വിവാഹം

രചന : Jayanarayanan

നാളെ ഹരിയേട്ടന്റെ വിവാഹമാണ്. അമ്മ കുറെ വന്നു വിളിച്ചു എണീക്കാൻ പറഞ്ഞു. വയ്യ.. എന്നും രാവിലെ കുളിച്ചു അമ്പലത്തിലേക്ക് ഓടുന്നത് പന്തീരടി പൂജ തൊഴുതു നിൽക്കുന്ന ഹരിയേട്ടനെ കാണാനാണ്. വേണ്ട ഇന്ന് പോകണ്ട. ഇനിയും ഹരിയേട്ടനെ അങ്ങനെ നോക്കി നിൽക്കണ്ട.. അച്ഛന്റെ കുടുംബ ക്ഷേത്രത്തിൽ അമ്മയോടൊപ്പം തൊഴാൻ പോയപ്പോൾ ആണ് ആദ്യമായി ഹരിയേട്ടനെ കാണുന്നത് അല്ല ശ്രദ്ധിക്കുന്നത്. ഇതിനു മുൻപ് കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. പിന്നെ അങ്ങോട്ട്‌ പുള്ളിക്കാരനെ കാണാൻ വേണ്ടി അമ്പലത്തിൽ പോക്ക് പതിവാക്കി. എന്നും പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ഹരിയേട്ടൻ എന്നെ ഒന്ന് നോക്കണേ ഭഗവാനെ എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി.. പുള്ളി കണ്ടിട്ടുള്ള ഭാവം പോലും കാണിക്കാതെ പലപ്പോഴും പൊയ്ക്കളയും.. .

അല്ലെങ്കിലും അവരൊക്കെ വലിയ ആളുകൾ. ഒരു ചെറിയ ചായക്കടയും ഇത്തിരി ദേഹണ്ഡ പണിയുമായി നടക്കുന്ന ഒരു പാവം അച്ഛന്റെ മകൾക്കു സർക്കാർ അധ്യാപകരായ അച്ഛന്റെയും അമ്മയുടെയും മകനെ നോക്കാനും ആഗ്രഹിക്കാനും പാടില്ല എന്ന് അറിയാഞ്ഞിട്ടല്ല.. പക്ഷെ പുള്ളിയെ കാണുമ്പോൾ വല്ലാത്ത ഒരു ഇഷ്ടം ഒത്തിരി കഷ്ടപ്പാടിന്റെ ഇടയിലും പഠിക്കാൻ ഇഷ്ടമായിരുന്നു അത് കൊണ്ട് അച്ഛൻ എത്ര വേണമെങ്കിലും പഠിച്ചു കൊള്ളാൻ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാതിരുന്നത്. ഒത്തിരി കുട്ടികൾക്ക് ട്യൂഷൻ എടുത്തും പഠിക്കുന്ന കാര്യത്തിൽ അച്ഛനെ ബുദ്ധിമുട്ടിച്ചിട്ടില്ല.. ഒരിക്കൽ വീട്ടിലേക്കു വരുന്ന വഴിയിൽ ഹരിയേട്ടന്റെ അമ്മയെ കണ്ടപ്പോൾ അവർ പറഞ്ഞു ഡിഗ്രി കഴിഞ്ഞു പിജിയും ചെയ്യണം എന്നിട്ട് ഒരു ജോലി നേടിയെടുക്കണം മോളെ കൊണ്ട് അതിനു പറ്റും. മോളുടെ കാര്യം ഞങ്ങൾ വീട്ടിൽ പറയാറുണ്ട്. ശരിക്കും സന്തോഷം തോന്നി.

