ഹരിയേട്ടൻ ഇന്നലെയും സിഗരറ്റ് വലിച്ചു അല്ലേ…?

രചന: പാർവതി കെ നായർ

“കൈ വിടൂ ഹരിയേട്ടാ , എന്നെ തൊട്ടു പോകരുത്.” ചേർത്ത് പിടിച്ച എന്റെ കൈകൾ അവൾ തട്ടിമാറ്റി. “ദേവൂ വെറുതെ ഒച്ച വെക്കല്ലേ . ഇത് പബ്ലിക് പ്ലേസ് ആണ്. എന്താ നിന്റെ പ്രശ്നം ? ഇന്നലെ തൊട്ട് തടങ്ങിയാണല്ലോ .” “എന്താ എന്റെ പ്രശ്നമെന്ന് ഹരിയേട്ടന് അറിഞ്ഞൂടെ ” എന്ന് മറുചോദ്യം ചോദിച്ചവളെന്നെ ഉത്തരം മുട്ടിച്ചു. കാര്യമെന്തെന്ന് അറിയാമെങ്കിലും ഞാൻ മൗനം പാലിച്ചതവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചെന്ന് ആ വീർത്ത കവിൾ കണ്ടപ്പൊഴേ മനസിലായി. “ഇന്നലെ എന്തിനാ ഹരിയേട്ടൻ സിഗററ്റ് വലിച്ചത്? എനിക്ക് തന്ന വാക്ക് പിന്നേം തെറ്റിച്ചു ല്ലേ ?” ഒന്ന് പരുങ്ങി നിന്നു ഞാൻ പറഞ്ഞു ” അത് പിന്നെ നീ വഴക്കിട്ടു പോയതൊണ്ടല്ലേ ഞാൻ വലിച്ചേ ? വല്ലാതെ ടെൻഷനായി ദേവൂ” “ഞാൻ എന്തിനാ ഏട്ടാ വഴക്കിട്ടേ ? കള്ള് കുടിക്കാൻ പോവാന്ന് പറഞ്ഞോണ്ടല്ലേ ? ” “എന്റെ കൊച്ചേ വല്ലപ്പോഴും ഇത്തിരി കുടിക്കുന്നേനും ടെൻഷൻ അടിക്കുമ്പോ വലിക്കുന്നേനും എന്താ ഇപ്പോ കുഴപ്പം? ഒന്ന് വിട്ടു കള ദേവൂ ” . “ഇന്നലെ ഇതിപ്പോൾ എത്രാമത്തെ തവണയാണ് വാക്ക് തെറ്റിച്ചു വലിക്കുന്നേന്ന് അറിയോ ? അതുകൊണ്ടാണ് കഴിഞ്ഞ പ്രാവശ്യം എന്റെ തലയിൽ കൈ വച്ച് സത്യം ചെയ്യിച്ചത്. എന്നിട്ടിപ്പോ വീണ്ടും വലിച്ചേക്കുന്നു. ” വാശിയോടെ അവളത് പറയുമ്പോഴേക്കും എനിക്ക് ദേഷ്യം കയറി. ദേഷ്യം വന്നാൽ മുൻപിൻ നോക്കില്ല.

“അതേടീ ഞാൻ ഇനീം എനിക്ക് തോന്നുമ്പോ വലിക്കും . നിനക്ക് പറ്റില്ലേൽ നീ പൊക്കോ. കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ ഉറപ്പിച്ചിട്ടല്ലേ ഉള്ളൂ. ” “ഇനീം ഇതേപോലെ ആണേൽ കല്യാണം നടക്കില്ല ഹരിയേട്ടാ. ഇങ്ങനെ വലിക്കുന്ന ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ” അതും കൂടി കേട്ടപ്പോൾ എനിക്ക് ആകെ വിറഞ്ഞു കയറി. “എന്നാ നീ കല്യാണത്തിൽ നിന്നും ഒഴിഞ്ഞോ . എന്നിട്ട് സന്തോഷായിട്ട് ജീവിക്ക്. മടുത്തു എനിക്ക് ഈ പരാതിയും പരിഭവവും കേട്ട്. എവിടേലും പോ നീ. ” അത് കേട്ടതും അവൾ നിശബ്ദയായി. ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കി നിന്നിട്ട് പതിയെ ചോദിച്ചു “ഇനി ഞാൻ വലിക്കില്ല ദേവൂ എന്നൊന്ന് പറയാൻ തോന്നണില്ലേ ഹരിയേട്ടാ ?” അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. ” എന്റെ തലയിൽ കൈ വച്ച് ചെയ്ത സത്യം പോലും പാലിക്കാൻ ഏട്ടന് വയ്യാണ്ടായോ ? അത്രക്കും ഞാൻ ഇമ്പോർട്ടൻറ് അല്ലാതായോ ? ” “എന്റെ പൊന്നു ദേവൂ നീയൊന്ന് സെന്റി അടിക്കാതെ പോയേ. ഒരു നൂറുകൂട്ടം പണിക്കിടെ ഓടി വന്നതാ. ” “ഇനി വലിക്കില്ലെന്ന് പറയില്ലല്ലേ ഹരിയേട്ടാ? നിങ്ങൾക്ക് ഞാനാണോ സിഗററ്റാണോ വലുത്?” “ഓഹ് നിന്റെ തല. ഇനീം മിണ്ടിയാൽ കണ്ണടിച്ച് പൊളിക്കും ഞാൻ . വലിക്കരുത്, കുടിക്കരുത്, പെൺപിള്ളേരെ നോക്കരുത്, അവളുടെ നൂറു കൂട്ടം ഓർഡറുകൾ. ഏത് നേരത്താണോ വലിച്ചു തലേൽ വെക്കാൻ തോന്നിയത്. ” ” ആ ഇനി സഹിക്കണോന്നില്ല , ഞാനായിട്ട് തന്നെ ഒഴിഞ്ഞു തന്നേക്കാം” അവളും അതേ വാശിയോടെ തിരിച്ചടിച്ചു. പോക്കറ്റിൽ കൈയിട്ട് ഇന്നലെ വാങ്ങിയതിന്റെ മിച്ചമുള്ള ഒരു സിഗരറ്റ് ഞാൻ എടുത്തു വായിൽ വെച്ചതും അവളത് തട്ടിപ്പറിച്ചു രണ്ടായി ഒടിച്ച് വലിച്ചെറിഞ്ഞു. “നിനക്കിത് എന്തിന്റെകേടാ ദേവൂ ?” “ഇനീം വലിച്ചാൽ ഹരിയേട്ടൻ ഈ ദേവൂനെ കാണില്ല ഒരിക്കലും , ഓർത്തോ . ഞാൻ പോവാ ” എന്നും പറഞ്ഞവൾ നടന്ന് പോയി.

ബസ് സ്റ്റോപ്പിലെത്തി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തൊട്ടടുത്ത പെട്ടിക്കടയിൽ നിന്ന് സിഗരറ്റ് വാങ്ങി ചുണ്ടിനിടയിലേക്ക് വെയ്ക്കുന്ന എന്നെയാണ്. പല്ല് കടിച്ചു കൊണ്ട് എന്റെ നേരെ വരാനായവൾ മുന്നോട്ട് നടന്നതും പാഞ്ഞെത്തിയ ഏതോ വാഹനം അവളെ തട്ടിത്തെറിപ്പിച്ചു. ചുണ്ടിൽ നിന്നുമാ സിഗരറ്റ് താഴേക്ക് വീണതും ഒരു നിലവിളി എന്റെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു. ദേവൂട്ടീ എന്നും വിളിച്ചു പാഞ്ഞെത്തിയ ഞാൻ കണ്ടത് പരന്നൊഴുകുന്ന ചോരച്ചാലും മറഞ്ഞ് പോകുന്ന ബോധത്തിലും എന്തോ പറയാൻ ശ്രമിക്കുന്ന ദേവുവിനേയും ആയിരുന്നു. അവളെ കോരിയെടുത്ത് നെഞ്ചോട് ചേർത്ത് കിട്ടിയ വണ്ടിയിൽ ആശുപത്രിയിലേക്ക് പാഞ്ഞു. ഹരിയേട്ടാ എന്ന് വിറയാർന്ന ചുണ്ടുകളോടെ വിളിച്ചു അവളുടെ കൈകൾ എന്റെ നേരെ നീണ്ടു വന്നു. എന്റെ താടിയിലൊന്ന് പതിയെ തലോടിയവൾ. “എപ്പോഴും വഴക്കിട്ടതും പിണങ്ങിയതുമൊക്കെ ഒരുപാട് ഇഷ്ടം ഉള്ളോണ്ടാ ഹരിയേട്ടാ. വലിക്കരുതെന്ന് വാശി പിടിച്ചത് ഏട്ടൻ ആരോഗ്യത്തോടെ ഇരിക്കാനാ. ഏട്ടന് ഒരു ജലദോഷം വരണത് പോലുംഎനിക്ക് സഹിക്കാൻ വയ്യാത്തോണ്ടാ. ഇനി വലിക്കല്ലേ ഹരിയേട്ടാ.” അതോടെ ആ ചുണ്ടുകൾ നിശ്ചലമായി. അപ്പോഴും ഞാൻ ഏറെ പ്രണയിച്ചയാ മുന്തിരിക്കണ്ണുകൾ എന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിയിരുന്നു.

“ഇനി ഞാൻ വലിക്കില്ല ദേവൂ, സത്യായിട്ടും വലിക്കൂല്ല. എന്നെ വിട്ടു പോവല്ലേ ദേവൂ ” എന്ന് പുലമ്പിക്കൊണ്ട് ഞാനവളുടെ കണ്ണിലും ചുണ്ടിലും ഒക്കെ മാറി മാറി ചുംബിച്ചു കൊണ്ടേയിരുന്നു ഒരു ഭ്രാന്തനെപ്പോലെ. ഇനിയവളില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ വാവിട്ടു കരഞ്ഞ എന്റെ നിലവിളി ഇരമ്പിയെത്തിയ മഴയിൽ അമർന്നുപോയി. ***** ഓർമകളിൽ ഹരിയുടെ മിഴികൾ നിറഞ്ഞു വന്നു. ചുമരിൽ നിറഞ്ഞു നിന്ന ദേവുവിന്റെ ചിത്രത്തിലേക്ക് ഒന്ന് നോക്കി ഹരി തുടർന്നു. “എന്റെ ദേവു എങ്ങും പോയിട്ടില്ല എന്റെ ഒപ്പം തന്നെയുണ്ട് എന്നാണ് എന്റെ വിശ്വാസം. അവളുടെ ആഗ്രഹമാണ് ഇന്നിവിടെ ഈ സ്ഥാപനം ഉയരാൻ കാരണം. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഒരിടം എന്നത് അവളുടെ സ്വപ്നമായിരുന്നു. ഈ സ്വപ്നം പൂർത്തീകരിക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി. ” സദസ്സിന്റെ നിറഞ്ഞ കൈയടികൾക്ക് ഇടയിലൂടെ ഹരി നടന്നകന്നു ദേവു ബാക്കി വെച്ചു പോയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ.

രചന: പാർവതി കെ നായർ

Leave a Reply

Your email address will not be published. Required fields are marked *