അവളുടെ കല്യാണ നാളിൽ..

രചന: മനു ശങ്കർ പാതാമ്പുഴ

പല രാത്രികളിൽ ഒപ്പം കിടന്നവളുടെ കല്യാണം ഒരാൾ കൂടുന്നത് ആദ്യമായിരിക്കും, അയാൾ ചിന്തിച്ചു. കൈയിൽ കരുതിയിരുന്ന പൂക്കൾ വധു വരന്മാർക്ക് നേരെ എറിഞ്ഞു ആശംസയേകി. അയാൾ ചിന്തകളിലേക്ക് മടങ്ങി.

അവൾ ബ്രൗൺ കണ്ണുകളുള്ളവൾ, ആ കണ്ണുകൾക്ക്‌ കാമാർത്തിയിൽ നോക്കുന്ന ഒരായിരം ആണുങ്ങളെ വലിച്ചടിപ്പിക്കാൻ പോന്ന കാന്തിക ശക്തിയുണ്ടായിരുന്നു. അവളുടെ കൈകളിൽ കൂടുതലായി വളർന്നു നിറഞ്ഞുനിന്ന സ്വർണ്ണ രോമങ്ങൾ സൂര്യപ്രഭയിൽ തിളങ്ങുന്നത് ഒളിഞ്ഞു നോക്കുന്ന ആൺആത്മാക്കളെ നോക്കി മൃദുവായി ചിരിച്ചു അവൾ കടന്നു പോകുമായിരുന്നു.

ദൂരെ ഏതോ ഗ്രാമത്തിൽ നിന്നും വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണത്തിൽ ജോലിക്കായി വന്നവൾ.അയാൾ കെട്ടിടങ്ങൾ പണിതു വിൽക്കുന്ന കമ്പനിയിലെ ഒരു അലസനായ സൂപ്പർവൈസർ.കമ്പനിയിലെ ജോലിക്കാർക്കായി എടുത്ത ആ പഴയ വീടിൻറെ കോണിലെ ഇരുണ്ടമുറിയിൽ മദ്യവും പുകവലിയുമായി കിട്ടുന്ന ശമ്പളം തീർത്തു കഴിഞ്ഞു കൂടുന്നവൻ.അയാളുടെ സഹപ്രവർത്തകർ അയാളിൽ കണ്ട ആകെ ഒരു നല്ല ഗുണം അവിടെ ഏതോ ലൈബ്രറിയിൽ പോയി കൊണ്ടുവരുന്ന കുറെ പുസ്തകങ്ങൾ വായിക്കുന്നത്‌ മാത്രമായിരുന്നു. പണിക്കാരും എഞ്ചിനീയർമാരും പോയി കഴിഞ്ഞു അയാൾ വീട് പൂട്ടി ഇറങ്ങി ഏതെങ്കിലും പണി സൈറ്റിൽ കറങ്ങി നടക്കും. ഞായറാഴ്ച്ച ദിവസം രാവിലെ എണീറ്റ് മുറ്റത്തു നിൽക്കുന്ന കണികൊന്നയുടെ ചുവട്ടിലിരുന്നു വൃത്തിയായി ഷേവ് ചെയ്തു,കുളിച്ചൊരുങ്ങി ഇറങ്ങി പോയിട്ട് വരുന്നത് രാത്രി വൈകിയാവും.അയാളുടെ വരവും കാത്തു ജൂനിയർ എൻജിനിയർമാർ കാത്തിരിക്കും.ആ പട്ടണത്തിന്റെ അങ്ങേ കോണിൽ ഒരു കോളനിയുണ്ട്,അവിടുള്ള ഒരു വേശ്യയുടെ അടുത്ത് അയാൾ ചിലവൊഴിച്ചിട്ടു വന്നു ചെറിയ ലഹരിയുടെ മേമ്പൊടിയിൽ അയാളുടെ പ്രണയ കാമാകഥകളും,വേശ്യയുടെ ശരീരവടിവുകളെ വർണ്ണിച്ചു പറഞ്ഞു കൊടുക്കും. കഥകൾ മുറുകുമ്പോൾ അവർ അയാൾക്ക്‌ റം പകർന്നു കൊടുക്കും അന്ന് മിക്കവാറും തിണ്ണയിൽ കിടന്നുറങ്ങും.

അന്ന് അയാൾ നേരത്തെ എണീറ്റ് തിണ്ണയിൽ ഇരിക്കുമ്പോഴാണ് ബ്രൗൺ നിറമുള്ള കണ്ണുകളുള്ള പെൺകുട്ടിയെ കണ്ടത്. പിന്നീട് എന്നും അയാൾ നേരത്തെ എണീറ്റ് അവളുടെ നോട്ടത്തിനായി കാത്തിരുന്നുവെങ്കിലും അവൾ ശ്രദ്ധിച്ചില്ല, അയാളുടെ കണ്ണുകൾ അവളുടെ ശരീരവടിവുകളിൽ ഇഴഞ്ഞുകൊണ്ടിരുന്നു. അയാളുടെ സമയം തെറ്റിച്ചുള്ള എണീക്കൽ ജൂനിയർ എൻജിനിയർമാർ കണ്ടു പിടിച്ചു കാര്യകാരണം സഹിതം. അവർ അയാളെ വെല്ലു വിളിച്ചു ആ സുന്ദരിയായ പെണ്കുട്ടിയെ വളച്ചു ശെരിയാക്കുവാൻ. അവളൂടെ നോട്ടത്തിൽ പലപ്പോഴും അയാൾ വീണുപോകുകയായിരുന്നു ഒന്നും പറയാൻ കഴിയാതെ. അന്നൊരിക്കൽ ലീവ് എടുത്തു വീട്ടിൽ ഇരിക്കുന്ന സമയം അവൾ നടന്നു വരുന്നത് നോക്കിയിരിക്കുമ്പോൾ ഇരുണ്ട ആകാശത്തു നിന്നും മഴ പെയ്തിറങ്ങി അവൾ ഓടി അയാളുടെ തിണ്ണയിൽ കയറി നിന്നു.അവളുടെ സ്വർണരോമങ്ങളിൽ പറ്റിയിരുന്ന മഴത്തുള്ളികളും വിടർന്ന കണ്ണുകളും എല്ലാം അയാളെ വല്ലാത്ത അവസ്‌ഥയിൽ എത്തിക്കുകയായിരുന്നു. അയാൾ അവളുടെ പേര് മാത്രം ചോദിച്ചു ‘നന്ദിത’കൂടുതൽ സംസാരിക്കാൻ അവസരം കൊടുക്കാതെ മഴയും മാറി.

അവരുടെ പരിചയം വളർന്നു,അയാൾക്ക് അവളുടെ ശരീരത്തിൽ മാത്രം നോട്ടമുണ്ടായിരുന്നുള്ളൂ പക്ഷെ അവൾ അയാളെ പ്രണയിച്ചു ജീവന് തുല്യം.എല്ലാവരും പോയി കഴിയുമ്പോൾ അവളെ അയാൾ റൂമിൽ കൊണ്ടുവന്നു.പ്രണയ തീവ്രതയിൽ അവൾ അയാൾക്കായി എല്ലാം നൽകി.പലരും കൊതിയോടെ നോക്കിയ അവളുടെ ശരീരം താൻ സ്വന്തമാക്കിയെന്നു അയാൾ പറഞ്ഞു നടന്നു.

ദിനങ്ങൾ കഴിയവേ അയാൾക്ക്‌ അവളിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി.അവളാണെങ്കിൽ അയാളുടെ പ്രണയത്തിന് വേണ്ടി എന്തിനും തയാറായി തന്നെ നിന്നു. കല്യാണം കഴിക്കാമെന്ന് അവൾ പറഞ്ഞ ആ ദിവസം അയാൾ അവളോട്‌ വഴക്കായി..അയാൾ അവളോട്‌ പറഞ്ഞു “ഇനി സുഹൃത്തുക്കളായി പോകാം ഒന്നും വേണ്ട ഇനി..” അവൾ കുറെകരഞ്ഞു പിന്നെ ഇറങ്ങി നടന്നു.അവളുടെ ഉദ്ദേശം എന്തെന്നറിയാതെ അയാളും ആശങ്കപ്പെട്ടു.

കുറച്ചു നാളത്തേക്ക് അവൾ അയാളെ കാണാൻ വന്നില്ല.അവൾ വീട്ടിൽ പോയതായിരുന്നു, അവിടെ അസുഖം ബാധിച്ച അച്ഛനും പ്രായമായ അമ്മക്കും അവളെ കൂടാതെ ഒരു സഹായംകൂടി വേണമെന്ന് അവൾ ആഗ്രഹിച്ചു.അയാൾ പോയതിന്റെ വിഷമം ഉണ്ടെങ്കിലും ഇനി ഒരു കല്യാണം വേണമെന്ന് ചിന്തയിൽ അവളെത്തി.

ഏറെ നാളുകൾക്കു ശേഷം അവൾ അയാളെ കാണാൻ വന്നു.അയാൾ ഭയന്നു എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാൻ ഉള്ള പരിപാടിയാണോ, സഹപ്രവർത്തകർ എല്ലാരും ഉള്ള ഈ സമയത്തു നാണക്കേടാവുമോ…

അവൾ പറഞ്ഞു “അടുത്ത മാസം മൂന്നാം തീയതി എന്റെ കല്യാണമാണ് നാട്ടിൽവെച്ചു..വരണം”
അവളുടെ മുഖത്തു ഒരു പുച്ഛഭാവമുണ്ടായിരുന്നു. അയാൾ വരാമെന്നു സമ്മതിച്ചു.അയാൾ ഞായറാഴ്ചകളിൽ മാത്രം പോകുന്ന വേശ്യയുടെ വിലയെ കൊടുത്തുള്ളു അവൾക്കു.

അയാൾ ആ ഗ്രാമത്തിൽ അവളുടെ കല്യാണത്തിന് എത്തി.അവളുടെ കെട്ടു കല്ല്യാണം കഴിഞ്ഞപ്പോൾ മുതൽ അയാളുടെ മനസിൽ വേദന വ്യാപിക്കാൻ തുടങ്ങി.സദ്യ കഴിക്കാൻ കഴിയുന്നില്ല,അയാൾ കഴിക്കാതെ എണീറ്റ് നടന്നു.അവൾ വരനുമായി ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ദൂരെ നിന്നും അയാൾ അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ ഇപ്പോൾ അയാളെ ആകർഷിക്കുന്നില്ല. അവളുടെ ശ്രദ്ധ വരനിൽ മാത്രമാണ്.വരന്റെ കണ്ണുകളിൽ പ്രണയത്തിൽ പൊതിഞ്ഞ സംസാരങ്ങളിൽ അവൾ കൗതുകത്തോടെ നോക്കുന്നു. അയാൾക്കു ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആ നോട്ടം സ്നേഹം എന്നു മനസിലാക്കാൻ ശ്രമിക്കുന്നു.കാമ ചിന്തയിൽ അന്ധമായ അയാളുടെ മനസിൽ അവളോടുള്ള പ്രണയം അയാൾക്കു കാണാൻ കഴിഞ്ഞില്ല.പക്ഷെ നഷ്ടമായി എന്ന ചിന്ത മുതൽ കാമം മാറി പ്രണയം മറനീക്കി വരുമ്പോൾ അയാൾക്ക്‌ അവളെ നഷ്ടമായി കഴിഞ്ഞിരുന്നു.

അയാളുടെ ശരീരം അവളുടെ നാട്ടിലെ ആ വലിയ പുഴ ഏറ്റെടുത്ത് കൊണ്ടു ഒഴുകി തുടങ്ങിയിരുന്നു. അവൾ വരന്റെ ഒപ്പം വീട്ടിലേക്കും….

രചന: മനു ശങ്കർ പാതാമ്പുഴ

1 thought on “അവളുടെ കല്യാണ നാളിൽ..

Leave a Reply

Your email address will not be published. Required fields are marked *