കടമ ഈ ചെറുകഥ ഒന്ന് വായിക്കണേ…

രചന: അരുൺ കാർത്തിക്

“അച്ഛൻ മരിച്ചിട്ടും നിന്നെ പഠിപ്പിച്ചു ഇതുവരെ കൊണ്ടെത്തിച്ചത് പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കാനായിരുന്നോടാ”ന്ന്
അമ്മ ശകാരിച്ചപ്പോൾ മൗനത്തോടെ തലതാഴ്ത്തി നിൽക്കുകയാണ് ഞാൻ ചെയ്തത്..

ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എനിക്കായ് മാത്രം തന്ന് പാതിവഴിയിൽ ഇട്ടേച്ചു പോയപ്പോ, എഴുതാനാവതെ ഉപേക്ഷിച്ചു കളഞ്ഞത് എന്റെ ഡിഗ്രി അവസാന വർഷ എക്സാം ആയിരുന്നു ..

ഇട്ടേച്ചു പോയ പെണ്ണിന്റ പേരിൽ, ഇനി എഴുതാനും പിടിക്കാനുമൊന്നും വയ്യന്ന
തീരുമാനത്തിൽ മനം നീറികൊണ്ട്,വല്ല കൂലിപ്പണിക്കും പോകാമെന്നു പറഞ്ഞതിന്റെ മറുപടിയായിരുന്നു അമ്മയുടെ നാവിൽ നിന്ന് മുൻപ് കേട്ടയാ ശകാരം.

പാതിനിലം പൊത്താറായ വീടും
നിനക്ക് താഴെയുള്ള അനിയനും കെട്ടു പ്രായത്തിലേക്ക് വളരുന്ന പെണ്ണിനെയും ഒരു നിമിഷം പോലും ഓർത്തില്ലല്ലോ എന്റെ മോനെന്ന് പറഞ്ഞു കരഞ്ഞുകൊണ്ടാണ് അമ്മ അന്നത്തെ നിദ്ര കഴിച്ച് കൂട്ടിയത്..

പിറ്റേന്ന്, വിദേശത്തുള്ള ശങ്കരൻമാമന്റെ മകന്റെ അടുത്തേക്ക് പോകാനുള്ള വിസ റെഡിയാക്കി തരാമെന്നും അതിനുള്ള പണം ആധാരം പണയപ്പെടുത്തി തയ്യാറാക്കിക്കോന്നും ഉപദേശിച്ചാണ് മാമൻ അമ്മയെ സമാധാനിപ്പിച്ചു തിരികെ മടങ്ങിയത്.

ഇനി പണയം വയ്ക്കാനായ് ഒന്നുമില്ല എന്റെ കയ്യിൽ, ഇത്കൊണ്ടെങ്കിലും നീ രക്ഷപെട്ടു കണ്ടാൽ മതിയെന്ന് അമ്മ പറയുമ്പോൾ പെങ്ങളും അനിയനും നിർവികാരതയോടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു..

അമ്മയെയും കൂടപ്പിറപ്പുകളെയും വിട്ട് എയർപോർട്ടിനുള്ളിലേക്ക് ഞാൻ കയറുമ്പോൾ പുറംഗ്ലാസിന് പുറത്തൂടെ ഏന്തിവലിഞ്ഞു നിറകണ്ണുകളുമായി പതിയെ കയ്യുയർത്തി അമ്മ അനുഗ്രഹിക്കുന്നുണ്ടായിരുന്നു..

ഒരു നിമിഷം എന്നെ പറഞ്ഞു വിടല്ലേ, ഞാൻ നന്നാവുമമ്മേ.. ഞാൻ ഇവിടെ തന്നെ നിന്നോട്ടെ ന്ന് ചോദിച്ചു കൊണ്ട് തിരികെയോടി ഇറങ്ങി വരണമെന്ന് മനസ്സ് ആഗ്രഹിച്ചെങ്കിലും അമ്മയുടെ വാക്കുകൾ ഓർത്ത് വിങ്ങി പൊട്ടി ഞാൻ പാദങ്ങൾ മുന്നോട്ട് വച്ചു .

ഞാൻ ഇപ്പോഴും കുട്ടിയാണെന്നൊന്നു പറയുമ്പോൾ ചേർത്ത് പിടിക്കാൻ, നമ്മളൊക്കെ ആൺകുട്ടികൾ ആണ് കരയാൻ പാടില്ലെന്ന് പറഞ്ഞുതരാൻ, തണൽമരമായ അച്ഛനില്ലാതെ പോയപ്പോ ഇത് കുറച്ചു നേരത്തെ ആയി പോയിന്നു ദൈവങ്ങളെ നോക്കി ശപിക്കാൻ മാത്രമേ എനിക്ക് അപ്പോൾ സാധിക്കുമായിരുന്നുള്ളൂ..

കൂട്ടികൊണ്ട് പോകാൻ വന്ന അമ്മാവന്റെ മകന്റെ അടുത്തേക്ക് ലെഫ്റ്റ്ഹാൻഡ് വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ പുതിയൊരു ലോകത്ത് ഒറ്റയ്ക്കായി പോയവന്റെ പ്രതീതിയായിരുന്നു എനിക്ക്..

സൗദിയിലെ ചുട്ടുപഴുത്ത വെയിലിൽ പണിക്കിറങ്ങുമ്പോൾ നാട്ടിലെ വെയിൽ വെറും നിലാവെളിച്ചം മാത്രമാണെന്ന സത്യം ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു..

മുറ്റത്തെ കണ്ണൻ വാഴയ്ക്ക് വെള്ളം ഒഴിക്ക് ഉണ്ണിന്ന് അമ്മ പറഞ്ഞപ്പോ വെയിലാണെന്നു പറഞ്ഞു മുറിയ്ക്കുള്ളിൽ അടയിരുന്നത്‌ അറിയാതെ ഓർത്തു പോയി ഞാൻ..

ആനയിച്ചു കൊണ്ടുവരാൻ കാണിച്ച സ്നേഹം പിന്നീടങ്ങോട്ട് അസഭ്യവാക്കുകളിലൂടെ ശങ്കരമാമന്റെ മകൻ വിളിച്ചപ്പോൾ ജീവിതത്തിൽ ഇന്നുവരെ മോനെന്ന് മാത്രം വിളിച്ച അമ്മയുടെ മുഖം ഒരു വിങ്ങലോടെ മനസ്സിൽ തെളിഞ്ഞു വന്നു..

ദിനംതോറും വീടുപണിക്ക് പൊയ്ക്കൊണ്ടിരുന്ന അമ്മ ഇത്പോലെ എത്ര ചീത്ത കേട്ടാണ് തന്നെ വളർത്തിയതെന്ന്‌ ഓർക്കുമ്പോൾ ആ പാദത്തിൽ വീണൊന്ന് പൊട്ടിക്കരയാൻ തോന്നി എനിക്ക്..

പുറംപണി കഴിഞ്ഞു റൂമിൽ വന്നപ്പോൾ അലക്കാനുള്ള എന്റെ തുണിയ്ക്കൊപ്പം അവന്റ തുണി കൂടി എറിഞ്ഞിട്ടു പോയപ്പോൾ ഞാനെന്താ ബംഗാളിയാണോന്ന് ചോദിക്കാനാണെന്റെ നാവ് പൊന്തിയത്..

അലക്ക് കഴിഞ്ഞു വിശന്നു പൊരിഞ്ഞു റൂമിൽ വന്നപ്പോഴാണ് കടയിൽ പോയി ആഹാരത്തിനുള്ള സാധനങ്ങൾ മേടിക്കാനുള്ള ഓർഡർ കിട്ടിയത്.

കണക്കുകൂട്ടിയുള്ള റിയാലിനു മുൻപിൽ സാധനങ്ങൾ വാങ്ങിക്കുമ്പോ ഷെൽഫിലെ അടുക്കിവെച്ച ജ്യൂസ്‌ബോട്ടിലുകളോരോന്നിലും നിസ്സഹായതയോടെ മാറിമാറി നോക്കി ഉമിനീരിറക്കാൻ മാത്രമേ എനിക്ക് അപ്പോൾ സാധിക്കുമായിരുന്നുള്ളൂ…

തിരികെ വന്ന് ഫുഡ്‌ ഉണ്ടാക്കി കഴിക്കുമ്പോൾ പാചകത്തിൽ മുന്പരിചയമില്ലാത്ത എനിക്ക് ഫുഡ്‌ അല്പം കരിഞ്ഞു പോയതിന്റെ പേരിൽ അസഭ്യവാക്കുകളുടെ പേമാരിപെയ്ത്തായിരുന്നു എന്റെ കാതുകളെ കാത്തിരുന്നത്.

പാതിനിറഞ്ഞ കണ്ണുകളോടെ കരിഞ്ഞഭാഗം കൂട്ടിയുള്ള ആഹാരം ചുണ്ടോടു അടുപ്പിക്കുമ്പോൾ വിശന്നു പൊരിഞ്ഞിരുന്ന എനിക്ക് മാത്രം അമൃതായി തോന്നി ആ ഭക്ഷണം…

വീട്ടിൽ അത്താഴത്തിനു ചോറിന്റെ കൂടെ കറി കുറവാണെന്നു പറഞ്ഞു പ്ലേറ്റ് തട്ടിത്തെറിപ്പിച്ച ഞാൻ കുബ്ബൂസ് പച്ചവെള്ളത്തിൽ മുക്കി കഴിച്ചാലും വിശപ്പ് അടങ്ങുമെന്ന് ആദ്യമായി അറിയുകയായിരുന്നു അവിടെ വെച്ച്..

മുറി അടിച്ചു വാരി പാത്രം കഴുകി വെച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ഭിത്തിയിലെ ഘടികാരത്തിൽ 12 മണിയെന്ന ബെൽ മുഴങ്ങി കേട്ടു, നാട്ടിൽ അന്നുവരെ പത്തിനു മുൻപ് ചുരുണ്ടുകൂടി കിടന്നിരുന്ന എനിക്ക് ആ സമയവും പുതിയൊരു അനുഭവമായിരുന്നു..

പക്ഷേ അപ്പോഴും ഇളയതുങ്ങൾക്ക് നീയേയുള്ളൂ മോനെ, നീ വേണം ഇനി കുടുംബം രക്ഷപെടുത്താൻ, അത് എപ്പോഴും ഓർമ്മ വേണം എന്ന അമ്മയുടെ ശക്തമായ വാക്കുകൾ കാതിലങ്ങനെ അലയടിക്കുന്നുണ്ടായിരുന്നു.

പിന്നീട് യാതനകൾ ഒക്കെയും ശീലമായപ്പോൾ ഉറുമ്പ് നെൽമണികൾ ശേഖരിക്കും പോലെ ഓരോ രൂപയും ചേർത്ത് വയ്ക്കുന്നതിലായിരുന്നു എന്റെ ശ്രെദ്ധയത്രയും..

പാതി പൊളിഞ്ഞ വീട് പുനർനിർമിക്കാൻ കുറച്ചു പണം അയച്ചു കൊടുത്തപ്പോ ഫോണിലൂടെ ആദ്യമായി അമ്മയുടെ സന്തോഷം നിറഞ്ഞ ഉണ്ണിന്നുള്ള ശബ്ദം എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.

കുടുംബത്തോട് സുഖമാണെന്ന് കള്ളവും കൂടെയുള്ളവനോട് ദുഃഖമാണെന്ന സത്യവും തുറന്നു പറയുന്നവനാണ് യഥാർത്ഥ പ്രവാസിയെന്ന് പറഞ്ഞു തന്നത് കൂടെപണിയുന്ന സുനിയേട്ടൻ എന്ന നാൽപതുകാരൻ ആയിരുന്നു..

ചെറുതാണെങ്കിലും വീടിന്റെ പണി തീർന്നെന്ന് അറിഞ്ഞപ്പോൾ, അയച്ച പണം കൊണ്ട് അമ്മയുടെ ആദ്യആഗ്രഹം നടന്നല്ലോ എന്ന ആത്മസംതൃപ്തിയിൽ ആവേശത്തോടെ വീട്ടിൽ വിളിച്ചപ്പോൾ ഫോണിലൂടെ അനിയൻ പറയുന്നത് ഞാൻ കേട്ടു..

..ഏട്ടൻ അവിടിരുന്നു പണം ധൂർത്തടിക്കാതെ കുറച്ചൂടെ അയച്ചു തന്നിരുന്നെങ്കിൽ ഈ കോഴിക്കൂട് പോലല്ലാതെ വലിയ വീട് ഒരെണ്ണം പണിതുകൂടായിരുന്നോ ന്ന്….

നമുക്ക് പിന്നീട് വലുതൊരെണ്ണം വയ്ക്കാമെന്ന് ഞാനവനോട് പറയുമ്പോൾ മുപ്പതുറിയാൽ കൂടുതൽ കിട്ടുമെന്ന് ഓർത്ത് ഒരു മാസമായി ഓവർടൈം നിന്നതിന്റെ ദേഹത്ത് വേദനയും തളർച്ചയും അപ്പോഴും എന്നെ വിട്ടുമാറിയിരുന്നില്ല..

പെങ്ങൾക്ക് നല്ലൊരു ആലോചന വന്നപ്പോൾ ഇനിയും തിരിച്ചെടുക്കാത്ത ആധാരത്തെ പറ്റിയും വിവാഹത്തെപറ്റിയും അമ്മ വ്യാകുലപ്പെട്ടപ്പോൾ എല്ലാം ശരിയാക്കാം മുന്നോട്ട് പൊയ്‌ക്കൊന്ന് പറയുമ്പോൾ സുനിയേട്ടന്റെ കയ്യിൽനിന്ന് വായ്പ മേടിച്ച കടം വീട്ടിബാക്കി ആ മാസത്തെ പകുതി സാലറി മാത്രം ഉണ്ടായിരുന്നുള്ളു എന്റെ കയ്യിൽ തികച്ചെടുക്കാൻ..

ആറു മാസം കൊണ്ട് വിവാഹം നടത്തണമെന്ന് പറഞ്ഞ ആൺകൂട്ടർക്ക് അമ്മാവൻ വാക്ക് കൊടുത്തെന്നു അമ്മ അടുത്ത കാളിലൂടെ അറിയിച്ചപ്പോ പടച്ചോൻ കൂടെയുണ്ട് വാക്ക് കൊടുത്തോളാൻ എനിക്ക് ധൈര്യം തന്നത് കൂടെയുള്ള സുനിയേട്ടൻ ആയിരുന്നു.

ഇപ്പോഴത്തെ നിലയിൽ അനിയത്തിയുടെ വിവാഹം ആർഭാടമായി നടത്താൻ ഈ പണമൊന്നും പോരെന്നു ശങ്കരമാമൻ പറഞ്ഞപ്പോ.. കൂടെയുള്ള പലരോടും വായ്പ മേടിച്ചിട്ടും തികയാതെ നാട്ടിലേക്കുള്ള എന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്തു ആ പണം കൂടി അയച്ചു കൊടുക്കാൻ നിര്ബന്ധിതനാവുകയിരുന്നു ഞാൻ..

ഏട്ടനില്ലാതെ പടിയിറങ്ങില്ലെന്ന് പറഞ്ഞവളോട് ഉടനെതന്നെ ഏട്ടൻ വന്ന് രണ്ടാളേയും കണ്ടോളാം മോളെ ന്ന് പറഞ്ഞു കാൾ കട്ടാക്കിയപ്പോൾ ചങ്കു പൊട്ടണ പോലെ തോന്നി എനിക്ക്..

“തൊട്ടിലിൽ ഉറങ്ങുന്നമോളെ എന്നെയേല്പിച്ചു അമ്മ പുറത്തേക്ക് പോകുമ്പോൾ എത്രതവണ കാവൽ ഇരുന്നതാ ഈ ഏട്ടൻ , ”

“ചെറുപ്പത്തിൽ എത്രയോ തവണ നിന്നെയും പുറത്തേന്തി നമ്മുടെ പുളിമാവിന് ചുറ്റും വലം വച്ചതാ മോളെ ഈ ഏട്ടൻ. ,”

” മുറ്റത്തെ പേരമരത്തിലെ ഊഞ്ഞാലിൽ ഒരായിരം തവണ നിന്നെയിരുത്തി ആട്ടിതന്നിട്ടുണ്ട് മോളെ ഈ ഏട്ടൻ.. ”

നിറഞ്ഞ മിഴികൾ അനുസരണയില്ലാതെ പെയ്യുമെന്നു തോന്നിയപ്പോ റൂമിനടുത്തുള്ള ഷവറിൽ നിന്നുതിർന്ന വെള്ളത്തിനൊപ്പം ഞാൻ കരഞ്ഞു തീർത്തു ഓർമ്മകൾ ഓരോന്നോരോന്നായി ..

അനിയത്തിയെ വിവാഹം ചെയ്തയച്ച കടമൊന്നു വീട്ടിയപ്പോ നിനക്കും വേണ്ടേ ഒരു കൂട്ടെന്ന അമ്മയുടെ ചോദ്യത്തിന് കൂട്ടായി എനിക്കെന്റെയമ്മയുണ്ടല്ലോയെന്ന് പുഞ്ചിരിയാളെ മറുപടി പറഞ്ഞു ഒഴിഞ്ഞു നിന്നു..

ആധാരം കടം തീർത്തെടുത്തതിന്റെ അന്ന് രാത്രി അച്ഛൻ സ്വപ്നത്തിൽ വന്ന് പുഞ്ചിരിച്ചപ്പോൾ മനസ്സ് തെല്ലൊന്നുമല്ല ആഹ്ലാദിച്ചത്..

അനിയന് നല്ലൊരു ആലോചന വന്നപ്പോ അത് നടക്കട്ടെയെന്ന് മുൻകൈ എടുത്തപ്പോഴും അതിനായ് അമ്മയെ നിർബന്ധിച്ചപ്പോഴും അവന്റ സന്തോഷം മാത്രമായിരുന്നു മനസ്സിൽ..

നീ ജയിക്കാനായി തോറ്റുകൊടുക്കുന്നതായിരുന്നല്ലോ
മോനെ പണ്ടും ഈ ഏട്ടന്റെ ശീലം..

മോനാ വീട്ടിൽ തന്നെ താമസിച്ചോ ഏട്ടൻ അവകാശം പറഞ്ഞൊന്നും വരില്ലന്ന് കളിരൂപേണ അവനോട് പറഞ്ഞപ്പോ “ഏട്ടന് ഇപ്പൊ പുതിയ ഫ്ലാറ്റ് മേടിക്കാനുള്ള തിരക്കിലായിരിക്കുമല്ലേ “ന്നാണ് അവൻ തിരിച്ചു പ്രതികരിച്ചതു..

കടവും കടമയും വീട്ടാൻ പലതവണയായി സഹായിച്ച സുനിയേട്ടന്റെ പണം ഒരുവർഷമായി ഓവർടൈം കൂടി പണിയെടുത്തിട്ടും കൊടുത്തുതീർന്നിട്ടില്ല മോനേന്നുള്ള വാക്കുകൾ പറയാനാവാതെ എന്റെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു .

ഒടുവിൽ ഏഴു വർഷങ്ങൾക്കു ശേഷം എയർപോർട്ടിൽ തിരിച്ചെത്തുമ്പോൾ കണ്ണടയും മുൻപ് കാണണമെന്ന മന്ത്രം മാത്രം ഉരുവിട്ട് കൊണ്ട് ആകാംഷ നിറഞ്ഞ രണ്ടു കണ്ണുകൾ എന്നെ അവിടെ കാത്തുനില്പുണ്ടായിരുന്നു..

അമ്മയുടെ വിണ്ടുകീറിയ പാദങ്ങളിൽ വിറയാർന്ന കൈകൾ കൊണ്ട് തൊടുമ്പോൾ
പിടിച്ചു എഴുന്നേൽപ്പിച്ചു എന്നെ വാരിപ്പുണർന്നു കൊണ്ട് അമ്മ ചോദിച്ചു. ..

നിനക്ക് അമ്മയെയൊന്ന് കാണണമെന്ന് തോന്നിയില്ലേ ഉണ്ണി ഈ ഏഴുവർഷമത്രയും … ?

കാണണമെന്ന് ഒരായിരം വട്ടം തോന്നിയാലും മൂത്ത കുട്ട്യോൾക്ക് മാത്രം കടമ എന്നൊരു വിലങ്ങു തടി ബാക്കിയില്ലേ അമ്മേന്ന് പറയാൻ വന്നത് ഉമിനീരിനൊപ്പം വിഴുങ്ങി കളഞ്ഞു കൊണ്ട് അമ്മയെ നോക്കി ഞാൻ മൃദുവായി പുഞ്ചിരിച്ചു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അമ്മ വീണ്ടും ചോദിച്ചു..

“ഒരുപക്ഷെ എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ ഉണ്ണി.. ”

“ഞാൻ നാട്ടിൽ എത്തണവരെ എന്റെ അമ്മയെ കാത്തോളണേന്നൊരു കടമ പടച്ച തമ്പുരന്റെ കയ്യിൽ നിന്നും ഞാനും എഴുതി വാങ്ങിയിട്ടുണ്ടമ്മേ.. ”

ആ ഉറപ്പ് മാത്രം മതിയായിരുന്നു ഇനിയങ്ങോട്ട് എത്ര കടമകൾ വീട്ടിയെടുക്കാനും ഈ ഉണ്ണിക്ക്.

കാറിനുള്ളിൽ അമ്മയുടെ തോളിൽ ചാരിയിരുക്കുമ്പോൾ ആ പഴയ ഉണ്ണിയായി മാറുമ്പോൾ ആ കൈവെള്ളയിൽ മുഖമമർത്തുമ്പോൾ ഈ ലോകം ജയിച്ചവന്റെ സന്തോഷമായിരുന്നു എന്റെ മനസ്സ് നിറയെ..

രചന: അരുൺ കാർത്തിക്

Leave a Reply

Your email address will not be published. Required fields are marked *