ദേവത, ചെറുകഥ…

രചന: ദേവ വൃതൻ

‘രാഘവാ താനിതെന്ത് ഭാവിച്ചാണ് മകളെയൊരു കൂലിപ്പണിക്കാരന് കെട്ടിച്ച് കൊടുക്കാമെന്ന് വാക്ക് നൽകിയത് ”

ഒരേയൊരു മകളെ ചെറുക്കൻ പെണ്ണ് കണ്ടു കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ..അതിനു മുമ്പേ വീട്ടിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു. അതിനെയെല്ലാം ആയാളൊരു ചെറുപുഞ്ചിരിയോടെ നേരിട്ടു.പറഞ്ഞു മനസ്സിലാക്കാൻ ചിലരെ ബുദ്ധിമുട്ടാണ്.. ചിലപ്പോൾ ഒരായിരം ചോദ്യങ്ങൾ പിന്നാലെയുണ്ടാകും.

“എടോ ഈ വന്നകാലത്ത് കൂലിപ്പണിയും കൃഷിയും കൊണ്ടൊന്നും രക്ഷയില്ല.സർക്കാർ ജോലിക്കാർക്കും ഗൾഫുകാർക്കും കിട്ടുന്ന ശമ്പളം പോലും വീട്ടിൽ തികയുന്നില്ല”

ആത്മ സ്നേഹിതനായ ജോസ് പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴും രാഘവൻ പുഞ്ചിരി കൈവിട്ടില്ല.

“ഞാൻ തന്റെ മകളുടെ നല്ലതിനു വേണ്ടിയാണ് പറയുന്നത്.. ദേവതയെ പോലൊരു കുഞ്ഞാണ് അനർത്ഥ..അമ്മയില്ലെന്നല്ലെയുള്ളൂ..ആ കുഞ്ഞിനെ സങ്കടപ്പെടുത്തരുത്”

ഭാര്യയുടെ ഓർമ്മ ചിന്തയിൽ തെളിഞ്ഞതും രാഘവനൊന്ന് പിടഞ്ഞു.

“രാഘവേട്ടാ ഞാൻ മരിച്ചു പോയാലും മോൾക്കൊരു കുറവും വരരുത്.അവളുടെ കണ്ണ് നിറയരുത്”

തന്റെ കൈ പിടിച്ചു സത്യം ചെയ്തിട്ടാണ് അവൾ കണ്ണടച്ചത്.

“താനെന്റെ കൂടെ വീട്ടിലേക്കൊന്ന് വാ”

രാഘവൻ ആത്മ സ്നേഹിതനെയും ക്ഷണിച്ചു വീട്ടിലേക്ക് പോയി.അച്ഛൻ വരുന്നത് കണ്ട് അനർത്ഥ ഉമ്മറത്തേക്കെത്തി.

“എന്താ അച്ഛാ താമസിച്ചത്.”

“ഒന്നുമില്ല മോളേ..ജോസിനെ കണ്ടു സംസാരിച്ചു നിന്നതാണ്”

അവൾക്ക് അറിയാം അച്ചനും ജോസും തമ്മിലുള്ള അടുപ്പം.

“അച്ഛൻ പറഞ്ഞു ഉറപ്പിച്ച വിവാഹം മോൾക്ക് ഇഷ്ടമായില്ലെന്നുണ്ടോ?”

മുഖവുരയില്ലാതെ അയാൾ കാര്യത്തിലേക്ക് കടന്നു…അനർത്ഥയൊന്ന് പുഞ്ചിരിച്ചു.അച്ഛന്റെ മുഖത്ത് നിന്ന് കാര്യങ്ങൾ ഏറെക്കുറെ അവൾ ഊഹിച്ചു.

“എന്താ ജോസേട്ടാ പ്രശ്നം…” അനർത്ഥയിൽ നിന്ന് അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ല.എന്നിട്ടും തനിക്ക് പറയാനുള്ളത് ചോദിച്ചു..

“മോളേ നമുക്ക് നല്ലൊരു സർക്കാർ ജോലിക്കാരനെയോ ഗൾഫുകാരനെയോ നോക്കാം”

അയാളുടെ കരുതലും സ്നേഹവും മനസ്സിലാക്കിയാണ് അവൾ മറുപടി കൊടുത്തത്..

“ജോസേട്ടാ എന്നോടുളള സ്നേഹവും കരുതലും വേണ്ടുവോളം ഉണ്ടെന്ന് അറിയാം.എന്നാലും പറഞ്ഞോട്ടെ..സർക്കാർ ജോലിയും ഗൾഫുമൊക്കെ ഏത് നിമിഷവും നഷ്ടപ്പെട്ടെന്ന് വരാം..പക്ഷേ ഏത് ജോലിയും ചെയ്യാനുള്ള മനസ്സുളള ആൾക്ക് എന്തു പണിയും ചെയ്യാൻ മടി കാണില്ല.ജീവിതത്തിൽ കുറച്ചു ദുഖവും വേണം.എങ്കിലേ അതിനൊരു അർത്ഥമുള്ളൂ.സുഖം മാത്രം നോക്കിയാൽ മനസ്സിനു തൃപ്തി കിട്ടില്ല’

ജോസേട്ടനു പിന്നെയൊന്നും പറയാൻ കഴിഞ്ഞില്ല.

” പിന്നെ വന്നയാ കൂലിപ്പണിക്കാരൻ എന്റെ പിന്നാലെ പ്രണയവുമായി പിന്നാലെ നടന്നതാ..ഞാൻ പറഞ്ഞു വീട്ടിൽ വന്ന് അച്ഛനോട് ചോദിക്കാന്‍. അയാൾ അതുപോലെ ചെയ്തു. നമ്മളെ സ്നേഹിക്കാൻ മനസ് കാണിക്കുന്നവരെയാണു ഒപ്പം കൂട്ടേണ്ടത്”

വയറും മനസ്സും ഒപ്പം നിറഞ്ഞു…രാഘവനും ജോസിനും..

“ഞാൻ ഈ അച്ഛന്റെ മോളാണ്…അച്ഛനാണു എന്നെ വളർത്തിയത്.. അദ്ദേഹം ഒരിക്കലും എന്റെ നന്മക്കല്ലാതെ പ്രവർത്തിക്കില്ലെന്ന് എനിക്ക് അറിയാം…

അനർത്ഥ രണ്ടു പേരുടെയും കയ്യിൽ പിടിച്ചു… എനിക്ക് നിങ്ങളുടെ ആശീർവാദം എന്നും ഉണ്ടായാൽ മതി..

ജോസിന്റെ കണ്ണുകൾ നിറഞ്ഞു..അയാളുടെ മനസ്സിൽ നിറഞ്ഞത് വിവാഹം കഴിഞ്ഞു അകന്ന് പോയ മക്കളും സ്വന്തം സുഖം തേടി ഇറങ്ങിപ്പോയ ഭാര്യയും ആയിരുന്നു..

” ന്റെ ജോസേട്ടാ.. കരയാതെ…ഞാനും മോളല്ലേ..എന്റെ വിവാഹം കഴിഞ്ഞാലും രണ്ടു പേരും ഒരുമിച്ച് ഉണ്ടാകണം.വയ്യാതെ വന്നാൽ ഞാൻ നോക്കിക്കോളാം…

ജോസിന്റെ കണ്ണുകൾ തുടച്ചിട്ട് അച്ഛന്റെയും സ്നേഹിതന്റെയും കൈകൾ അവൾ ചേർത്തു പിടിച്ചു..

“എന്നും നിഴൽ പോലെ രണ്ടാളും കൂടെ ഉണ്ടായാൽ അതാണെന്റെ ഏറ്റവും വലിയ സന്തോഷം…അവൾ മെല്ലെയൊന്ന് തേങ്ങി…

രചന: ദേവ വൃതൻ

Leave a Reply

Your email address will not be published. Required fields are marked *