ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത്!! തനിയെ.. അതും രാത്രിയിൽ….

രചന:സ്വാതി.കെ.എസ്

ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത്!! തനിയെ.. അതും രാത്രിയിൽ!! ഓർക്കും തോറും ഹൃദയമിടിപ്പിനു വേഗതയേറി.. ഇടക്കെപ്പോഴോ ചാർജ് തീർന്നു ജഢമായ ഫോണിനു നേരെ അവൾ നിസ്സഹായതയോടെ നോക്കി.. സമയമറിയാൻ പോലും ഒരു വഴിയുമില്ലെന്ന തിരിച്ചറിവ് കാലുകളിൽ തളർച്ചയായി പടർന്നു!! അറിയാവുന്ന ദൈവങ്ങളെയെല്ലാം ഉള്ളുരുകി വിളിച്ചുകൊണ്ട് എതിർ വശത്തു കണ്ട ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു..

വരണ്ടെന്നു പറഞ്ഞു വിലക്കിയ മാധവമ്മാമയുടെ വാക്കുകളെ പൂർണമായും അവഗണിച്ചു പുറപ്പെട്ടിറങ്ങിയ നിമിഷത്തെ അവൾ ഉള്ളാൽ ശപിച്ചു.. ശ്വാസോച്ഛാസത്തിന്റെ ശബ്ദം മാത്രം നിശ്ശബ്ദതയിൽ ഉയർന്നു കേട്ടുകൊണ്ടിരുന്നു…. റോഡിനിരുവശത്തും തലയെടുപ്പോടെ നിൽക്കുന്ന വൃഷങ്ങൾക്ക് അകമ്പടി സേവിയ്ക്കാനെന്നോണം എങ്ങു നിന്നോ തണുത്ത കാറ്റ് വീശിക്കൊണ്ടേയിരുന്നു… ചാറ്റൽമഴ ചെറിയ തുള്ളികളായി ശരീരത്തിൽ പതിച്ചു.. ഭയം ഹൃദയത്തിനുള്ളിൽ അതി ശക്തിയോടെ പെരുമ്പറ മുഴക്കി!! നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ ഷാളിൻ തുമ്പു കൊണ്ട് തുടച്ചുകൊണ്ടു ബസ് സ്റ്റോപ്പിനോരം ചേർന്ന് നിൽക്കുമ്പോൾ തൊണ്ടക്കുഴിയിൽ തടഞ്ഞു വച്ച തേങ്ങൽ മിഴിക്കോണുകളിൽ ഉതിർന്നു വീഴാൻ തയ്യാറെടുത്തു നിൽക്കുന്നുണ്ടായിരുന്നു.. ബസ് സ്റ്റോപ്പിനടുത്തുള്ള വഴി വിളക്കിൽ നിന്നും പരന്ന അരണ്ട പ്രകാശത്തിൽ കണ്ടു.. കള്ളിമുണ്ടും ഷർട്ടുമണിഞ്ഞൊരു ചെറുപ്പക്കാരൻ ബസ് സ്റ്റോപ്പിനുള്ളിലിരിയ്ക്കുന്നു… കണ്ണുകളിൽ ചുവന്ന രാശി!! അന്തരീക്ഷത്തിലെങ്ങും സിഗരറ്റിന്റെ മനം മടുപ്പിയ്ക്കുന്ന ഗന്ധം!! മുൻപെങ്ങും കണ്ടിട്ടില്ലാത്തതിനാലാവണം അയാൾ തന്നെ ശ്രദ്ധിയ്ക്കുന്നത്.. ചുറ്റും വേറാരും ഇല്ലെന്നും അടുത്തെങ്ങും ഒരു വീട് പോലുമില്ലെന്നുമുള്ള ധാരണ ഹൃദയത്തിൽ കുടിയിരുന്ന ഭയത്തിനു ശക്തി കൂട്ടി!! പുതിയൊരു ജോലിയുടെ ഇന്റർവ്യൂവിനു വേണ്ടി ഏട്ടൻ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്.. ഉറക്കച്ചടവിൽ, മേശയിലെടുത്തുവച്ച ആഹാരത്തെക്കുറിച്ചും സന്ധ്യക്ക്‌ മുൻപ് എത്തുമെന്ന് പറഞ്ഞതും മാത്രം കേട്ടിരുന്നു… സന്ധ്യ വരെ ഉമ്മറപ്പടിയ്ക്കൽ കാത്തിരുന്നിട്ടും കാണാതായപ്പോഴേയ്ക്കും പരിഭ്രമം തന്നെ തേടിയെത്തിയിരുന്നു…

കയ്യിൽ ചുരുട്ടിപ്പിടിച്ച ഫോൺ പൊടുന്നനെ കരച്ചിൽ ശബ്ദമുതിർത്തു… പ്രതീക്ഷയോടെ കാതോട് ചേർത്തപ്പോൾ മാധവമ്മാമയായിരുന്നു.. ഏട്ടന്റെ ബൈക് ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചെന്നും കാലിനു ചെറിയ പൊട്ടലുണ്ടെന്നും ടൗണിലെ ശാന്തി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും പറഞ്ഞപ്പോൾ ഇട്ടിരുന്ന അതേ വേഷത്തിൽ ഒരു പേഴ്‌സുമെടുത്തിറങ്ങിയതാണ്… സ്വന്തം ജീവൻ ദാനമായി തന്നുകൊണ്ടു ജന്മം നൽകിയ അമ്മയ്ക്കു പിറകെ ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ അച്ഛനും പോയതിനു ശേഷം തനിയ്ക്കെല്ലാം എട്ടനായിരുന്നു… അമ്മയാവേണ്ടിടത് അമ്മയായും അച്ഛനാവേണ്ടിടത്തു അച്ഛനായും ഒരു കുറവും വരാതെ നോക്കി… വയസു പത്തു പതിനെട്ടായെങ്കിലും ഇപ്പോഴും ഏട്ടന് താൻ കുഞ്ഞുവാവയാണെന്നു പറഞ്ഞു മാധവമ്മാമ കളിയാക്കുന്നത് കേൾക്കുമ്പോൾ ഏട്ടൻ ചിരിയ്ക്കും.. ഏട്ടന് ചെറിയൊരു തലവേദന വന്നാൽ പോലും പേടിയാണ്… പിന്നെങ്ങനെയാണ് ആക്സിഡന്റെന്നൊക്കെ കേൾക്കുമ്പോൾ വീട്ടിലിരിയ്ക്കാൻ സാധിയ്ക്കുന്നത്?? പരിചയമില്ലാത്ത സ്ഥലമായിട്ടും ഇറങ്ങിത്തിരിച്ചത് അതുകൊണ്ടായിരുന്നില്ലേ? ഏട്ടനെ കണ്ടാലേ തനിയ്ക്ക് സമാധാനമാവു.. ശാന്തി ഹോസ്പിറ്റലിനു മുന്പിലെത്തിയാൽ പറയണമെന്ന് കണ്ടക്റ്ററോടു പറഞ്ഞേൽപ്പിച്ചു… ചാറ്റൽ മഴ പെയ്യാൻ തുടങ്ങിയതോടെ ഷട്ടറുകളെല്ലാം അടച്ചു.. സമയം കടന്നു പോവുന്നതിനോടൊപ്പം തന്നെ മനഃസമാധാനം പൂർണമായും പടിയകന്നു… ആളുകളോരോന്നായി ഇറങ്ങിത്തുടങ്ങിയിരുന്നു… വഴികളിലെങ്ങും ഇരുട്ട് വീണു.. ചിലയിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു… “ചേട്ടാ.. ശാന്തി ഹോസ്പിറ്റൽ എത്തിയോ??” തൊട്ടെതിർവശത്തെ സീറ്റിലിരുന്ന ആൾക്ക് നേരെ നോക്കി പരിഭ്രമത്തോടെ ചോദിച്ചു.. “ശാന്തി ഹോസ്പിറ്റൽ കഴിഞ്ഞല്ലോ മോളെ… ഒരു പതിനഞ്ചു മിനിറ്റ് ആയിക്കാണും…” കണ്ടക്റ്റർ എല്ലാം കേട്ടിട്ടും അമളി പിണഞ്ഞ ഭാവത്തിൽ പിറകിൽ നിന്നും മുന്നോട്ട് വരാതെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ കരച്ചിലിന്റെ വക്കോളമെത്തി… “ഞാനാ കണ്ടക്റ്ററോട് പറഞ്ഞതാ സ്ഥലമെത്തിയാൽ പറയാൻ..” “അയാൾക്കറിയില്ല മോളെ.. അത് പുതിയ ആളാ…”

ഒടുവിൽ ഞാൻ കരയാൻ തുടങ്ങിയപ്പോൾ അയാൾ തന്നെ വന്നു ക്ഷമാപണം നടത്തി തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കിയതാണ്… എതിർ വശത്തെ ബസ് സ്റ്റോപ്പിൽ നിന്നാൽ മതിയെന്നും ബസ് ഉടനെ ഉണ്ടെന്നും പറഞ്ഞപ്പോൾ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല.. പേഴ്‌സിലാകെ ഇരുപത് രൂപ മാത്രമേ ബാക്കിയുള്ളൂ.. “എങ്ങോട്ടാ??” ചിന്തകളെ കീറി മുറിച്ചുകൊണ്ട് ആ ശബ്ദം കാതുകളിലെത്തിയപ്പോൾ ഞാൻ ഭയത്തോടെ തിരിഞ്ഞു.. “ഇവിടെങ്ങും മുൻപ് കണ്ടിട്ടില്ലല്ലോ? എവിടെയ്ക്കാ??” “ഞാൻ.. ശാന്തി ഹോസ്പിറ്റലിലേയ്ക്കാ…” “ശാന്തി ഹോസ്പിറ്റൽ കഴിഞ്ഞിട്ട് അഞ്ചു സ്റ്റോപ്പ് ആയല്ലോ… ” അയാൾ എന്നെ അടിമുടി നോക്കിക്കൊണ്ടു പറഞ്ഞു.. മറുപടി പറയാൻ ശബ്ദമുയർത്താൻ ഭയമനുവദിച്ചില്ല.. “സമയം 9.15 ആയിട്ടുള്ളു.. അടുത്ത ബസ്സ് 9.50 നെ വരൂ…” അയാൾ വാച്ചിൽ നോക്കിക്കൊണ്ടു പറഞ്ഞു.. “ആ ബസ്സു തന്നെ ഉണ്ടാവോന്നു അറിയില്ല… ഇത് നാട്ടിൻ പുറമല്ലേ ഈ സമയത്തു യാത്രക്കാരൊന്നും ഉണ്ടാവില്ല…” എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്ന് വിയർത്തു… പരിചയമുള്ള ആരെങ്കിലും വന്നിരുന്നെങ്കിലെന്നു ഞാൻ തീവ്രമായി ആഗ്രഹിച്ചു പോയി!! ഉറക്കെ കരഞ്ഞാൽ പോലും വരാൻ അടുത്തെങ്ങും ആരുമില്ലാത്തൊരിടത്തു രാത്രിയിൽ ഒരു പെണ്ണിനെ തനിച്ചു ഇറക്കി വിട്ട കണ്ടക്റ്ററെ മനസ്സാൽ ശപിച്ചു… ദുഷ്ടൻ.. അയാൾക്കുമുണ്ടാവില്ലേ ഇതുപോലൊരു പെങ്ങൾ!! അല്ലെങ്കിൽ സ്വന്തമെന്നു കരുതി സ്നേഹിയ്ക്കുന്ന ഏതെങ്കിലുമൊരു പെൺകുട്ടി.. എന്നിട്ടും!! തടഞ്ഞു നിർത്തിയിട്ടും കണ്ണുനീർ തോരാതെ പെയ്തുകൊണ്ടേയിരുന്നു… തൊട്ടടുത്തുള്ള അപരിചിതന്റെ സാന്നിധ്യം എന്റെ കരച്ചിലിന്റെ ആക്കം കൂട്ടി… ചിലയിടങ്ങളിൽ… ചില നേരങ്ങളിൽ.. സ്ത്രീ പൂർണമായും നിസ്സഹായയായിപ്പോവാറുണ്ട്… നിശ്ശബ്ദയായിപ്പോവാറുണ്ട്!! ഭയത്തോടൊപ്പം വിശപ്പും കത്തിപ്പടരാൻ തുടങ്ങിയിരുന്നു.. ജീവിതത്തിലിന്നേവരെ അനുഭവിയ്ക്കാത്തൊരു തരം ഭീകരമായൊരാവസ്ഥയാണിത്!!! ലോകത്തിലൊരു പെണ്ണിനും ഇനിയിതുപോലൊരവസ്ഥയെ അഭിമുഖീകരിയ്ക്കേണ്ടി വരരുതേയെന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചു… സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു… കരച്ചിലിന്റെ ആക്കം പാട് പെട്ട് കുറച്ചു.. പിറകിലിരുന്നയാൾ ഫോണെടുത്തു ആരെയൊക്കെയോ വിളിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അടക്കിപ്പിടിച്ച ശബ്ദമായതിനാൽ ഒന്നും വ്യക്തമല്ല.. എങ്കിലും പെൺകുട്ടിയെന്നും തനിച്ചാണെന്നുമൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നോ?? തോന്നാലാവണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. അല്ലാതെന്തു ചെയ്യാനാ?? “മോള് ടെന്ഷനടിയ്ക്കണ്ടാട്ടോ… ആ ബസ്സുണ്ട്.. ഇത്തിരി വൈകും.. അര മണിക്കൂറിനുള്ളിൽ എത്തും..” മോളെന്നുള്ള വിളി കേട്ടപ്പോൾ നേരിയ ആശ്വാസം തോന്നി.. “ഇങ്ങോട്ട് കേറി നിന്നോളൂ മഴ നനയണ്ട…” പ്രതികരിയ്ക്കാൻ തോന്നിയില്ല.. “പേടിയ്ക്കണ്ടാട്ടോ.. ബസ് വരുന്നത് വരെ ഞാനിവിടെ നിൽക്കാം.. വീട്ടിൽ അമ്മ തനിച്ചേ ഉള്ളു.. എന്നാലും സാരമില്ല.. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ..” അത്രയും നേരം ഹൃദയത്തെ മരവിപ്പിച്ചിരുന്ന കനത്ത ഭയം പൊടുന്നനെ എവിടെയോ പോയി ഒളിച്ചു… ബസ് സ്റ്റോപ്പിനുള്ളിൽ കയറി അയാൾക്ക് എതിർ വശത്തു ചെന്നിരിയ്ക്കുമ്പോൾ അരികിൽ ഏട്ടന്റെ സാന്നിധ്യം അനുഭവപ്പെട്ടതെങ്ങിനെയായിരുന്നെന്നു മാത്രം ഇപ്പോഴുമറിയില്ല.. സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചപ്പോൾ ഉള്ളൊന്നു തണുത്തു… “പരിചയമില്ലാത്ത സ്ഥലത്തു മോളെ ഒറ്റയ്ക്കിറക്കി വിട്ടിട്ട് ആ ബസ്സിലെ ആരും അവനോട് ഒന്നും പറഞ്ഞില്ലേ?” ദേഷ്യത്തോടെയുള്ള ചോദ്യത്തിന് ഇല്ലെന്നു തലയാട്ടുമ്പോൾ എന്റെ കണ്ണുകൾ സ്വയമറിയാതെ നിറഞ്ഞിരുന്നു…

അല്പ സമയത്തിനുള്ളിൽ ബസ് വന്നപ്പോൾ കൈ കാണിച്ചു നിർത്തിച്ചു തന്നപ്പോഴും ബസിനുള്ളിലെ മൂന്നു പേർക്ക് ചുറ്റും പരന്ന മദ്യത്തിന്റെ ഗന്ധം ശ്രദ്ധിച്ചിട്ടെന്നോണം എന്റെ കൂടെ ബസ്സിൽ കയറിയപ്പോഴും വല്ലാത്തൊരു സുരക്ഷിതത്വം എന്നെ പൊതിഞ്ഞിരിന്നു… ആരാണെന്നുള്ള ചോദ്യത്തിന് പെങ്ങളുട്ടി ആണെന്നുള്ള മറുപടി നിസ്സംശയം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതെന്തിനാണെന്നു മാത്രം മനസ്സിലായിരുന്നില്ല.. ആൾക്കൂട്ടത്തിനിടയിലൂടെ കൈത്തലം മുറുകെപ്പിടിച്ചു മുൻപോട്ടു നടക്കുമ്പോൾ എട്ടനേതു വാർഡിലാണെന്നു പോലും ചോദിയ്ക്കാതെ ഇറങ്ങിത്തിരിച്ച വിഡ്ഢിത്തമോർത്തു അല്പം ജാള്യത തോന്നാതിരുന്നില്ല… എട്ടന്റെ മുറിയുടെ വാതിലോളം സുരക്ഷിതമായി എത്തിച്ച ശേഷമായിരുന്നു കൈത്തലം വിട്ടത്.. ഓടിച്ചെന്ന് ഏട്ടനെ കെട്ടിപ്പിടിച്ചപ്പോഴായിരുന്നു ആശ്വാസമായത്.. മാധവമ്മാമ പറഞ്ഞതുപോലെത്തന്നെ കാലിനു ചെറിയ കെട്ടുണ്ടായിരുന്നതൊഴിച്ചാൽ പറയത്തക്ക കുഴപ്പമൊന്നുമില്ലായിരുന്നു.. നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു കേൾപ്പിച്ചു കൂടെ വന്നയാൾക്ക് നേരെ വിരൽ ചൂണ്ടവേ അയാൾ നിന്നിടം ശൂന്യമായിരുന്നു… ഓടിച്ചെന്നു നോക്കിയ ഇടങ്ങളിലൊന്നും തിരഞ്ഞ മുഖം കാണാൻ കഴിഞ്ഞില്ലെന്നത് അത്യധികം സങ്കടമായി.. “ചേട്ടാ… ഇവിടെ നിന്നിരുന്നയാളെ കണ്ടോ?” പരിസരത്തു കസേരയിലിരിയ്ക്കുന്നയാളെ നോക്കി ചോദിച്ചു.. “മോള് ഉള്ളിലേയ്ക്ക് കേറിയപ്പോത്തന്നെ അയാള് പോയല്ലോ..” വികാരങ്ങൾ തെല്ലും ചാലിയ്ക്കാത്തൊരു തേങ്ങൽ എന്റെ തൊണ്ടക്കയത്തിൽ നിലകിട്ടാതാഴ്ന്നു പോയി… ഒരു നന്ദി വാക്കു പോലും കേൾക്കാൻ കാത്തു നിൽക്കാതെ അകന്നു പോയിരിയ്ക്കുന്നു… ഒരമ്മയുടെ വയറ്റിൽ പിറക്കാതെ, അന്യോന്യം പേര് പോലും ചോദിയ്ക്കാതെ, ദിവസങ്ങളുടെ പോലും അടുപ്പമില്ലാതെ സ്വന്തം എട്ടനോളം പ്രിയമേറിയൊരാൾ!!

ഒരായുസ്സിന്റെ കരുതൽ നിമിഷങ്ങൾ കൊണ്ട് പകർന്നു നൽകി നിഴൽ പോലെ കൂടെ വന്നതെന്തിനായിരുന്നു?? ഈശ്വരൻ അങ്ങിനെയാണ്… അത്രമേൽ നിസ്സഹായയാവുന്നിടങ്ങളിൽ ചിലപ്പോൾ മനുഷ്യനായവതരിയ്ക്കും… അല്ല!! ഈശ്വരൻ ഇവിടെയാണ്… ഓരോരുത്തരുടെയും മനസ്സിൽ… ഓരോ പെണ്ണും ഓരോ ഉത്തരവാദിത്വമാണ്!! ഓരോരുത്തരുടെയും ഉത്തരവാദിത്വം!!
രചന:സ്വാതി.കെ.എസ്

Leave a Reply

Your email address will not be published. Required fields are marked *