ഇന്നാണ് എനിക്ക് മനസ്സിലായത് ഞാൻ നോക്കിയത് നിന്റെ ഇഷ്ട്ടങ്ങളെക്കാൾ എന്റെ ഇഷ്ട്ടങ്ങളെ ആയിരുന്നു…

രചന:ഗുൽമോഹർ

” മനുവേട്ടാ.. ഞാനും പോന്നോട്ടെ കൂട്ടുകാരിയുടെ കല്യാണത്തിന്. കൂടെ വരുന്ന കൂട്ടുകാരുടെ ഫാമിലിയും ഉണ്ടാകുമല്ലോ.. പിന്നെന്താ പ്രശ്നം… ” കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറി ഇറങ്ങാൻ നിൽക്കുമ്പോൾ ആരതിയുടെ ചോദ്യം അവനത്ര പിടിച്ചില്ല.

” ഓ, ഇനിപ്പോ നീ വരാത്തതിന്റെ കുറവേ ഉള്ളൂ. നിനക്കിവിടെ എങ്ങാനും ഇരുന്നാൽ പോരെ ആരതി. എന്റെ കൂടെ വന്നിട്ട് പിന്നെ അവിടെ എത്തുമ്പോൾ ഞാൻ ഫ്രണ്ട്സിന്റെ കൂടെ അങ്ങ് കൂടിയാൽ നീ ഒറ്റപ്പെട്ടത് പോലെ ആകും. അത് മതി പിന്നെ നിന്റെ മുഖം കറുക്കാൻ… എന്തിനാ വെറുതെ .. ” ആരതിയുടെ ചോദ്യത്തിന് താല്പര്യമില്ലാത്തപോലെ ഉള്ള മനുവിന്റെ പ്രതികരണം കണ്ടപ്പോൾ അവളിൽ ഒരു വിഷമം ഉടലെടുത്തു തുടങ്ങിയിരുന്നു.

” മനുവേട്ടാ… ഫ്രണ്ട്സിന്റെ ഫാമിലിയും ഉണ്ടാകുമല്ലോ.. അവരൊക്കെ ഇത് മാനേജ് ചെയ്യുന്നില്ലെ.. അതുപോലെ ഞാനും…. ”

” അവർ നിന്നെ പോലെ അല്ല ആരതി… നിന്നെ പോലെ ഒരു മൂലക്ക് നിന്നാൽ അവിടെ തന്നെ കുറ്റിയടിച്ച പോലെ നിൽക്കില്ല… പിന്നെ നിന്നെ ഒന്നും അവർ മൈൻഡ് പോലും ചെയ്യില്ല… അവർ പണത്തിന്റെ കൊഴുപ്പിൽ നടക്കുന്നവർ ആണ്.. അത് മാത്രമല്ല, എന്റെ പ്രൈവസി കൂടി ഇല്ലാതാകും നീ വന്നാൽ…. നീ കൂടെ ഉണ്ടെങ്കിൽ മനസ്സമാധാനത്തോടെ ഒരു പെഗ് അടിക്കാൻ പറ്റുമോ.. കൂട്ടുകാരികളോട് മനസ്സ് തുറന്നൊന്നു സംസാരിക്കാൻ പറ്റുമോ.. ഇല്ല… ” അവന്റെ ഓരോ വാക്കുകളും അവളെ വേദനിപ്പിക്കുന്നതായിരുന്നു, ” മനുവേട്ടാ…. ഞാനും ഒരു പെണ്ണല്ലേ… മനുവേട്ടന്റെ ഭാര്യയല്ലേ… വിവാഹം കഴിഞ്ഞത് മുതൽ ഇതുവരെ എന്നെ ഒന്ന് പുറത്തു കൊണ്ടുപോയിട്ടുണ്ടോ? എനിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. ഭർത്താവിന്റെ കൂടെ പുറത്തു പോകാനും , സിനിമ കാണാനും, പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനും ഒക്കെ… ഞാൻ ഒരു നാട്ടിൻ പുറത്തുകാരി ആയതാണോ എന്റെ തെറ്റ് ? അതോ എന്നെ പോലെ ഒരുവളെ കൂടെ കൊണ്ടുപോകാൻ നാണക്കേടോ..? അങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ പിന്നെ എന്തിനാ മനുവേട്ടാ എന്നെ വിവാഹം കഴിച്ചത്..? പകൽ വീട്ടിലെ വേലക്കാരിയും രാത്രി കിടപ്പറയിലെ യന്ത്രവുമാക്കാനോ? ” അവളുടെ ഓരോ ചോദ്യവും അവനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു . അവളുടെ വാക്കുകളെ അവഗണിച്ചു വേണമെങ്കിൽ മുന്നോട്ട് പോകാം . പക്ഷെ, എ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥനാണെന്ന ബോധം അവനെ വരിഞ്ഞുമുറുക്കി. ” ആരതി. നിന്നെ ഞാൻ കെട്ടിയത് അത്ര ഇഷ്ട്ടത്തോടെ തന്നെ ആണ്. അതുകൊണ്ട് തന്നെ നിനക്ക് എന്തേലും കുറവ് ഞാൻ എവിടെ വരുത്തിയിട്ടുണ്ടോ? ഉടുക്കാൻ ഇഷ്ട്ടം പോലെ തുണിയില്ലേ…. കഴിക്കാൻ ഭക്ഷണമില്ലേ… നീ വീട്ടിൽ നിനക്കുള്ള അത്ര സ്വാതന്ത്ര്യം വേറെ ആർക്കെങ്കിലും ഉണ്ടോ..? ഇന്ന് വരെ ഭർത്താവെന്ന സ്വാതന്ത്ര്യത്തിൽ നിന്നെ അടിച്ചിട്ടുണ്ടോ ഞാൻ.. ഇല്ല. അതിൽ തന്നെ മനസ്സിലാക്കിക്കൂടെ എനിക്ക് നിന്നോടുള്ള സ്നേഹം.. ഇതൊന്നും നിങ്ങൾ പറയില്ല.. പക്ഷെ, ചെയ്യാത്ത കാര്യങ്ങൾ മാത്രം വിളിച്ച് പറഞ്ഞ് കരയും. പെണ്ണുങ്ങളുടെ സ്ഥിരം ഏർപ്പാട് ആണിത്. ”

” മനുവേട്ടാ.. ആവശ്യത്തിന് വസ്ത്രവും ഭക്ഷണവും ഈ നാല് മുറിക്കുള്ളിൽ ഉള്ള സ്വാതന്ത്ര്യവും കിട്ടിയാൽ എല്ലാം ആയി എന്നാണോ? നിങ്ങൾ ഇതുപോലെ കുറച്ചു ദിവസം ഒന്ന് ഇരുന്ന് നോക്കണം. അപ്പോൾ അറിയാം ഒരു പെണ്ണ് എത്രത്തോളം വീർപ്പുമുട്ടുന്നുണ്ട് ഇതിനുള്ളിൽ കിടന്നിട്ട് എന്ന്.. പെണ്ണ് വീട്ടിൽ നിൽക്കണം.. പക്ഷെ, എപ്പഴും ഇതിനുള്ളിൽ ഒതുങ്ങിക്കൂടണം എന്ന ചിന്ത ഒന്ന് മാറ്റിപിടിക്കണം ഏട്ടാ.. നിങ്ങളെ പോലെ ഇല്ലെങ്കിലും ഞങ്ങൾക്കും ഉണ്ട് പുറത്ത് പോകാനും കറങ്ങാനും നാട് കാണാനും പ്രകൃതി കാണാനും ആസ്വദിക്കാനും ഒക്കെ ആഗ്രഹം… കല്യാണത്തിന് മൂന്നെ ആയിരുന്നെങ്കിൽ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാമായിരുന്നു.. അല്ലെങ്കിൽ പഠിക്കുമ്പോൾ കൂട്ടുകാരോടൊത്തു പോകാമായിരുന്നു. പക്ഷെ, ഇപ്പോൾ അങ്ങനെ പറ്റില്ലല്ലോ.. ഭർത്താവിന്റ അനുവാദം ഇല്ലാതെ പുറത്ത് പോയാൽ പിന്നെ അഴിഞ്ഞാട്ടക്കാരി ആയി, കാമുകൻ ഇല്ലെങ്കിലും കാമുകനെ കാണാൻ പോക്ക് ആയി, തോന്നിയ പോലെ നടക്കൽ ആയി. പറഞ്ഞാലോ കൊണ്ടുപോകാതിരിക്കാൻ നൂറു ന്യായവും.. ”

മനുവിന് എന്ത് പറയാമെന്നോ ആരതിയെ എങ്ങനെ കാര്യം പറഞ്ഞ് മനസ്സിലാക്കുമെന്നോ അറിയാത്ത അവസ്ഥയിൽ ആയിരുന്നു. “ആരതി… എന്നാലും ചില….. ”

“വേണ്ട, മനുവേട്ടാ.. ഇനീയും ന്യായീകരിക്കാൻ ആണെങ്കിൽ എനിക്കത് കേൾക്കാൻ താല്പര്യം ഇല്ല. ഒന്ന് മാത്രം ആലോചിച്ചു നോക്കൂ.. നിങ്ങൾ ഇവിടുന്ന് പുറത്തിറക്കിറങ്ങുമ്പോൾ ആരോടേലും പറയാറുണ്ടോ… ദേ, ഇപ്പോൾ വരാട്ടോ എന്നും പറഞ്ഞ് ഒറ്റ പോക്കാണ്.. എങ്ങോട്ടാണെന്നോ എപ്പോ വരുമെന്നോ പറയുമോ. ഇല്ല.. നിങ്ങൾ വരുന്ന വരെ കാത്തിരിക്കുന്ന ഞങ്ങളെ നിങ്ങൾ അപ്പോൾ ഓർത്തിട്ടുണ്ടോ.. അതുപോലെ ഞങ്ങൾ ആണ് ഒന്നും പറയാതെ പോകുന്നതെങ്കിലോ? ഇവിടെ നിങ്ങൾ ഭൂകമ്പം സൃഷ്ടിക്കില്ലെ..? ഒരു പെണ്ണെന്നാൽ ഒതുങ്ങികൂടേണ്ടവൾ എന്നാണോ . അങ്ങനെ ആണെങ്കിൽ ഈ ജീവിതം ചിലപ്പോൾ എനിക്ക് തന്നെ ഭാരമായി തോന്നും മനുവേട്ടാ.. പെണ്ണെന്നാൽ നിങ്ങളുടെ ഇഷ്ട്ടങ്ങളെ മാത്രം അനുസരിച്ചു നിങ്ങൾ പറയുന്നത് മാത്രം കേട്ട് ജീവിക്കേണ്ടവൾ ആണെന്ന് കരുതരുത്. നിങ്ങളുടെ ഇഷ്ട്ടങ്ങളെ അവളിൽ കെട്ടിവെക്കുമ്പോൾ അവൾക്കും അവളുടേതായ കുറെ ഇഷ്ട്ടങ്ങൾ ഉണ്ടെന്ന് ഒന്ന് ഓർക്കുക.. ” അത്രയും പറഞ്ഞ് മുഖം തുടച്ചവൾ ആ മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മനു വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു. അവൾ പറഞ്ഞത്തിലെ ശരികൾ അവനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. പകലിലെ വേലക്കാരിയും രാത്രി കിടപ്പറയിലെ യന്ത്രവുമല്ല പെണ്ണെന്ന വാക്ക് മനുവിന്റെ മനസ്സിന്റെ സമനില തെറ്റിക്കുന്നതായിരുന്നു,.

” ശരിയാണ്.. അവളെ പലയിടങ്ങളിൽ നിന്നും താൻ അവഗണിച്ചു, വീട്ടിൽ അവൾക്കായി ഒരു സ്വർഗം പണിതപ്പോൾ അതവൾക്ക് നരകതുല്യം ആണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി. അവൾ ഒന്നും തുറന്നു പറയാറില്ല എന്ന ഒറ്റ കാരണത്താൽ അവളുടെ മനസ്സ് അറിയാനും ഞാൻ ശ്രമിച്ചില്ല.. പക്ഷെ, അവൾ ഇത്രയേറെ വീർപ്പുമുട്ടുന്നുണ്ട് ഇതിനുള്ളിൽ എന്ന് അവളുടെ വാക്കുകൾ വിളിച്ചോതിയപ്പോൾ, ശരിക്കും താൻ ഒരു ഫൂൾ ആയ ഭർത്താവ് ആയിപോയി ” എന്ന് തോന്നി മനുവിന്. തെറ്റുകൾ തിരുത്താൻ ഉള്ളതാണല്ലോ.. മനസ്സ് കൊണ്ട് മനുവും ഒരു തീരുമാനമെടുത്തിരുന്നു , അവൾക്കായി മാത്രം കുറെ നിമിഷങ്ങളെ മാറ്റിവെക്കാൻ.. അവളെ വേലക്കാരി ആയി അല്ല, വീട്ടുകാരിയാണെന്ന് ബോധ്യമാക്കാൻ… … ബെഡ്റൂമിലെ യന്ത്രമായിട്ടല്ല, എല്ലാം സങ്കടങ്ങളും സന്തോഷങ്ങളും ഷെയർ ചെയ്യുന്ന ഒരു ഭാര്യയാക്കാൻ.

മനു റൂമിന് പുറത്തിറങ്ങി ആരതിയുടെ അരികിലെത്തുമ്പോൾ അവൾ നനഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഒരു പുഞ്ചിരിയോടെ അവളെ ചേർത്തുപിടിച്ചുകൊണ്ട് ആ കണ്ണുകളിൽ ചുംബിക്കുമ്പോൾ അവൾ ഒന്നുകൂടി കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക് മുഖം ചേർത്തു, ” സോറി, മനുവേട്ടാ…. ഞാൻ എന്തൊക്കെയോ പറഞ്ഞുപോയി…സോറി.. ”

അവളുടെ കരച്ചിലും പറച്ചിലും കേട്ടപ്പോൾ അവൻ ആ മുഖം പതിയെ പിടിച്ചുയർത്തി,

” എന്തിനാടി പെണ്ണെ സോറി.. ഞാൻ അല്ലെ സോറി പറയേണ്ടത്.. നിന്നെ മനസ്സിലാക്കി നിന്റെ ഇഷ്ട്ടങ്ങൾക്ക് മനസ്സിലാക്കി ജീവിക്കുന്ന ഭർത്താവാണ് ഞാൻ എന്ന് എനിക്ക് തോന്നിയിരുന്നു ഇതുവരെ . പക്ഷെ, ഇന്നാണ് എനിക്ക് മനസ്സിലായത് ഞാൻ നോക്കിയത് നിന്റെ ഇഷ്ട്ടങ്ങളെക്കാൾ എന്റെ ഇഷ്ട്ടങ്ങളെ ആയിരുന്നു എന്ന്.. അതിനു വേണ്ടി നിന്നെ ഇവിടെ സ്നേഹത്തോടെ തളച്ചിടുകയായിരുന്നു ഞാൻ എന്ന്.. അതുകൊണ്ട് സോറി പറയേണ്ടത് ഞാൻ അല്ലെ …. പക്ഷെ സോറി ഞാൻ പറയില്ലാട്ടോ.. ഭാര്യയുടെ മുന്നിൽ സോറി പറഞ്ഞാൽ കുറച്ചിലാകും എന്നോർത്തല്ല, ഒരു സോറി കൊണ്ട് ഞാൻ ഇതിവിടെ തീർക്കുന്നില്ല… ഇനി മുതൽ നിന്റെ ഇഷ്ട്ടങ്ങൾക്ക് വേണ്ടിയും കൂടി അങ്ങോട്ട ജീവിക്കാൻ തീരുമാനിച്ചു… നീ ഇനി മുതൽ പിന്നിൽ നിൽക്കണ്ട.. എന്റെ കൂടെ എന്റെ ഒപ്പം നിൽക്ക്.. ” അതും പറഞ്ഞവൻ അവളെ ഒന്നുകൂടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു,. ” അപ്പൊ നാളെ രാവിലെ പെട്ടി പാക്ക് ചെയ്‌തോ .. ജഗതിയണ്ണൻ പറഞ്ഞപോലെ വെൽക്കം ടു ഊട്ടി… നൈസ് ടു മീറ്റ്‌ യൂ ”
രചന:ഗുൽമോഹർ

1 thought on “ഇന്നാണ് എനിക്ക് മനസ്സിലായത് ഞാൻ നോക്കിയത് നിന്റെ ഇഷ്ട്ടങ്ങളെക്കാൾ എന്റെ ഇഷ്ട്ടങ്ങളെ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *