ജീവിതത്തിൽ ഒരു പ്രതിസന്ധിക്ക് മുൻപിലും പതറാത്ത അവൻ അവളുടെ കണ്ണുനീരിന് മുൻപിൽ തകർന്നുപോയി…

 

രചന: Saju Sbs Swamis

“ശരത്തേട്ടാ…., ഞാൻ പറയുന്നതൊന്ന് കേൾക്ക്……”

സ്വാതിയുടെ കരച്ചിലിനെ അവഗണിച്ചുകൊണ്ട് ശരത് കാൾ കട്ട്‌ ചെയ്തു. ജീവിതത്തിൽ ഒരു പ്രതിസന്ധിക്ക് മുൻപിലും പതറാത്ത അവൻ അവളുടെ കണ്ണുനീരിന് മുൻപിൽ തകർന്നുപോയി. ഫോൺ ചുവരിൽ വലിച്ചെറിഞ്ഞു പൊട്ടിച്ച് അവൻ വെറുംനിലത്തേക്കിരുന്നു പൊട്ടികരഞ്ഞു.

ചുമലിൽ ഒരു നേർത്ത കൈത്തലം പതിഞ്ഞതും അവൻ കണ്ണുകൾ അമർത്തിതുടച്ചു. അച്ഛനാണ്, അവൻ ഒരു വിളറിയ പുഞ്ചിരി അച്ഛന് നേരെ നീട്ടി.

“എന്തിനാടാ മോനെ നീ ആ മോളെ ഇങ്ങനെ വിഷമിപ്പിക്കുന്നേ…..”

അവൻ അച്ഛന്റെ കാലുകളിൽ വട്ടംചേർത്തു ചുറ്റിപിടിച്ച് മുഖം ചേർത്തു വിതുമ്പി കരയാൻ തുടങ്ങി.

“ഡോക്ടർ പറഞ്ഞത് അച്ഛനും കേട്ടതല്ലേ….. അപ്പൊ പിന്നെ ഞാൻ എങ്ങനാ അച്ഛാ……”

ഏങ്ങലോടെ അവൻ അച്ഛനോട് പറഞ്ഞു.

“ഡോക്ടർ വേറെ കുഴപ്പം ഒന്നും പറഞ്ഞില്ലല്ലോ മോനെ…. പിന്നേ നീ എന്തിനാ ആ കുഞ്ഞിനെ ഒഴിവാക്കാൻ നോക്കണേ….?”

അവൻ ഇരുന്നിടത്തുനിന്നും പയ്യെ എണീറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.

“അവൾക്ക് കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടാ അച്ഛാ…. പലപ്പോഴും അവൾ അത് എന്നോട് പറയുമ്പോ ആ മുഖത്തു വിടരുന്ന പുഞ്ചിരി ഞാൻ ഇഷ്ടത്തോടെ നോക്കി നിന്നിട്ടുണ്ട്….

അവളുടെ ആ സ്വപ്നം എനിക്ക് സാധിച്ചു കൊടുക്കാൻ പറ്റില്ലല്ലോ അച്ഛാ….. ”

അവന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൻ അച്ഛന്റെ നെഞ്ചോട് കൂടുതൽ പറ്റിചേർന്നു, അവന്റെ കണ്ണുനീർ വീണ് അദ്ദേഹത്തിന്റെ നെഞ്ചകം പൊള്ളുന്ന പോലെ…..

“കുറച്ചു വിഷമിച്ചോട്ടേ അച്ഛാ… ഒടുവിൽ അവളെന്നെ വെറുക്കും…. വെറുക്കട്ടെ,

ന്റെ സ്വാതി സന്തോഷം ആയിട്ട് ജീവിക്കണം, ന്റെ ഒപ്പം അവൾക്ക് അത് കിട്ടില്ല അച്ഛാ…..”

ശരത്തിനെ കട്ടിലിലേക്ക് പിടിച്ചിരുത്തി അച്ഛൻ അവനോട് പറഞ്ഞു.

“മോനെ…. ജീവിതത്തിൽ മിസ്സിംഗ്‌ എന്താണെന്ന് മനസിലായത് നിന്റെ അമ്മ നിന്നെ എന്റെ കൈയിൽ ഏൽപ്പിച്ച് അങ്ങു പോയപ്പോഴാണ്….

അവൾ എന്റെ മനസ്സിൽ വിട്ടിട്ട് പോയൊരു സ്ഥാനം ഇന്നും ഒഴിഞ്ഞു തന്നെ കിടപ്പുണ്ട്…., ചിലർ അങ്ങനാണ്, അവർക്ക് പകരം വയ്ക്കാൻ അവരല്ലാതെ വേറെ ആർക്കും കഴിയില്ല…..

മോൻ ഒന്നൂടി ആലോചിക്ക്…..”

മുറിപൂട്ടി പുറത്തിറങ്ങി. അപ്പോഴാണ് നിറകണ്ണുകളോടെ വാതിലിന് മറവിൽ ചുവര്ചാരി നിന്ന സ്വാതിയെ അദ്ദേഹം കണ്ടത്,

“മോളെ…. നീ എപ്പോഴാ വന്നേ…..?”

“അച്ഛാ…. ശരത്തേട്ടൻ….?”

“മുറിയിലുണ്ട്, മോള് ചെല്ല്… അച്ഛൻ കുടിക്കാൻ എന്തേലും എടുക്കാം…..”

അവരെ തനിച്ചുവിട്ട് അച്ഛൻ അടുക്കളയിലേക്ക് നടന്നു, എല്ലാം ശരിയാവും എന്ന വിശ്വാസത്തിൽ അദ്ദേഹം പുഞ്ചിരിച്ചു.

റൂമിലേക്ക് കയറുമ്പോൾ ബെഡിൽ കമിഴ്ന്നു കിടക്കുകയാണ് ശരത്. അവൾ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് ചെന്ന് അവനോട് ചേർന്ന് കിടന്നു.

“നീ എന്തിനാ വന്നത്….?”

“ഞാൻ വരില്ലാന്ന് കരുതിയോ…..?”

“സച്ചൂ… നിനക്ക് പറഞ്ഞാ മനസിലാവില്ലേ….?”

“എനിക്ക് മനസിലാവില്ല ശരത്തേട്ടാ…..എനിക്ക് ആകെ മനസിലായത് ദേ നിങ്ങളെയാ….. ”

അവനെ തനിക്ക് ആഭിമുഖമാക്കികൊണ്ട് അവൾ തുടർന്നു.

“ഞാൻ ഒക്കെ അറിഞ്ഞു, ഏട്ടൻ കണ്ട ഡോക്ടർ എന്റെ ഫ്രണ്ടിന്റെ ഹസ്ബൻഡ് ആണ്, പുള്ളി എല്ലാം എന്നോട് പറഞ്ഞു,

ഏട്ടൻ എത്ര തവണ എന്നോട് പറഞ്ഞിട്ടുണ്ട്, ഏട്ടന്റെ മൂത്ത കുട്ടി എപ്പോഴും ഞാനാണെന്ന്… ആ ഞാൻ ഇല്ലാതെ ഏട്ടന് പറ്റുവോ….

ഒരു കുഞ്ഞിനെ വേണം ന്ന് നിർബന്ധാണെങ്കിൽ നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം…. ഈ ഒരു കാര്യത്തിന് വേണ്ടി എന്നെ ഇട്ടേച്ചു പോവാന്ന് ഒരു വിചാരം ഉണ്ടേൽ തന്റെ തല ഞാൻ തല്ലിപൊട്ടിക്കും….”

കണ്ണുനിറഞ്ഞിരുന്നു, അവൻ അവളെ നെഞ്ചോട് ചേർക്കുമ്പോൾ അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. മുറിക്കുപുറത്ത് അവരുടെ സന്തോഷങ്ങൾക്ക് മൂകസാക്ഷിയായ് അച്ഛനും……

രചന: Saju Sbs Swamis

1 thought on “ജീവിതത്തിൽ ഒരു പ്രതിസന്ധിക്ക് മുൻപിലും പതറാത്ത അവൻ അവളുടെ കണ്ണുനീരിന് മുൻപിൽ തകർന്നുപോയി…

Leave a Reply

Your email address will not be published. Required fields are marked *