ഡിഗ്രി കഴിഞ്ഞു പിജിക്ക്‌ പഠിക്കുമ്പോൾ ആണ് ആദ്യത്തെ ടെസ്റ്റ്‌ എഴുതാൻ പോയത്. അച്ഛന്റൊപ്പം ടെസ്റ്റ്‌ എഴുതുന്ന സ്കൂളിലേക്ക് കയറുമ്പോൾ പേടിയാരുന്നു അറിയില്ല എങ്ങനാണ് എന്താണ് എന്നൊന്നും.നേരത്തെ എത്തിയത് കൊണ്ട് സ്കൂളിന്റെ മുറ്റത്തെ മരച്ചുവട്ടിൽ ഇരുന്ന ഞങ്ങളുടെ മുന്നിലേക്ക്‌ എവിടുന്നോ ഹരിയേട്ടൻ വന്നു.. വിശ്വസിക്കാൻ പറ്റിയില്ല. എന്താ ശിവൻ ചേട്ടാ ഇവളെയും കൊണ്ട് ടെസ്റ്റിന് വന്നതാണോ എന്ന ഹരിയേട്ടന്റെ ചോദ്യം ആണ് സ്വപ്നം അല്ല എന്ന് എന്നെ ഓർമിപ്പിച്ചത്. അതെ ഹരിക്കുട്ടാ ഇവൾക്ക് വല്ലാത്ത പേടി ഒന്നും അറിയില്ലെന്ന് പറഞ്ഞു. നീ ഒന്ന് പറഞ്ഞു കൊടുക്ക്‌.. എന്തിനാ പേടിക്കുന്നെ. എല്ലാം നമ്മുക്ക് അവിടുള്ള ഇൻവിജിലേറ്റർസ് പറഞ്ഞു തരും. നീ ടെൻഷൻ ആവാതെ ഇരുന്നാൽ മതി.. ആദ്യമായി ഹരിയേട്ടൻ പറഞ്ഞത് ഇതാണ്. ഒന്നും മിണ്ടിയില്ല. മിണ്ടാൻ പറ്റിയില്ല എല്ലാം തലകുലുക്കി കേട്ടു.. എക്സാം കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ എന്റെ കണ്ണുകൾ ഹരിയേട്ടനെ അന്വേഷിച്ചു പോയി. പക്ഷെ കണ്ടെത്തിയില്ല.

ഉത്സവത്തിനും അമ്പലത്തിലെ മറ്റു വിശേഷങ്ങൾക്കും മുന്നിൽ ഉണ്ടാവുന്ന ഹരിയേട്ടനെ കാണാൻ അതൊന്നും വലിയ താൽപ്പര്യം ഇല്ലാഞ്ഞിട്ടു കൂടി പോയിരുന്നു.. അതിനിടയിൽ ആണ് അറിഞ്ഞത് പുള്ളിയുടെ കല്യാണം തീരുമാനിച്ചു എന്ന്. എനിക്കറിയാവുന്ന ചേച്ചിയാണ്. ഞങ്ങളുടെ അടുത്ത് തന്നെ ഉള്ളത്. പലപ്പോഴും ഹരിയേട്ടനോട് അമ്പലത്തിൽ വച്ച് ഈ ചേച്ചി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരുമിച്ചു പഠിച്ച കൂട്ടുകാർ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷെ അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു മാത്രമല്ല രണ്ടുപേരുടെയും അമ്മമാർ ഒരേ സ്കൂളിൽ ജോലി ചെയ്യുന്നവരും.. ശരിക്കും അവരുടെ കുടുംബത്തിന് ചേർന്നവർ. ഒത്തിരി സങ്കടം വന്നു. പിന്നെ ഓർത്തു എന്തിനു. ആർക്കും അറിയില്ല തന്റെ ഈ ഇഷ്ടം.. അത് കുഴിച്ചു മൂടാം. പക്ഷെ ഭഗവാന് അറിയാമായിരുന്നു എന്നും കാണുന്നതല്ലേ പുള്ളിയുടെ ഒപ്പം നിന്നു തൊഴുന്ന എന്നെ.. എങ്കിലും അമ്പലത്തിൽ പോകുന്നതും ഹരിയേട്ടനെ കാണുന്നതും മുടക്കിയില്ല. ഇപ്പോൾ ഇടയ്ക്കു ഹരിയേട്ടൻ നോക്കി ചിരിക്കാറുണ്ട്. അപ്പോൾ സന്തോഷം അല്ല തോന്നുന്നത് നെഞ്ചു പൊട്ടുന്ന സങ്കടം.. വീട്ടിൽ എനിക്കും കല്യാണാലോചനകൾ വരാൻ തുടങ്ങി. പിന്നെ പ്രാത്ഥന ആരെങ്കിലും വന്നു ഹരിയേട്ടന്റെ വിവാഹത്തിന് മുൻപ് കെട്ടിക്കൊണ്ടു പോകാനാരുന്നു. അതും നടന്നില്ല..

അച്ഛനാണ് പുള്ളിയുടെ കല്യാണത്തലേന്നുള്ള ദേഹണ്ഡം.. എണീറ്റു കുളിച്ചു പന്തീരടി പൂജ കഴിഞ്ഞാണ് അമ്പലത്തിൽ പോയത്. പുള്ളിയെ കാണണ്ടല്ലോ.. പക്ഷെ ആലിന്റെ ചുവട്ടിൽ ഇരിക്കുന്ന പുള്ളിയെ ദൂരെ നിന്നെ കണ്ടു. എന്റെ ഭഗവാനെ ഇന്നും എന്നെ എന്തിനാ നീ പുള്ളിയെ കാണിച്ചു തന്നത്.. അടുത്തെത്തിയിട്ടും കാണാത്ത പോലെ നടന്നു. അകത്തു കയറി ഒത്തിരി വിഷമത്തോടെ പ്രാർത്ഥിച്ചു. അല്ലെങ്കിലും എല്ലാം തുറന്നു പറയാൻ പറ്റിയത് ദൈവത്തിന്റെ മുന്നിൽ ആണല്ലോ??. തിരിച്ചു പോരുമ്പോഴും അവിടെ ഇരുന്നു ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു..

പിന്നെ ഒന്നും ആലോചിക്കാൻ സമയം കിട്ടിയില്ല.. ട്യൂഷൻ കുട്ടികൾ. വൈകുന്നേരം അമ്മ കല്യാണവീട്ടിൽ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു. നാളെ പോകാം ഹരിയേട്ടന്റെ കല്യാണം കാണാൻ. ഇന്ന് പോകണ്ട.. വെറുതെ ടീവി യും കണ്ടു കിടന്നപ്പോൾ ആണ് അമ്മ വന്നത് പെട്ടെന്ന് വന്നോ.. പുറകെ അച്ഛനും വലിയച്ഛനും. എന്താണ് എല്ലാവരും.. മോളോട് ഒരു കാര്യം അച്ഛൻ ചോദിക്കട്ടെ പെട്ടെന്ന് അച്ഛൻ ചോദിച്ചു. മോളെ ഹരിക്കുട്ടന്റെ കല്യാണം മുടങ്ങി. അവർ നിന്നെ അവനു വേണ്ടി ചോദിക്കുന്നു. നാളെ പറഞ്ഞ മുഹൂർത്തത്തിൽ കല്യാണം നടക്കണം.. ഞെട്ടിപ്പോയി.. എന്നെയോ എന്താ എനിക്കൊന്നും മനസ്സിലായില്ല.. അച്ഛൻ പറഞ്ഞു അവരോടു ഞാൻ എന്താ പറയേണ്ടത് അവര് ചോദിച്ചപ്പോൾ എനിക്കൊന്നും പറയാൻ പറ്റിയില്ല.. മോള് പറയ്. അച്ഛാ ഞാൻ എന്താ പറയുക.. മോള് എതിര് പറയരുത് ഹരിയേട്ടന്റെ അമ്മയാണ് അവർ വന്നു കയ്യിൽ പിടിച്ചു പറഞ്ഞു അവനാണ് മോളെ പറ്റി പറഞ്ഞത് നിന്നോട് ചോദിക്കാൻ അവനെ കല്യാണം കഴിക്കാൻ തയ്യാറാണൊന്നു… അവനു ശ്രീക്കുട്ടിയെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു. ഞങ്ങൾ ആലോചിച്ചതായിരുന്നു.. ഞങ്ങളുടെ ഇഷ്ടത്തിന് അവൻ എതിര് പറഞ്ഞില്ല അത്രേയുള്ളൂ.. രാവിലെ ഫോൺ വിളിച്ചപ്പോൾ അവന്റെ ജോലിക്കാര്യം പറഞ്ഞു അവർ ഉടക്കി. അവൾ പറഞ്ഞെന്നു അവൾക്കു അവനെക്കാളും നല്ല യോഗ്യത ഉള്ള ചെറുക്കനെ കിട്ടുമായിരുന്നു എന്ന്. എങ്കിൽ ഒഴിഞ്ഞൊളാൽ അവനും പറഞ്ഞു. അങ്ങനെ ഇത് വേണ്ടാന്ന് വച്ചു…

ഭഗവാനെ ഇതൊക്കെ സത്യം ആണോ?? അച്ഛന് സമ്മതം ആണെങ്കിൽ എന്നേ പറഞ്ഞുള്ളു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കല്യാണസാരി വരെ രാത്രിക്കുള്ളിൽ എടുത്തു. അമ്മയുടെ സങ്കടം ഒറ്റ മോളുടെ കല്യാണം സ്വന്തക്കാരിൽ കുറച്ചു പേരെ മാത്രമേ അറിയിക്കാൻ പറ്റിയുള്ളൂ എന്നാണെങ്കിൽ അനിയന്റെ സങ്കടം ചേച്ചിയുടെ കല്യാണം കൂട്ടുകാരുടെ ഒപ്പം അടിച്ചു പൊളിക്കാൻ പറ്റിയില്ല എന്നാണെങ്കിലും ഹരിയേട്ടനെപോലെ ഒരു അളിയനെ കിട്ടാൻ പോണതിൽ അവൻ എല്ലാം മറന്നു സന്തോഷിക്കുന്നു ഇന്ന് എന്റെ അല്ല ഞങ്ങളുടെ കല്യാണം ആണ്.. അമ്പലത്തിൽ ഒരുമിച്ചു നിന്നു തൊഴുതു ഹരിയേട്ടൻ എന്റെ കഴുത്തിൽ താലി ചരട് കെട്ടുമ്പോൾ എന്റെ കണ്ണിൽ നിന്നു ഞാൻ പോലും അറിയാതെ രണ്ടു തുള്ളി കണ്ണുനീർ ഹരിയേട്ടന്റെ കൈത്തണ്ടയിൽ വീണു. അതറിഞ്ഞിട്ടാവണം താലികെട്ട് കഴിഞ്ഞു എന്റെ ചെവിയിൽ പറഞ്ഞത് എനിക്കറിയാമായിരുന്നു നിനക്കെന്നെ ഒത്തിരി ഇഷ്ടമാണെന്നു… ഈ ചടങ്ങെല്ലാം കഴിയട്ടെ എന്നിട്ട് നമ്മുക്കെല്ലാം പറയാം. കുറച്ചു സമയം കാത്തിരിക്കൂ.

ഞാൻ കാത്തിരിക്കുകയാണ് എന്റെ ഹരിയേട്ടനൊപ്പം ഇനി സന്തോഷായി ജീവിക്കാൻ.. പിന്നെ ഞങ്ങളുടെ സ്നേഹത്തിനു ഒപ്പം നിന്ന എന്റെ ഭഗവാനോട് ഒത്തിരി നന്ദി പറഞ്ഞു ഇനി വരുന്ന എല്ലാ പന്തീരടി പൂജയും ഒരുമിച്ചു വന്നു തൊഴും എന്ന് ഉറപ്പ് കൊടുത്തു കൊണ്ട്…..

രചന : Jayanarayanan

Leave a Reply

Your email address will not be published. Required fields are marked *