ഞാൻ കാണാത്തതൊന്നുമല്ലല്ലോ? നീ ഒരുങ്ങിക്കോ ഞാനിവിടിരുന്നോളാം…

രചന: സജി തൈപ്പറമ്പ് .

“ഷബ്നാ … നീ ഒരുങ്ങി കഴിഞ്ഞില്ലേ?

ചാരിയിട്ടിരുന്ന വാതിൽ തള്ളി തുറന്ന് നജീബ് മുറിക്കകത്തേയ്ക്ക് വന്നപ്പോൾ , അർദ്ധനഗ്നയായി നിന്നിരുന്ന ഷബ്ന ചൂളിപ്പോയി.

“അയ്യേ നജീബിക്കാ.. പുറത്തോട്ടിറങ്ങിക്കേ ,ഞാനീ ചുരിദാറൊന്നിട്ടോട്ടെ”

ഷബ്ന, ചുരിദാറ് നെഞ്ചോട് ചേർത്ത് പിടിച്ച്, നജീബിനോട് പറഞ്ഞു.

“പിന്നേ.. ഞാൻ കാണാത്തതൊന്നുമല്ലല്ലോ? നീ ഒരുങ്ങിക്കോ ഞാനിവിടിരുന്നോളാം”

അയാൾ കട്ടിലിൽ മാറിയിരുന്നു.

“അങ്ങനെയിപ്പോൾ ഇരിക്കേണ്ട, അപ്പുറത്ത് പോയി കുട്ടികളെ ഒരുക്ക് ,രണ്ട് മണിക്കാണ് ദുബായ്ക്കുള്ളഫ്ലൈറ്റ്, അത് ഓർമ്മയുണ്ടല്ലോ?

ഷബ്ന , നജീബിനെ തള്ളിപ്പുറത്താക്കി വാതിലടച്ചു കുറ്റിയിട്ടു.

11 മണിയോടുകൂടി നജീബും, ഷബനയും, രണ്ടുകുട്ടികളും ഒരുങ്ങി ഇറങ്ങി , ടാക്സി ഡ്രൈവർ അവരുടെ ലഗേജുകൾ എടുത്ത് ഡിക്കിയിൽ വെച്ചു .

“ഉമ്മാ… ആമിനാത്തായുടെ അടുത്ത് വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് , എല്ലാ ദിവസവും വൈകുന്നേരം അവര് കൂട്ടുകിടക്കാൻ വരും, പിന്നെ മരുന്നുകൾ കൃത്യമായി കഴിക്കണം, ആഹാരം കഴിക്കാതിരിക്കരുത്, ഞാൻ എല്ലാ ദിവസവും വിളിച്ചോളാം”

നജീബ്, ഉമ്മയെ ചേർത്തുപിടിച്ചു സ്നേഹത്തോടെ മൂർദ്ധാവിൽ ചുംബിച്ചു..

“അവിടെ ചെല്ലുമ്പോൾ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചോളണേ മോനേ.. അവൾക്ക് ഒറ്റയ്ക്ക് രണ്ടുപേരെയുംകൂടി നോക്കാൻ കഴിയില്ല, ആരെയെങ്കിലും കിട്ടുകയാണെങ്കിൽ നീ അവൾക്ക് സഹായത്തിനായി ഒരാളെ നിർത്തി കൊടുക്കണം”

“ഉമ്മാ .. ഗൾഫ് എന്ന് പറയുന്നത് നമ്മുടെ ഇവിടുത്തെ പോലെയൊന്നുമല്ല, അങ്ങനെ ജോലിക്കാരെയൊന്നും പെട്ടെന്ന് കിട്ടില്ല ,അഥവാ കിട്ടിയാൽ തന്നെ എൻ്റെ ശമ്പളം മുഴുവൻ അവർക്ക് കൊടുക്കേണ്ടിവരും, സാരമില്ലുമ്മാ.. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം”

“ഉമ്മാ .. ഞങ്ങൾ പോയിട്ട് വരാം”

ശബ്നയും യാത്രപറഞ്ഞു കാറിലേക്ക് കയറി.

###############

“എന്താ ഷബ്നാ… നീ മൂഡ് ഔട്ടായി ഇരിക്കുന്നത് , സന്തോഷിക്കുകയല്ലേ വേണ്ടത്, ഇനി മുതൽ നിനക്ക്, ഉമ്മയോട് തല്ലുകൂടേണ്ടി വരില്ലല്ലോ, സ്വസ്ഥം സുഖം”

ഏറെ നാളത്തെ ശബ്നയുടെ പരാതിയുടെയും പരിഭവത്തിൻ്റെയും ഫലമായിട്ടാണ്, ശബ്നയെയും കുട്ടികളെയും ദുബായിലേക്ക് കൊണ്ടുപോകാനുള്ള വിസ ശരിയാക്കി നജീബ് നാട്ടിലെത്തിയത്.

“ഇക്കാ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ ?

“എന്താ ഷബ്നാ നീ പറയ്”

“ഉമ്മയെ തനിച്ചാക്കി പോകുന്നതിൽ ഇക്കയ്ക്ക് ഒട്ടും വിഷമമില്ലേ?

“അത് പിന്നെ വിഷമം ഇല്ലാതിരിക്കുമോ ? എന്നെ പ്രസവിച്ച് , ഒരുപാട് ബുദ്ധിമുട്ടി വളർത്തി വലുതാക്കിയ എൻ്റുമ്മയെ, അത്ര വേഗം എനിക്ക് മറക്കാൻ പറ്റുമോ ? അത് പോലെ തന്നെ പ്രിയപ്പെട്ടതാണ് നീയും എൻ്റെ മക്കളും ,നിങ്ങളെയെല്ലാവരെയും എനിക്ക് വേണം , വഴക്കും വക്കാണവുമൊന്നുമില്ലാത്ത സമാധാനപരമായ ഒരു കുടുംബ ജീവിതത്തിന് ചിലതൊക്കെ ത്യജിച്ചേ പറ്റു,”

“പക്ഷേ ഉമ്മയവിടെ തനിച്ചല്ലേ? ഉമ്മയ്ക്കവിടെ ഒറ്റയ്ക്ക് നില്ക്കാൻ പറ്റുമോ?

“നമ്മുടെ വിവാഹത്തിന് മുമ്പ് ഞാൻ ഗൾഫിലായിരുന്നപ്പോൾ ഉമ്മയവിടെ തനിച്ചല്ലായിരുന്നോ?

“ശരിയാണ്, പക്ഷേ ഉമ്മ ശരിക്കും ജീവിക്കാൻ തുടങ്ങിയത് നമ്മുടെ മക്കളുടെ വരവോട് കൂടിയാണ്, എന്നോട് പോരെടുത്തിരുന്നെങ്കിലും, മക്കളെ രണ്ട് പേരെയും ഉമ്മയ്ക്ക് ജീവനായിരുന്നു, ഇന്നു മുതൽ ആ വീട്ടിൽ ആളും അനക്കവുമില്ലാതെ ഉമ്മ ഒറ്റയ്ക്ക്, എനിക്കെന്തോ വല്ലായ്ക തോന്നുന്നു ,ഉമ്മയെ കൂടി നമുക്ക് കൊണ്ട് പോകാമായിരുന്നു”

ഷബ്നയത് പറഞ്ഞപ്പോൾ നജീബ് ആശ്ചര്യത്തോടെ അവളെ നോക്കി.

“നീ തന്നെയാണോ ഇത് പറയുന്നത് ,ഇന്നലെ വരെ കീരിയും പാമ്പുമായിരുന്നില്ലേ നിങ്ങള്?

“ശരിയാണ്, പക്ഷേ ഉമ്മയെ ഇപ്പോൾ എനിക്ക് ശരിക്കും മിസ്സ് ചെയ്യുന്നിക്കാ ,എനിക്കവരോട് ഇത്രയും സ്നേഹമുണ്ടായിരുന്നെന്ന് ഞാൻ പോലും ഇപ്പോഴാണറിയുന്നത്”

“ഇനിയിപ്പോൾ ഉമ്മയെ കൊണ്ട് പോകുന്നത് അത്ര എളുപ്പമല്ല ,ഒന്നാമത് ഉമ്മയ്ക്ക് പാസ്പോർട്ടില്ല ,പിന്നെ ഉമ്മയുടെ വിസ ശരിയാക്കണം അതിനൊക്കെ ഇനി ഒരു പാട് ദിവസങ്ങളെടുക്കും”

“അത് സാരമില്ല ,അത് വരെ ഞാനും മക്കളും ഉമ്മയോടൊപ്പം ഇവിടെ നിന്നോളാം ,ഉമ്മയെക്കൂടി എന്ന് ദുബായ്ക്ക് കൊണ്ട് പോകാൻ പറ്റും, അന്നേ ഞങ്ങളും വരുന്നുള്ളു”

“ഇപ്പോഴാ ഷബ്നാ എനിക്ക് നിന്നോട് ബഹുമാനം തോന്നുന്നത്, ഞാൻ പറയാതെ തന്നെ നീ എല്ലാം സ്വയം മനസ്സിലാക്കിയല്ലോ, ഇനി എനിക്ക് സമാധാനത്തോടെ ഗൾഫിലേക്ക് പോകാം”

അപ്പോഴേക്കും കാറ് എയർപോർട്ടിന് മുന്നിലെത്തിയിരുന്നു.

നജീബിനെ യാത്രയാക്കി ഷബ്നയും മക്കളും തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ, വീടിൻ്റെ ഉമ്മറത്ത് പ്രതീക്ഷയോടെ വഴിക്കണ്ണുമായി ആ ഉമ്മ കാത്ത്നില്പുണ്ടായിരുന്നു.

NB :- നമ്മുടെ കുടുംബമെന്ന് പറയുന്നത്, ഭാര്യയും, ഭർത്താവും ,മക്കളും മാത്രമുള്ളതല്ല ,ഒപ്പം അച്ഛനും അമ്മയും കൂടി ചേരുമ്പോഴെ അത് പൂർണ്ണമാകുന്നുള്ളു. പ്രായമാകുംതോറും, മക്കളും കൂടെയുണ്ടാവണമെന്ന് ,അവരും ആഗ്രഹിക്കുന്നുണ്ട് ,കഴിവതും അവരെയും ചേർത്ത് നിർത്താൻ ശ്രമിക്കുക.

രചന: സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *