അച്ചുവേട്ടന്റെ ലക്ഷ്മി

രചന: അരുൺ കാർത്തിക്

ഞാൻ പ്രണയിച്ചത് ഒരാണിനെയാ. നട്ടെല്ലുള്ള ഒരാണിനെ. കൂടെ ജീവിക്കാൻ എനിക്കു അതുമതി. ദയവു ചെയ്ത് അമ്മ ഈ പണത്തിന്റെ ഉപദേശമൊന്നു നിർത്തുവോ. മോളെ ഞാൻ പറയുന്നതെന്താണെന്നു വച്ചാൽ… ‘സരസ്വതി ഇങ്ങോട്ടു പോരേ അവളോട്‌ വഴക്കിടാതെ ‘അച്ഛന്റെ വിളികേട്ട് അമ്മ തല്ക്കാലം അവിടെ നിന്നും പോയി. ചെറുപ്പം മുതൽ വീട്ടുകാർ പറഞ്ഞുറപ്പിച്ചതാ ലക്ഷ്മി അച്ചുവേട്ടന്റെയാണെന്ന്. എന്നിട്ട് ഇപ്പോൾ… എന്റെ ഓർമ വച്ച നാൾ മുതൽ എന്റെ ഇടതു കയ്യിൽ അച്ചുവേട്ടന്റെ കൈയും ചേർത്തു പിടിച്ചിട്ടുണ്ട്. ചെറുതോട്ടിൽ നിന്നും വെള്ളാരംകല്ലുകൾ പെറുക്കിയെടുക്കാനും ആ കല്ലുകൾ കൂട്ടിയുരുമ്മി ചൂടാക്കി കവിളിൽ ചേർത്ത് പിടിക്കാനും കഴുത്തിൽ തോർത്തു കെട്ടി പരൽമീനുകളെ പിടിച്ചിട്ടു ഇതു ലക്ഷ്മിയുടെ കുപ്പിവെള്ളത്തിലിട്ടോന്നു പറയാനും മുനയൻകല്ലിനെറിഞ്ഞു വീഴ്‌ത്തുന്ന മാമ്പഴത്തിന്റെ ചുന നീക്കം ചെയ്തു കഷ്ണങ്ങളാക്കി മുറിച്ചു തരാനും എന്റെയൊപ്പം അച്ചുവേട്ടൻ ഉണ്ടായിരുന്നു. പാഠശാലയിൽ ഒന്നിച്ചു പരീക്ഷ എഴുതുമ്പോഴും എന്നേക്കാൾ ഒരുമാർക് കുറവ് വാങ്ങുകയുള്ളു അച്ചുവേട്ടൻ.മാർക്ക്‌ കുറഞ്ഞെന്നു പറഞ്ഞു അമ്മ എന്നെ ചീത്ത വിളിക്കാതിരിക്കാനാണ് പഠനസമർത്ഥനായ അച്ചുവേട്ടൻ അങ്ങനെ ചെയ്തിരുന്നത്. ആ അച്ചുവേട്ടനെയാണ് അമ്മ ഇപ്പോൾ മറക്കാൻ പറയുന്നത്.

കണ്ടം പൂട്ടിയ പാടവരമ്പത്തൂടെ നടന്നു പോവുമ്പോൾ കാലുതെറ്റി എന്റെ പാദസരം ചെളിയിൽ പൂണ്ടുപോയപ്പോൾ ആവശ്യത്തിന് ശകാരവും തന്നു ചൂരലിനു തല്ലാൻ അമ്മ കൈ ഓങ്ങിയപ്പോൾ” അമ്മായി എന്റെ ലക്ഷ്മിയെ തല്ലരുതേന്നു “പറഞ്ഞു ദേഹത്ത് നിറച്ചു ചെളിയുമായി ഓടി വരുമ്പോഴും അച്ചുവേട്ടന്റെ കയ്യിൽ എന്റെ പാദസരം മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു. തലമുടി തഴച്ചു വളരാനും ഭംഗിയ്ക്കും നെല്ല് പുഴുങ്ങുന്നതിന്റെ ആവി പിടിച്ചാൽ മതിയെന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ” എന്റെ ലക്ഷ്‌മിക്ക് വേണോ അത് ” എന്നു ചോദിച്ചു എടുത്താൽ പൊങ്ങാത്ത ഒരു ചാക്ക് നെല്ല് തോളത്തു വച്ചു കൊണ്ടുവന്നു ചെമ്പിൽ ഇടുമ്പോൾ ആ അച്ചുവേട്ടനെ ഞാനെന്റെ ഹൃദയത്തിൽ ചേർത്ത് വച്ചു. മുറച്ചെറുക്കൻ എന്നു നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞിരുന്ന അമ്മയ്ക്ക് ഇപ്പോൾ ഒരു ഗൾഫ്കാരന്റെ ആലോചന വന്നപ്പോൾ പഴയതൊന്നും ഓർമയില്ല. പുതിയത് കാണുമ്പോൾ പഴയത് ഇട്ടേച്ചു പോവുന്ന സ്വഭാവം ലക്ഷ്മിയ്ക്കില്ല. ആവശ്യത്തിനും അനാവശ്യത്തിനും ഓരോരോ പണികൾ അമ്മ അച്ചുവേട്ടനെക്കൊണ്ട് ചെയ്യിക്കുമ്പോൾ അമ്മായി പറഞ്ഞതാ, അച്ചുവേ ലക്ഷ്മി നിന്റെ പെണ്ണാണ്. പക്ഷേങ്കിൽ അമ്മയുടെ മനസ്സു മാറുന്നതിനു മുൻപ് കൂടെ കൂട്ടിക്കോന്ന്‌.അന്ന് അച്ചുവേട്ടൻ ജോലിയാവട്ടെന്നു പറഞ്ഞു അതു ചെവിക്കൊണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *