കിച്ചു മീനുവിന്റേയാ… മനോഹരമായ ചെറുകഥ വായിക്കൂ….

രചന: Rajesh Dhipu

“”മോനെ രാവിലെ എഴുന്നേറ്റു നാഗദൈവങ്ങൾക്കു തിരി വെച്ചിട്ടു വേണം പോകാൻ കേട്ടോ.. എന്നാൽ പോയി കിടന്നോ.. രാവിലെ നേരത്തേ എഴുനേൽക്കാൻ ഉള്ളതല്ലേ..””

കിടക്കാൻ പോകുന്നതിനു മുൻപ് അവൻ അമ്മയുടെ അരികത്തേയ്ക്ക് ചെന്നു ..

“”ഉം എന്തടാ …””

അവന്റെ കണ്ണിലെ നനവ് അമ്മ തിരിച്ചറിഞ്ഞു …. അമ്മ ഒന്നും മിണ്ടാതെ നിന്നു..

“”അമ്മേ.. ഈ വിവാഹം വേണോ.. മീനുവിനോട് ചെയ്യുന്നത് ദ്രോഹമല്ലേ..””

“”അമ്മക്കറിയാം മോനെ.. നീ ലക്ഷ്മിയുടെ കാര്യം ഒന്നാലോചിച്ചു നോക്ക്..അവൾക്കും വേണ്ടടാ.. ഒരു ജീവിതം.. ഒരു പാട് സ്വപ്നം കണ്ടടാ നിന്റെ ലച്ചു .. ഓർമ്മ വെച്ച കാലം മുതൽ അവള് ഏട്ടന് കൊടുക്കാതെ വല്ലതും അവൾ സ്വന്തമാക്കിയിട്ടുണ്ടോ.. ഇന്ന് അവൾക്ക് ഒരു ജീവിതം വന്നു ചേർന്നപ്പോൾ നീ തട്ടിക്കളയരുത്..പാപം കിട്ടും.. അല്ലങ്കിൽ ഈ കാലിന് മുടന്തിയായ പെണ്ണിനെ ആരുക്കെട്ടാനാ “”

അമ്മയുടെ വാക്കുകൾക്ക് മറുപടി പറയാൻ കഴിയാതെ അവൻ മിണ്ടാതെ പോയി കിടന്നു.. കിടന്നിട്ട് ഉറക്കം വരുന്നില്ല .. കണ്ണടച്ചാൽ മീനുവിന്റെ ചിരിക്കുന്ന മുഖം മാത്രം..

ഓർമ്മ വെച്ച നാൾ മുതൽ കൈയിൽ ചേർത്തു പിടിച്ചതാ.. മുറപ്പെണ്ണാണെങ്കിലും കുട്ടിക്കാലം മുതൽക്കേ തളിർത്ത പ്രണയം .. മുതിർന്നപ്പോഴും ആ പ്രണയത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. മീനുവിന്റെ കിച്ചുവേട്ടൻ… കൂട്ടുകാരികളുടെ മുന്നിലും സ്കൂൾ മതിലിന്റെ ചുവരിലും അവൾ അഹങ്കാരത്തോടെ എഴുതും കിച്ചു മീനുവിന്റേയാ.. കിച്ചു വിത്ത് മീനു

കിച്ചുവിനെ കുറിച്ച് പറയുമ്പോൾ അവൾക്ക് നൂറ് നാക്കാണ് വർഷങ്ങൾക്കു മുൻപേ അവൾ അവന് ഭാര്യയെപ്പോലെയാണ് .. ഫെയ്സ് ബുക്കിലെ ഫ്രണ്ട് കളെ തിരഞ്ഞെടുക്കുന്നത് വരെ അവളുടെ കൈയിലൂടെ ആണ് ഏതെങ്കിലും ഒരുത്തി ഒരു ലൗ സ്റ്റിക്കർ അയച്ചാൽ അന്നവൾക്ക് പൊങ്കാലയായിരിക്കും. .. ചീത്ത വിളിച്ച് അവളുടെ വായടപ്പിക്കും. കുസൃതി കൂടതലാണെങ്കിലും അത് അവനോടുള്ള സ്നേഹത്തിന്റെ മറ്റൊരു മുഖമായിരുന്നു ..പാവം മീനു.. ഇനി അവളുടെ മുഖത്ത് എങ്ങിനെ നോക്കും. ലച്ചുവിന്റെ കാര്യമായതിനാലാണ് .. ഈ മാറ്റക്കല്യാണത്തിന് സമ്മതിച്ചതു തന്നെ ഇല്ലങ്കിൽ വേറൊരു പെണ്ണിന് ഈ മനസ്സിൽ ഇടമില്ല..

പെങ്ങളും കാമുകിയും എന്ന ചോദ്യചിഹ്‌നമായി വന്നാൽ പെങ്ങളുടെ ഭാഗത്തല്ലേ. നില്ക്കാൻ കഴിയൂ. അതും കാലിന് സ്വാധീനമില്ലാത്ത തന്റെ പ്രാണൻ …അവന്റെ കണ്ണുനീർ കവിളിലൂടെ ഇരുവശത്തേയ്ക്കും ഒലിച്ചിറങ്ങി.. ജീവിതത്തിൽ ഇങ്ങിനെ ഒരു സന്ദർഭം ആർക്കും നല്കരുതേ എന്റെ ദൈവങ്ങളേ…ഒരോന്ന് ആലോചിച്ചു അലോചിച്ചു .. എപ്പഴോ.. അവൻ ഉറക്കത്തിലേയ്ക്കക്ക് വീണു..

രാവിലെ ലച്ചു വന്നു വിളിച്ചപ്പേഴാണ് അവൻ എഴുന്നേറ്റത് .. രാത്രി മുഴവൻ കരഞ്ഞ തീർത്ത പോലെ .രാവിലെയും ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു ..

“” ലച്ചൂട്ടി മോളേ..ഏട്ടന്റെ മോള് എന്തിനാ വിഷമിച്ചിരിക്കുന്നത്.. സന്തോഷിക്കല്ലേ .വേണ്ടത് .. ”

“ഏട്ടന്റെ നെഞ്ചിൽ കനലെയെരിയുമ്പോൾ ഞാനെങ്ങനെയാ .സന്തോഷിയ്ക്ക മീനു ചേച്ചീ ഇത് സഹിക്കില്ല. നിങ്ങളെ തമ്മിൽ അകറ്റിയിട്ട് എനിയ്ക്കാരു ജീവിതം വേണ്ട..””

“”അരുത് മോളെ അങ്ങിനെ പറയരുത്.. നിന്റെ വിവാഹം എന്റെ സ്വപ്നമാണ്.. അത് നടത്തി തന്നില്ലെങ്കിൽ ആങ്ങളയാണെന്ന് പറഞ്ഞ് ഞാൻ എന്തിനാ ജീവിച്ചിരിയ്ക്കുന്നേ..””

“”മോനേ കിച്ചുവേ.. നീ എഴുന്നേറ്റില്ലേ ഇതു വരെ ..”” ഏട്ടാ അമ്മ വിളിയ്ക്കുന്നു ..””

“”ദാ വരുന്നു അമ്മേ..””

“”വേഗം പോയി കുളിച്ച്റെഡിയായിക്കേ.. വാസുവേട്ടൻ ഇപ്പോ ഇങ്ങു എത്തും ..””

അവൻ കുളി കഴിഞ്ഞ് നാഗത്തറയുടെ മുന്നിൽ തൊഴുകൈകളോടെ നിന്നു..എന്റെ നാഗദൈവങ്ങളെ എന്റെ മീനുവിനും ലച്ചുവിനും നല്ല ഒരു ജീവിതം നൽകുവാൻ നീ ഒരു തുണയായി ഇരിക്കേണമേ…””

എല്ലാവരോടും യാത്ര പറഞ്ഞവൻ പെണ്ണുകാണാനായി പുറപ്പെട്ടു. കുറച്ചു കഴിഞ്ഞ് മീനു അങ്ങോട്ടേയ്ക്ക് ഓടികിതച്ചെത്തി..

“”അമ്മായീ കിച്ചുവേട്ടനോ..””

“”കിച്ചു .. അവൻ. “” അമ്മായി നിന്നു പരുങ്ങി .. “”ലച്ചുവോ..””

“”അവള് തെക്കേലിയ്ക്ക് പോയി. ഇച്ചിരി മോര് വാങ്ങാൻ””

അവൾ കിച്ചു വിന്റെ മുറിയിലേയ്ക്കോടി.. മുറിയിൽ നിന്ന് തിരിച്ചു വരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മായി അവളുടെ മുഖത്തേയ്ക്ക് നോക്കാതെ തിരക്കിട്ട് അടുക്കളയിലേ ജോലിയിലേർപ്പെട്ടു..

“”അമ്മായീ..”” അവൾ വിളിച്ചു. വിറയ്ക്കുന്ന ആ ശബ്ദത്തിൽ കണ്ണീരിന്റെ ചുവയുണ്ടായിരുന്നു ..

“”അമ്മായീ ഞാൻ കേട്ടത് സത്യമാണോ..””

മറുപടി പറയാൻ വയ്യാതെ അമ്മായി.. നിശബ്ദയായി അവളുടെ മുഖത്തേക്ക്ക് നോക്കി..

“”മോളേ അവനെ ശപിക്കരുത്.. മനസ്സും ശരീരവും നിന്നെ ഏൽപിച്ചാണ് മനസ്സില്ലാ മനസ്സോടെ അവൻ ലച്ചുവിന് വേണ്ടി പോകാൻ തയ്യാറായത്..; അവൾ നിന്റെ അനുജത്തിയല്ലേ.. അവൾക്ക് വേണ്ടി.. നീ കിച്ചുവിനെ മറക്കണം..””

നിശബദയായി എല്ലാം കേട്ടുകൊണ്ടിരുന്ന അവൾ പൊട്ടിക്കരഞ്ഞു..

“”മറക്കാനോ.. അത് ഈ ജന്മം സാധിക്കില്ല..””

“”മോളേ..ഞാൻ നിന്റെ കാലു പിടിയ്ക്കാം.. നിന്നെ ഞാൻ മോളായിട്ടേ കണ്ടിട്ടുള്ളൂ .. ഇത് ഒരമ്മയുടെ അപേക്ഷയാണ്.””

അവർ കുനിഞ്ഞപ്പോൾ അവൾ തടുത്തു .. “”എന്താ അമ്മായി ഈ കാണിക്കുന്നത് ..””

“”വേറെ ഒരു വഴിയും ഞാൻ നോക്കിയിട്ട് കാണുന്നില്ല .. നീ പറഞ്ഞാൽ അവൻ കേൾക്കും.””

അവൾ കണ്ണു തുടച്ചു കൊണ്ട് അമ്മായിയെ കെട്ടിപ്പിടിച്ചു..

“”ഞാൻ പറയാം. എന്റെ അനുജത്തിക്കുവേണ്ടി .. നമ്മുടെ ലച്ചുവിന് വേണ്ടി..””

അവൾ പോകാൻ തുടങ്ങിയപ്പോഴേക്കും. കിച്ചുവും വാസുവേട്ടനും തിരിച്ചെത്തിയിരുന്നു .. അവൾ മുഖമെല്ലാം തുടച്ചു. മുഖത്ത് ഒരു പുഞ്ചിരി വരുത്തിത്തീർത്തു..

മീനുവിനെ അമ്മായിയുടെ പിറകിൽ കണ്ടതും കിച്ചു. ഉമ്മറപ്പടിയിൽ തന്നെ നിന്നു.. അവന്റെ കാലുകൾ വിറക്കുകയാണ് .. ഒരക്ഷരം ശബ്ദിക്കാൻ കഴിയുന്നില്ല.

വാസുവേട്ടനാണ് അത് പറഞ്ഞത്.

“”ഓമനേടത്തി. പോയ കാര്യം മംഗളമായി.. ചെറുക്കനെ അവർക്കിഷ്ടമായി.. ഈ വരുന്ന ചിങ്ങത്തിൽ രണ്ടും ഒരുമിച്ച് നടത്താമെന്നാ അവര് പറഞ്ഞേക്കണേ..എന്നാൽ ഞാനിറങ്ങട്ടെ പോകുന്ന വഴി മോൾടെ വീട്ടിൽ ഒന്നു കയറണം.””

വാസുവേട്ടൻ യാത്ര പറഞ്ഞിറങ്ങി..

“”എന്താ മണവാളൻ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഇങ്ങോട്ടു വാ..””

ചുണ്ടിൽ പുഞ്ചിരി നിറച്ചെങ്കിലും കണ്ണുകളിൽ സന്തോഷം നിറയ്ക്കാൻ അവൾക്ക് കടിഞ്ഞില്ല.. അനുവാദം ചോദിക്കാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി. അവന് ആ മുഖത്തേയ്ക്ക് നോക്കാൻ ശക്തിയില്ലായിരുന്നു .. അവൾ അവന്റെ കൈകളിൽ പിടിച്ചു… അകത്തേയ്ക്ക് കൂട്ടി..

“”ആട്ടെ. അത് ചോദിക്കാൻ മറന്നു .”കിച്ചുവേട്ടാ പെണ്ണ് എങ്ങിനെ എന്നെക്കാളും സുന്ദരിയാണോ..എന്താ പേര് ..””

അവന്റെചുണ്ടുകൾ മന്ത്രിച്ചു

“”രാധിക ..””

“”നല്ല പേര് കൃഷ്ണൻ രാധിക ..അല്ലെങ്കിലും ഈ കൃഷ്ണൻ മീനു ഒട്ടും ചേരില്ല.. പേരിലു പോലും ഒരു ചേർച്ചയില്ല അല്ലേ അമ്മായീ.””

. ഇതെല്ലാം കേട്ടു .. നിറകണ്ണുകളോടെ അവളെയും നോക്കി അവൻ അവിടെ ഇരുന്നു .. അതും പറഞ്ഞവൾ അടുക്കളയിലേയ്ക്ക് ഓടി.. അടുക്കള വാതിലിന്റെ മറവിൽ നിന്നു കൊണ്ടവൾ വായ് പൊത്തി കരഞ്ഞു

“”എന്റെ മോളേ.. നീയിങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ..അവൻ ഹൃദയം പൊട്ടി മരിക്കും ..””

അവൻ എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് ചെന്നു ..

“”മീനു..””

“”എന്താ ഏട്ടാ..””

അവൾ കണ്ണു തുടച്ചു കൊണ്ടു ചോദിച്ചു..

“”അയ്യേ.. ആണുങ്ങള് കരയേ..മോശം ..””

“”കിച്ചുവേട്ടാ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.””

ഉം അവൻ തലയാട്ടി.. “”ലച്ചു എനിക്കാരാ””

“”അനുജത്തി.””

“”അപ്പോൾ കിച്ചുവേട്ടനോ “”

“”ഞാൻ ഞാൻ “”

അവൻ മറുപടി പറയാതെ നിന്നു പരുങ്ങി ..

“”കിച്ചുവേട്ടൻ എന്റെ ചേട്ടൻ .- ഇനി മുതൽ ഏട്ടന് രണ്ടു പെങ്ങൾമാരാ .മൂത്തത് ഞാൻ രണ്ടാമത്തെ അവൾ””

അത്രയും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നോക്കാതെ നടന്നു..

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു .. മനസ്സിലെ വിഷമങ്ങൾ മറച്ചുവെച്ചവൾ .ആടിപ്പാടി.. വിവാഹങ്ങൾ മംഗളമായി നടത്തി..

ഒരു പെങ്ങളുടെ ഭാഗത്തുനിന്ന് അവൾ രാധികയെ കൈ പിടിച്ചു കയറ്റി..വലത് കാലുവച്ചു അകത്തേയ്ക്ക് കയറുമ്പോൾ അവൾ കിച്ചു വിന്റെ കാതിൽ പറഞ്ഞു..

“”ഇനി അവളുടെ കണ്ണുകൾ നിറയാതെ നോക്കണം. ഇനി കിച്ചു രാധികയുടേതാ കിച്ചു വിത്ത് രാധിക””..

ചിലപ്പോൾ അങ്ങിനെയാ ആശിച്ച ജീവിതം ലഭിക്കുകയില്ല.. ചിലർക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെയ്ക്കേണ്ടി വരും.. ഓർമ്മകൾക്ക് മരണമില്ല .. ഈ ജന്മം മുഴുവൻ കിച്ചു വിന്റെ മനസ്സിൽ അവൾ ഉണ്ടായിരുന്നു .. നഷ്ടപ്പെടുത്തിയ ഒരു പ്രണയത്തിന്റെ ഓർമ്മകളുമായ്…

രചന: Rajesh Dhipu

Leave a Reply

Your email address will not be published. Required fields are marked *