ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ അവളുടെ കൂടെ ആ ബോഗിയിൽ കയറി.. ട്രെയിൻ നീങ്ങി തുടങ്ങി.

രചന: ജിഷ്ണു രമേശൻ

രാവിലെ പതിവില്ലാതെ ലാൻഡ് ഫോൺ നമ്പറിൽ നിന്നുള്ള കോൾ കണ്ടിട്ടാണ് ഞാൻ ഫോൺ എടുത്തത്…

“ഡോ മനുഷ്യാ ഇത് ഞാനാ “പൂജ”.. ഞാനിപ്പോ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാ.. എന്റെ ഫോൺ ചത്തു, ഞാൻ ഇവിടുത്തെ ബൂത്തിൽ നിന്നാ വിളിക്കുന്നത്.. മൂന്ന് മണിക്ക് ഞാൻ തൃശൂർ എത്തൂട്ടാ… എനിക്ക് സ്റ്റേഷനിൽ നോക്കി ഇരിക്കാനൊന്നും പറ്റില്ല.. ഇറങ്ങുമ്പോ ജിഷ്ണു ചേട്ടൻ അവിടെ ഉണ്ടാവണം…എന്നാ ഒക്കെ ട്ടാ, ട്രെയിൻ ഇപ്പൊ പോവും…”

അത്രയും പറഞ്ഞ് അവള് ഫോൺ വെച്ചു..ഒരു ഞെട്ടലായിരുന്നു പൂജയുടെ ശബ്ദം കേട്ടപ്പോൾ.. നാഗർകോവിലിൽ ഒന്നിച്ചു പഠിക്കുന്ന കാലം തൊട്ടുള്ള കൂട്ടാണ്.. സുഹൃത്താണോ, കാമുകിയാണോ, സഹോദരിയാണോ എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്തൊരു ബന്ധം…

നാലു വർഷത്തിനു ശേഷമുള്ള കണ്ടുമുട്ടലാകും ഇന്ന്..അമ്മയോട് “എന്റെ പഴയൊരു കൂട്ടുകാരി പൂജ വരുന്നുണ്ട്, അവളെ കൂട്ടാൻ പോയിട്ട് വരാം” എന്നും പറഞ്ഞ് രണ്ടു മണിയായപ്പോ റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു…

ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് അടുക്കും തോറും എന്തോ ഒരു ആകാംഷ…! ഏതു കോച്ചിലാണ് എന്നൊന്നും അറിയാതെ ഞാൻ അവിടെ മുഴുവനും ധൃതിയിൽ നടന്നു…

“ആഹാ ദേ നിക്കണു പൂജ..”, അവളുടെ അടുത്തേക്ക് ഓടി ചെന്നു ഞാൻ..

‘ ഇതെന്ത് കോലാടി ഇത്..! ഒരു ജാതി ഭ്രാന്തിയെ പോലെയുണ്ട് ഇപ്പൊ കാണാൻ..’

അപ്പോഴും അവളൊരു കൂസലുമില്ലാതെ എന്നെ നോക്കിനിന്നു ചിരിക്കുന്നുണ്ട്.. ചെറിയൊരു ബാഗ് മാത്രേ ഉള്ളൂ അവൾടെ കയ്യിൽ…

‘ഡീ നീ ഇത്രയും ദൂരം വരുന്നത് കൊണ്ട് കുറെ ഭാണ്ഡക്കെട്ട് ഉണ്ടാവൂന്ന് കരുതി പാപ്പന്റെ കാറും എടുത്താ ഞാൻ വന്നത്…’

“ആ നന്നായി, ജിഷ്ണു ചേട്ടന് അറിയാലോ എന്റെ സ്വഭാവം.. അവിടെ പഞ്ചാബിൽ ഇപ്പൊ നല്ല തണുപ്പാ, ഇവിടെ നല്ല ചൂടും… എന്റെ അമ്മ മരിച്ചിട്ട് പിന്നെ നാട്ടിലേക്ക് വന്നിട്ടില്ല ഞാൻ.. എന്തോ പെട്ടന്ന് തോന്നി എന്‍റെയാ കൊച്ചു വീടൊന്ന് കാണണമെന്ന്..കൂടെ ചേട്ടനെയും ഒന്ന് കാണാന്ന് വെച്ചു, ”

‘ അല്ലാ നിന്റെ കെട്ടിയോൻ എന്തേ വന്നില്ലേ…?’

“ഇല്ല, ലീവ് ഇല്ല അതാ… ഞാൻ പറഞ്ഞിട്ടുണ്ട് ജിഷ്ണു ചേട്ടന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന്… എനിക്ക് വരാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ പറഞ്ഞതാ…പക്ഷേ അതൊരു രസമില്ലാത്ത യാത്രയാണ്…പിന്നെ ചേട്ടന്റെ കയ്യും കാലും പിടിച്ച് ട്രെയിനിൽ വരാൻ സമ്മധം വാങ്ങി…”

‘ അത് പിന്നെ എനിക്ക് തോന്നി, നിനക്ക് അല്ലെങ്കിലും ഉള്ളൊരു ഭ്രാന്താണല്ലോ തെണ്ടി തിരിഞ്ഞൊരു യാത്ര..’

വീട്ടിലേക്ക് കയറി ചെന്നപ്പോ എന്റെ അമ്മയെ കെട്ടിപ്പിടിച്ച് അവളൊരു ചോദ്യം,
“എങ്ങനെ സഹിക്കുന്നു അമ്മേടെ ഈ മോനേ” എന്ന്..

ആ ഭ്രാന്തി പെണ്ണ് ഒന്ന് കുളിക്കുക പോലും ചെയ്യാതെ അച്ഛൻ വാങ്ങിക്കൊണ്ട് വന്ന അരി മുറുക്കും കട്ടൻ ചായയും കൊണ്ട് മുറ്റത്തേക്കിറങ്ങി… വേറൊന്നിനും അല്ല അവൾടെ കെട്ടിയോനെ എത്തിയ കാര്യം വിളിച്ചു പറയാൻ തന്നെ… കുറച്ച് കഴിഞ്ഞ് പൂജ എനിക്ക് ഫോൺ കൊണ്ടു തന്നു…

അങ്ങേർക്ക് എന്നോട് ഒന്നേ പറയാനുള്ളു, ” തിരിച്ചുള്ള ടിക്കറ്റ് കൂടിയാണ് അവളുടെ കയ്യിൽ ഉള്ളത്, വേറെ എവിടെയും വിടാതെ നീ നിർബന്ധിച്ച് കേറ്റി വിടണം അവളെ..” എന്ന്…

രാവിലെ വെച്ച ബീഫും പിന്നെ അമ്മയുടെ സ്പെഷ്യൽ മോര് കുത്തി കാച്ചിയതും കൂട്ടി ആർത്തിയോടെ വലിച്ചു വാരി അത്താഴം കഴിക്കുന്നത് കണ്ട് അച്ഛനും അമ്മയും അന്തം വിട്ട് നോക്കിയിരുന്നു…
എല്ലാം കഴിഞ്ഞ് ഉമ്മറത്ത് നാലു കൊല്ലം മുമ്പുള്ള ഞങ്ങളുടെ കോളേജിലെ വിശേഷങ്ങളും മറ്റും അച്ഛനോടും അമ്മയോടും കത്തി വെക്കുകയാണ് പൂജ..

അവർക്കിടയിൽ പോകാതെ അവളോട് ചോദിക്കാനുള്ള ചോദ്യങ്ങൾ മെനഞ്ഞു കൊണ്ട് ഞാൻ വയലിന് അരികിൽ പോയിരുന്നു…

അന്ന് രാത്രി ഉറങ്ങാൻ കിടന്ന അവള് എണീറ്റത് പിറ്റേന്ന് ഉച്ചയ്ക്കാണ്… ട്രെയിനിൽ വന്ന യാത്രാ ക്ഷീണം നന്നേ ഉണ്ടായിരുന്നു..

ഉച്ചയ്ക്ക് അമ്മ ചെന്നു വിളിച്ചുണർത്തി അവളെ.. കുളിയൊക്കെ കഴിഞ്ഞ് അവള് നേരെ എന്റെ അടുത്തേക്കാണ് വന്നത്..

“ജിഷ്ണു ചേട്ടാ ഇന്ന് വൈകുന്നേരം നമുക്ക് എന്റെ നാട്ടിലേക്ക് പോവാട്ടോ…”

‘ ങ്ങേ ഇന്നോ..! ഡീ നാളെ വല്ലോം പോയാ പോരെ..! എനിക്ക് ലീവൊന്നും ഇല്ലാട്ടാ..’

” അയ്യട മോനേ, ലീവ് എടുക്കണം ഹെ…! ദേ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോവൂട്ടാ… എന്റെ ചേട്ടൻ പറഞ്ഞത് ജിഷ്ണുനെ കൂട്ടി പോവാനാ..”

ഞാൻ സമ്മതം മൂളിയതോടെ അവള് നേരെ അമ്മയുടെ അടുത്തേക്ക് ചെന്നിട്ട് എന്നെക്കാൾ സ്വാതന്ത്ര്യത്തോടെ രാത്രിയിലേക്ക് എനിക്കും അവൾക്കുമുള്ള പൊതിച്ചോറ് ഓർഡർ ചെയ്തു..

വൈകുന്നേരം അഞ്ച് മണിയോടെ ഇറങ്ങാൻ നേരം അച്ഛൻ ചോദിച്ചു,
‘ അല്ലടാ ഈ രാത്രിയിൽ അത്രയും ദൂരം ബൈക്കിൽ ഒന്നും പോകണ്ട കാറിൽ പോയാ മതി..’

അത് കേട്ടതും പൂജ അച്ഛനോട് പറഞ്ഞു,

” അയ്യോ അതിനു ഞാനും ജിഷ്ണു ചേട്ടനും കാറിലോന്നുമല്ല പോകുന്നത് ബസിലാ..”

അവളുടെ ഭ്രാന്തൻ വാശിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു.. അല്ലെങ്കിലും അന്ന് തൊട്ടേ ഉള്ളതാ അവൾടെ വ്യത്യസ്തമായ വാശിയും ദേഷ്യവും…

തൃശൂർ കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിലേക്ക് പോകും വഴി അവളുടെ കെട്ടിയോന്റെ കോൾ വരുന്നു.. ഇതിന്റെ ഈ അര വട്ടും കൊണ്ട് ഇത്രയും ദൂരം ഒറ്റയ്ക്ക് വിട്ട ആ പാവത്തിന് അവിടെ സമാധാനം ഉണ്ടാവില്ലല്ലോ…

ബസ് സ്റ്റാൻഡിലേക്ക് കയറും വഴി ഒരു ബോർഡ് കണ്ട് അവളവിടെ സ്വിച്ച് ഇട്ടത് പോലെ നിന്നു..എന്നിട്ടൊരു ചോദ്യവും..,

“ഇതല്ലേ ജിഷ്ണു ചേട്ടൻ പണ്ട് പറയാറുള്ള കിടിലൻ ബിരിയാണി കിട്ടുന്ന ഇവിടുത്തെ സഫയർ ഹോട്ടൽ..?”

പിന്നത്തെ പുകില് പറയണ്ടല്ലോ, അവിടെ കേറി ബിരിയാണി ഓർഡർ ചെയ്തു..അതും ഒരു ബിരിയാണി..എന്നിട്ട് ഒരു പ്ലേറ്റ് വേറെ വാങ്ങി പകുതി പകുതി കഴിച്ചു.. അതോ കോളേജ് കാലഘട്ടം ഓർമിക്കും വിധം ചിക്കൻ പീസ് എന്റെ പ്ലേറ്റിൽ നിന്ന് തന്നെ അവൾക്ക് കയ്യിട്ട് വാരി തിന്നണം..

അവിടുന്ന് കയറിയ സൂപ്പർ ഫാസ്റ്റിൽ കട്ടപ്പനയക്കുള്ള ടിക്കറ്റ് എടുക്കാൻ നോക്കിയ എന്നെ അവള് തടഞ്ഞു..ടിക്കറ്റ് എടുത്തത് തൊടുപുഴയ്ക്ക്‌ ആണ്..എന്തെങ്കിലും ആവട്ടെ എന്ന് ഞാനും വിചാരിച്ചു..

ബസിലിരുന്ന് ഞാൻ അവളോട് ചോദിച്ചു,

‘ഡീ പൂജാ, നാലു വർഷം മുമ്പ് കല്യാണം കഴിഞ്ഞ് പോയിട്ട് നിയെന്നെ വിളിച്ചത് ഒരേ ഒരു തവണ മാത്രം.. അതും രണ്ടു വർഷം മുൻപ് ഓണത്തിന്.. ഞാൻ എന്ന് ആ നമ്പറിൽ വിളിച്ചാൽ ഓഫ്.. സത്യം പറയാലോ ഞാൻ മറന്നിരുന്നു എല്ലാം…’

” ചേട്ടാ, ദേ ഇന്നലെ ഞാൻ വരുന്നു എന്ന് പറഞ്ഞ് വിളിച്ചപ്പോ ഉണ്ടായോരു സന്തോഷം മുമ്പ് എപ്പോഴെങ്കിലും ഞാനുമായി ബന്ധപ്പെട്ട് അനുഭവിച്ചിട്ടുണ്ടോ…?”

‘ അത്, ഏയ് ഇല്ല..അത് നീ പറഞ്ഞത് ശരിയാ, ഇന്നലെ പെട്ടന്ന് കുറെ വർഷം കൂടി നിന്നെ കണ്ടപ്പോ നിന്റെ ശബ്ദം കേട്ടപ്പോ എന്തോ വല്ലാത്തൊരു സന്തോഷമായിരുന്നു…’

” ആ ദദാണ് ഞാൻ പറഞ്ഞത്.. ഈ നാല് വർഷത്തിനിടയിൽ നമ്മള് അകന്നിരുന്നത് കൊണ്ട് ഇപ്പൊ കണ്ടപ്പോ കോളേജിൽ ഒന്നിച്ചുണ്ടായിരുന്ന ദിവസങ്ങളേക്കാൾ ഹാപ്പി ആണ്.. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സന്ദർഭങ്ങൾ ഓരോ നിമിഷവും ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുകയല്ലെ….”

ബസ് തൊടുപുഴ സ്റ്റാൻഡിൽ കയറിയതോടെ ബാഗുമെടുത്ത് ഞങൾ ഇറങ്ങി..തൃശൂരിൽ നിന്ന് ഒരു പാതി ബിരിയാണി തട്ടിയിട്ടും അവളുടെ വിശപ്പിന് ശമനമുണ്ടായില്ല…

അവിടെ അടുത്ത് ഒരു തട്ടു കടയിൽ കയറി.. അവള് ബാഗ് തുറന്ന് എന്റെ അമ്മ കൊടുത്തു വിട്ട പൊതിച്ചോറ് എടുത്ത് മേശയിൽ വെച്ചു…സത്യം പറഞ്ഞാ ഞാനും അപ്പോഴാ ഓർത്തത് അമ്മ ഭക്ഷണം തന്നു വിട്ടത്…

ഞാൻ പോയി ഒരു കാടമുട്ട റോസ്റ്റ് വാങ്ങിക്കൊണ്ട് കൊടുത്തു അവൾക്ക്… അന്നും അവള് കൊതിയോടെ കഴിക്കുന്ന ഒന്നാണ് കാടമുട്ട റോസ്റ്റ്.. അത് മാത്രമല്ല ഭക്ഷണം കണ്ടാ ആർത്തിയാണ്…

അമ്മ പൊതികെട്ടി തന്നു വിടുന്ന ഭക്ഷണത്തിന്റെ രുചി വേറെ തന്നെയാട്ടാ…!! കഴിച്ചു കൊണ്ടിരുന്നപ്പോ അവളെന്നോട് ചോദിച്ചു,

“ജിഷ്ണു ചേട്ടാ, അന്ന് കോളേജിൽ വെച്ച് എന്നെ ഇഷ്ടാണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ..?”

‘ പിന്നില്ലാതെ, സത്യം പറയാലോ നീ കല്യാണം കഴിഞ്ഞ് ചെക്കന്റെ കൂടെ പഞ്ചാബിലേക്ക് പോയതിനു ശേഷം പലവട്ടം പഴയതൊക്കെ ആലോചിച്ചിട്ടുണ്ട്.. അപ്പോഴൊക്കെ തോന്നിയൊരു കാര്യമാണ്, നമ്മള് ഒന്നിക്കാതിരുന്നത് നന്നായി എന്നത്…
വേറൊന്നും കൊണ്ടല്ല, ഞാൻ ഇഷ്ടം പറഞ്ഞപ്പോ ചാടിക്കേറി നോ പറഞ്ഞവളാ നീ.., നീ പറഞ്ഞ ‘ നോ ‘ വലിയൊരു ശരിയായിരുന്നു… പ്രണയ ബന്ധങ്ങളെക്കാൾ സുന്ദരമായ ബന്ധങ്ങളുണ്ട് മനുഷ്യർക്കിടയിൽ… ഇവിടുന്ന് പോയതിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് നീ വിളിച്ചപ്പോ എനിക്കത് മനസ്സിലായി… ആ ഒരു ഫീൽ പ്രണയത്തിന് കിട്ടില്ല പൂജാ…”

” എന്താണ് ഹെ, ഒടുക്കത്തെ സാഹിത്യം ആണല്ലോ ജിഷ്ണു ചേട്ടാ.., ചേട്ടൻ പറഞ്ഞത് ശരിയാ…;”

കുറച്ച് നേരം എന്തോ ആലോചിച്ചിരുന്ന ശേഷം അവള് പറഞ്ഞു,
“എന്നാ നമുക്ക് അടുത്ത ബസ് പിടിച്ചാലോ..!”

വരുന്ന ബസുകളിലെ തിരക്ക് കണ്ടിട്ട് കഴിച്ചതെല്ലാം പെട്ടന്ന് ദഹിക്കുമെന്ന് മനസ്സിലായി.. ഹൊ ഒരു വിധം അവളെയും കൊണ്ട് ഒരു ബസിൽ കയറിപറ്റി…

‘ ഡീ നിന്നോട് പറഞ്ഞതല്ലേ ബൈക്കിലോ കാറിലോ വരാന്ന്‌..!’

” എന്റെ പൊന്നു ചേട്ടാ, അങ്ങനെ വന്നാ കട്ടപ്പന എത്തുമ്പോഴേക്കും യാത്ര തന്നെ മടുക്കും… ഇതിപ്പോ കയറിയിറങ്ങി പതിയെ പോയാ പോരെ… ജീവിതത്തിൽ ഒരിക്കലും നമ്മള് മറക്കില്ല ഈയൊരു യാത്ര…”

എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ചു.. ഏകദേശം ഇറങ്ങാനുള്ള സ്ഥലം വരെ നിൽക്കേണ്ടി വന്നു.. പുലർച്ചെ കട്ടപ്പന ചെന്നിറങ്ങി..എന്റെ പൊന്നോ ഒടുക്കത്തെ തണുപ്പ്.. ഞാൻ ബാഗിൽ നിന്ന് ഒരു ജീൻസിന്റെ ഷർട്ട് എടുത്തിട്ടു… ഇവിടെ ജനിച്ചു വളർന്ന അവൾക്ക് ഇതൊരു തണുപ്പ് ആയിരിക്കില്ല…

വിറയ്ക്കുന്ന ചുണ്ടുകളോടെ അവള് പറഞ്ഞു,

“ചേട്ടാ നമുക്കൊരു കട്ടൻ അടിച്ചാലോ…! നല്ല ഏലയ്ക്കായും ഇഞ്ചി ചാറും ഇട്ട നല്ല കിടിലൻ ചായ കിട്ടും ഇവിടെ..”

അവിടെ കണ്ടൊരു ചായക്കടയിലേക്ക് നടന്നു.. ഓല മേഞ്ഞ ചെറിയൊരു കട, പെട്ടന്നൊരു ട്രാക്ടർ ഞങ്ങളെ കടന്നു പോയി.. ഏലയ്ക്ക കൊണ്ടു പോകുന്ന വണ്ടിയാണെന്ന് മനസ്സിലായി..അത്രയ്ക്ക് കിടിലൻ ഏലയ്ക്ക സുഗന്ധമായിരുന്നു…

കട്ടൻ ഊതി ഊതി കുടിക്കുമ്പോ കണ്ണിൽ നിന്നും വെള്ളം വന്നിരുന്നു, ഇഞ്ചിയുടെ കുത്തുള്ള നല്ല അസ്സൽ കട്ടൻ…ചായ കടയിലെ ആള് കണ്ണ് ചുളിച്ച് നോക്കിക്കൊണ്ട് പൂജയുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു,

‘ മോളെ പൂജേ…! ഇപ്പൊ എവിടെയാ നീ..? അമ്മ മരിച്ചതിന് ശേഷം പിന്നെ വന്നിട്ടില്ല അല്ലേ..! ‘

അയാളുടെ മുഖം തെളിഞ്ഞതോടെ പൂജയ്ക്കും ആളെ മനസ്സിലായി..

“ഇല്ല മാമാ, അതിനു അമ്മ പോയതിനു ശേഷം ഇവിടെ ആരാ എനിക്കുള്ളത്.. പിന്നെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള കുടുംബമാണ് ഇപ്പൊ എന്റെ വീട്ടിൽ താമസിക്കുന്നത്.. വാടക ഒന്നും വാങ്ങിയിട്ടല്ല, പാവങ്ങൾ ആയത് കൊണ്ടാണ്..പിന്നെ അമ്മയുടെ ഓർമയായ എന്റെ വീട് നശിക്കാതെ കിടക്കുമല്ലോ..”

കുറച്ച് നടക്കാനുണ്ട് പൂജയുടെ വീട്ടിലേക്ക്.. ഈ വെളുപ്പാൻ കാലത്ത് ഓട്ടോ ഒന്നും കിട്ടില്ല..ബസിന് പോകാനുള്ള ദൂരമില്ല.. കുടിച്ച ചൂട് കട്ടന്റെ ബലത്തിൽ ആ കുളിരുന്ന തണുപ്പിൽ ഞങ്ങൾ നടന്നു..

കോളേജിൽ പഠിക്കുന്ന കാലത്ത് അവധിക്ക് ഒരിക്കൽ വന്നിട്ടുണ്ട് ഞാനിവിടെ.. അന്ന് അവളുടെ അമ്മയെയും കൂട്ടി ഞങ്ങൾ ചെറുതോണി ഡാം കാണാനും മറ്റും പോയിട്ടുണ്ട്, അടിപൊളി ആയിരുന്നു..

ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന ഏല ചെടിയുടെ നടുവിലൂടെയാണ് അവളുടെ വീട്ടിലേക്കുള്ള നടപ്പാത… വീട് കാണാൻ കഴിയാത്ത രീതിയിൽ മഞ്ഞാണ്.. കയ്യൊക്കെ മരവിച്ചു…

വീടിനു മുന്നിലെത്തി അവള് കുറച്ച് നേരം ചുറ്റുപാടും നോക്കി നിന്നു.. വെള്ളം വരെ തണുത്തുറയുന്ന തണുപ്പിൽ അവളുടെ ചുടു കണ്ണുനീർ കാണാൻ കഴിഞ്ഞു…

“ചിറ്റേ” എന്ന് അവള് ഉറക്കെ അകത്തേക്ക് നോക്കി വിളിച്ചു..
കുറച്ച് പ്രായമായൊരു സ്ത്രീ കതക് തുറന്ന് വന്നു.. അടുത്തേക്ക് വന്ന അവര് ഒന്നും പറയാതെ തന്നെ പൂജയെ കെട്ടിപിടിച്ച് കരഞ്ഞു… പിന്നീട് വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു…

പൂജയുടെ വീടും പറമ്പും നോക്കി നടത്തുന്നത് ഇവരാണ്.. അവളുടെ കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോ അമ്മ മരിച്ചു…മകളുടെ വിവാഹം കഴിയുന്നത് വരെ മരണം കാത്തിരുന്നത് പോലെ…!

യാത്രാ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് നല്ലൊരു ഉറക്കം ഉറങ്ങി എണീറ്റു…പതിനൊന്നു മണി ആയപ്പോ ഞാൻ എണീറ്റ് ഉമ്മറത്തേക്ക് ചെന്നു.. പൂജ അവളുടെ കെട്ടിയോനെ വീഡിയോ കോൾ വിളിക്കുന്ന തിരക്കിലാണ്… എന്നെ കണ്ടതും അങ്ങേര് ആവർത്തിച്ചു പറഞ്ഞത് ഒരേ കാര്യം തന്നെ…!

“ജിഷ്ണു, അവളുടെ കയ്യിൽ തിരിച്ചുള്ള ട്രെയിൻ ടിക്കറ്റ് ഉണ്ട്… കോളേജിൽ പോകണം എന്നൊക്കെയാണ് ഇപ്പൊ പറയുന്നത്.. അതൊക്കെ അടുത്ത പ്രാവശ്യം പോകാമെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ..റെയ്ൽവേ സ്റ്റേഷനിൽ നീയും കൂടി പോകണം..”

പിന്നീട് കുളിയെല്ലാം കഴിഞ്ഞ് പൂജ അവളുടെ അമ്മയെ ദഹിപ്പിച്ച സ്ഥലത്ത് ചെന്ന് നിൽക്കുന്നത് കണ്ടു..മനപൂർവ്വം ഞാൻ അടുത്തേക്ക് പോയില്ല..

ഉച്ചയ്ക്ക് അവളുടെ ചിറ്റയുടെ വക കിടിലൻ ഊണ്..അതും നല്ല മീൻ കറിയും മീൻ പൊരിച്ചതും കൂട്ടി..അടുത്തുള്ള ഏതോ ഡാമിൽ നിന്ന് പിടിച്ചതാണത്രെ..

ഊണ് കഴിഞ്ഞ് ഒന്ന് നടക്കാനിറങ്ങി.. ഉച്ചയെന്ന പേരേ ഉള്ളൂ, പുറത്ത് ഒടുക്കത്തെ തണുപ്പാണ്..അവളുടെ വീടിന് പുറകിലൂടെ കുറച്ച് മുകളിലേക്ക് കയറിയാൽ കാണാം ഇടുക്കിയെന്ന അഴകിനെ.. ശരീരത്തിന് മാത്രമല്ല മനസ്സിനെയും തണുപ്പിക്കും…

വൈകീട്ട് അഞ്ച് മണിയായപ്പോ അടുത്തുള്ള ഏതോ വായനശാലയിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് എന്നെ വന്നു വിളിച്ചു… അവളുടെ അമ്മ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് വായനശാലയിലെ സ്ഥിരം സന്ദർശക ആയിരുന്നെന്ന്…

വായനശാലയിൽ കുറച്ചു നേരം ചിലവഴിച്ചതിന് ശേഷം ഞങ്ങൾ വീട്ടിലേക്ക് നടക്കുന്ന വഴിക്ക് ഞാൻ അവളോടായി ചോദിച്ചു,

‘ പൂജാ, നീയിനി എന്നാ തിരിച്ച് പഞ്ചാബിലേക്ക്…?’

“നാളെ രാത്രി പതിനൊന്ന് മണിക്കാണ് ട്രെയിൻ..രാവിലെ നമുക്ക് പോകണം, നമ്മടെ കോളേജിൽ പോകണം എന്ന് വിചാരിച്ചത് കൊണ്ട് നാഗർകോവലിൽ നിന്നാണ് ടിക്കറ്റ് എടുത്തത്..കുഴപ്പമില്ല തിരുവനന്തപുരത്തു നിന്ന് കയറാം.. മ്മ്ടെ ആനവണ്ടിയിൽ കയറി കൊതി തീർന്നിട്ടില്ല ജിഷ്ണു ചേട്ടാ എനിക്ക്..രാവിലെ ഇവിടുന്ന് കെ എസ് ആർ ടി സി യില് പോവാട്ടോ..”

പഠിച്ച കോളേജിൽ പോകണമെന്നുള്ള അവളുടെ തീരുമാനം മാറ്റിയെന്ന് മനസ്സിലായി.. അല്ലെങ്കിലും അവളുടെ സ്വഭാവം പെട്ടന്നുള്ള തീരുമാനം ആണല്ലോ..!

പിറ്റേന്ന് രാവിലെ പത്ത് മണിയോടെ അവളുടെ ചിറ്റയോടും കൊച്ചച്ചനോടും യാത്ര പറഞ്ഞിറങ്ങി..
കട്ടപ്പന ടൗണിൽ ചെന്ന് കാത്ത് നിൽക്കാൻ നേരം ഞാൻ അവളെയൊന്ന് നോക്കി..കണ്ണ് നിറഞ്ഞിരുന്നു, അപ്പൊ വന്നൊരു തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കയറി.. മുന്നിലെ സൈഡ് സീറ്റിൽ ഇരുന്നിരുന്ന ഏതോ ഒരമ്മച്ചിയെ സോപ്പിട്ട് ആ സീറ്റ് ഒപ്പിച്ചു…

പുറത്തെ കാഴ്ചകൾ മനോഹരമാണ്, ഏലത്തിന്റെ സുഗന്ധമാണ് പുറത്ത്.. വല്ലാത്തൊരു നാടു തന്നെ ഇടുക്കി… മതിയാവില്ല ഇവിടുത്തെ തണുപ്പും കാഴ്ചകളും…

എന്റെ വീട്ടിൽ നിന്ന് ഇവിടേക്ക് വരുമ്പോ ഉണ്ടായിരുന്ന സന്തോഷം ഇപ്പൊ പൂജയുടെ മുഖത്തില്ല.. ചിരി മാഞ്ഞിരുന്നു, അവളുടെ മനസ്സ് നിറയെ അമ്മ ആയിരിക്കും…

“ജിഷ്ണു ചേട്ടാ എന്നെ നിങ്ങള് മിസ്സ് ചെയ്തിട്ടുണ്ടോ..?”

‘ ഏയ് ഇല്ല, നിന്റെ കല്യാണം കഴിഞ്ഞ സമയത്ത് എന്തോ ഒരു…! പിന്നീട് ജീവിക്കാനുള്ള തിരക്കിനിടയിൽ എല്ലാം മറക്കാൻ ശ്രമിച്ചു…പിന്നീടെല്ലാം വല്ലപ്പോഴും ഓർക്കാനുള്ള കാരണങ്ങൾ മാത്രം..പലപ്പോഴും കോളേജിലെ ആ പഴയ ജൂനിയർ പെണ്ണിനെ ഓർമ വരും..’

എപ്പോഴോ അവളുറങ്ങിയിരുന്നു.. വൈകീട്ടോടെ തിരുവനന്തപുരം എത്തി..ഉറങ്ങിയത് കൊണ്ടാവണം നന്നേ ക്ഷീണിച്ചിരുന്നു അവള്..
റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞ് ഒന്ന് ഉഷാറായി..

അവിടുന്ന് അവളെയും കൊണ്ട് അവിടെയുള്ള ഇന്ത്യൻ കോഫി ഹൗസിൽ കയറി ചൂട് മസാല ദോശയും കാപ്പിയും കഴിച്ചു.. വയറു നിറഞ്ഞപ്പോ ക്ഷീണമെല്ലാം പമ്പ കടന്നു…

ട്രെയിൻ വരുന്ന സമയം വരെ ഒരു ബെഞ്ചിൽ ഇരുന്നു, എന്തൊക്കെയോ സംസാരിക്കണം എന്നുണ്ട്, മനസ്സുകൊണ്ട് എല്ലാം മറച്ചു..ട്രെയിൻ വരുമ്പോ അവളെ കയറ്റി വിട്ടിട്ട് ഞാൻ ജനറൽ കമ്പാർട്ട്മെന്റിലേക്ക്‌ പോകാനായിരുന്നു ഉദ്ദേശ്യം..കാരണം, എനിക്ക് റിസർവേഷൻ ഇല്ലായിരുന്നു..

ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് അടുത്തു..,അവളെ ട്രെയിനിൽ കയറ്റിയതിനു ശേഷം ഞാൻ ജനറൽ കമ്പാർട്ട്മെൻറ് നോക്കി നടക്കാൻ തുടങ്ങി..

“ഹലോ ജിഷ്ണു ചേട്ടാ, എങ്ങോട്ടാവോ..! തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തപ്പോ ദേ ഇത് കണ്ടാ ഇവിടുന്ന് തൃശൂർ വരെയുള്ള ചേട്ടന്റെ ടിക്കറ്റ് കൂടി എടുത്തിട്ടുണ്ട്..”

ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ അവളുടെ കൂടെ ആ ബോഗിയിൽ കയറി.. ട്രെയിൻ നീങ്ങി തുടങ്ങി, ഈ രാത്രി അവസാനിക്കരുത് എന്നൊരു തോന്നൽ..!

എതിർ വശത്തെ സീറ്റിൽ നിന്ന് എന്റെയടുത്ത് വന്നിരുന്നു കൊണ്ടവൾ ചോദിച്ചു,

“ചേട്ടാ, ഇനിയെന്നാ നമ്മള് കാണുന്നത്…?”

‘ അത് ഞാനല്ലല്ലോ തീരുമാനിക്കുന്നത്, ഇന്നേ വരെ നിന്റെ ഭ്രാന്തൻ ചിന്തകളും തീരുമാനങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടെ ഉള്ളൂ.. നാല് വർഷത്തിന് ശേഷം ദാ ഇതു പോലെ തോന്നിക്കണം നിനക്ക്..’

“മനപൂർവ്വം തന്നെയാണ് ആരെയും വിളിക്കാത്തതും കാണാൻ വരാതിരുന്നതും..പലപ്പോഴും ഞാൻ ജിഷ്ണു ചേട്ടനെ പറ്റി പറയുമ്പോ എന്റെ ചേട്ടൻ പറയും, നമുക്ക് അവനെ സർപ്രൈസ് ആയിട്ട് കാണാൻ പോകാമെന്ന്.. ഞാനാണ് തടഞ്ഞത്, ദാ ഇത് പോലെ വരണം എന്ന് ആ നിമിഷം മനസ്സിലുണ്ടായിരുന്നു..”

‘ നീ ഉറങ്ങുന്നില്ലെ..?’

” ഇല്ല, ഉറങ്ങണ്ട..ചേട്ടൻ ഇറങ്ങി കഴിഞ്ഞ് കിടന്നുറങ്ങാം.. ഇനി ഇത് പോലൊരു വരവ് ഉണ്ടാവുമോ എന്നൊന്നും അറിയില്ല..!!! അന്നും ഇന്നും എന്റെ മനസ്സറിയുന്ന ഏറ്റവും അടുത്ത സുഹൃത്ത്, ഏയ് അല്ല സുഹൃത്തല്ല അതിനും മുകളിൽ ആരോ ആണ് ഇപ്പോഴും ജിഷ്ണു ചേട്ടൻ… മനപൂർവ്വം എല്ലാത്തിൽ നിന്നുമൊരു ഒളിച്ചോട്ടം..”

‘ അല്ല പൂജാ, നീ എന്നെ വിളിച്ചപ്പോ ഞാൻ കരുതിയത് ഒക്കത്തൊരു കുഞ്ഞു വാവയും ഉണ്ടാവുമെന്നാ..!’

“കുഞ്ഞ്…! ആഗ്രഹം ഉണ്ടായിരുന്നു, ഞങ്ങളിൽ ആരുടെ കുഴപ്പമാണ് എന്നൊന്നും അറിയില്ല..അറിയാൻ ശ്രമിക്കുന്നില്ല, അങ്ങനെയൊരു ഭാഗ്യം എനിക്ക് കൈവരും എന്നൊരു വിശ്വാസം ഉണ്ട്, കൂടെ പ്രാർത്ഥനയും..”

എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തുന്നത് വരെ പഴയതും പുതിയതുമായ കാര്യങ്ങള് അവള് മൊഴിഞ്ഞു കൊണ്ടിരുന്നു..

‘ പൂജാ എനിക്ക് ഇറങ്ങാനുള്ള സ്ഥലമായി..;’

” ജിഷ്ണു ചേട്ടാ, ഈ രണ്ടു മൂന്നു ദിവസം ഞാൻ മനപൂർവ്വമാണ് ശല്യപ്പെടുത്തിയത്.. പഴയതൊക്കെ ഓർക്കാൻ, ഒന്നും മറന്നിട്ടില്ല എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ…”

‘ എന്താടീ ഇത്, ഞാനും ഒന്നും മറന്നിട്ടില്ല..പിന്നെ അന്ന് മാത്രമല്ല ഇന്നും നിന്റെ വാശിയും ഭ്രാന്തൻ ചിന്തകളും ഒരു ഹരമാണ്..’

ട്രെയിൻ സ്റ്റേഷനിലേക്ക് അടുത്തു.. ഞാൻ ബാഗും എടുത്ത് ഇറങ്ങാനായി നടന്നു, കൂടെ അവളും…

“ചേട്ടാ, ചേട്ടന്റെ അമ്മയോട് പറയണം.., പിന്നെ പഞ്ചാബിൽ എത്തുമ്പോ ഞാൻ വിളിക്കും ഒരു ലാൻഡ് ഫോണിൽ നിന്ന്.. അത്രയൊക്കെ മതിയെന്നൊരു തോന്നൽ…! മനസ്സിൽ ഒപ്പിയെടുത്ത ഓർക്കാനുള്ള കുറച്ച് ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞത്.. ”

ഒന്ന് ചിരിച്ച് കൊണ്ട് ഞാൻ ഇറങ്ങി.. എന്തോ നെഞ്ചിനൊക്കെ ഒരു ഇടിപ്പ്‌..

‘ ഡീ നിന്റെ കെട്ടിയോനോട് അന്വേഷണം പറയണം.. പിന്നെ സൂക്ഷിച്ച് പോണേടി ഭ്രാന്തി പെണ്ണേ…’

“ഓ ശരി ഏമാനെ..; പിന്നെയ് ജിഷ്ണു ചേട്ടന്റെ കല്യാണം ആവാറയി എന്നൊക്കെ അമ്മ പറഞ്ഞിരുന്നു…എന്നെ വിളിക്കോ എന്നൊന്നും അറിയില്ല, എങ്കിലും ചേട്ടന്റെ മുറിയിൽ കിടക്കയുടെ അടിയിൽ ഒരു കുഞ്ഞു പേപ്പറിൽ എന്റെ അവിടുത്തെ അഡ്രസ്സ് കുറിച്ചു വെച്ചിട്ടുണ്ട്..അന്വേഷിച്ച് വരാനൊന്നും നിൽക്കണ്ടട്ടാ.
ഒരു കല്യാണക്കുറി അയച്ചാൽ മതി..”

അവളിൽ ഉറങ്ങി കിടന്നിരുന്ന പഴയൊരു ചിരി മുഖത്ത് തെളിഞ്ഞു വന്നിരുന്നു.. ട്രെയിൻ നീങ്ങി തുടങ്ങി.. മുഖഭാവ വ്യത്യാസമില്ലാതെ അവള് അകത്തേക്ക് കയറിപ്പോയി..

ഞാൻ റെയ്ൽവേ സ്റ്റേഷന്റെ പുറത്തേക്ക് നടന്നു..വീട്ടിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോ മുഖത്തടിച്ച കാറ്റിന് ഇടുക്കിയെന്ന സുന്ദരിയുടെ തണുത്ത കുളിർകാറ്റിന്റെ ഫീലായിരുന്നു…

രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *