താടിക്കാരനും പച്ചമാങ്ങയും…

രചന: ദേവു ശ്യാം

“എന്താ ദേവു നീ ഫോണും പിടിച്ച് കുറെ നേരമായല്ലോ നടക്കണേ? ആരെ വിളിക്കണ ആണ് ?” “അത് പിന്നെ വെറെ ആരെ വിളിക്കാനാണ് ഞാൻ അമ്മേടെ മോനെ അല്ലാതെ.. പുതിയ ജോലിക്കു കൂടി കയറിയപ്പോൾ മുതൽ എന്താ തിരക്ക്.. ഉം… അംബാനിക്ക് വരെ ഇച്ചിരി സമയം കിട്ടും, ഒരു അത്യാവശ്യകാര്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കില്ല… വരട്ടെ ഇന്ന്…” “ആ നീ ഇനി അത് പറഞ്ഞ് വഴക്കിട് അവനോട്…”

“അയ്യോ അമ്മ ഇങ്ങനെ സപ്പോർട്ട് ചെയ്തേ.. മോൻ അല്ല. ഞാൻ ഒന്നും പറയാനില്ല.. ആ ദേ ഫോൺ എടുത്തു..” “ഹലോ… ആ എത്ര നേരമായി ഞാൻ വിളിക്കുന്നു.. എന്താ എടുക്കാത്തെ?” “ഉം.. എന്താ കാര്യം പറ. എന്തിനാ വിളിച്ചത്..” ഗൗരവത്തിൽ ശ്യാം ചോദിച്ചു.. “ഓ … അത് പിന്നെ എനിക്ക് ഒരു കാര്യം വേണം..”

“എന്താടി … പുന്നാരിക്കാൻ കണ്ട സമയം… ഇവിടെ മനുഷ്യന് നിന്ന് തിരിയാൻ സമയം ഇല്ല അപ്പോഴാ… എന്താ വേണ്ടത്.. ഉം വൈകിട്ട് പറ്റുമെങ്കിൽ നോക്കാം.” “ഓ… നിങ്ങടെ ഈ തിരിക്ക്… ആ വിളിച്ചത് എന്താന്നാ.. വൈകിട്ട് വരുമ്പോൾ കുറച്ച് പച്ച മാങ്ങ വാങ്ങിയിട്ട് വരണം മറക്കരുത്…. ആ പിന്നെ നല്ല പുളി ഉള്ളത് തന്നെ നോക്കി മേടിക്കണം..” ഇത്രയും പറഞ്ഞ് ദേവു ഫോൺ കട്ടാക്കി.. “ശ്ശോ… ഈശ്വരാ ഞാൻ എന്താ കേട്ടത്.. സത്യം ആണോ… ഫോൺ കട്ടാക്കിയിട്ടും ശ്യാം അങ്ങനെ സ്തംഭിച്ച് നിന്നു.. ഇന്നു രാവിലെ കൂടി അവൾ ഒന്നും പറഞ്ഞില്ല.. ശ്ശടാ …. അവളെ ഇപ്പോ തന്നെ കാണാൻ തോന്നണു… തന്റെ പെണ്ണ് ഇത്രയും നല്ല സന്തോഷ വാർത്ത പറയാൻ വിളിച്ചിട്ട് അവളെ വിഷമിപ്പിച്ചല്ലോ…”

എന്ത് ചെയ്തിട്ടും ശ്യാമിന് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.. “എന്താ ശ്യാം എന്തു പറ്റി?” ബോസ് ചോദിച്ചു? “സർ അതു പിന്നെ …. എനിക്ക് ഒന്നു വീട് വരെ പോകണം. അത്യാവശ്യമാണ്.” “എന്താടോ.. എന്താ കാര്യം ഇവിടെ നല്ല തിരക്ക് ആണല്ലോ.” “ഹ ഹ.. സാറെ പോകട്ടേ പാവം.. ശ്യാമിന്റെ ഭാര്യക്ക് പച്ച മാങ്ങ വേണം എന്നു പറഞ്ഞു വിളിച്ച അതാ…” ചിരിച്ച് കൊണ്ട് സഹപ്രവർത്തകൻ ഗിരി വിളിച്ച് പറഞ്ഞു… “ആഹാ.. നല്ല വാർത്ത ആണല്ലോ…. താൻ പോയ്ക്കോ എന്നാ… ആ വരുമ്പോൾ ചിലവ് ചെയ്യണം മറക്കണ്ട..”

“ആ തീർച്ചയായും…” വേഗം ബൈക്ക് എടുത്തു പാഞ്ഞു.. നാണത്താൽ കൂമ്പിയ അവളുടെ മുഖം മാത്രമാണ് മനസ്സിൽ… കുറെ തിരച്ചിലിന് ശേഷം മാങ്ങ കിട്ടി അതും നല്ല പുളിയൻ മാങ്ങ.. വാതിക്കൽ എത്തി ബൈക്ക് വച്ചപ്പോൾ തന്നെ അകത്ത് ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ ഒരു ചമ്മൽ നോക്കാൻ.. “എന്താടാ നീ ഈ നേരത്ത്..?? ഉച്ചയക്ക് ഭക്ഷണം കഴിക്കാൻ വന്നതാണോ?” “ങേ… ആ…” “മോളേ ദേ… അവൻ വന്നു …” അടുക്കളയിലേക്ക് നോക്കി വിളിച്ചു അമ്മ.. പക്ഷേ ഒരു അനക്കവുമില്ല.. “ഓ… നാണം കൊണ്ട് പെണ്ണ് ഒളിച്ചിരിക്കയാവും..” “ദേവു…” അവൻ പതിയെ വിളിച്ചു.. പക്ഷേ കിച്ചണിൽ ആരും ഇല്ല.. അവൻ തങ്ങളുടെ ബഡ് റൂമിലേക്ക് നടന്നു..

“ആ കുളിമുറിയിൽ ഉണ്ട് ….” ഉം വരട്ടെ കുളി കഴിഞ്ഞ് അവൻ കട്ടിലിൽ ഇരുന്നു… കുറച്ച് നേരം കഴിഞ്ഞപ്പോൾ നനഞ്ഞ മുടി ടൗവ്വൽ കൊണ്ട് കെട്ടി അവൾ പുറത്തേക്കിറങ്ങി.. കറുത്ത കരയുള്ള സെറ്റും മുണ്ടിൽ തന്റെ പെണ്ണ് കൂടുതൽ സുന്ദരി ആയ പോലെ തോന്നി… അപ്പോഴാണ് അറിയാതെ തന്റെ കണ്ണുകൾ ആ വയറിലേക്ക് പാളി നോക്കിയത്… ഇച്ചിരി കാണുന്ന ആ വയർ … എന്തോ തന്നിൽ ഒരു സന്തോഷവും അഭിമാനവും ഉണ്ടാക്കി.. “ങേ… ഇത് എന്താ..??” ദേവു ശ്യാമിനെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു…. ഒന്നും മിണ്ടാതെ പതിയെ അവളുടെ അടുത്തേക്ക് നടന്നു ചെന്നിട്ട്.. കെട്ടി പിടിച്ചു നെറുകിൽ ചുംബിച്ചിട്ട് കാതിൽ മെല്ലെ പറഞ്ഞു. “ദേ നല്ല പുളിയൻ മാങ്ങ” പെട്ടെന്നുള്ള ശ്യാമിന്റെ ഈ പ്രവർത്തിയിൽ ആകെ ഞെട്ടി ഒന്നും മിണ്ടാനാകാതെ നിൽക്കുവാണ് ദേവു..

“ടീ… ദേവു പെണ്ണേ.. നീ കൊള്ളാല്ലോ… രാവിലെ എന്താ പറയാഞ്ഞത്.???” “എന്താ താടി… എന്താ പറ്റിയത് പെട്ടന്ന്??” “ഹ ഹ പെണ്ണേ നിനക്ക് ഞാൻ എന്താ തരേണ്ടത്.. അവളെ കെട്ടി പിടിച്ച് കൊണ്ട് ചോദിച്ചു..” “ശ്ശേടാ … എന്താ സംഭവം എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്താ എന്റെ താടിക്ക് പറ്റിയത്.. ഇത്ര തിരക്കായിരുന്നിട്ടും ???” ബാക്കി പറയാതെ അവൾ നിറുത്തി.. “ഇനി എത്ര തിരക്കായാലും ഞാൻ കൂടെ ഉണ്ടാവും പെണ്ണേ…” ഇത്രയും പറഞ്ഞ് അവൻ ദേവു വിന്റെ വയറിൽ പതിയെ തൊട്ടു..

“ഹേയ് … താടി എന്താ ഒരു റൊമൻറിക്ക് ഇപ്പോ… വാ ഞാൻ ചോറ് എടുക്കാം.. ആ പിന്നെ മീൻ കറി ഇല്ലട്ടാ..” “ദേവു പുറത്തേക്ക് നടന്നു..” “ടീ ഒന്നു നിന്നേ.. ഇന്നാ നീ പറഞ്ഞ പുളിയൻ മാങ്ങ… ഒരു കുസൃതി ചിരിയോടെ ശ്യാം പറഞ്ഞു….” “ആ ഹാ വാങ്ങിയോ?..

ഉം നന്നായി അത് പിന്നെ അപ്പുറത്തെ സുഭാഷേട്ടൻ രാവിലെ കുറച്ച് പുഴ മീൻ കൊണ്ടുവന്നു തന്നു.. നല്ല പുളിയുള്ള പച്ച മാങ്ങ ഇട്ട് വച്ചാൽ നന്നായിരിക്കും എന്നു പറഞ്ഞു.. അതാ ഞാൻ വിളിച്ച് പറഞ്ഞത് അല്ലങ്കി മറന്ന് പോവും… ഉം എന്തായാലും നന്നായി വൈകിട്ട് വയ്ക്കാം…” എന്നു പറഞ്ഞ് അവൾ മാങ്ങയുടെ കവറും വാങ്ങി നടന്നു.. ഇത് കേട്ട് എന്തോ പോയ അണ്ണാൻ കണക്ക് നിന്നു..

ഈ സമയം ബോസിനെയും സഹപ്രവർത്തകരെയും ഓർത്ത് കൊണ്ടിരിന്നു… ഇനി എന്ത് ചെയ്യും.. ദുഷ്ട മീൻ കറി വയ്ക്കുന്നു കാര്യം ഒന്നു പറയായിരു ന്നു… “എന്താ താടിക്കാരാ….” ദേവു കൊഞ്ചി കൊണ്ട് ചോദിച്ച്.. “ങേ കുന്തം… ഞാൻ പോകുന്നു നല്ല തിരക്കാണ്.. നീ ഉണ്ടാക്ക് മാങ്ങയിട്ട മീൻ കറി… ബാക്കി ഞാൻ വന്നിട്ട് പറയാം…” എന്നു പറഞ്ഞ് നമ്മുടെ താടിക്കാരൻ ഒറ്റ പോക്ക്… പാവം ദേവു…

രചന: ദേവു ശ്യാം

Leave a Reply

Your email address will not be published. Required fields are marked *