന്റെ ഉടമസ്ഥൻ പത്മനാഭൻ മുതലാളി ഞങ്ങളെ കാണാൻ വന്നത്… ഞങ്ങൾ പോയതിൽ പിന്നെ ഒന്നും കഴിക്കുന്നില്ലെന്നും പുതിയ പാപ്പാനുമായി ഇണങ്ങുന്നില്ലെന്നും…ഞങ്ങളുടെ സങ്കടങ്ങളുടെ ഇടയിൽ ഞാൻ കേശവനെ മറന്നു തുടങ്ങിയിരുന്നു.. അച്ഛനില്ലാതെ അവനെ മാത്രം കാണാനുള്ള ശക്തിയും ഇല്ലായിരുന്നു…
എന്നെ കണ്ടതും തലയാട്ടി തുമ്പിക്കൈ നീട്ടി എന്നെ തൊട്ടു.. അവന്റെ തുമ്പികൈയിൽ വീണ് എത്രനേരം കരഞ്ഞെന്നറിയില്ല…

പക്ഷെ അവിടെയെത്തിയപ്പോ മനസ്സിന്റെ ഭാരം പകുതി കുറഞ്ഞപോലെ… ആര് കൊടുത്തിട്ടും ഒന്നും കഴിക്കാതിരുന്ന അവന് മുന്നിലേക്ക്‌ പഴം വച്ചു നീട്ടുമ്പോൾ എല്ലാം മനസ്സിലായപോലെ അവന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
അന്ന് കെട്ടിയ വേഷമാണ് കേശവന്റെ പാപ്പാനായിട്ട്…

അന്നുതൊട്ട് ഇന്ന് വരെ ചേർത്തുനിർത്തിയവരെക്കാൾ കൂടുതൽ പരിഹസിച്ചവരാണ്… വെറുമൊരു പെണ്ണായ നീ ഇതിനെ എന്ത് ചെയ്യും എന്ന് ചോദിച്ചവരുടെ മുന്നിലൂടെ അനുസരണയോടെ എനിക്ക് പിന്നാലെ നടക്കുന്ന കേശവനെ കാണിച്ചു പറയാതെ പറഞ്ഞിട്ടുണ്ട് ആണിന്റേയോ പെണ്ണിന്റേയോ ശക്തിയേക്കാളും വലുതാണ് സ്നേഹത്തിന്റെ ശക്തിയെന്ന്… അങ്ങനെ അവന്റെ കൂടെ തല ഉയർത്തിതന്നെയാണ് നടന്നിട്ടുള്ളതും…
എന്നിട്ടും ഇന്ന് എല്ലാരുടെയും നോട്ടത്തിനു മുന്നിൽ ചൂളിപ്പോകുന്നപോലെ… രാഘവേട്ടന്റെ സഹായത്തോടെ കേശവനെ അണിയിച്ചൊരുക്കാൻ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവൻ നിന്നുതരുന്നത് എല്ലാവരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു… പിന്നെയുള്ള ഉത്സവത്തിന്റെ ഏഴു ദിവസങ്ങൾകൊണ്ട് മറ്റുള്ള പാപ്പാന്മാർക്കു ഞങ്ങൾ പ്രിയപ്പെട്ടവരായി പ്രത്യേകിച്ച് രാമേട്ടന്… പിന്നെ അവനെ എഴുന്നള്ളിക്കുന്നത് എനിക്ക് അഭിമാനമായി…
* * * * * * * * *
രണ്ടു വർഷങ്ങൾക്കിപ്പുറം കെട്ടുമേളം മുറുകുമ്പോഴും, എന്റെ കഴുത്തിലേക്ക് താലി വീഴുമ്പോഴും എന്റെയുള്ളിൽ ആധിയായിരുന്നു കേശവനെ കുറിച്ചോർത്തു… ഇനിയൊരിക്കലും പഴയപോലെ ആവാൻ പറ്റില്ലല്ലോ എന്നോർത്തപ്പോ നെഞ്ചിലൊരു കത്തികൊണ്ട് കുത്തുന്ന പോലത്തെ വേദന…

“എന്റെ കൂടെ ഒരിടം വരെ വരുമോ” ഹരിയേട്ടനോടത്തു ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
ഇപ്പോഴോ??
പെട്ടെന്ന് തിരിച്ചു വരാം എന്ന് പറഞ്ഞ് ഏട്ടനേയും കൂട്ടി കേശവന്റെ അടുത്തെതിയപ്പോൾ
അവൻ സന്തോഷം കൊണ്ട് തലയാട്ടുന്നുണ്ടായിരുന്നു എന്റെയും ഹരിയേട്ടന്റെയും തലയിൽ തുമ്പികൈ വച്ചു അനുഗ്രഹിക്കുമ്പോൾ അച്ഛന്റെ മണമുണ്ടായിരുന്നു അവിടത്തെ കാറ്റിന്… പുതിയ പാപ്പാനെ അനുസരിക്കണമെന്നും കുറുമ്പുകാട്ടരുതെന്നും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ പിറകെ വാരനാവാം അവന്റെ ചങ്ങകൾ വല്ലാതെ കിലുങ്ങുന്നുണ്ടായിരുന്നു..

* * * * * * *
മോളെ നീയിതെങ്ങോട്ടാ ഈ വയറും വച്ചോണ്ട്…
പിന്നിൽ നിന്നും അമ്മ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും പറയാൻ കഴിയാതെ നിറഞ്ഞ വയറും താങ്ങിപ്പിടിച്ചു ഞാൻ ഓടിയെത്തുമ്പോഴേക്കും പത്മനാഭൻ മുതലാളിയുടെ മുറ്റം മുഴുവൻ ആൾക്കൂട്ടമായിരുന്നു… ദൂരെ നിന്നും കേൾക്കാം കേശവന്റെ
ചിന്നംവിളി.. ഓടിയെത്തുമ്പോഴേക്കും പാപ്പാനെ കൊന്ന ആനയ്ക്കുമുന്നിൽ തോക്കുമായി ഉന്നം പിടിച്ചു ഒരാൾ…

ചങ്ങല കൊണ്ട് ബന്ധിച്ച കേശവൻ ഇതുവരെ കാണാത്ത ഉഗ്രഭാവത്തിൽ… അതു കണ്ട് മനസ്സൊന്നു പതറിയെങ്കിലും തോക്ക് തട്ടി മാറ്റി അവനടുത്തേക്കു പോകുമ്പോൾ പെട്ടെന്ന് ധൈര്യം ഇരട്ടിച്ചു…

അങ്ങോട്ടുപോവല്ലേയെന്നു ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു… അനുസരണയില്ലാത്ത അവന്റെ തൊട്ടരികിൽ ചെന്നപ്പോൾ തുമ്പിക്കൈ നീട്ടി അവനെന്നെ തൊട്ടു.. അടുത്തനിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ അവന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അവിടെ മദപ്പാടായിരുന്നില്ല… നിസ്സഹായതയായിരുന്നു… അവന്റെ ദേഹത്തു തൊട്ടപ്പോഴാണ് ചങ്ങലകൾ മുറുകി പൊട്ടിയ കാലുകൾ കണ്ടത്… അവനോടു ചേർന്നു നിന്നപ്പോഴാണ് തോട്ടി കുത്തിയിറക്കി പഴുത്തു നീറുന്ന കൂടുതൽ മുറിവുകൾ കണ്ടത്..
അവന്റെ ഒരു തുമ്പികൈ അകലത്തിൽ അവൻ ചുരുട്ടിയെറിഞ്ഞ രണ്ടാം പാപ്പൻ ജീവന് വേണ്ടി മല്ലിടുന്നുണ്ടായിരുന്നു… അവൻ തുമ്പിക്കൈ ഉയർത്തി വീണ്ടും അയാൾക്ക്‌ നേരെ തിരിഞ്ഞു… ഒപ്പം ഒരു വലിയ വെടിയൊച്ചയും… വേദന കൊണ്ട് പിടഞ്ഞ കേശവൻ പതിയെ നിലത്തുകിടന്നു… തുമ്പിക്കൈ എന്റെ നേർക്കു നീട്ടി… പതിയെ കണ്ണുകൾ അടച്ചു…

രചന: Maya Shenthil Kumar

Leave a Reply

Your email address will not be published. Required fields are marked *