ആദ്യരാത്രിയിൽ തന്നെ വിപിൻ മനസ്സു തുറന്നു ദിവ്യ അത് കേട്ട് ഞെട്ടി തരിച്ചു.. !!!

രചന: Hari Krishnan

ആദ്യരാത്രിയിൽ തന്നെ വിപിൻ മനസ്സു തുറന്നു ദിവ്യ അത് കേട്ട് ഞെട്ടി തരിച്ചു ‘ഞാൻ കുടിക്കും , വലിക്കും ‘ ആ പറച്ചിലിൽ ഇങ്ങോട്ടൊന്നും പറയണ്ട,പറയുന്നത് ഒക്കെയും കേട്ടാൽ മതി എന്നൊരു ധ്വനി ഉണ്ടായിരുന്നു. അയാളുടെ അച്ഛന്റെ ഓർമ ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസങ്ങളും അവൾക്ക് ഒരുപോലെ അനുഭവപ്പെട്ടു. മൂക്കിലേക്ക് തുളച്ച് കയറുന്ന സിഗരറ്റു ഗന്ധം മൂലം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ച രാത്രികൾ. ഭാര്യയേക്കാളും മദ്യക്കുപ്പികളെ പുൽകുന്ന ഭാര്തതാവ്. ഇടക്ക് താലോലിക്കേണ്ട കരങ്ങൾ മുഖത്ത് തീർക്കുന്ന തിണിർത്ത പാടുകൾ. അവയൊക്കെയായിരുന്നു ആ ദാമ്പത്യത്തിന്റെ സംഗ്രഹം.

അച്ഛന്റെ ഓർമദിവസം പള്ളിയിൽ എത്തി പ്രാർത്ഥിച്ച്, വീട്ടിലേക്ക് മടങ്ങിയെത്തിയ നിമിഷം വിപിൻ സ്തബ്ധനായി നിന്നുപോയി. കൈലി മുണ്ട് നെഞ്ചോളം കേറ്റി ഉടുത്ത്, തന്റെ ഫുൾ കൈയ്യൻ ഷർട്ടിട്ട് മേശമേൽ ഇരുന്ന ഫോറിൻ മദ്യക്കുപ്പി തനിച്ച് ഊറ്റി കഴിക്കുന്ന ഭാര്യയെ കണ്ടു അയാൾ ഒന്ന് അന്തിച്ചു. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി കുഴയുന്ന ശബ്ദത്തോടെ അയാളെ പുലഭ്യം പറഞ്ഞു തുടങ്ങിയ അവളുടെ വായ പൊത്തിപ്പിടിക്കാൻ വിപിൻ ഏറെ കഷ്ടപ്പെട്ടു. ഭാര്തതാവിനെ ഭാര്യ ചീത്ത വിളിക്കുന്നത് ആരെങ്കിലും കേട്ടാലോ എന്ന് മാത്രമായിരുന്നു ചിന്ത. ഉരിഞ്ഞു പോയ മുണ്ടു പണിപ്പെട്ടു ഉടുപ്പിച്ച് അവളെ താങ്ങി ബെഡിലേക്ക് ഇടുമ്പോൾ സിഗരറ്റിന്റെ അസഹ്യമായ ഗന്ധം അയാളിൽ അസ്വസ്ഥത ഉളവാക്കി.

അബോധാവസ്ഥയിൽ അവൾ നുള്ളിപ്പറിച്ച പാടുകൾ ദേഹത്തുടനീളം കാണപ്പെട്ടു. രാത്രിയിൽ എപ്പോഴൊക്കെയോ ആർത്തലച്ച് തികട്ടി വന്ന ശബ്ദ കോലാഹലങ്ങൾ കേട്ട് മനസ്സു മടുത്ത് ഉറങ്ങാതെ നേരം വെളുപ്പിച്ചു അയാൾ

അതി രാവിലെ ഓഫീസിലേക്ക് പുറപ്പെടുമ്പോഴും ദിവ്യ ഉറക്കം ഉണർന്നിട്ടുണ്ടായില്ല, കുലുക്കി വിളിച്ചപ്പോഴും അവ്യക്തമായ സ്വരത്തിൽ എന്തൊക്കെയോ പിറുപിറുത്തു. വൈകുന്നേരം സ്ഥിരം കഴിക്കാറുള്ള ബാറിൽ കയറി ഓർഡർ ചെയ്തിട്ടും തലേന്നത്തെ കാര്യങ്ങൾ ഓര്മ വന്നു. വീട്ടിൽ എത്തുമ്പോൾ അവൾ കുടിച്ചിട്ട് ഇരിക്കുകയാണെങ്കിലോ എന്നൊരു ചിന്ത,സിഗരറ്റ് ചുണ്ടോളം എത്തിയില്ല, കൈകളിൽ ഇരുന്നു തന്നെ അത് എരിഞ്ഞു തീർന്നു.

പ്രാര്ഥനയോടെയാണ് വീടിന്റെ ഉള്ളിലേക്ക് കടന്നത്. ഭാഗ്യം,അവൾ പ്രാർത്ഥിക്കുകയാണ്,പതിവുപോലെ. അന്ന് സിഗരറ്റിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറാത്ത ആ രാത്രി അവൾക്കേറെ ആസ്വാദ്യമായി തോന്നി, സ്വബോധത്തോടെ അയാൾ പേര് വിളിച്ചപ്പോൾ ഏറെ ആഗ്രഹിച്ച എന്തോ ഒന്ന് കൈവന്നപോലെ അവൾ ഓരം പറ്റി കിടന്നു. ഇടക്കെപ്പോഴോ ബെഡ് ലാമ്പ് കെടുത്താൻ കൈ നീട്ടിയപ്പോൾ മേശയ്ക്കുള്ളിലെ ആ പഴയ സർട്ടിഫിക്കറ്റിനെയും അവൾ ഒന്ന് തലോടി

സംസഥാനതലം പ്രച്ഛന്നവേഷം ഒന്നാം സമ്മാനം : ദിവ്യ വിശ്വനാഥൻ,
രചന: Hari Krishnan

Leave a Reply

Your email address will not be published. Required fields are marked *