അരുണേട്ടനോടൊപ്പമുള്ള ജീവിതം ആഗ്രഹിച്ച് താൻ ഇവിടേക്ക് വന്നിട്ട് നാലുവർഷം കഴിഞ്ഞു.

രചന : അതിഥി അഥിത്രി

നിന്നോടൊരായിരം വട്ടം പറഞ്ഞിട്ടുണ്ട് ഞാൻ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കരുതെന്ന്. ഞാൻ എന്റെ അച്ഛനോടും അമ്മയോടുമാണ് സംസാരിക്കുന്നത് എന്ന്.

അരുണേട്ടൻ ഇപ്പൊ കുറച്ചായി ഇതേ വർത്തമാനം പറയുന്നു.. “എന്റെ അച്ഛനും അമ്മയും “എന്ന്.. !!

അപ്പൊ ഞാനാരാ അരുണേട്ടന്…!! അദ്ദേഹത്തിന്റെ അച്ഛനും അമ്മയും എന്ന് പറയുമ്പോൾ എനിക്കും അവരച്ഛനും അമ്മയും തന്നെയല്ലേ..?

അതൊ ഞാൻ ഇനി അങ്ങനെ കാണണ്ടന്നായിരിക്കുമോ.. !!
എന്തോ അവളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥയാക്കി അരുണിന്റെ വാക്കുകൾ.

അവർ തനിക്ക് ആരുമല്ലെന്നല്ലേ അരുണേട്ടൻ പറഞ്ഞതിനർത്ഥം..

അരുണേട്ടനോടൊപ്പമുള്ള ജീവിതം ആഗ്രഹിച്ച് താൻ ഇവിടേക്ക് വന്നിട്ട് നാലുവർഷം കഴിഞ്ഞു. ഇതിനിടയിൽ ഒരു തവണ പോലും താൻ തന്റെ വീട്ടിലേക്കൊന്ന് പോകണമെന്നോ ഉറ്റവരെ കാണണമെന്നോ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. കാരണം നടക്കില്ലെന്നറിഞ്ഞിട്ടും അരുണേട്ടന്റെ നിസ്സഹായാവസ്ഥ കാണാൻ കഴിയാത്തത് കൊണ്ട് മാത്രം താൻ ഇതുവരെ സങ്കടങ്ങൾ ഒന്നും പുറത്തേക്ക് കാണിച്ചില്ല.. എന്നിട്ടും തന്നോട് ഇങ്ങനെ പറയാൻ എങ്ങനെ തോന്നി അരുണേട്ടന്.

അവൾ തന്റെ വിഷമം ആരോടെന്നില്ലാതെ പറഞ്ഞു. എല്ലാവരും അത്താഴം കഴിച്ചെന്നുറപ്പുവരുത്തിയശേഷം ആണ് താൻ മുറിക്ക് പുറത്തേക്കിറങ്ങിയത്. അടുക്കളയിൽ ചെന്ന് കുടിക്കാൻ അല്പം വെള്ളം എടുത്തു വരുമ്പോളാണ് ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന അച്ഛന്റെ മുന്നിൽ വെച്ച് അമ്മ അരുണേട്ടനോട് തന്നെ കുറിച്ച് പറയുന്നത് ശ്രദ്ധയിൽ പെട്ടത്.

രാവിലെ എന്തോ പണി ചെയ്യുന്നതിനിടയിൽ അറിയാതെ പറ്റിപ്പോയൊരു തെറ്റിനുമേൽ അമ്മ ശകാരിച്ചപ്പോൾ പെട്ടന്ന് കണ്ണുനിറഞ്ഞു പോയി.

അതുകണ്ടപ്പോഴേക്കും അമ്മയുടെ അരിശം കൂടി.

“എന്ത് പറഞ്ഞാലും അപ്പൊ നിന്ന് മോങ്ങിക്കോളും “..വളർത്തുദോഷം അല്ലാതെന്താ.. അല്ലേ വർഷം ഇത്രേം ആയി ഒന്നിതുവരെ സ്വന്തമെന്ന് പറയാൻ ആരും ഇവിടേക്ക് അന്വേഷണവുമായി വന്നിട്ട് പോലും ഇല്ല. ആർക്കറിയാം ഊരും പേരും ഓക്കെ എന്താണെന്ന്..പെട്ടന്നാണ് അവർക്ക് സ്വബോധം തിരികെ വന്നത്. പറഞ്ഞത് കൂടിപ്പോയെന്ന് അവരുടെ പെട്ടന്നുള്ള മുഖഭാവത്തിൽ നിന്നും അവൾ വായിച്ചെടുത്തെങ്കിലും പുറത്തേക്കൊഴുകിയെത്തിയ കണ്ണുനീരിനെ മറക്കാൻ ബാത്രൂം ലക്ഷ്യം വെച്ചവൾ പുറത്തേക്കോടി.

ദേഷ്യം വന്നാൽ വായിൽ തോന്നുന്നതൊക്കെ അമ്മ വിളിച്ചു പറയും. എന്താ ഏതാന്നൊന്നും അമ്മക്ക് തന്നെ ബോധമുണ്ടാവില്ല.
പക്ഷേ, എല്ലായ്‌പ്പോഴും കേട്ടുനിക്കണപോലെ ഇത്തവണ അതിന് പറ്റിയില്ല.. കാരണം ആ വാക്കുകൾ അത്രമേൽ ആഴത്തിൽ ആയിരുന്നു എന്റെ ഹൃദയത്തിൽ കൊണ്ടത്.

എന്റെ അമ്മയെ ആയിരുന്നു അവർ അവഹേളിച്ചത്.. അതിന്റെ പേരിൽ പിന്നെ അവരോട് മിണ്ടാൻ തോന്നിയില്ല സത്യം പറഞ്ഞാൽ തനിക്ക്.

കുറേ നേരം ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നു വിട്ട് കരഞ്ഞു തീർക്കാൻ നോക്കി.പക്ഷേ ഓർക്കുന്തോറും മനസ്സിൽ അവരോടുള്ള ദേഷ്യം കൂടിക്കൂടി വന്നെന്നല്ലാതെ ആരോടും മറുത്തൊരക്ഷരം പറയാതെ മിണ്ടാതെ മുറിയിൽ പോയി വാതിലടച്ചു കിടക്കുകയാണ് പിന്നെ ചെയ്തത്.

ഉച്ചക്ക് കഴിക്കാൻ നേരമായപ്പോൾ അമ്മ വന്നു വിളിച്ചിട്ടും ഞാൻ പോയില്ല..

അതുകൊണ്ട് തന്നെ അത്താഴത്തിനു തന്നെ വിളിക്കാൻ ഏട്ടനായിരുന്നു വന്നത്. അവിടെയും വയറുവേദനയാണെന്ന് കള്ളം പറഞ്ഞ് തടി തപ്പി.

ഒന്നും കഴിക്കാതെ വയറ്റിൽ ഗ്യാസ് കയറാൻ തുടങ്ങിയപ്പോൾ എല്ലാവരും കഴിച്ചെന്നുറപ്പുവരുത്തിയ ശേഷം അടുക്കളയിൽ പോയി വെള്ളമെടുത്ത് തിരികെ വരുമ്പോഴായിരുന്നു ഉമ്മറത്തെ സംസാരം കേൾക്കനിടയായത്.

തന്റെ ഭാഗം ഒന്ന് ചോദിക്കാൻ പോലും നിൽക്കാതെ അരുണേട്ടൻ അമ്മ പറയുന്നതെല്ലാം അക്ഷരം പ്രതി കേട്ടോണ്ട് നിൽക്കുന്നത് കണ്ടപ്പോളാണ് ഞാൻ ഇടയിൽ കയറി സംസാരിച്ചത്.

അരുണേട്ടൻ കാര്യമറിയാതെ ആണ് തന്നെ വഴക്ക് പറഞ്ഞതെന്ന് തനിക്കറിയാം എങ്കിൽ പോലും അമ്മക്ക് പുറമെ അരുണേട്ടന്റെ വാക്കുകളും മനസ്സിനെ വല്ലാതെ കുത്തിക്കീറുന്നപോലെയാണ് തനിക്കപ്പോൾ തോന്നിയത്.

ഒരു നിമിഷം കൂടി താനവിടെ നിന്നിരുന്നെങ്കിൽ അവർക്കുമുന്പിൽ പിടിച്ചു നിൽക്കാനാവാതെ വിധം താൻ കരഞ്ഞുപോകുമായിരുന്നു.

എത്രയൊക്കെ ആണെങ്കിലും അരുണേട്ടൻ തന്റെ ഭർത്താവല്ലേ.. ഒരിക്കലും അരുണേട്ടനോ അരുണേട്ടന്റെ വീട്ടുകാരോ കാരണം എന്റെ കണ്ണു നിറയില്ലെന്ന് വാക്ക് തന്നിട്ടും ഏട്ടന് മുൻപിൽ ഞാൻ കരഞ്ഞാൽ പിന്നെ… ഏട്ടന്റെ വിഷമം താൻ തന്നെ കാണണ്ടേന്നോർത്തപ്പോൾ വീണ്ടും മുറിയിലേക്ക് ഓടിപ്പോരാനാണ് തോന്നിയത്.

എത്ര അരുതെന്ന് മനസ്സ് പറഞ്ഞിട്ടും അവയൊന്നും ചെവിക്കൊള്ളാതെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു.

കരഞ്ഞു കരഞ്ഞേപ്പഴോ ഉറക്കത്തിലേക്ക് വഴുതാൻ തുടങ്ങിയപ്പോളായിരുന്നു അരുണേട്ടൻ കതക് തുറന്ന് മുറിയിലേക്ക് കയറിവന്നത്.

തന്നെ ഉണർത്താതെ തന്നെ അരുണേട്ടൻ തനിക്കരികിലായി സ്ഥാനമുറപ്പിച്ചതും ഏട്ടന്റെ കരസ്പർശം തന്റെ നിറുകയിലൂടെ ഓടിനടന്നതും എല്ലാം ഒരു മയക്കത്തിലെന്നപോലെ താനറിയുന്നുണ്ടായിരുന്നു.

പെട്ടെന്നെന്തോ ആ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്ന തന്നെ അരുണേട്ടൻ ഇരുകൈകളാലും ചേർത്തുപിടിച്ചു.

അരുണേട്ടാ ഞാൻ അറിയാതെ..

പറയാൻ വന്നത് മുഴുവനാക്കും മുന്നേ ഏട്ടൻ എന്റെ വാ പൊത്തി പിടിച്ച് ഒന്നും പറയേണ്ട എന്നർത്ഥത്തിൽ തലയാട്ടി. ശേഷം, എന്റെ കാതിൽ അച്ഛനെന്നോടെല്ലാം പറഞ്ഞു പക്ഷേ, അമ്മയോട് ആ നിമിഷം നിന്നേ സപ്പോർട്ട് ചെയ്ത് വാദിച്ചാൽ അമ്മക്ക് വീണ്ടും നിന്നോട് ദേഷ്യം കൂടുകയേ ഉള്ളൂ എന്ന് ഏട്ടന്റെ വായിൽ നിന്നും കേട്ടപ്പോൾ ആണ് പാതി വിഷമം മറിയതെനിക്ക്. എങ്കിലും അമ്മ പറഞ്ഞ വാക്കുകളെ പറ്റി പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു..

“അവര് കുറച്ചു പഴയ ആളുകളാണ് നമ്മുടെ കാഴ്ചപ്പാടുകളും വർത്തമാനങ്ങളുമായി ഒത്തിരി അന്തരം അവർക്കും നമുക്കുമിടയിൽ ഉണ്ട്. അതുകൊണ്ട്, അവര് പറയുന്ന ഓരോ വാക്കുകളും ചിലപ്പോൾ നമ്മളെ തളർത്തിക്കളഞ്ഞേക്കാം.. എന്ന് കരുതി, അവരോടുള്ള ദേഷ്യം നമ്മള് കാണിക്കാൻ നിന്നാൽ കരയാൻ മാത്രേ ഏന്റെ കുട്ടിക്ക് ഇവിടെ എന്നും സാധിക്കൂ.. പകരം, സങ്കടം അവർക്കുമുന്പിൽ കാണിക്കാതെ ഏട്ടന് മുന്നിൽ കാണിച്ചോ നീ എത്ര വേണമെങ്കിലും..
ന്റെ കുട്ടിക്ക് ബുദ്ധിമുട്ട് ആവുമെന്നറിയാം എങ്കിലും ഏട്ടന് വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി, നാളെ മറ്റുള്ളവർ നിന്നെ കുറ്റപ്പെടുത്താതിരിക്കാൻ വേണ്ടി ഏട്ടന്റെ കുട്ടി അനുസരിക്കണം പ്ലീസ്..

അത്രയും പറഞ്ഞ് ന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന ഏട്ടനെ കണ്ടപ്പോൾ ന്റെ വിഷമം ഞാൻ ഈശ്വരനിലർപ്പിച്ച് അനുസരിക്കാമെന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ട് ഒന്നൂടെ ആ കരവലയത്തിനുള്ളിലേക്ക് ചേർന്നിരുന്നു.
****

Nb : അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ അവർ കുറച്ചു പഴയ ആളുകൾ ആവും. അങ്ങനെ നോക്കുമ്പോൾ അവർക്കും നമുക്കുമിടയിൽ ഒത്തിരി അന്തരം ഉണ്ട് എല്ലാം കൊണ്ടും.

അങ്ങനെ വരുമ്പോൾ സങ്കടങ്ങളൊക്കെ ഏത് കുടുംബത്തിലും ഉണ്ടാവും പലരാലും പലവിധത്തിലും. അതിനെല്ലാറ്റിനും സങ്കടപ്പെട്ട് കരഞ്ഞോണ്ടിരുന്നാൽ പിന്നെ അതിന് മാത്രേ നമുക്ക് നേരമുണ്ടാകൂ. So, നമ്മളൊന്ന് മനസ്സ് വെച്ചാൽ ഓരോ കുടുംബത്തിലെയും പാതി പ്രശ്നങ്ങൾ ഒഴിവാക്കാം.

ഇനി നമ്മൾ എത്ര വിട്ടുകൊടുത്തിട്ടും താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറയുന്നവരോട് മ്മക്ക് ഒന്നേ പറയാനുള്ളൂ. ഇങ്ങളോടൊക്കെ ദൈവം ചോദിക്കും മക്കളെ.. 😁😜🏃‍♀🏃‍♀

രചന : അതിഥി അഥിത്രി

Leave a Reply

Your email address will not be published. Required fields are marked *