വയറിൽ കൈ ചുറ്റിപ്പിടിച്ചു കിടക്കുന്ന ലക്ഷ്മിയുടെ മുഖമായിരുന്നു മനുവിന്റെ മനസ്സ് നിറയെ

രചന: ഗുൽമോഹർ

വയറിൽ കൈ ചുറ്റിപ്പിടിച്ചു കിടക്കുന്ന ലക്ഷ്മിയുടെ മുഖമായിരുന്നു മനുവിന്റെ മനസ്സ് നിറയെ .
രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എപ്പോ വേണേലും ആകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും രാവിലെ തന്നെ ഡേറ്റ് ആകുമെന്ന് വിചാരിച്ചതുമില്ല .
ഭാരുടെയും അമ്മയും തമ്മിലുള്ള പോരിന്റെ ഉറവിടമാണ് തന്റെ വീടെന്ന് ഓർക്കുമ്പോൾ തന്നെ അവന്റെ മനസ്സ് വേഗം വീട്ടിലെത്താൻ തുടിക്കുന്നുണ്ടായിരുന്നു ,

“പാവം ലക്ഷ്മി , ഇപ്പോൾ ഒറ്റപ്പെട്ട പോലെ ആരും ഒന്ന് മിണ്ടാൻ പോലും ഇല്ലാതെ കിടക്കുകയായിരിക്കും ”

ഉച്ചക്ക് ലീവ് എടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ ,വേദനകൊണ്ട് പുളയുന്ന പാതിയുടെ മുഖം മാത്രമായിരുന്നു .
വീടിനുളിലേക്ക് കടക്കുമ്പോൾ കേൾക്കാമായിരുന്നു അമ്മയുടെ കുത്തുവാക്കുകൾ ,

” ഹോ , കെട്ടിലമ്മക്ക് അടുക്കളയിൽ വന്നാൽ കയ്യിലെ വളയൊന്നും ഊരിപ്പോകത്തില്ല .ഇതൊക്കെ കഴിഞ്ഞു തന്നെയാ ഞാനും ഇതുവരെ എത്തിയത് . ഞാനും പെറ്റതാടി , എനിക്കും ഉണ്ടായിട്ടുണ്ട് മാസമുറയും വേദനയുമൊക്കെ . അതിന്റ പേരും പറഞ്ഞ് ബെഡ്‌റൂമിൽ കേറി വാതാലടച്ചു കിടന്നിട്ടൊന്നും ഇല്ല . ഇതൊക്കെ നിന്റ വെറും അടവാണെന്ന് അറിയാഞ്ഞിട്ടല്ല എനിക്ക് ”

അമ്മയുടെ വഴക്കുകൾക്ക് തീവ്രത കൂടിക്കൊണ്ടിരിക്കുമ്പോൾ ആണ് മനു ഹാളിലേക്ക് കയറിയത് ,
” ആഹാ , വന്നല്ലോ ….. ഞാൻ ഇപ്പോൾ വിചാരിച്ചതേ ഉള്ളൂ ന്താ കാണാത്തതെന്ന് , ഇവിടുന്ന് ഒന്ന് വിളിച്ചുകിട്ടാൻ കാത്തിരിക്കുവല്ലേ ജോലീം കളഞ്ഞ് ലീവ് എടുത്ത് വരാൻ …നിന്നെ ഒക്കെ എന്തിന് കൊള്ളാമെടാ .. കെട്ടിയവളുടെ സാരിത്തുമ്പിൽ കിടക്കാൻ അല്ലാതെ , വേം ചെല്ല് ..റൂമിൽ അടച്ച് കിടപ്പുണ്ട് രാജകുമാരി , നീ വരതെ അനങ്ങില്ലല്ലോ കെട്ടിലമ്മ . ചെല്ല് … ”
അമ്മയുടെ പരിഹാസം വാക്കുകളിൽ നിന്ന് മനസ്സിലാകുന്നുണ്ടായിരുന്നു . കുത്തുവാക്കുകൾ ഉള്ള് പൊളിക്കാൻ തുടങ്ങിയിരുന്നു ,

” നിങ്ങൾക്കിത് എന്തിന്റെ കേടാ അമ്മേ , ഇത്ര ദിവസവും അവൾ തന്നെ അല്ലേ ഇവിടെ എല്ലാം ചെയ്യുന്നത് , ഈ ഒരു ദിവസം കുറച്ച് നേരം കിടന്നതിനാണോ നിങ്ങൾ ഇത്രയൊക്കെ പറയുന്നത് .. നിങ്ങളും ഒരു പെണ്ണല്ലേ , എന്നെക്കാൾ കൂടുതൽ ഇതിനെ കുറിച്ച് അറിയുന്നതും നിങ്ങൾക്കല്ലേ …എന്നിട്ടും …..”

ലക്ഷ്മിയെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള അവന്റെ സംസാരം അമ്മക്ക് അത്ര രസിക്കാത്ത പോലെ……

” അല്ലേലും നീ ഇനി അവളുടെ ഭാഗമല്ലേ പറയൂ … ഒരു പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ തള്ള പുറത്താണല്ലോ .. എന്റെ ഈ പ്രായത്തിൽ മാസമുറ വന്ന് ഇതുപോലെ വേദനിക്കുമ്പോൾ ഒക്കെ ഞാൻ വയലിലോ മറ്റോ പണികളിലായിരിക്കും , അല്ലാതെ റൂമിൽ കേറി കിടക്കുകയല്ല ചെയ്യാറ് . ”

” അമ്മേ ആ കാലമാണോ ഇത് .. അന്നത്തെ പോലെ തന്നെ ഇന്നും നടക്കണമെന്ന് എന്തിനാണ് ഇത്ര വാശി .
നിങ്ങൾ അനുഭവിച്ച പഴയ കാര്യങ്ങൾ പറഞ്ഞ് അളക്കുകയും കുറ്റം പറയുകയും ചെയ്യരുത് ഒരാളെ . ”

” ഓഹ് , ഇപ്പോൾ ഞാൻ പറഞ്ഞത് കുറ്റം , നിന്റ കെട്ടിയോൾ ചെയ്യണതും പറയണതും ശരി ..വളർത്തി വലുതാക്കിയ എനിക്ക് ഇങ്ങനെ തന്നെ വേണം . അല്ലേലും മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നാണല്ലോ ”

അമ്മ അവസാനത്തെ അടവ് എടുക്കാൻ തുടങ്ങിയെന്നു മനസ്സിലായി അവന് ,

” ന്റെ അമ്മേ , ഇത് നിങ്ങൾ എന്നും പറയുന്നതല്ലേ . അവളുടെ ഭാഗത്ത് വരുന്ന ചെറിയ തെറ്റുകളെ പറഞ്ഞ് തിരുത്തേണ്ട നിങ്ങൾ ങ്ങനെ ചാടി കടിക്കുന്നത് എന്തിനാണ് … ഒന്നല്ലെങ്കിൽ ഇതുപോലെ അമ്മായിഅമ്മ പോര് അനുഭവിച്ചു വന്നതാണ് നിങ്ങളെന്നെ നാഴികക്ക് നാല്പതു വട്ടം പറയാറില്ലെ ..എന്നിട്ട് അത് തന്നെ ഇവിടേം കാണിക്കാൻ എങ്ങനെ തോനുന്നു . വല്ലാത്ത കഷ്ട്ടമുണ്ട് . നിങ്ങൾക്ക് അവളെ ശാസിച്ചൂടെ , ശിക്ഷിച്ചൂടെ …അതിന്റ കൂടെ ഒന്ന് ചേർത്ത് പിടിക്കുക കൂടി ചെയ്‌തോടെ സ്വന്തം മോളെ പോലെ ….”

കൂടുതൽ ഒന്നും പറയാതെ മനു റൂമിലേക്ക് കയറുമ്പോൾ വേദന കൊണ്ട് വയറിൽ കൈത്തലം ചേർത്ത് കരയുകയായിരുന്നു ലക്ഷ്മി .
അവളുടെ അരികിലിരുന്ന് ചേർത്തു പിടിക്കുമ്പോൾ ഒരു കുഞ്ഞിനെ പോലെ നെഞ്ചിൽ പറ്റിച്ചേർന്ന് കരയാൻ തുടങ്ങി ലക്ഷ്മി ..
മാസത്തിലെ ആ ഏഴ് ദിവസങ്ങൾ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പാതിയുടെ ചേർത്തുപിടിക്കൽ ആയിരിക്കും .ആ കൈകളിൽ ചേർന്ന് കിടക്കാനും വയറിൽ ആ കൈത്തലം അമർത്തിപ്പിടിക്കാനും അവന്റെ ചേർത്ത് പിടിച്ചുള്ള ചുംബനവും ഏതൊരു സ്ത്രീയുടെയും ആഗ്രഹം ആയിരിക്കും .

