സൂര്യപുത്രി…

രചന: മിഴി വർണ്ണ.

“മോനേ….അമ്മയോട് എന്തേലും ഒന്നും മിണ്ടെടാ…മോനേ…എനിക്ക് നീ അല്ലാണ്ട് ആരും ഇല്ലെടാ. എന്തേലും ഒന്നും പറ കണ്ണാ….”

“ഇതുപോലൊരു വൃത്തികെട്ട ജോലിക്ക് പോയി എന്റെ വയറു നിറയ്ക്കുന്നതിലും ഭേദം ഞാൻ ജനിച്ചപ്പോൾ തന്നെ നിങ്ങൾക്ക് എന്നെ കൊന്നൂടായിരുന്നോ??
സ്വന്തം ശരീരം കണ്ടവമാർക്ക് കൊടുക്കുമ്പോൾ നിങ്ങൾക്ക് ഒട്ടും അറപ്പ് തോന്നാറില്ലേ?? ഒന്നും ഇല്ലേലും മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് എങ്കിലും ആലോചിച്ചു കൂടായിരുന്നോ?? അതോ അച്ഛൻ എന്നും പറഞ്ഞു കാണിച്ചു തരുന്ന ഈ ഫോട്ടോ പോലും കള്ളം ആണോ? ഞാൻ ആരുടെ മോൻ ആണെന്ന് എങ്കിലും അറിയോ?? എന്റെ അച്ഛൻ ആരാന്ന് ഉറപ്പിച്ചു പറയാൻ എങ്കിലും കഴിയോ നിങ്ങൾക്കു?? ”

“മോനേ കണ്ണാ… അമ്മ പറയുന്നത് ഒന്നു കേക്കെടാ… ഇങ്ങനെ ഒന്നും പറയല്ലേടാ. നിനക്ക് വേണ്ടി ആയിരുന്നു ടാ എല്ലാം. ന്റെ മോൻ കൂടി എന്നെ തള്ളിപറഞ്ഞാൽ പിന്നെ ഈ അമ്മയ്ക്ക് ജീവിക്കാൻ പറ്റില്ല മോനേ. ”

“മോനോ???…..വിളിക്കരുത് എന്നെ അങ്ങനെ. നിങ്ങളെ പോലെ ഒരു സ്ത്രീയുടെ മകൻ ആയി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്. ഇത്രയും കാലം ഇതുപോലൊരു വേശ്യ സ്ത്രീയെ ആണ് അമ്മേ എന്നു വിളിച്ചത് എന്നു ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു. എനിക്ക് കാണണ്ട നിങ്ങളെ.”

” മോനേ അമ്മയോട് ഇങ്ങനെ ഒന്നും പറയല്ലേ ടാ…ഞാൻ വേണമെങ്കിൽ മോന്റെ കാലുപിടിക്കാം..”

“ചീ….തൊട്ടു പോകരുത് എന്നെ…”

തന്റെ കാലിലേക്ക് വീഴാൻ ഒരുങ്ങിയ അമ്മയെ തട്ടിമാറ്റി കൊണ്ടു കണ്ണൻ വീട്ടിൽ നിന്നു ഇറങ്ങി പോയി. എന്തു ചെയ്യണം എന്നു പോലും അറിയാതെ ആ അമ്മ അവിടെ സ്തംഭിച്ചു നിന്നു പോയി. അന്ന് രാവിലെ നടന്ന സംഭവങ്ങൾ ഒന്നൊന്നായി അവരുടെ മുൻപിൽ തെളിയാൻ തുടങ്ങി.

****

അഞ്ച് വർഷമായി കണ്ണൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിൽ ആയിരുന്നു. തന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അതു “കാർത്തിക” മാത്രം ആയിരിക്കും എന്നു പലപ്പോഴും കണ്ണൻ തന്റെ അമ്മയോട് പറയാറുണ്ടായിരുന്നു. അപ്പോഴെല്ലാം അവനോടു ‘വേഗം ഒരു ജോലി സമ്പാദിച്ചിട്ട് എന്റെ മോളെ ഇങ്ങു കൊണ്ടു വന്നാൽ മതി. ഞാൻ അവളെ പൊന്നു പോലെ നോക്കിക്കോളാം’ എന്നു അമ്മ മറുപടിയും നൽകിയിരുന്നു.

കാർത്തികയും കണ്ണന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു തുടങ്ങി. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ച അവൾക്കു ആദ്യമായി ഒരു അമ്മയുടെ സ്നേഹം കിട്ടിയത് കണ്ണന്റെ അമ്മയായ നളിനിയിൽ നിന്നുമായിരുന്നു.

മൂന്നു വർഷത്തെ ശ്രമങ്ങളുടെ ഫലമായി LD ക്ലർക്ക് ആയി കണ്ണനു ജോലിയും ലഭിച്ചു.
അധികം വൈകാതെ ഒരു ദിവസം തന്റെ അമ്മയെയും കൂട്ടി കാർത്തികയേ പെണ്ണ് കാണാൻ കണ്ണൻ അവളുടെ വീട്ടിൽ എത്തി…ആ ദിവസമായിരുന്നു കണ്ണന്റെയും നളിനിയുടെയും ജീവിതത്തിൽ ഒരു കൊടുംകാറ്റ് തന്നെ സൃഷ്‌ടിച്ചത്‌.

അച്ഛനോട് ഒന്നും ഒളിപ്പിക്കുന്ന സ്വഭാവം ഇല്ലാത്ത കാർത്തിക തന്റെ പ്രണയവും അച്ഛനോട് തുറന്നു പറഞ്ഞിരുന്നു. ഇടത്തരം കുടുംബത്തിൽ ഉൾപ്പെട്ടിരുന്ന കാർത്തികയുടെ അച്ഛന് തന്റെ മകളുടെ ഭർത്താവിന് ഒരു സർക്കാർ ജോലി വേണം എന്ന നിബന്ധന മാത്രമാണ് ഉണ്ടായിരുന്നതു. ആ നിബന്ധന കണ്ണൻ ഭംഗി ആയി പൂർത്തീകരിക്കുകയും ചെയ്തു. മുൻപ് പലവട്ടം കണ്ണനെ കണ്ടിട്ട് ഉള്ള കാർത്തികയുടെ അച്ഛൻ നളിനിയെ ആദ്യമായി തന്റെ മകളെ പെണ്ണ് കാണാൻ വന്നപ്പോൾ മാത്രം ആയിരുന്നു കണ്ടത്.

തന്റെ അമ്മയെ കണ്ടപ്പോൾ കാർത്തികയുടെ അച്ഛനിൽ ഉണ്ടായ ഭാവ വ്യത്യാസം കണ്ണൻ ശ്രദ്ധിച്ചു എങ്കിലും അവൻ അതു കാര്യമാക്കിയില്ല. മനസ്സിന്റെ ഉള്ളറയിൽ മണ്ണിട്ട് മൂടിയ ചില സത്യങ്ങൾ കാലങ്ങൾക്ക് ഇപ്പുറം പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപെട്ടത് നളിനിയിലും ഞെട്ടൽ ഉണ്ടാക്കി. പക്ഷേ തന്റെ മകന്റെ മുന്നിൽ അവർ അതു പ്രകടിപ്പിച്ചില്ല എന്നു മാത്രം.

അരുതാത്തതു എന്തെങ്കിലും സംഭവിക്കും എന്നു നളിനി ഭയപ്പെട്ടതിനെ യാഥാർഥ്യമാക്കി കൊണ്ടു കാർത്തികയുടെ അച്ഛൻ ആ വിവാഹം നടക്കില്ല എന്നും. ഈ നിമിഷം തന്നെ തന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകണം എന്നു ആവശ്യപ്പെട്ടു.
എന്താ സംഭവിക്കുന്നത് എന്നു അറിയാതെ കാർത്തികയും കണ്ണനും നിന്നു. തന്റെ ഇരുട്ട് നിറഞ്ഞ ഭൂതകാലം തന്റെ മകന്റെ ജീവിതത്തിലെ വർണ്ണങ്ങൾ അപഹരിക്കുന്നത് നിസഹായതയോടെ നോക്കി നിൽക്കാനേ ആ അമ്മക്ക് സാധിച്ചുള്ളൂ.

തന്റെ നിർബന്ധത്തിനു വഴങ്ങി കാർത്തികയുടെ അച്ഛൻ നൽകിയ മറുപടി കണ്ണനെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു.

” നിന്റെ ഈ അമ്മ ആരാന്ന് അറിയോ നിനക്ക്?? 20 വർഷങ്ങൾക്ക് മുൻപ് മദ്രസിലെ തെങ്കാശി തെരുവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ഒരു “വേശ്യ” ആയിരുന്നു ഇവർ…

വേശ്യ ആരാന്ന് ഞാൻ നിനക്ക് പറഞ്ഞു തരണ്ടല്ലോ കണ്ണാ?? പണത്തിനു വേണ്ടി ഓരോ ദിവസവും ഓരോ പുരുഷൻമാർക്ക് വേണ്ടി കിടക്ക വിരിച്ചിരുന്ന… തന്റെ ശരീരം കണ്ടവന്മാർക്ക് കൊടുത്തു തന്റെ കാമദാഹം അടക്കിയിരുന്ന ഒരു വൃത്തികെട്ട സ്ത്രീ ആയിരുന്നു നിന്റെ ഈ അമ്മ. അങ്ങനെ പല ആണുങ്ങൾക്ക് മുൻപിൽ സ്വന്തം മടിക്കുത്ത് അഴിച്ച ഒരു വേശ്യയുടെ മകനു ഞാൻ എന്റെ മകളെ കെട്ടിച്ചു കൊടുക്കില്ല. അതിലും ഭേദം ഞാൻ ഇവളെ അങ്ങു കഴുത്തു ഞെരിച്ചു കൊന്നു കളയുന്നത് ആണ്.”

കണ്ണനെയും അമ്മയെയും തന്റെ അച്ഛൻ വീട്ടിൽ നിന്നു പിടിച്ചു തള്ളുന്നതു തടയാൻ കാർത്തികയുടെ കണ്ണീരിനു സാധിച്ചില്ല. വീടെത്തും വരെയും കണ്ണൻ ഒരക്ഷരം പോലും മിണ്ടിയില്ല. ഒരു തരം മരവിപ്പ് അവന്റെ മനസിനെയും ശരീരത്തെയും ബാധിച്ചിരുന്നു. പക്ഷേ വീട്ടിൽ എത്തിയ അവൻ തന്റെ എല്ലാ സങ്കടവും ദേഷ്യയത്തിലൂടെ ആ അമ്മയിൽ തീർത്തു. മകന്റെ പെരുമാറ്റവും അവനെ തനിക്ക് നഷ്ടമായി എന്ന തോന്നലും ആ സ്ത്രീയെ വല്ലാണ്ട് തളർത്തികളഞ്ഞു.

*******
വീട്ടിനടുത്തുള്ള അമ്പലകുളത്തിന്റെ കല്പടവുകളിൽ എല്ലാം നഷ്ടപ്പെട്ടവനെപോലെ തകർന്നു ഇരിക്കുമ്പോൾ ആണ് കണ്ണനെ തേടി കാർത്തികയുടെ കാൾ എത്തിയത്. അത്യാവശ്യമായി കാണണം എന്നുള്ള അവളുടെ ആവിശ്യം അവൻ തള്ളികളഞ്ഞു. അങ്ങനെ ഒരു അവസ്ഥയിൽ കാർത്തികയെ നേരിടാൻ ഉള്ള കരുത്തു അവനു ഉണ്ടായിരുന്നില്ല.

5 വർഷങ്ങൾ കൊണ്ടു കണ്ണനെ നന്നായി മനസ്സിലാക്കിയിട്ടുള്ള കാർത്തിക അവനെ തേടി കുളക്കരയിൽ എത്തി. ഒരുപാട് സങ്കടം വന്നാലും സന്തോഷം വന്നാലും അവൻ അവിടെ വന്നു ഒരുപാട് നേരം ഇരിക്കും എന്നു അവൾക്കു നല്ലപോലെ അറിയാം.

“കണ്ണേട്ടാ…..”

തോളിൽ പതിഞ്ഞ കരസ്പർശം കണ്ണനെ ചിന്തകളിൽ നിന്നുണർത്തി. മുന്നിൽ നിൽക്കുന്ന കാർത്തികയെ കണ്ടു പുഞ്ചിരിക്കാൻ അവനൊരു വിഫല ശ്രമം നടത്തി. പക്ഷേ അവിടെയും കണ്ണുകൾ അവനെ ചതിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടു അവൻ കാർത്തിയെ ഇറുക്കി കെട്ടിപ്പിടിച്ചു. തന്റെ കുഞ്ഞു സ്വർഗം പോലുള്ള ജീവിതം കൈവിട്ടു പോകുകയാണ് എന്ന ചിന്ത അവനെ അത്രത്തോളം ഭയപ്പെടുത്തിയിരുന്നു. തന്റെ വിഷമം മുഴുവൻ അവൻ കരഞ്ഞു തീർക്കട്ടെ എന്നു കരുതി അവൾ കാത്തിരുന്നു. കരച്ചിൽ തെല്ലൊന്ന് അടങ്ങിയപ്പോൾ അവൾ സംസാരിച്ചു തുടങ്ങി.

“ഏട്ടാ…അച്ഛൻ എന്തൊക്കെയോ പറഞ്ഞു എന്നു കരുതി ചേട്ടൻ ഇങ്ങനെ കരയല്ലേ. ആരു എന്തൊക്കെ പറഞ്ഞാലും ചേട്ടനും അമ്മയും എനിക്ക് എന്റെ ജീവൻ ആണ്. ”

“അമ്മയോ…ആ സ്ത്രീ എന്റെ ആരും അല്ല.
എന്റെ അമ്മ മരിച്ചു. അതു പോലൊരു വേശ്യയെ അമ്മ എന്നു വിളിക്കുന്നതിലും നല്ലത് എനിക്ക് അമ്മ ഇല്ലാത്തതു ആണ്. ”

കാർത്തികയുടെ നെഞ്ചിൽ നിന്നു അടർന്നുമാറി കൊണ്ടു അവൻ അതു പറഞ്ഞതും കരണം പൊട്ടുംപാകത്തിനു കാർത്തുവിന്റെ കൈ കണ്ണന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചു ആയിരുന്നു. അവൾ ദേഷ്യം കൊണ്ടു വിറയ്ക്കുക ആയിരുന്നു.

“ഓഹ്….ആരോ എന്തോ പറഞ്ഞപ്പോഴേക്കും ആ സ്ത്രീ നിങ്ങളുടെ അമ്മ അല്ലാണ്ട് ആയി അല്ലേ. കുറച്ചു ദിവസങ്ങൾ കണ്ടു പരിചയം മാത്രം ഉള്ള എന്റെ അച്ഛൻ ന്തോ പറഞ്ഞപ്പോഴേക്കും പത്തിരുപതഞ്ചു വർഷം നിങ്ങളെ പൊന്നു പോലെ നോക്കിയ ആ അമ്മ നിങ്ങൾക്ക് അപമാനം ആയി അല്ലേ ഏട്ടാ…?? ”

“കാർത്തു….ഞാൻ…..അവര്…ഒരു വേശ്യ…”

“ഒരക്ഷരം മിണ്ടരുത്…. ആ അമ്മ വേശ്യ…അല്ലേ? ചീ….. കണ്ണേട്ടന് യഥാർത്ഥത്തിൽ വേശ്യ ആരാന്നു അറിയോ?? സ്വന്തം കാമം തീർക്കാൻ കണ്ടവന്മാർക്ക് കിടക്ക വിരിക്കുന്നവൾ ആണ് എന്റെ കണ്ണിൽ വേശ്യ… അല്ലാതെ ജീവിതത്തിൽ വേറെ ഒരു മാർഗവും ഇല്ലാതെ അങ്ങനെ ഒരു വഴി തിരഞ്ഞെടുക്കാൻ നിർബന്ധിക്കപെട്ടവർ അല്ല. അഥവാ നളിനി അമ്മ ഒരു വേശ്യ ആണെങ്കിൽ അതിനു കാരണക്കാരൻ നിങ്ങൾ ആണ്. ”

പൊതുവെ ശാന്തസ്വാഭാവം കൈ വിടാത്ത കാർത്തികയുടെ പെരുമാറ്റം കണ്ണനെ വല്ലാതെ ഞെട്ടിച്ചു.

“ഞാനോ…. ഞാൻ….ഞാൻ….ഞാൻ എന്താ കാർത്തു ചെയ്തത്?? ”

“നിങ്ങൾ എന്താ ചെയ്തത് എന്നോ??? ഏട്ടന് വേണ്ടിയാണു അമ്മ അങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്. 25 വർഷത്തിൽ കൂടുതൽ ആയില്ലേ ഏട്ടാ അമ്മയുടെ കൂടെ… എന്നിട്ടും ആരോ എന്തോ പറഞ്ഞപ്പോൾ സത്യം എന്തെന്ന് പോലും തിരക്കാതെ ആ പാവത്തിനെ തെറ്റുകാരി ആകാൻ എങ്ങനെ സാധിച്ചു ഏട്ടന്??

കുറച്ചു വർഷത്തെ പരിചയമേ ഉള്ളൂ എങ്കിലും ആ അമ്മ തെറ്റു ചെയ്യില്ല… ചെയ്താലും അതിനു വ്യക്തമായ കാരണം കാണും എന്ന് ഇന്നലെ നിങ്ങളുടെ ജീവിതത്തിൽ വന്ന എനിക്ക് മനസിലായി… എന്നിട്ടും ഏട്ടന് കഴിഞ്ഞില്ലല്ലോ. ഒരുപക്ഷെ ഞാൻ നളിനിഅമ്മയെ എന്റെ സ്വന്തം അമ്മ ആയി കണ്ടത് കൊണ്ടാകും പൂർണ സത്യം തിരക്കാൻ എന്റെ മനസ്സ് പറഞ്ഞത്. ”

“ന്താ കാർത്തു നീ പറയുന്നത്… ഒന്നു തെളിച്ചു പറ… ഞാൻ…ഞാൻ എന്തു തെറ്റാ ചെയ്തത്.?? ”

” പറയാം….എന്റെ അച്ഛൻ നളിനിഅമ്മയെ കണ്ടത് മുതലുള്ള കഥ എന്നോട് പറഞ്ഞു. ഒരു ലോറി ഡ്രൈവർ ആയ നാരായണനെ സ്നേഹിച്ചു കൂടെ ഇറങ്ങി വന്നത് ആയിരുന്നു അമ്മ. അങ്ങനെ ആണ് അമ്മ മദ്രാസിൽ എത്തിയത്. അനാഥമന്ദിരത്തിൽ വളർന്ന അമ്മയ്ക്ക് ഏട്ടന്റെ അച്ഛനിൽ നിന്നു സ്നേഹം കിട്ടിയപ്പോൾ അതിനു പിന്നിലുള്ള ചതിവ് മനസിലാക്കാൻ കഴിഞ്ഞില്ല….ഒപ്പം ഇറങ്ങി തിരിച്ചു മദ്രസിൽ എത്തിയപ്പോൾ ആയിരുന്നു ഏട്ടന്റെ അച്ഛൻ ഒരു ഗുണ്ട ആണെന്നും അവിടെ ഒരു ഭാര്യയും രണ്ടു മാസം പ്രായം ഉള്ള ഒരു കുഞ്ഞും ഉണ്ടെന്നു അറിഞ്ഞത്. ആ കുഞ്ഞാണ് ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന കണ്ണൻ എന്ന വിക്രം. അവിടെ അമ്മയുടെ അയൽവാസികൾ ആയിരുന്നു എന്റെ അച്ഛനും അമ്മയും.

എന്റെ അച്ഛൻ പറഞ്ഞു…ആദ്യം ആയി കാണുമ്പോൾ നളിനി അമ്മ വളരെ സുന്ദരി ആയിരുന്നു എന്നു. പക്ഷേ ചേട്ടന്റെ അച്ഛനും അമ്മയും അമ്മുമ്മയും ചേർന്ന് ആ പാവത്തിനെ വല്ലാണ്ട് ഉപദ്രവിച്ചു. അമ്മയെ വിറ്റു പൈസ ഉണ്ടാക്കാൻ ഉള്ള ചേട്ടന്റെ അച്ഛന്റെയും അമ്മയുടെയും ശ്രമത്തെ എതിർത്തതിനു ആ പാവം ഒരുപാട് അനുഭവിച്ചു. എങ്കിലും ആ പാവം തളർന്നില്ല.

പക്ഷേ ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു രാത്രി ഏട്ടന്റെ അച്ഛന്റെ ശത്രുക്കൾ വീട് ആക്രമിച്ചു. ചേട്ടന്റെ അച്ഛനെയും അമ്മയെയും അമ്മുമ്മയെ വെട്ടി നുറുക്കി കൊന്നു. അന്ന് ഏട്ടന്റെ ജീവനും വേണ്ടി ആ ഗുണ്ടകളുടെ മുന്നിൽ നളിനി അമ്മ കെഞ്ചിയപ്പോൾ ആ കുഞ്ഞിന്റെ ജീവനു പകരം അവന്മാർ ചോദിച്ചത് ആരും മോഹിച്ചു പോകുന്ന അമ്മയുടെ ശരീരം ആയിരുന്നു. നെഞ്ചിൽ ചേർന്ന് കരയുന്ന ഒരു വയസ്സ് മാത്രം ഉള്ള ആ കുഞ്ഞിന്റെ ജീവനു പകരം ആയിട്ടാണ് അമ്മ ആദ്യം ആയി സ്വന്തം മടിക്കുത്തു അഴിച്ചതു… ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ വേശ്യ ആയതു.

പിന്നീട് ഒരു നാലു വർഷം ആ ഗുണ്ടകൾ ചേട്ടന്റെ ജീവന്റെ വില ഇട്ടു അമ്മയെ ഉപയോഗിച്ചു. കാമം അടക്കാനോ…പണം ഉണ്ടാക്കനോ അല്ല…ചേട്ടന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ആണ് അമ്മ അവർക്ക് വഴങ്ങി ജീവിച്ചത്. ചേട്ടന് അഞ്ചു വയസ്സ് ഉള്ളപ്പോൾ ചേട്ടനെയും കൊണ്ടു അവിടെന്ന് ഓടി രക്ഷപെട്ട നളിനിഅമ്മയെ ന്റെ അച്ഛൻ പിന്നെ കാണുന്നതു ഇന്നാണ്.

പെട്ടെന്നുള്ള ദേഷ്യത്തിൽ…അമ്മയുടെ നന്മ മറന്നു കൊണ്ടു…അന്ന് അവിടെന്ന് പോയ ശേഷം അമ്മ എങ്ങനെ ജീവിച്ചു എന്നു അറിയാതെ ആണ് അച്ഛൻ ഓരോന്ന് പറഞ്ഞത്. സത്യം അറിഞ്ഞപ്പോൾ അച്ഛൻ ഒരുപാട് വിഷമിച്ചു. അമ്മയോട് മാപ്പ് പറഞ്ഞു കല്യാണം ഉറപ്പിക്കാൻ അച്ഛൻ ന്തായാലും വരും. ദ്രോഹിച്ചവരുടെ കുഞ്ഞിനെ പോലും പൊന്നു പോലെ നോക്കിയ അമ്മ എന്നെയും കണ്ണിലെ കൃഷ്ണമണി പോലെ നോക്കും എന്നു അച്ഛനും എനിക്കും ഉറപ്പാണ്.

ചേട്ടന്റെ അച്ഛനും അമ്മയും ആ പാവത്തിനോട് ദ്രോഹം മാത്രമേ ചെയ്തിട്ട് ഉള്ളൂ. എന്നിട്ടും ചേട്ടനെ ആ അമ്മ രക്ഷിച്ചു…സ്വന്തം കുഞ്ഞായി വളർത്തി. ഇന്നു ഈ കാണുന്ന നിലയിൽ എത്തിച്ചു. ഏട്ടൻ പറയാറില്ലേ ഏട്ടൻ ഓർമ വെച്ചപ്പോൾ മുതൽ അമ്മ പല വീട്ടിലും ജോലി ചെയ്ത് കഷ്‌ടപ്പെട്ടാണ് വളർത്തിയത് എന്നു… അതിനു അർഥം അന്ന് അവിടെന്ന് രക്ഷപെട്ടു വന്ന ശേഷം അന്തസ്സ് ഉള്ള ഒരു സ്ത്രീ ആയി തന്നാണ് അമ്മ ചേട്ടനെ വളർത്തിയത്. സൂര്യനെ പോലെ എരിഞ്ഞു നിങ്ങൾടെ ജീവിതത്തിൽ വെളിച്ചം തന്ന ആ അമ്മ ഇന്നു നിങ്ങൾക്ക് ആരും അല്ലാതെ ആയി അല്ലേ??

കഷ്ടം….വെറുപ്പ് തോന്നുവാ എനിക്ക് നിങ്ങളോട്… മനസ്സിൽ ഒരു അല്പം എങ്കിലും മനുഷ്യത്വം ഉണ്ടേൽ ആ പാവത്തിന്റെ കാലിൽ വീണു മാപ്പ് പറ. അങ്ങനെ എങ്കിൽ ആ ദേവിയെ പോലുള്ള അമ്മയെ കുറ്റപ്പെടുത്തിയതിനു പ്രായശ്ചിത്തം ചെയ്യാൻ നോക്ക്.”

“കാർത്തു….ഞാൻ….ഞാൻ എന്റെ അമ്മയെ…. എന്റെ അമ്മയെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. എന്തൊക്കെയോ പറഞ്ഞു. ഞാൻ ഇനി എങ്ങനെ അമ്മയെ ഫേസ് ചെയ്യും…. എനിക്ക് വേണ്ടി ആ പാവം ഒരുപാട് സഹിച്ചു… എന്നിട്ടും ഞാൻ എന്റെ അമ്മയെ മനസിലാക്കിയില്ല…. ഞാൻ വീട്ടിലേക്ക് പോകുവാ… എനിക്ക് എന്റെ അമ്മയോടു മാപ്പ് പറയണം… ലോകത്തു വേറെ ആരു ഇല്ലേലും എനിക്ക് എന്റെ അമ്മ വേണം.”

അതും പറഞ്ഞു അവൻ വീട്ടിലേക്ക് ഓടി… പക്ഷേ അവിടെ കണ്ണനെ കാത്തിരുന്നത് അമ്മ ആയിരുന്നില്ല… മറിച്ചു തുറന്നിട്ട മുറിക്കുള്ളിലെ മേശപ്പുറത്തിരുന്ന ഒരു കത്തായിരുന്നു. ഒരു ആത്മഹത്യാ കുറിപ്പ്.

“മോനേ….
മോൻ ഈ പാപി ആയ അമ്മയോട് ക്ഷമിക്കണം. അമ്മ ചീത്ത ആണ്. ആഗ്രഹിച്ചു കൊണ്ടു ചീത്ത ആയതു അല്ല. വിധി അങ്ങനെ ആക്കിയത് ആണ്. പക്ഷേ എന്റെ ജീവിതത്തിലേ ഇരുട്ട് മോന്റെ ഭാവി നശിപ്പിക്കാൻ അമ്മ സമ്മതിക്കില്ല. മോൻ സന്തോഷമായി ജീവിക്കണം. അവിടെ അമ്മ തടസം ആകില്ല. അമ്മ ഒരുപാട് ദൂരേക്ക് പോകുവാണ്. നിന്റെ വെറുപ്പും പേറി എനിക്ക് ജീവിക്കാൻ വയ്യ മോനേ… നീ എന്റെ ജീവൻ ആയിരുന്നു… ആണ്… എന്നും അങ്ങനെ ആയിരിക്കും.

ഞാൻ കാരണം മോന്റെ മനസ്സ് വേദനിച്ചു എങ്കിൽ…”മാപ്പ്”

എന്നു സ്വന്തം
അമ്മ”

ആ കത്ത് വായിച്ച കണ്ണൻ ഞെട്ടി….അവൻ നെഞ്ചു പൊട്ടി അലറി കരഞ്ഞു…അവന്റെ മനസ്സ് കൈവിട്ട പട്ടം പോലെ ആയി തീരുകയായിരുന്നു.. അവന്റെ പിറകെ എത്തിയ കാർത്തിക എന്താ സംഭവിച്ചതു എന്നു അറിയാതെ നടുങ്ങി നിന്നു.

ഈ സമയം കുറച്ചു അകലെ റെയിൽവേ പാളത്തിൽ കൂടി നടന്നിരുന്ന നളിനിയുടെ കാതിൽ തീവണ്ടിയുടെ ചൂളംവിളി കേട്ടു തുടങ്ങിയിരുന്നു….കണ്ണുനീർ വാർത്തുകൊണ്ടു അവൾ ആ ദിശയിലേക്ക് ചുവടുകൾ വെച്ചു….തന്റെ മരണത്തിലേക്ക്.

**———**——–**

വേശ്യ….നമ്മുടെ സമൂഹം വെറുപ്പോടെ കാണുന്ന സ്ത്രീ വിഭാഗം. അവരെ വെറുപ്പിന്റെ കണ്ണിലൂടെ നോക്കും മുൻപ് അവർ അങ്ങനെ ഒരു സാഹചര്യത്തിൽ എത്തിയത് എങ്ങനെ ആകും എന്നു ഓർത്തു നോക്കുക.

സ്വന്തം ശരീരം പണത്തിനു വേണ്ടി ഭോഗിക്കാൻ നൽകുന്ന പെണ്ണിനു സമൂഹം നൽകിയ പേര് വേശ്യ എന്നണെങ്കിൽ… സ്വന്തം ജീവന്റെ പാതിയെ ചതിച്ചു…പണം നൽകി അതേ വേശ്യയുടെ ശരീരത്തെ ഭോഗിക്കാൻ എത്തുന്ന പുരുഷൻമാർക്ക് സമൂഹം എന്തു പേര് നൽകും??? ആ ചോദ്യം ഞാൻ നിങ്ങൾക്ക് വിട്ടുതരുന്നു…!!

ഏതൊരു കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ടാകും… ഒരു തീരുമാനത്തിൽ എത്തും മുൻപ് ആ രണ്ടു വശങ്ങളെ കുറിച്ചും ചിന്തിക്കുക. അല്ലാത്ത പക്ഷം എടുക്കുന്ന തീരുമാനം തെറ്റായി ഭവിക്കാം. ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റു.

സ്നേഹപൂർവ്വം
രചന: മിഴി വർണ്ണ.

Leave a Reply

Your email address will not be published. Required fields are marked *