ചള്ള് ചെക്കൻ…

രചന: Bindhya Balan

“ഡാ ചള്ള് ചെക്കാ നീയെന്താ എന്നെക്കുറിച്ച് വിചാരിച്ചേക്കുന്നത്.. അവൻ പ്രേമിക്കാൻ നടക്കുന്നു. ഇനീം നീ ഇതും പറഞ്ഞെന്റെ പിന്നാലെയെങ്ങാനും വന്നാല്, നിന്റെ കിടുങ്ങാമണി മുറിച്ച് ഞാൻ കാക്കയ്ക്ക് ഇട്ട് കൊടുക്കും… പൊയ്ക്കോ എന്റെ മുന്നീന്ന് ”

ഇടവഴി അറ്റത്തു വച്ച് എന്റെ കോളറിൽ കുത്തിപിടിച്ച് അവൾ പൊട്ടിത്തെറിക്കുമ്പോഴും, ചുണ്ടിലൊരു ചിരിയുമായി ഞാനവളുടെ മുന്തിരികണ്ണുകളിൽ കരളുടക്കി നിൽക്കുകയായിരുന്നു.. കോളറിലെ പിടുത്തം വിട്ട്, ആഞ്ഞൊരു തള്ളു തള്ളി എന്നെ മറികടന്ന് പോകുമ്പോൾ തിരിഞ്ഞു നോക്കി, ചുണ്ടുകൾ കൂർപ്പിച്ച്, കണ്ണുരുട്ടി “പോടാ പട്ടി “എന്ന് വിളിച്ചപ്പോഴും ഞാൻ ആ മുന്തിരികണ്ണുകളിൽ കുരുങ്ങികിടക്കുകയായിരുന്നു.
അവൾ പോയിട്ടും ഞാൻ ആ നിൽപ്പ് അങ്ങനെ നിന്നു. തിരിച്ചു വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോഴും മനസ് നിറയെ അവളായിരുന്നു..

സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് അവളോടുള്ള ഇഷ്ടം.. വളരുംതോറും ആ ഇഷ്ടവും കൂടിക്കൂടി വന്നു…
അടക്കി നിർത്താൻ കഴിയാത്ത വിധം ആ പ്രണയം വളർന്നപ്പോഴാണ് അവളോട്‌ ഞാൻ എന്റെ ഇഷ്ടം പറഞ്ഞത്.. ഒരു ചള്ള് ചെക്കന്റെ ചപലമായ മനസ് എന്നൊക്കെ പറഞ്ഞു ആദ്യമാദ്യമവളെന്നെ ഉപദേശിച്ചെങ്കിലും,അവളെ വിടാൻ എനിക്കുദ്ദേശമില്ലെന്ന് മനസിലായപ്പോഴായിരുന്നു ആ പൊട്ടിത്തെറി.അവളോട്‌ എന്ത് കൊണ്ടാണ് ഇത്രയും ഇഷ്ടം എന്ന്‌ ചോദിച്ചാൽ എനിക്കൊരുത്തരമില്ല പറയാൻ…
അവൾ പറയുന്നത് പോലെ ആരോരുമില്ലാത്തൊരു അനാഥപെണ്ണിനോടുള്ള സഹതാപമല്ലായിരുന്നു എനിക്കവളോട്.
അച്ഛനുമമ്മയും ഇല്ലാതെ, അമ്മാവന്റെ വീട്ടിലൊരു അടുക്കളക്കാരിയായി കഴിയുമ്പോഴും, ആരുമില്ല എന്ന തോന്നലിൽ നിന്ന് അവൾ ആർജിച്ചെടുത്ത ധൈര്യം… ആ ധൈര്യത്തിന് മുന്നിൽ ആണായിപിറന്ന ഏതൊരുവനും ഒരു ബഹുമാനമൊക്കെ തോന്നും… മറ്റൊരുത്തനും അവളെ വിട്ട് കൊടുക്കാൻ എനിക്ക് ആവുമായിരുന്നില്ല…

ഓരോന്ന് ആലോചിച്ച് വീട്ടിലെത്തിയപ്പോഴാണ് , കയ്യിലൊരു കവറുമായി അമ്മ ഓടി വന്നത്..

“മോനെ ഹരിക്കുട്ടാ, ദേ നീ ഇതീന്ന് നിനക്ക് ഇഷ്ട്ടപ്പെട്ട കുട്ടിയെ സെലക്ട്‌ ചെയ്തേ.. ആ ബ്രോക്കർ ജോർജ് ഇന്ന് വന്നിട്ടുണ്ടായിരുന്നു.. ഇനീപ്പോ എന്തായാലും നിന്നെ ഇങ്ങനെ വിടാൻ ഉദ്ദേശിചിട്ടില്ല.. ഈ മേടത്തിനു മുൻപ് കല്യാണം നടന്നില്ലേ പിന്നെ നാല്പതു വയസു കഴിഞ്ഞേ ഉള്ളൂ കല്യാണം…അതറിയോ നിനക്ക് ”

കയ്യിലിരുന്ന കവറിൽ നിന്ന് കുറച്ചു ഫോട്ടോസ് എടുത്ത് എന്റെ മുന്നിലേക്ക് നിരത്തിയിട്ടിട്ട് അമ്മ അത് പറഞ്ഞപ്പോൾ, അമ്മയെ ഒന്ന് ശുണ്ഠിപിടിപ്പിക്കാൻ ഞാൻ പറഞ്ഞു

“ആ എനിക്ക് നാല്പതു വയസ് കഴിഞ്ഞു മതി കല്യാണം… ”

എന്റെ കവിളിൽ പതിയെ തല്ലി ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു

“ആ എന്നിട്ട് എന്റെ പേരക്കുട്ടികളെ ഞാൻ അങ്ങ് പരലോകത്തിരുന്നു കണ്ടാൽ മതീന്നാണോ.. നടക്കില്ല മോനെ… ”

ഞാൻ വെറുതെ ചിരിച്ചു… പ്രേമിക്കുന്ന പെണ്ണ് തിരിഞ്ഞു പോലും നോക്കാത്ത സ്ഥിതിക്ക് അമ്മയോട് അവളെക്കുറിച്ചു എങ്ങനെ പറയും… പക്ഷെ എന്റെ മനസ് വായിച്ചെന്ന പോലെ അമ്മ ചോദിച്ചു

“മോന്റെ മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അമ്മോട് പറയ്…. നമുക്ക് അത് നടത്താം… അച്ഛനും സമ്മതാവും ”

ചുവരിലെ ചന്ദനമാലയിട്ട അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി ഞാൻ ചിരിച്ചു… അച്ഛനെല്ലാം കാണുന്നുണ്ടല്ലോ എന്നോർത്ത്…
എന്തായാലും അമ്മ ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം.. അമ്മയുടെ പ്രതികരണം അറിയാല്ലോ..

“അമ്മേ.. അമ്മയ്ക്ക് പറ്റിയ ഒരാളെ ഞാൻ നോക്കി വച്ചിട്ടുണ്ട്…. അമ്മ അറിയണ കുട്ടിയാണ്…അറിയുമ്പോ അമ്മയ്ക്ക് കുറച്ചു സങ്കടം തോന്നും.. ന്നാലും അമ്മയ്ക്ക് അവളെ ഇഷ്ട്ടാവും… അമ്മ സമ്മതിക്കണം… അവളെയല്ലാതെ മറ്റാരെയും എനിക്ക് വേണ്ട”

അമ്മയുടെ മടിയിൽ തല വച്ച് കിടന്ന് ഞാൻ അത് പറഞ്ഞപ്പോൾ ഏതൊരമ്മയും പറയുന്നത് പോലെ എന്റെ അമ്മയും പറഞ്ഞു നിന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ട്ടമെന്ന്… ആ ഉറപ്പിൽ ഞാൻ അമ്മയോട് അവളെക്കുറിച്ച് പറഞ്ഞു.. ഒന്നും മിണ്ടാതെ കുറച്ചു നേരമിരുന്നു കരഞ്ഞതിനു ശേഷം അമ്മ പതിയെ എന്റെ മുടി തലോടിക്കൊണ്ട് പറഞ്ഞു

“മോന് അവളെ അത്ര ഇഷ്ട്ടാണേൽ നമുക്ക് പോയി ചോദിക്കാം.. കേട്ടാൽ കുടുംബക്കാര് മുഴുവൻ വാളെടുക്കും.. ന്നാലും അമ്മയ്ക്ക് വലുത് നിന്റെ ഇഷ്ട്ടാണ് “….

പിറ്റേന്ന് അമ്മ അമ്മാവന്മാരോടു കാര്യം അവതരിപ്പിച്ചു.. പറഞ്ഞത് പോലെ തന്നെ സംഭവിചെങ്കിലും, ഒരേയൊരു അനന്തിരവന്റെ പിടിവാശിക്ക് മുന്നിൽ അമ്മാവന്മാർ തോറ്റു തന്നു. അങ്ങനെ ബ്രോക്കർ വഴി എന്റെ കല്യാണാലോചന അവളുടെ അമ്മാവന്റെ മുന്നിൽ എത്തി………
………………………………………………..

“നീ എന്താ ഹരി ആലോചിക്കണെ.. ദേ വീടെത്തി… ”

വല്യമ്മാവന്റെ സ്വരമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്… ശരിയാണ്, കാർ അവളുടെ വീടിന്റെ മുറ്റത്താണ്….
മുഖത്ത് നോക്കി പോടാ പട്ടീന്നു വിളിച്ച പെണ്ണിനെ പെണ്ണ് ചോദിക്കാൻ പോകുവാണല്ലോ എന്നോർത്ത് ഒരു ചെറിയ ടെൻഷൻ എനിക്ക് ഇല്ലാതിരുന്നില്ല..

വീടിനകത്തെ സെറ്റിയിൽ ചാരിയിരുന്നു, അവളുടെ അമ്മാവന്റെ സംസാരത്തിൽ നിന്ന്, അവൾ ആ വീടിനൊരു ഭാരമാണെന്നു തിരിച്ചറിഞ്ഞ് ഉള്ളിലൊരു വേദനയോടെ ഇരിക്കുമ്പോഴാണ്, നിറം മങ്ങിയ ഒരു സാരിയുടുത്ത്, കയ്യിൽ ചായയുമായി അവൾ വന്നത്.. എന്നെ കണ്ടതും ഞെട്ടിതെറിച്ച്‌ നിന്ന അവളെ നോക്കിയൊന്നു കണ്ണ് ചിമ്മി ചിരിച്ചിട്ട് ആ കയ്യിൽ നിന്ന് ചായ വാങ്ങുമ്പോൾ, ഞാൻ കണ്ടു ആ കണ്ണുകൾ നിറയുന്നത്….

“പരസ്പരം അറിയുന്നവരാണെങ്കിലും, ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാട്ടോ ”

എന്റെ മനസ് കണ്ടെന്ന പോലെ ബ്രോക്കർ അത് പറഞ്ഞതും ഞാൻ അവളുടെ അമ്മാവനെ നോക്കി… എല്ലാവരുടെയും അനുവാദത്തോടെ ഞാൻ അവളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി.. ആദ്യത്തെ കുറച്ചു നിമിഷങ്ങൾ മൗനമായിരുന്നു ഞങ്ങൾക്കിടയിൽ….
എനിക്ക് മുന്നിൽ നിൽക്കുന്ന അവളെ അലിവോടെ നോക്കിയിട്ട് ഞാൻ ചോദിച്ചു

“ഗൗരി….. ഇപ്പോഴും നിനക്ക് തോന്നുണ്ടോ, നിന്നോടുള്ള എന്റെ ഇഷ്ടം ഒരു നേരംപോക്കാണെന്നു… അങ്ങനെ നിനക്ക് തോന്നുണ്ടെങ്കിൽ ഞാൻ ഈ ഇഷ്ടം ഉപേക്ഷിച്ചോളാം.. പിന്നെ ഒരിക്കലും നിന്റെ മുന്നിൽ ഞാൻ വരില്ല… നീ കരുതും പോലെ സഹതാപം കൊണ്ടുള്ള ഇഷ്ടമൊന്നുമല്ല എനിക്ക് നിന്നോട്….. പഠിക്കുന്ന കാലത്ത് തോന്നിയ ഇഷ്ടം.. അതിനു പ്രേത്യേകിച്ചു കാരണമൊന്നുമില്ല….. ഞാൻ പൊന്നുപോലെ നോക്കിക്കോളാം….. ആ ഉറപ്പേ എനിക്ക് തരാൻ ഉള്ളൂ…. ”

ഞാൻ പറഞ്ഞു നിർത്തിയതും മുള ചീന്തും പോലൊരു കരച്ചിലായിരുന്നു അവൾ.. എന്നും കാണാറുള്ള ദേഷ്യം ആയിരുന്നില്ല അപ്പോഴാ കണ്ണുകളിൽ…
പതിയെ അവളുടെ കൈ എടുത്ത് നെഞ്ചോട് ചേർത്ത് ഞാൻ പറഞ്ഞു

“നമുക്കിടയിൽ ഉണ്ടെന്നു നീ കരുതുന്ന തടസങ്ങൾ ഒന്നും ഒരു തടസമല്ല ഗൗരി…അത് നീ ആദ്യം മനസിലാക്ക്‌.. ഒരു ചൊവ്വാ ദോഷം… ആ ദോഷം ഞാനങ് സഹിച്ചു… ഭൂമിയിലെ ദോഷം ആദ്യം തീർക്കട്ടെ.. ന്നിട്ടല്ലേ ചൊവ്വ.. ” അത് കേട്ട് ആദ്യമായി അവളൊന്ന് ചിരിച്ചു..
ആ ചിരി മതിയായിരുന്നു എന്റെ മനസ് നിറയാൻ…..

അങ്ങനെ കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കല്യാണം നടന്നു… ആദ്യരാത്രിയിൽ, വിഷാദം നിറഞ്ഞ മുഖവുമായാണ് അവളെന്റെ അടുത്ത് വന്നത്.. പിടിച്ചു കട്ടിലിൽ ഇരുത്തി നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണുകളിലെ നനവ് ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്ത് ഞാൻ അവളോട്‌ പറഞ്ഞു

“ഇടവഴീല് വച്ച് എന്നെ ചള്ള് ചെക്കാന്ന് വിളിച്ചോരു പെണ്ണൊണ്ട്… ആ പെണ്ണാണ് ദേ ഇതെന്ന് ആരേലും പറയോ….ഇപ്പൊ എന്തൊരു പാവം…. ഇനിയെന്റെ ഗൗരിയൊന്നു പറഞ്ഞേ ഞാൻ ചള്ള് ചെക്കനാണോ? ”

അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി മുഖം പിടിച്ചുയർത്തി ഞാൻ ചോദിച്ചു…. കരഞ്ഞു കലങ്ങിയ കണ്ണുകളാലെ എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട്
“പോടാ ചള്ള് ചെക്കാ ” എന്ന്‌ വിളിച്ചെന്റെ നെഞ്ചിലേക്ക് അവൾ ചേരുമ്പോൾ അത്രമേൽ സ്വർഗം എനിക്ക് മറ്റൊന്നില്ലായിരുന്നു….
ജീവിച്ച് തുടങ്ങുകയായിരുന്നു ഞങ്ങൾ……

രചന: Bindhya Balan

Leave a Reply

Your email address will not be published. Required fields are marked *