” മനുവേട്ടാ …ഞാൻ ന്ത്‌ തെറ്റ് ചെയ്തിട്ട അമ്മ ങ്ങനെ ഒക്കെ … ”

അവളുടെ കരച്ചിൽ നെഞ്ചിൽ നനവ് പടർത്താൻ തുടങ്ങിയപ്പോൾ മനു ആ മുഖം പതിയെ പിടിച്ചുയർത്തി ,

” സാരമില്ല , ഇതിപ്പോ ആദ്യായിട്ടൊന്നും അല്ലല്ലോ , നിനക്കറിയാലോ അമ്മയുടെ സ്വഭാവം .. അപ്പൊ അത്‌ അതിന്റ വഴിക്ക് അങ്ങോട്ട് വിടുക . അമ്മ അവിടെ പറഞ്ഞോട്ടെ , അതിനു കൂടുതൽ ചെവി കൊടുക്കാനും മറുത്തു പറയാനും നിൽക്കുമ്പോൾ അല്ലേ കുഴപ്പമുള്ളൂ , നീ ഒന്നും പറയാൻ പോകേണ്ട .”

“ന്നാലും …..”

” ഒരു എന്നാലും ഇല്ല …. ഇതിനൊക്കെ കരയാൻ നിന്നാൽ ന്റെ കുട്ടിക്ക് അതിനെ സമയം കാണൂ … അമ്മ പഴയ ആളല്ലേ . അവർക്ക് അവരുടേതായ പല ചിന്താഗതികൾ ഉണ്ട് .. അതിൽ നിന്നും ഇന്നത്തെ കാലത്തിലേക്ക് പലർക്കും ചിന്തിക്കാൻ കഴിയാത്തതാണ് ഇതുപോലുള്ള ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിടുന്നത് .. അത്‌ ഇനി മാറാനും പോകുന്നില്ല ..അതുകൊണ്ടു നമ്മൾ അത്‌ മനസ്സിലാക്കി അവരെ അവരുടെ വഴിക്ക് വിടുക .. അവർ പറയട്ടെ .. അത്‌ കഴിയുമ്പോൾ നിർത്തിക്കോളും ..നമ്മൾ നമ്മുടെ വഴി എന്നത്തേയും പോലെ പോകുക .അവരെ അകറ്റി നിർത്താതെ ,അവർക്ക് നമ്മൾ അവരെ ഒറ്റപ്പെടുത്തുകയാണെന്ന തോന്നൽ ഉണ്ടാക്കാതെ , സ്നേഹത്തോടെ തന്നെ കാര്യങ്ങൾ ചോദിച്ചും മനസ്സിലാക്കിയും . ”

അവന്റെ വാക്കുകൾക്ക് തലയാട്ടി കണ്ണുനീർ തുടച്ചുകൊണ്ട് അവനോടു ഒന്നുടെ പറ്റിച്ചേർന്ന് കിടന്നു ലക്ഷ്മി .

” ഏട്ടാ , നിക്ക് ഒരു ഉമ്മ തരോ ”

അവൻ പുഞ്ചിരിയോടെ അവളുടെ മുഖം ചേർത്തുപിടിച്ചപ്പോൾ അവളവനെ തടഞ്ഞു ,

” ഇവിടെ അല്ല ന്റെ വയറിൽ ..നിക്ക് അവിടെ വല്ലാതെ വേദനിക്കുന്നു .”

മനു പുഞ്ചിരിയോടെ അവളെ ചേർത്തുപിടിച്ചു അണിവയറിൽ മുഖം ചേർക്കുമ്പോൾ ഒരു പാതിയുടെ ആത്മാർത്ഥസ്നേഹത്തിന്റെ ആ ദിനത്തെ ആവോളം ആസ്വദിക്കുകയായിരുന്നു ലക്ഷ്മി .

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *