കാമുകിയുടെ വിവാഹത്തിന് ആദ്യത്തെ പന്തിയിൽത്തന്നെ സദ്യ കഴിക്കേണ്ടി വന്നൊരു….

രചന: ഷെഫി സുബൈർ

സ്വന്തം കാമുകിയുടെ വിവാഹത്തിന് ആദ്യത്തെ പന്തിയിൽത്തന്നെ സദ്യ കഴിക്കേണ്ടി വന്നൊരു സാധാരണ കാമുകനായിരുന്നു ഞാൻ.

ഒന്നിച്ചു ജീവിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഒന്നിച്ചു മരിക്കണമെന്നു പറഞ്ഞവൾ സ്വന്തം ഭർത്താവിന്റെ ബൈക്കിൽ ചേർന്നിരുന്നു സന്തോഷത്തോടെ പോകുന്നത് കണ്ടപ്പോൾ, അവളുടെ പിന്നാലെ നടക്കാൻ വാങ്ങിയ സൈക്കിളിൽ നോക്കി നെടുവീർപ്പിടേണ്ടി വന്നൊരു ദുർബലനായ കാമുകൻ.

വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ, എന്നെ ചൂണ്ടി കാണിച്ചു സ്വന്തം മകനോട് ഈ മാമനൊരു ഹായ്‌ പറഞ്ഞേന്നു, പറഞ്ഞു കൊടുത്തപ്പോൾ. നമ്മൾക്ക് ആദ്യം ജനിയ്ക്കുന്ന കുട്ടി ആണാണോ, പെണ്ണാണോ എന്നവൾ എന്നോട് തർക്കിച്ചത് ഓർത്തു പോയി.

എന്റെ ഭർത്താവിനു എന്നോട് ഭയങ്കര സ്നേഹമാണ്. ഞാനെന്തു പറഞ്ഞാലും വാങ്ങിതരുമെന്ന് വാ തോരാതെ അവൾ പറഞ്ഞപ്പോൾ. പ്രണയിച്ചു നടന്ന കാലത്തു ഒരു ഡയറി മിൽക്ക് വാങ്ങി തരുമോന്നു അവൾ ചോദിച്ചപ്പോൾ അൽഫൻലീബ് മിഠായി വാങ്ങികൊടുത്ത സാമ്പത്തിക ഞെരുക്കമുള്ള എന്നിലെ കാമുകനെ ഞാൻ വെറുതെയെങ്കിലും ഓർത്തുപ്പോയി.

ഈ വാലെന്റൈൻസ് ഡേയ്ക്ക് ഭർത്താവ് വാങ്ങിതന്ന നെക്ലയ്‌സ് ആണെന്നു പറഞ്ഞു കഴുത്തിലേക്ക് അവൾ ചൂണ്ടി കാണിച്ചപ്പോൾ, ഒരു വാലെന്റൈൻസ് ഡേയ്ക്ക് അവൾക്കൊരു ചുരിദാർ വാങ്ങികൊടുക്കാൻ അമ്മയുടെ അരിപ്പാത്രത്തിൽനിന്നു ഇരുന്നൂറ് രൂപ അടിച്ചു മാറ്റി, നിഷ്ക്കരണം കുടുംബ ബജറ്റ് താറുമാറാക്കിയ നീചനായൊരു കാമുകനായിരുന്നു ഞാൻ.

ഇങ്ങനെ നടന്നാൽ മതിയോ?
ഒരു കല്ല്യാണം കഴിയ്ക്കണം. എന്നെ മറക്കാതെ വിളിയ്ക്കണം. എനിയ്ക്കൊരു കടം വീട്ടാനുണ്ടെന്നു പറഞ്ഞു അവൾ യാത്ര പറഞ്ഞു പോയപ്പോൾ. അവളുടെ കല്ല്യാണത്തിന് കഴിച്ച സദ്യയുടെ രുചി അറിയാതെ നാവിൽ കൊതി നിറച്ചു.

എന്നെപ്പോലെ ഗതിക്കെട്ട വേറേതെങ്കിലും കാമുകന്മാർ ഈ ഭൂമിയിലുണ്ടാകുമോ എന്നു നെടുവീർപ്പോടെ ആലോചിച്ചപ്പോൾ,
ഈ വാലെന്റൈൻസ് ഡേയ്ക്ക് ഫൈവ് സ്റ്റാർ വാങ്ങി കൊടുക്കുന്ന കാമുകന്മാർ അടുത്ത വാലെന്റൈൻസ് ഡേയ്ക്ക് അഞ്ചു സ്റ്റാറുമെണ്ണി നടക്കുമെന്നന്നറിഞ്ഞപ്പോൾ എന്റെ മനസ്സിലെ കാമുകന് സമാധാനമായി….!

രചന: ഷെഫി സുബൈർ

Leave a Reply

Your email address will not be published. Required fields are marked *