വർഷം 3 ആയില്ലേ തന്റെ പിന്നാലെ ഉള്ള നടത്തം തുടങ്ങിയിട്ട്…

രചന: Vibin KV Velayudhan

വർഷം 3 ആയില്ലേ തന്റെ പിന്നാലെ ഉള്ള നടത്തം തുടങ്ങിയിട്ട്…”ഡോ താൻ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടോ, വർഷം 3 ആയില്ലേ തന്റെ പിന്നാലെ ഉള്ള നടത്തം തുടങ്ങിയിട്ട്. ഇനിയെങ്കിലും ഒന്ന് ഇഷ്ട്ടമാണ് എന്ന് പറഞ്ഞുകൂടെ” “തന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ വീട്ടുകാരെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല എന്ന്. എന്നെ വെറുതെ വിട്ടുകൂടെ എനിക്ക് പഠിക്കണം ഞാൻ പോകുന്നു, എന്റെ പിറകെ വരരുത് പ്ലീസ്.” അവൾ പോകുന്നതും നോക്കി ഒരു ചെറിയ വിഷമത്തോടെ ഞാൻ അവിടെ നിന്നു. ഞാൻ സിബിൻ, എന്താണ് ജോലി എന്ന് ചോദിച്ചാൽ, ഒരു കൂലി പണിക്കാരൻ ആണ്. മാന്യമായ എന്ത് പണിയും ചെയ്യും.

ആ പോയത് എന്റെ ജീവൻ ആണ് ആതിര അതാണ് അവളുടെ പേര്. നേഴ്സിംഗ് പഠിക്കുകയാണ്. ഞാൻ ഡിഗ്രി പഠിക്കുമ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്. പ്ലസ്1 പഠിക്കുന്ന സമയത്ത് ആണ് അത്. അവൾക്ക് 18 വയസ്സ് ആകുന്നത് വരെ ഞാൻ കാത്തിരുന്നു അവളോട് ഇഷ്ട്ടമാണ് എന്ന് പറയാൻ. അവൾക്ക് അറിയാമായിരുന്നു അവളെ എനിക്ക് ഇഷ്ട്ടമാണ് എന്ന്. കഴിഞ്ഞ 3 കൊല്ലമായി ഞാൻ അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു. അവൾക്ക് 18 വയസ്സ് തികഞ്ഞ അന്ന് തന്നെ ഞാൻ അവളോട് എന്റെ ഇഷ്ട്ടം പറഞ്ഞു.

അമ്പലത്തിൽ പോയി അവളുടെ പേരിൽ ഒരു പുഷ്പാഞ്ജലി കഴിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആണ് എന്റെ പിറകിൽ അവൾ നിൽക്കുന്നത് ഞാൻ കണ്ടത്. ” ചേട്ടൻ അവിടെ ഒന്ന് നിന്നേ, ചേട്ടൻ എന്തിനാ എന്റെ പേരിൽ വഴിപാട് നടത്തിയത്”. ആതിര ചിരിച്ചു കൊണ്ടാണ് അന്ന് എന്നോട് ചോദിച്ചത്. “ആതിര തൊഴുതിട്ട് വരു ഞാൻ പുറത്ത് വണ്ടിയുടെ ഉണ്ടാകും.” എന്നും പറഞ്ഞു ഞാൻ നടന്നു. കൂട്ടുകാരന്റെ ഓട്ടോ അവൻ എടുക്കാത്ത സമയങ്ങളിൽ ഞാൻ ആണ് ഓടിച്ചിരുന്നത് അവളെയും കാത്ത് ഞാൻ അവിടെ ഓട്ടോയിൽ ഇരുന്നു. ഇടക്ക് അവളും കയറാറുണ്ടായിരുന്നു അതിൽ.

“ചേട്ടൻ എന്തിനാ പുറത്ത് വരാൻ പറഞ്ഞത്, വേഗം പറയു എനിക്ക് കുറച്ചു തിരക്കുണ്ട്” “ആതിരക്ക് അറിയാലോ എനിക്ക് അങ്ങിനെ പറയാൻ പറ്റിയ ഒരു ജോലി ഒന്നുമില്ല. എല്ലാ ജോലിയും ചെയ്യും” ഞാൻ എങ്ങിനെ ആണ് പറയേണ്ടത് എന്ന് അറിയാതെ കിടന്ന് എന്തൊക്കയോ പറയാൻ ശ്രമിച്ചു. “ഇയാൾക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ പറയു” ചിരിച്ചു കൊണ്ടുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി എന്നും കരുതിയാണ് പിന്നെ ഞാൻ അവളോട് അത് പറഞ്ഞത്. ” ആതിരയെ എനിക്ക് ഇഷ്ട്ടമാണ്. ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി.” അവളുടെ മറുപടി എന്നെ വീണ്ടും ചിന്താ കുഴപ്പത്തിൽ ആണ് ആക്കിയത്. ” നമുക്ക് നടന്നാലോ ചേട്ട.”

“ഓട്ടോയിൽ കൊണ്ടാക്കാം ഞാൻ” ഞാൻ പറഞ്ഞു. ” വേണ്ട ചേട്ട, പിന്നെ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അതാണ് നമുക്ക് നടക്കാം എന്ന് പറഞ്ഞത്”. അങ്ങിനെ ഓട്ടോ അവിടെ ഇട്ട് ഞങ്ങൾ നടന്നു. ഒന്നും മിണ്ടാതെ ആയപ്പോൾ ഞാൻ ചോദിച്ചു “എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിട്ട്”. ” ആ! പറയാം. പക്ഷേ ചേട്ടൻ ഇടക്ക് കയറി ഒന്നും ചോദിക്കരുത്.” ഒന്നും ചോദിക്കില്ല എന്ന എന്റെ മറുപടിയിൽ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. “എനിക്ക് അറിയാമായിരുന്നു ചേട്ടന് എന്നെ ഇഷ്ട്ടമാണ് എന്ന്. ഈ 3 വർഷത്തിനിടയിൽ ഞാൻ ഒരുപാട് ദിവസം ചേട്ടൻ ഇന്ന് ഈ പറഞ്ഞത് പറയാൻ വരുമെന്ന് കരുതിയിരുന്നു. ചിലപ്പോൾ 2 കൊല്ലം മുമ്പ് പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ ഞാനും …….., ഇപ്പോൾ എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അതിന് മുന്നിൽ വേറെ തടസം വരാൻ ഞാൻ ഇടകൊടുക്കില്ല. ചേട്ടൻ ഒരു കാര്യം ചെയ്യ് ,എന്റെ വീട്ടിൽ വന്ന് ചോദിക്ക് അവർ സമ്മതിച്ചാൽ എനിക്ക് കുഴപ്പമില്ല.”

“അത് എങ്ങിനെ ആടോ ഒരു പണിയും ഇല്ലാത്ത ഞാൻ തന്റെ വീട്ടിൽ വന്ന് ഇപ്പോൾ പെണ്ണ് ചോദിക്കുന്നത്” അന്ന് അവൾ പിന്നെ ഒരു വാക്ക് പോലും പറയാതെ പോയിട്ട് ഇന്ന് 3 വർഷം ആയി. അവളോട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ട് 3ആം വാർഷികം, അവളുടെ 21ആം പിറന്നാൾ. അമ്പലത്തിൽ തൊഴാൻ വന്നപ്പോൾ ആണ് അവളോട് ഞാൻ അത് ചോദിച്ചത്. രാവിലെ മൊബൈലിൽ ഉള്ള ബെൽ കേട്ടാണ് ഞാൻ ഉണർന്നത്. അവൾ ആയിരുന്നു, അവൾക്ക് എന്നെ ഒന്ന് കാണണം എന്ന്. അവൾ പറഞ്ഞ സമയത്ത് ഞാൻ അമ്പലത്തിൽ ചെന്നു, ഞങ്ങൾ രണ്ടാളും ഒരുമിച്ച് തന്നെ തൊഴുത് പുറത്തിറങ്ങി. അവളെ കാണാൻ പോകുമ്പോൾ ഞാൻ ഇപ്പോൾ വണ്ടി എടുക്കാറില്ല, ഇത്രയും നാളിനിടയിൽ അവൾ എന്നോട് ഇഷ്ട്ടമാണ് എന്നോ അല്ല എന്നോ പറഞ്ഞിട്ടില്ല. എങ്കിലും ഞങ്ങൾ ഒരുമിച്ച് നടന്ന് സംസാരിച്ചുകൊണ്ട് ആണ് അമ്പലത്തിൽ നിന്ന് പുറത്ത് പോകാറുള്ളത്. “ഇയാൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞല്ലേ എന്നെ വിളിച്ചത്, എന്നിട്ട് എന്താണ് ഒന്നും പറയാത്തത്.”

