അവനവളെ വലിച്ച് ദേഹത്തേക്കിട്ടു., കിന്നരിക്കാൻ കണ്ട നേരം മോളെണീക്കൂട്ടോ

രചന: Dhanya Shamjith

“ഇതെന്തുറക്കാഇച്ചാ.. എണീക്ക്… ദേ, സമയായീട്ടോ…” അവളുടെ വിളി കേട്ട് ജീവൻ തല വഴി മൂടിയിരുന്ന പുതപ്പൊന്ന് വലിച്ചു താഴ്ത്തി. “കാപ്പി മേശമേൽ വച്ചിട്ടുണ്ട്, വേഗം എണീറ്റ് റെഡിയാവാൻ നോക്ക്.”

“കുറച്ചൂടെ കിടക്കട്ടെ പെണ്ണേ, അവൻ വീണ്ടും പുതപ്പുനുളളിലേക്ക് നൂഴ്ന്നു.” “ഇന്നലെ ഇച്ചൻ തന്നെയല്ലേ പറഞ്ഞത് അഞ്ച് മണിക്ക് വിളിക്കണംന്ന് എന്നിട്ട് കൊറച്ചൂടി ഒറങ്ങട്ടേന്നോ…അങ്ങനിപ്പം ഒറങ്ങണ്ട, എണീറ്റേ..” അവൾ പുതപ്പു വലിച്ചു മാറ്റി. “ശ്ശോ, എന്തൊരു തണുപ്പാ നീയും കൂടി വാ നമുക്ക് കെട്ടിപ്പിടിച്ച് ഇത്തിരി കൂടി കിടക്കാം… അവനവളെ വലിച്ച് ദേഹത്തേക്കിട്ടു.” “കിന്നരിക്കാൻ കണ്ട നേരം മോളെണീക്കൂട്ടോ,,” അവൾ കുതറി മാറി. “മണിയേട്ടൻ വിളിച്ചിരുന്നു, വേഗം ചെല്ലാൻ പറഞ്ഞു, ഇച്ചനൊന്ന് എണീറ്റേ.. ദാ കാപ്പി..” അവളുടെ കൈയിൽ നിന്നും കാപ്പി വാങ്ങി ചുണ്ടോട് ചേർത്ത് ജീവൻ മുറി വിട്ടിറങ്ങി. എറണാകുളത്തെ ഒരു ഫർണിച്ചർ കമ്പനിയുടെ സെയിൽസ്മാനാണ് ജീവൻ. അന്യജാതിക്കാരിയെ കല്യാണം കഴിച്ചതിന്റെ പേരിൽ വീട്ടുകാർ പുറത്താക്കിയപ്പോൾ അഭയം കൊടുത്തത് മണിയേട്ടൻ എന്ന ഡ്രൈവറായിരുന്നു, ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ ജീവനും ജോലി ശരിയാക്കി കൊടുത്തതും മണിയേട്ടനായിരുന്നു. കമ്പനിയാവശ്യത്തിനായി പോകേണ്ടയാളുടെ അസൗകര്യം മൂലം അയാൾക്ക് പകരം ജീവനെ ഏൽപ്പിക്കുകയായിരുന്നു. ആദ്യമായാണ് ഇത്ര ദൂരം അവൻ പോവുന്നത്. ജീവൻകുളി കഴിഞ്ഞ് എത്തിയപ്പോഴേക്കും വേദ ഡ്രസെല്ലാം അയൺ ചെയ്ത് കഴിഞ്ഞിരുന്നു. “ഇച്ചാ, എല്ലാം ബാഗിൽ എടുത്ത് വച്ചിട്ടുണ്ട്, രണ്ട് ദിവസത്തേക്കുള്ളത് പോരേ?” “മതി, അവൻ തോർത്ത് അവളുടെ ചുമലിലേക്കിട്ടു.” “എത്ര പറഞ്ഞാലും കേൾക്കില്യ, നോക്കിയേ തലേലെ വെള്ളം പോയിട്ടില്ല.. വേദ അവന്റെ മുടിയിൽ തൊട്ടു കൊണ്ട് പറഞ്ഞു.” “അതെന്റെ പെണ്ണ് തുടയ്ക്കാതെ പോവില്ലന്ന് അറിയില്ലേ, അതല്ലേ പതിവ്.. അവൻ ചിരിയോടെ തല കുനിച്ചു.” “വേദ അവന്റെ മുടിയിലെ വെള്ളമെല്ലാം തോർത്തുകൊണ്ട് ഒപ്പിയെടുത്തു.” “എന്താ പെണ്ണേ മുഖത്തൊരു കനം..?” അവളുടെ മുഖത്തെ ഭാവമാറ്റം അവൻ കണ്ടു. “ഇച്ചന് തോന്നുന്നതാ എനിക്കൊരു കനവും ഇല്യ…” “ഉവ്വ്, ഈ പെണ്ണിനെ അഞ്ചാറ് കൊല്ലായില്ലേ ഞാൻ കാണാൻ തുടങ്ങീട്ട്, നിന്റെ ഏത് മാറ്റവും ഞാനറിയും..” വേദ ഒന്നും മിണ്ടിയില്ല. “ഞാൻ രണ്ടു ദിവസം ഇല്ലല്ലോ എന്നോർത്താണോ?” വേദ പതിയെ തലയാട്ടി. ജീവനൊരു പുഞ്ചിരിയോടെ അവളെ ദേഹത്തോട് ചേർത്തു പിടിച്ചു. “നാളെ രാത്രി ഞാനിങ്ങെത്തില്ലേ പിന്നെന്താ..” ” ഇച്ചന്റ കൈ പിടിച്ച് ഇറങ്ങി വന്ന അന്നുതൊട്ട് ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല ഞാൻ, രണ്ടുന്നൂസം എങ്ങനാ ഞാൻ…” അവളുടെ മിഴികൾ നിറഞ്ഞു. “എന്റെ പെണ്ണേ… നിന്നെ കാണാതെ എനിക്കും പറ്റില്ല പക്ഷേ പോവാതെ വയ്യ ഒഴിവാക്കാൻ കുറേ നോക്കിതാ പറ്റണ്ടേ.. എന്റെ സുന്ദരിക്കുട്ടി ഒറ്റയ്ക്കല്ലല്ലോ മ്മടെ കുഞ്ചൂസില്ലേ കൂട്ടിന്..” “ഇച്ചൻ വേഗമിങ്ങ് വരും…” അവളുടെ നെറുകിലൊന്ന് ചുംബിച്ച് ജീവൻ റെഡിയാവാൻ തുടങ്ങി.

“മോള് നല്ല ഉറക്കാ വിളിക്കണ്ട…” പറഞ്ഞു കൊണ്ടവൻ ബെഡിലേക്ക് കുനിഞ്ഞ് ഉറങ്ങി കിടന്നിരുന്ന കുഞ്ചൂസിനും ഒരുമ്മ കൊടുത്തു. “ഞാനില്ലന്ന് കരുതി സീരിയലും കണ്ടിരിക്കരുത്, വാതിലും ജനലുമൊക്കെ അടച്ചിട്ടേക്കണം, കല്യാണി ചേച്ചിയോട് പറഞ്ഞിട്ടുണ്ട് രാത്രികൂട്ടിന് വരാൻ.” “എന്നാ ഞാൻ ഇറങ്ങുവാ, നാളെ കഴിഞ്ഞ് വെളുപ്പിനേ ഞാനിങ്ങെത്തും.ക്രിസ്മസാ വരുന്നേ, നമുക്കൊരുമിച്ച് പോവാം പർച്ചേസിന്.. സുന്ദരിക്കുട്ടിയായി എനിക്കുള്ള കാപ്പീം കൊണ്ട് വാതിൽക്കലുണ്ടാവണം ട്ടോ എന്റെ പെണ്ണ്…” ജീവൻ പുഞ്ചിരിയോടെ അവളെ നോക്കി, ശരിയെന്ന അർത്ഥത്തിൽ അവളും അതേ പുഞ്ചിരിയോടെ അവന്റെ കവിളിൽ ഉമ്മ വച്ചു. **** “വണ്ടിയൊന്ന് ഒതുക്കിയാലോ നമുക്കോരോ കട്ടനടിച്ചിട്ടാവാം ബാക്കി …. മണിയേട്ടൻ ജീവനെ നോക്കി.” ഞാനത് പറയാൻ തുടങ്ങുവായിരുന്നു. അവൻ ചിരിച്ചു. യാത്രാ ക്ഷീണം അവന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അവർ. നഗരം ഉറക്കത്തിലായതുകൊണ്ടാവാം ഒന്നോ രണ്ടോ വാഹനങ്ങൾ ഒഴിച്ചാൽ റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു അതു കൊണ്ടു തന്നെ വണ്ടി സൈഡൊതുക്കി നിർത്താൻ ബുദ്ധിമുട്ടുണ്ടായില്ല. തൊട്ടടുത്ത് കണ്ട തട്ടുകടയിൽ നിന്ന് കടും കാപ്പി വാങ്ങി കുടിക്കവേയാണ് അവനക്കാര്യം ഓർത്തത്. “മണിയേട്ടാ, ഞാനിപ്പം വരാട്ടോ…. ധൃതിയിൽ കാപ്പി ഊതിക്കുടിച്ച് കാലിയായ ഗ്ലാസ് കടക്കാരനു നേരെ നീട്ടി ജീവൻ.” “എങ്ങോട്ടാ ജീവാ?” “ദാ വരുന്നു മണിയേട്ടാ… പറഞ്ഞു കൊണ്ട് അവൻ നടന്നു.”

അല്പസമയം കഴിഞ്ഞപ്പോഴേക്കും കയ്യിലൊരു പായ്ക്കറ്റുമായി അവൻ തിരികെയെത്തി. “കേക്കാ…. ഇന്നലെക്കൂടി കുഞ്ചൂസ് ഓർമ്മിപ്പിച്ചതേയുള്ളൂ, ഇതില്ലാണ്ട് ചെന്നാ അത് മതി അവൻ ചിരിച്ചു.” “കെട്യോൾക്കൊന്നും വാങ്ങീലേടാ….?” “ആ.. best അത് മറക്കോ മണിയേട്ടാ, കൊച്ചിനെ എന്തേലും പറഞ്ഞ് നിർത്താം അവൾടടുത്ത് ഒരു രക്ഷേമിണ്ടാവില്ല… അവളെന്നും ആവശ്യപ്പെടുന്ന ഒന്നേയുള്ളൂ ഡയറി മിൽക്കിന്റെ ഒരു പാക്കറ്റ്…. അതൊരു പതിവാ….” നിറഞ്ഞ ചിരിയോടെ ജീവൻ വണ്ടിയിലേക്ക് കയറി. “ന്നാ മ്മക്ക് പോവാല്ലേ?” മണിയേട്ടൻ വണ്ടി സ്റ്റാർട്ടാക്കി. “ഒന്ന് വീട്ടിലെത്തിയാ മതി നാളെ കഴിഞ് ക്രിസ്മസാ.. നീണ്ട ലിസ്റ്റാ ഇത്തവണ കുഞ്ചൂസിന്റ ചെന്നിട്ട് വേണം ഒക്കെം റെഡിയാക്കാൻ.”

“നീ വീട്ടിലോട്ട് പോവുന്നില്ലേ?” മണിയേട്ടൻ സ്റ്റിയറിംഗ് തിരിക്കുന്നതിനിടയിൽ ചോദിച്ചു. ആ ചോദ്യം കേട്ടതും അവന്റെ മുഖമൊന്നു വാടി. “ഇല്ല മണിയേട്ടാ, അവരുടെ ദേഷ്യം ഇപ്പഴും മാറിയിട്ടില്ല. ഞാനൊറ്റയ്ക്ക് ചെന്നാ മതീന്നാ കല്പന, അങ്ങനെ എനിക്ക് അവിടേക്ക് പോവണ്ട. എന്റെ പെണ്ണിനേം കൊച്ചിനേം വേണ്ടാത്തൊര്ടെ ഇടേലേക്ക് ഞാൻ മാത്രം പോവില്ല..” “പ്രേമിച്ച് കെട്ടണതൊക്കെ ഇപ്പം സാധാരണയാ അയിന് ഇത്രേം കാലൊക്കെ ദേഷ്യം പിടിക്കുകാന്ന് വച്ചാ കട്ടി തന്നെയാ. നീ വിഷമിക്കണ്ടടാ ഒരു ദിവസം അവര് നിങ്ങളെ ഇങ്ങോട്ട് വന്ന് വിളിക്കും…” “എന്റപ്പൻ പടവീട്ടിൽ ജോസഫ് ,, രണ്ടാമത് ജനിക്കേണ്ടി വരും ഈ പറഞ്ഞത് സംഭവിക്കാൻ.” ജീവൻ ചിരിച്ചു. “മണിയേട്ടൻ ഇന്ന് പോവോ നാട്ടിലോട്ട്?” “പിന്നല്ലാതെ പിള്ളാര് ഇപ്പഴേ വിളി തൊടങ്ങി. മ്മടെ കഷ്ടപ്പാട് അവരുണ്ടോ അറിയണൂ.” പറഞ്ഞു കൊണ്ടിരിക്കവേ അയാൾ വണ്ടിയൊന്നു വെട്ടിച്ചു. തടി കയറ്റിയ ഒരു ലോറി ഓവർ ടേക്ക് ചെയ്തതാണ്. “എന്തൊരു പോക്കാ,, ഇവൻമാർക്കിതൊരു സ്ഥിരം ഏർപ്പാടാ… അങ്ങനെ വിട്ടാ പറ്റില്ലല്ലോ.. അയാൾ രോഷം കൊണ്ടു.” “ആ പോട്ടെ മണിയേട്ടാ, ഇനിയതിന്റെ പിറകെ പായണ്ട, ഇങ്ങനത്തെ വണ്ടി കാണുമ്പഴേ പേടിയാ… തടി അടുക്കിയേക്കുന്നത് കണ്ടാ റോഡിൽ നടക്കുന്നോര്ടെ ദേഹത്ത് ഇപ്പം തട്ടും ന്ന് തോന്നും…..സ്പീഡ് കൊറച്ച് പോയാ മതി. നമുക്കിനീം സമയോണ്ടല്ലോ എത്താൻ… അവൻ അയാളെ സമാധാനിപ്പിച്ചു.” “എന്നാലും ജീവാ, അവമ്മാര് അമ്മാതിരി പോക്കല്ലാർന്നോ?” “വിട്ടുകള മണിയേട്ടാ… ദേ ഞാനൊന്ന് മയങ്ങുവാട്ടോ, നല്ല ക്ഷീണം.” “നീ ഉറങ്ങിക്കോടാവേ.. കണ്ണ് തൊറക്കുമ്പഴേക്കും മ്മളെത്തും.” “ആ, ഞാനൊറങ്ങീന്ന് കരുതി ഓവർ സ്പീഡൊന്നും വേണ്ടാ ട്ടോ,” ഇല്ലടാ, അയാൾ ചിരിച്ചു. ജീവൻ കയ്യിലിരുന്ന പായ്ക്കറ്റ് മടിയിൽ നിന്ന് അരികിലേക്ക് വച്ചു, ചോക്ളേറ്റിന്റെ പായ്ക്കറ്റ് ഭദ്രമായി പോക്കറ്റിലേക്ക് തിരുകി. ചെല്ലുന്ന വഴി അവൾ കവറിലാ പിടുത്തമിടുക ഇത്തവണ ഒന്ന് പറ്റിക്കണം, വാങ്ങിയില്ല എന്നറിയുമ്പോ ആ മുഖത്തെ ചുവപ്പൊന്ന് കാണണം കുറുമ്പിപ്പാറുവിന്റെ… ചുണ്ടിലൊരു ചിരിയോടെ ജീവൻ കണ്ണടച്ചു.മയക്കം കണ്ണുകളിലേക്കരിച്ചെത്തിയതേയുള്ളൂ വണ്ടിയൊന്ന് കുലുങ്ങിയതും എന്തോഭാരം മുഖത്തി ടിച്ചതും ജീവനറിഞ്ഞു. ഞരമ്പുകൾ പൊട്ടുന്ന വേദനയിൽ അവന്റെ ദേഹം പിടഞ്ഞു.

മുന്നിൽ പോയ വണ്ടി പെട്ടന്ന് ബ്രേക്കിട്ടപ്പോൾ മണിയേട്ടന് സ്റ്റിയറിംഗ് നിയന്ത്രിക്കാനായില്ല, ഒരൊറ്റ സെക്കന്റിൽ മുന്നിലെ തടി ലോറിയിൽ നീണ്ടു നിന്നിരുന്ന തടിയുടെ അറ്റം അവരുടെ വണ്ടിയുടെ ചില്ലുതുളച്ചു ജീവന്റെ മുഖത്തെ ചതച്ചരച്ചു. മരണത്തിലേക്കുള്ള നൂൽപ്പാതയുടെ അറ്റത്തെത്തുമ്പോഴും അവന്റെ മനസ്സിൽ അവളായിരുന്നു ” വേദ”. താനില്ലാതായാലുള്ള അവളുടെ അവസ്ഥ, തന്റെ കുഞ്ചൂസിന്റെ കൊഞ്ചൽ, എന്നെങ്കിലും തിരികെ വിളിക്കാൻ വരുമെന്ന് താൻ കൊതിക്കുന്ന അപ്പൻ.. നെയ്തുകൂട്ടി വച്ചിരിക്കുന്ന ഓരോരോ സ്വപ്നങ്ങൾ… എല്ലാം ഇപ്പോൾ ഇവിടെ തീരുകയാണല്ലോ.. അതേ ചിന്തയോടെ അവന്റെ ഉടൽ വെട്ടിവിറച്ചു കൊണ്ടേ യിരുന്നു. അപ്പോഴും അവന്റെ കൈകൾ അരികിലെ കവറിലിൽ മുറുകിയിരുന്നു. ഇതൊന്നുമറിയാതെ കുളി കഴിഞ്ഞ് അവനിഷ്ടമുള്ള ചുവന്ന സാരിയുടുത്ത്, അവനുള്ള കാപ്പിയിലേക്ക് ഒരു തരി ഏലയ്ക്ക ചേർക്കുകയായിരുന്നു വേദ…
(NB: ഒരു നിമിഷത്തെ അശ്രദ്ധ മൂലം ദിവസവും റോഡുകളിൽ ഇല്ലാതാവുന്നത് നിരവധി ജീവനുകളാണ്, വാഹനം ഓടിക്കുമ്പോൾ സ്വന്തം ജീവൻ കാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും കാത്തു സൂക്ഷിക്കുക…)

ലൈക്ക് ഷെയർ ചെയ്യണേ….

രചന: Dhanya Shamjith

Leave a Reply

Your email address will not be published. Required fields are marked *