അരവിന്ദന്റെ ആദ്യരാത്രി, ചെറുകഥ വായിക്കൂ…

രചന: ഗുൽമോഹർ

കുറെ പെണ്ണ് കണ്ടു മിക്സ്ചറും ചായയും കുടിച്ച് നടന്നു നടന്നു ചെരിപ്പ് തേഞ്ഞു തുടങ്ങിയപ്പോൾ ആണ് അരവിന്ദനെ ഒരു പെണ്ണിന് ഇഷ്ട്ടമായത് . ഇച്ചിരി പല്ല് പൊന്തിയിട്ടുണ്ടെങ്കിലും കാണാൻ ഒരു ആനച്ചന്തം ഒക്കെ ഉണ്ടായിരുന്നു പെണ്ണിന് . പെണ്ണിന്റ അമ്മ കൊണ്ട് വെച്ച മിക്‌ചർ എടുത്ത് വായിലേക്കിട്ടപ്പോൾ ആയിരുന്നു പെണ്ണിന്റ നാണം കുണുങ്ങാത്ത വരവ് . പെണ്ണിനെ കണ്ട് വാ പൊളിച്ച അരവിന്ദന്റ വായിൽ നിന്നും ഒരു കടലാമണി തെറിച്ചപ്പോൾ അവളൊന്നു പുഞ്ചിരിച്ചു . “ചെക്കനും പെണ്ണിനും ന്തേലും സംസാരിക്കാനുണ്ടെങ്കിൽ ആവാം ”

പെണ്ണിന്റ അച്ഛൻ പറഞ്ഞ് നാക്ക് വായിലേക്കിട്ടപ്പോഴേക്കും അരവിന്ദൻ എഴുനേറ്റ് അവളുടെ അരികിലെത്തിയിരുന്നു . അവൻ അകത്തേക്ക് പോവാൻ തുടങ്ങിയപ്പോൾ അവൾ പുറത്തേക്കായിരുന്നു നടന്നത് .

“ഇപ്പഴേ ഇവളെ ഞാൻ പോകുന്നതിന്റെ ഓപ്പോസിറ്റ് ആണല്ലോ പോകുന്നത് . ന്നേം വഴിതെറ്റിക്കുമോ ഇവൾ ”

മനസ്സിൽ വന്ന സംശയം മനസ്സിൽ തന്നെ കുഴിവെട്ടി മൂടി അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു

“പെണ്ണ് കാണാൻ വന്നപ്പോഴേ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലേക്ക് ആണല്ലോ . കണ്ടാൽ ഒരു കോഴിയുടെ ലക്ഷണവും ഉണ്ട് .”

അവളുടെ മനസ്സിലും സംശയങ്ങൾ ടോറസ്സ് വിളിച്ചു വരാൻ തുടങ്ങിയിരുന്നു . എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവളും പുഞ്ചിരിച്ചു .

“വരൂ , പുറത്ത് നിന്ന് സംസാരിക്കാം . അതാകുമ്പോൾ നല്ല കാറ്റും വെളിച്ചവും കിട്ടും . ”

പുഞ്ചിരിക്കിടയിൽ അതും പറഞ്ഞ് അവൾ പുറത്തേക്ക് നടക്കുമ്പോൾ അവനും അവളെ അനുഗമിച്ചു .

പുറത്ത് പൂത്തു നിൽക്കുന്ന മൂച്ചിയുടെ ചുവട്ടിൽ നിൽക്കുബോൾ അവളെക്കാൾ കൂടുതൽ നാണം അവനായിരുന്നു .

“ന്താ , ഒന്നും മിണ്ടാത്തെ നിൽക്കുന്നെ , ഒന്നും ചോദിക്കാനില്ലേ അവളുടെ ചോദ്യം കേട്ടപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും മനസ്സിൽ ധൈര്യം സംഭരിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു അവൻ . “താനൊരു ആണാണ് . മുഖത്തെ മീശയിലേക്ക് കണ്ണുകൾ താഴ്ത്തി ഒന്ന് നോക്കി അവൻ ഒന്നൂടെ ഉറപ്പിച്ചു , ആണായ ഞാൻ ഒരു പെണ്ണിന്റ മുന്നിൽ നാണം കുണുങ്ങി നിന്നാൽ ശരിയാകില്ല ” മനസ്സിൽ നൂറാവർത്തി ധൈര്യം സംഭരിച് അവൻ അവളുടെ മുഖത്തേക്ക് നോക്കി .

“ന്താ പേര് ” “അനാമിക ” “ആഹാ , നല്ല പേര് ……. അനാമിക അരവിന്ദൻ . നല്ല ചേർച്ച ഉണ്ടല്ലോ … അൽ കിടുവേ ”

അവന്റ മനസ്സിൽ പൊട്ടിയ ലഡ്ഡു പെട്ടന്ന് തന്നെ പൊടിഞ്ഞുവീണു അവളുടെ വാക്ക് കേട്ട് ,

“ഓഹ് , എന്ത് ചേർച്ച , അലുവയും മത്തിക്കറിയും പോലെ ഉണ്ട് . ”

അത് കേട്ട് അരവിന്ദന്റെ മനസ്സ് ഒന്ന് പതറിയെങ്കിലും അവൻ അത് പുറത്ത് കാണിക്കാതെ വീണ്ടും ചോദിച്ചു ,

“ഇതിന് മുന്നേ പ്രേമിച്ചിട്ടുണ്ടോ”

ഉടൻ മറുപടിയും വന്നു , “ഉണ്ടല്ലോ , രണ്ട് പേരെ പ്രേമിച്ചു . പക്ഷെ , അവരോട് പറയാൻ കഴിഞ്ഞില്ല ..”

അവളുടെ നിരാശ കലർന്ന മുഖം കണ്ടപ്പോൾ അവനു സന്തോഷം ആണ് തോന്നിയത് .

“അപ്പോൾ രുചിക്കൂട്ടുകൾ പഠിച്ചിട്ടില്ല “.

മനസ്സിൽ പൊട്ടൻ വന്ന ലഡ്ഡുവിനെ പൊട്ടൻ അനുവദിച്ചില്ല അവൻ ..ചിലപ്പോൾ പൊടിഞ്ഞുപോയാലോ .

“ചേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ”

പെട്ടന്നുള്ള അവളുടെ ചോദ്യം അവനെ തെല്ല് നിരാശനാക്കി . ചോദിച്ചതല്ലേ , ഉത്തരം പറയാതിരിക്കാൻ കഴിയില്ലാലോ .

“ഏയ്യ് , ഇല്ല ..അല്ലേലും ന്നെ ഒക്കെ ആര് പ്രേമിക്കാൻ ആണ് . പഠിപ്പി കുറവ് , ജോലി ഓട്ടോ ഓടിക്കൽ , ” അവന്റ വാക്കുകളിലെ നിരാശ അവളിലും ചെറിയ വിഷമം ഉളവാക്കി . അങ്ങിനെ ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും മനസ്സ് കൊണ്ട് ചെറുതായി അടുത്തുകഴിഞ്ഞിരുന്നു അവർ . അവിടെ നിന്ന് ഇറങ്ങുമ്പോൾ ഇവളെ കേട്ടൂ എന്ന് അരവിന്ദൻ ഉറപ്പിച്ചിരുന്നു .അവനെ മതിയെന്ന് അവളും . *************

അങ്ങിനെ കല്യാണം കഴിഞ്ഞ് ആദ്യരാത്രിയുടെ ആരംഭത്തിലേക്ക് കടക്കാൻ തുടങ്ങുന്നു . എങ്ങനെ ആ രാത്രി വെളുപ്പിക്കണം എന്നറിയാതെ കട്ടിലിൽ ഇരിക്കുമ്പോൾ ആണ് പാലുമായി അവൾ വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നത് . ആദ്യമായി ഒരു പെണ്ണ് റൂമിലേക്ക് വരുന്നതിന്റെ എല്ലാ വെപ്രാളവും അവന്റ മുഖത്തും ശരീരപ്രകൃതിയിലും കാണാമായിരുന്നു . “ഏട്ടാ , പാല്”.

അവൾ കൊടുത്ത് പാൽ വെപ്രാളത്തിൽ ഒറ്റ വലിക്ക് കുടിച്ച് തീർത്തപ്പോൾ അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി .

“അപ്പൊ എനിക്കോ , പകുതി എനിക്ക് തരണമെന്ന് അറിയില്ലേ ?! “ശീലമില്ലാത്തത് കൊണ്ട് മറന്നുപോയതാ . അടുത്ത വട്ടം ശരിയാക്കാം , ഇപ്പോൾ നീ ഇവിടെ ഇരിക്കൂ ”

അവളുടെ കൈ പിടിച്ച് കട്ടിലിലേക്ക് ഇരുത്തുമ്പോൾ അവൻ ആദ്യരാത്രി എങ്ങനെ ആകണമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു .

“ഏട്ടൻ എന്താ ആലോചിക്കുന്നത് ” “അത് പിന്നേ , ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേ . അതുകൊണ്ട് നമുക്കിന്ന് ഉറങ്ങണ്ട ”

കള്ളച്ചിരിയോടെ അവൻ അവളുടെ കൈത്തണ്ടയിൽ തോണ്ടിക്കൊണ്ട് പറയുമ്പോൾ അവളുടെ മുഖവും നാണം കൊണ്ട് തുടുത്തിരുന്നു .

“ഏട്ടന്റെ ഇഷ്ട്ടം പോലെ . ” അവൾ നാണത്തോടെ മുഖം താഴ്ത്തി .

“ന്ത്‌ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായാൽ അറിവുകേടായി കണ്ടു ക്ഷമിക്കണംട്ടോ . കൂടുതൽ പരിചയം ഒന്നുമില്ല ”

അവന്റ വാക്ക് കേട്ടപ്പോൾ അവൾക്ക് ചിരി വരാൻ തുടങ്ങി , “ന്റെ ഏട്ടാ , എനിക്കും അത്ര പരിചയം ഒന്നുമില്ല , പിന്നെ പഠിക്കുന്ന കാലത്ത് കോളജിലെ കുട്ടികളുമൊത്തു ഇടക്ക് …..” അവളുടെ വാക്കുകൾ അവനെ അത്ഭുതപ്പെടുത്തി.

“ആഹാ , കൊച്ച് കള്ളി ..എല്ലാം പഠിച്ചു വന്നിരിക്കുകയാണല്ലേ . ഭാഗ്യവതി.” അവൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് പിന്നെയും തുടർന്നു , “എനിക്കങ്ങനെ ഉള്ള ഒരു കമ്പനിയും ഇല്ലാത്തതിനാൽ ഞാൻ സെൽഫ് ആയിട്ട് ആയിരുന്നു എല്ലാം .. പിന്നെ മൊബൈൽ ഉണ്ടല്ലോ ”

അവന്റ വാക്കുകളിലെ നഷ്ടബോധം അവളെയും സങ്കടപ്പെടുത്തി . “സാരമില്ല ഏട്ടാ ,ഇനിമുതൽ ഞാൻ ഉണ്ടല്ലോ , ഇനി ഏട്ടന്റെ ഭാഗത്തു നിന്ന് ന്തേലും തെറ്റ് പറ്റിയാലും തിരുത്താനുള്ള അറിവ് എനിക്ക് ഉണ്ടല്ലോ ”

അവളുടെ വാക്കുകൾ കേട്ട് അവൻ അതിയായ സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു .

“നിന്റ അറിവുകൾ എനിക്ക് പകർന്നു തരാൻ ഉള്ള നിന്റ മനസ്സ് ഉണ്ടല്ലോ ,… ഇതുപോലെ ഒരു പെണ്ണിനെയാ ഞാൻ ആഗ്രഹിച്ചത് ..”

അവളുടെ പുഞ്ചിരിക്കുന്ന വിടർന്ന മുഖത്തേക്ക് നോക്കി അവൻ ഇരുന്നു , പിന്നേ മെല്ലെ കട്ടിലിന്റെ അടിയിൽ നിന്നും മെല്ലെ ഒരു കവർ എടുത്ത് ബെഡിലേക്ക് കുടഞ്ഞു .

കവറിൽ നിന്നും ചാടിവീണ രാജാവും മന്ത്രിയും ആനയും കുതിരയും പടയാളികളുമെല്ലാം യുദ്ധത്തിന് തയ്യാറായി കളത്തിൽ അണിനിരന്നപ്പോൾ അവൾ പതിയെ പറഞ്ഞു ,

“വെള്ള എനിക്ക് , കറുപ്പ് ഏട്ടൻ എടുത്തോ ”

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *