അവൾ അതീവ സുന്ദരി ആയിരുന്നു….. ഒരു പച്ച കല്ല് മൂക്കുത്തി മാത്രം മതിയാരുന്നു…

രചന: Ayyapppan Ayyappan

ഇരുട്ട് മൂടി തണുത്ത കാറ്റ് വീശി തുടങ്ങിയപ്പോൾ ആണ് അയാൾ അവളുടെ ഓടിട്ട വീടിന്റെ പിന്നാമ്പുറത്തെ വാതിലിൽ മെല്ലെ മുട്ടിയത്….

എല്ലാവരും ഉറക്കത്തിലാണ് എന്ന് അയാൾക്ക് ഉറപ്പായിരുന്നു….. അൽപ സമയത്തിനു ശേഷം അവൾ വാതിൽ തുറന്നു…… ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം അവൻ ആ കുഞ്ഞു വീടിന്റെ അകത്തേക്ക് കയറി….

ഒരു അരികു പൊട്ടിയ ഒരു പായിൽ അയാൾ ചെന്നിരുന്നു… മറ്റുള്ളവർ അവളെ നോക്കി അടക്കം പറഞ്ഞത് അവൾ ഒരു മോശം സ്ത്രീ ആണെന്ന് ആണ് ….

സ്തീകൾ അവളെ നോക്കി കാർക്കിച്ചു തുപ്പി…. പുരുഷന്മാർ അവളെ പരസ്യമായി പുച്ഛത്തോടെ നോക്കുകയും…. രഹസ്യമായി അവളെ ആരാധിക്കുകയും ചെയ്തു….

നാട്ടിലെ ഒരു വിശേഷങ്ങളിലും അവളെ ആരും വിളിക്കാറില്ല…. അറിയാതെ അവൾ എങ്ങാനും അത്‌ വഴി വന്നാൽ അവളെ നോക്കി പ്രായമുള്ളവർ തലേൽ തല്ലി പ്രാകി….

അയാൾ മെല്ലെ അവളെ നോക്കി…. ഒരു ചെറിയ പുഞ്ചിരിയോടെ തന്നെ നോക്കി നിന്ന കണ്ടപ്പോ മനസ്സ് വല്ലാതെ തണുത്ത പോലെ തോന്നി…

വല്ലാതെ തളർന്നു വരുമ്പോൾ ഉമ്മറപ്പടിയിൽ ഭാര്യയിൽ നിന്ന് ഈ ഒരു പുഞ്ചിരി മതിയാരുന്നു അയാൾക്ക് ആ ദിവസത്തെ തളർച്ച ഒക്കെ അലിഞ്ഞില്ലാതെ ആവാൻ……

അയാൾ വീണ്ടും അവളെ നോക്കി… അവൾ അതീവ സുന്ദരി ആയിരുന്നു….. ഒരു പച്ച കല്ല് മൂക്കുത്തി മാത്രം മതിയാരുന്നു അവളുടെ അഴകിനെ അത്രമേൽ മനോഹമാക്കാൻ…..

അയാളോട് അവൾ “കഴിച്ചോ “എന്ന് ചോദിച്ചു…….

” മം “എന്നയാൾ വെറുതെ മൂളി……

അവൾ ഒന്നും മിണ്ടിയില്ല….

അടുക്കളയിൽ നിന്ന് ചോറും.. ചുട്ട പപ്പടവും… ഒരു കാന്താരി പൊട്ടിച്ചതും…. എണ്ണ താളിച്ച ഒരു വറുത്തരച്ച കറിയും കൊണ്ടു വെച്ചു….

അയാൾ കഴിക്കാൻ തുടങ്ങി…. അയാളുടെ നാവിന്റെ എല്ലാ മുകുളങ്ങളേം അത്‌ ഉണർത്തി….. അതിനുമപ്പുറം അവൾ അയാളുടെ അടുത്ത് ഇരുന്നു അയാൾക്കു ആവിശ്യമായത് എല്ലാം പാത്രത്തിൽ ഇട്ടു കൊടുത്തുകൊണ്ടെ ഇരുന്നു……

താൻ കഴിക്കുമ്പോ അടുത്തൊന്നിരിക്കുവാൻ തന്റെ ഭാര്യയിൽ നിന്ന് അയാൾ അത്രമേൽ ആഗ്രഹിച്ചിരുന്നു….

മുഖത്തിരുന്ന എച്ചിൽ അവൾ വിരലുകൾ കൊണ്ട് തട്ടിക്കളഞ്ഞപ്പോ ആണ് അയാൾ വീണ്ടും അവളെ നോക്കിയത്…. അവളുടെ നോട്ടത്തിൽ അയാളോട് അകാരണമായ കനിവ് ഇറ്റു നിന്നിരുന്നു……

വാ കഴുകി ചിറി തുടച്ചു അയാൾ ഭിത്തിയിൽ ചാരി ഇരുന്നു….. ആ വീടിന്റ വൃത്തി അയാളെ അതിശയിപ്പിച്ചു ആ കുഞ്ഞു വീട് അത്രമേൽ മനോഹരമായി അവൾ സൂക്ഷിച്ചിരുന്നു..

അയാളുടെയും അവളുടെയും കണ്ണുകൾ ഉടക്കുമ്പോഴൊക്കെ അവൾ പുഞ്ചിരിച്ചിരുന്നു……

അലതല്ലി ഒഴുകിയിരുന്ന അയാളുടെ മനസ്സ് മെല്ലെ ശാന്തമായി….. അവൾ ജനരികിൽ നിന്ന് കൊണ്ടു പുറത്തേക്ക് നോക്കി പതിയെ പറഞ്ഞു……

“മഴയ്ക്ക് ആണെന്ന് തോന്നുന്നു തണുത്ത കാറ്റുണ്ട് “….

അയാൾ എഴുന്നേറ്റു അവളുടെ അരികിൽ നിന്ന് കൊണ്ടു പുറത്തേക്ക് നോക്കി….

“പെയ്യട്ടെ ഭൂമി നനയട്ടെ “………

അയാൾ അവളുടെ മുഖത്തേക്ക് നോക്കി…. നാണം കൊണ്ടു കുനിഞ്ഞപ്പോ ആണ്… കവിളത്തു ഇരുണ്ടു കൂടിയ നുണക്കുഴി അയാൾ കണ്ടത്……..

അയാൾ വിരലുകൾ കൊണ്ട് അവിടെ മെല്ലെ തൊട്ടു… ഒരു സീൽകാരം എന്നോണം അവൾ പിറകിലേക്ക് മാറി…..

അയാൾ അവളുടെ കൈകളിൽ പിടിച്ചു കൊണ്ടു പറഞ്ഞു

“എന്നെ ഒന്ന് സ്നേഹിക്കാമോ…………… ഒരു മണിക്കൂർ…. അത്‌ മതി….. ”

അവൾ അയാളെ ആശ്ചര്യത്തോടെ നോക്കി….. തന്റെ ശരീരം കാർന്നു തിന്നു തളർന്നുറങ്ങി പോകുന്നവർ ആണ് അധികവും… ഇത് പക്ഷെ……… ഒരു മനുഷ്യൻ സ്നേഹിക്കാൻ വേണ്ടി യാചിക്കുകയാണ്

അയാൾ അവളുടെ മടിയിൽ കിടന്നു….

വെറുതെ പാട്ട് പാടി….

കൈ വിരലുകളിൽ വെറുതെ ചുംബിച്ചു ……

അയാളുടെ മുടി ഇഴകളിൽ അവളുടെ കൈ ചേർത്തു വെച്ചു….

അയാളുടെ ജീവിതത്തിലെ ചില സന്ദർഭങ്ങൾ ഒരു കഥ പോലെ അവളോട് പറഞ്ഞു..

അവൾ ഒരു നല്ല കേൾവിക്കാരി ആയി ഇരുന്ന കണ്ടപ്പോ അയാളിൽ ചെറിയ ഒരു പുഞ്ചിരി തങ്ങി നിന്നു…..

അയാൾ അയാളുടെ അമ്മയെ പറഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി…. അത്‌ കണ്ടിട്ടാവണം…. അവൾ അയാളെ നെഞ്ചോട് ചേർത്ത് വെച്ചത്…..

അയാൾ പെയ്യുകയായിരുന്നു….. ഒരു യുഗം അനുഭവിച്ചത് എല്ലാം ഒരു ചേർത്തു വെക്കലിൽ കരഞ്ഞു തീർക്കുകയായിരുന്നു…… അവൾ ആശ്വസിപ്പിച്ചില്ല….

കരയട്ടെ ഉള്ളിൽ ഉള്ളതെല്ലാം ഒരു മഴ ആയി പെയ്യട്ടെ എന്നവൾ ചിന്തിച്ചു….. പോവാൻ നേരം അടുക്കി വെച്ച നോട്ടുകെട്ടുകൾ അവള്ക്കു കൊടുക്കുമ്പോൾ എന്തോ അവൾ അത്‌ വാങ്ങാതെ തിരികെ നൽകി………

അവളെ ഒന്നുകൂടി നോക്കിയ ശേഷം അയാൾ നടന്നു പോയി…….. അവൾ മനസ്സിൽ ഓർത്തു…….. ശരീരം മാത്രമല്ല…. ചില ആണുങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന പോലെ ഒന്ന് സ്നേഹിച്ചാൽ മതി….

ചിലപ്പോ ഒരു ചേർത്തു വെക്കൽ എങ്കിലും………………

രചന: Ayyapppan Ayyappan

Leave a Reply

Your email address will not be published. Required fields are marked *