“എനിക്ക്,..എനിക്ക് ചേട്ടനെ ഇഷ്ടമായിരുന്നു. പക്ഷേ വീട്ടുകാർ അവരെ വിഷമിപ്പിച്ച് എനിക്ക് ഒന്നും നേടേണ്ട.” അവളുടെ ശബ്ദതമിടറികൊണ്ടാണ് അവൾ ഓരോ വാക്കും പറഞ്ഞിരുന്നത്. “എനിക്ക് ഒരു ആലോചന വന്നിട്ടുണ്ട്. അത് മിക്കവാറും നടക്കാൻ സാധ്യത ഉണ്ട്.” “എവിടെ നിന്നാണ് ആലോചന? ആൾക്ക് എന്താണ് ജോലി?” അങ്ങിനെ ഒരുപാട് ചോദ്യങ്ങൾ ഞാൻ അവളോട് ചോദിച്ചു. “ഞാൻ അന്നേ പറഞ്ഞത് അല്ലേ ചേട്ടനോട്, എന്റെ വീട്ടിൽ വന്ന് ചോദിക്കാൻ, അപ്പോ ചേട്ടന് ഈഗോ ജോലി ഇല്ല എന്ന്. ഇപ്പോൾ എനിക്ക് വന്ന ആലോചനയും അങ്ങിനെ തന്നെ ആണ് ഓട്ടോ ഓടിക്കുന്നു. പിന്നെ ഒരു PSC റാങ്ക് ലിസ്റ്റിൽ ഉണ്ട് എന്ന് പറയുന്നുണ്ട്.” ” ഞാൻ അന്ന് ഇഷ്ടമായിരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിൽ എനിക്ക് ഇപ്പോൾ ഒരു പേര് ആയേനെ അല്ലേ തേപ്പ്കാരി. ഞാൻ പോട്ടെ അവർ ഇന്ന് പെണ്ണ് കാണാൻ വരും എന്നാണ് പറഞ്ഞത്”. അതും പറഞ്ഞ് അവൾ പോയി.

ഞാൻ അവിടെ നിന്നും പോകാൻ നിന്നപ്പോൾ ആണ് എന്റെ കൂട്ടുകാരെ ഞാൻ കണ്ടത്. അവർ എന്നോട് അവൾ തേച്ചല്ലേ എന്ന് ചോദിച്ചപ്പോൾ അവരോട് ഞാൻ പറഞ്ഞു ” പത്ത് പതിനെട്ട് വയസ്സു വരെ നോക്കിയവരെ തള്ളി കളയാൻ കഴിയാതെ ഇത്രയും നാൾ എന്നോട് അവൾ അവളുടെ ഇഷ്ട്ടം പറയാതെ നടന്നിരുന്നത് ഈ തേപ്പ്കാരി എന്ന പേര് കിട്ടാതിരിക്കാൻ ആണ്. പിന്നെ ഇഷ്ടമല്ല എന്ന് 100 തവണ പറഞ്ഞിട്ടും രക്ഷയില്ലാത്ത അവസാനം ഇഷ്ട്ടമാണ് എന്ന് സമ്മതിച്ചവർ ആണ്, അവസാനം വീട്ടുകാർ ആലോചിച്ച കല്യാണത്തിന് സമ്മതിച്ച തേപ്പുകാരികളിൽ അധികവും.”

“എന്നാ ഞാൻ പോട്ടെ ഇന്ന് എനിക്ക് ഒരു പെണ്ണ് കാണൽ ഉണ്ട്”. എന്ന് പറഞ്ഞതും അവർ എല്ലാവരും കൂടി എന്നെ പൊതിഞ്ഞു. നീ അവളെ അല്ലേ കാണാൻ പോകുന്നത് എന്നും ചോദിച്ച്. അപ്പോഴാണ് അവർക്കും അവൾക്കും അറിയാത്ത ഒരു കാര്യം അവരോട് പറയുന്നത്. “അന്ന് അവളോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് വീട്ടിൽ പോയി ചോദിക്കാൻ ആണ് പറഞ്ഞത്. അതിനെ പറ്റി ആലോചിച്ചു ഒരു മാസം ആണ് ഞാൻ പണിക്ക് പോകാതെയും മറ്റും കളഞ്ഞത്. അങ്ങിനെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ചേട്ടൻ എന്നോട് കാര്യം ചോദിച്ചു. ഞാൻ ചേട്ടനോട് അവൾ പറഞ്ഞ കാര്യം ഞാൻ പറഞ്ഞു, അതിന് വേണ്ടി ഞാൻ മനപൂർവ്വം എഴുതാതിരുന്ന ആ ഡിഗ്രി പേപ്പർ ഞാൻ കംപ്ലീറ്റ് ചെയ്യാനുള്ള ശ്രമത്തിൽ ആണ് ഈ മാസം പുറത്ത് പോകാതെ ഇരുന്ന് പഠിക്കുകയായിരുന്നു എന്നും പറഞ്ഞപ്പോൾ ചേട്ടൻ ആണ് അവളുടെ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞത്.

അവളോട് ഇഷ്ട്ടം പറഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ ആണ് ഞാൻ അവളുടെ അച്ഛനെ കാണാൻ പോയത്. അതിന് മുമ്പ് ഡിഗ്രി ഞാൻ കംപ്ലീറ്റ് ആക്കിയിരുന്നു. അവളുടെ അച്ഛനോട് സംസാരിച്ചപ്പോൾ അവളുടെ അച്ഛൻ എന്നോട് ചോദിച്ചത് “മോനെ, ഒരച്ഛനും സഹിക്കാൻ കഴിയുന്നത് അല്ല മോൻ ഇപ്പോൾ വന്ന് പറഞ്ഞത്. ഞാൻ അവളുടെ അമ്മോയോട് ചോദിച്ചിരുന്നു അവളുടെ മുഖമെന്താ വല്ലാതെ ഇരിക്കുന്നത് എന്ന്. 6 മാസം ആയില്ലേ അവളോട് പറഞ്ഞിട്ട്, അന്ന് പ്രസരിപ്പോടെ നടന്നവൾ കുറച്ചു നാൾ ആയി വാടി കൊഴിഞ്ഞു നടക്കാൻ തുടങ്ങിയിട്ട്, നീ ഇത്രയും നാൾ വരാതിരുന്നത് അവളുടെ ആ മൂഡോഫിന് കാരണം. അച്ഛനമ്മമാരോട് ഇത്ര സ്നേഹമുള്ള മകളുടെ ഇഷ്ട്ടം കാണാതിരിക്കുന്നത് ശരിയല്ല, അത് അവൾ ഞങ്ങൾക്ക് തന്ന ആ വിശ്വാസം തിരികെ ഞങ്ങൾ കൊടുക്കാതിരിക്കുന്നത് പോലെ ആകും. പക്ഷേ ഒരച്ഛൻ എന്ന നിലയിൽ നോക്കുമ്പോൾ ഒരു പണിയും ഇല്ലാതെ നടക്കുന്ന നിനക്ക് എന്ത് വിശ്വസിച്ച് ആണ് ഞങ്ങൾ അവളെ കൈ പിടിച്ചു തരിക.” ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം ഞാൻ അവരോട് ചോദിച്ചു “ഒരു 3 വർഷത്തെ സമയം എനിക്ക് തരുമോ, ആതിരയുടെ ക്ലാസ് പഠിപ്പ് കഴിയുന്നത് വരെ മാത്രം. അതിനുള്ളിൽ എനിക്ക് പറയാവുന്ന ഒരു ജോലി ഞാൻ ശരിയാക്കാം എന്നിട്ട് എന്റെ വീട്ടുകാരെയും കൊണ്ട് ഞാൻ വരാം. ഒരു 3 വർഷം മാത്രം”. അതും പറഞ്ഞ് ഞാൻ കൂട്ടുകാരെ നോക്കി. “എന്നിട്ട് എന്തായി, നിനക്ക് എന്ത് ജോലി ആണ് റെഡി ആയത്” അവരുടെ കോറസ് പോലെ ഉള്ള ചോദ്യം ആയിരുന്നു. “നമ്മൾ എല്ലാവരും കൂടി ഒരു PSC EXAM അപ്പ്ലിക്കേഷൻ അയച്ചത് ഒർമ്മ ഉണ്ടോ,” എന്ന് അവരോട് ഞാൻ ചോദിച്ചു അതിന്റെ ടെസ്റ്റിന് ഞാൻ പോയില്ലല്ലോ എന്ന് അവർ എന്നോട് തിരികെ ചോദിച്ചു. ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു “പോകുന്നില്ല എന്നാണ് കരുതിയത് അവളുടെ അടുത്ത് സംസാരിച്ചതിന്റെ പിന്നാലെ ആയിരുന്നു ആ ടെസ്റ്റ് വന്നത് അതുകൊണ്ട് ആ ടെസ്റ്റ് വാശിയോടെ എഴുതി. അതിന്റെ റാങ്ക് ലിസ്റ്റ് വരാനും മറ്റു പ്രോസ്സസുകൾ കഴിയാനും ഏതാണ്ട് 3 വർഷം എടുത്തു.” “ഇന്ന് അവളുടെ അച്ഛനോട് ഞാൻ ചോദിച്ച ആ സമയപരിധി തീരുകയാണ്. അവളുടെ അച്ഛനോട് ഞാൻ ഇതിനെ പറ്റി പറഞ്ഞപ്പോൾ ആൾ തന്നെയാണ് ഇന്ന് തന്നെ വരാൻ പറഞ്ഞത്.” “എന്നിട്ട് ജോലി എന്താണ് എന്ന് നീ ഇതുവരെ പറഞ്ഞില്ലല്ലോ” “അതൊക്കെ പറയാൻ വേണ്ടി ആണ് ഇന്ന് രാത്രി നിങ്ങളെ കാണണം എന്ന് ഞാനും ചേട്ടനും കൂടി ആലോചിച്ചിട്ട് ചേട്ടൻ നിങ്ങളെ വിളിച്ചത്. നാളെ ഞാൻ പോകുന്നു, എന്റെ പുതിയ ജീവിതവും ആയി. എനിക്ക് നാളെ മുതൽ തുടങ്ങുന്നു ട്രെയിനിങ്. ഒരു POLICE CONSTABLE ആയി.” അത് കേട്ടതും നാളെ മുതൽ ഞങ്ങൾക്ക് പോലീസുകാരനെയെ തല്ലാൻ കഴിയു എന്നും പറഞ്ഞ് എന്റെ പുറത്ത് അവർ ശിങ്കാരിമേളം നടത്തി. അവരോട് യാത്ര പറഞ്ഞ് ഞാൻ എന്റെ പെണ്ണിനെ പെണ്ണ് കാണാൻ പോകുമ്പോൾ മനസ്സിൽ ഒരു പെരുമ്പറ കൊട്ടുകയായിരുന്നു. അവളുടെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ….

രചന: Vibin KV Velayudhan

Leave a Reply

Your email address will not be published. Required fields are marked *