ഹരിയേട്ടന്റെ വാക്കുകൾക് മുന്നിൽ നിറഞ്ഞുവന്ന കണ്ണുകൾ ഒന്ന് കൂട്ടിയടച്ചു ഒന്നേ പറഞ്ഞുള്ളു…

രചന: രച്ചൂസ് പപ്പൻ

അമ്മ …. ഉണ്ണിക്ക് പാപ്പം കുടിച്ചാന് തോന്നുവാ . മോനുന് വിചക്കുനുണ്ട്…മൂന്ന് വയസ്സുകാരൻ ഉണ്ണി അതെന്നോട് പറയുമ്പോൾ കിടക്കയിൽ കൈയൂന്നി എഴുനേൽക്കാൻ ശ്രെമിച്ചത് അവന്റെ വിശന്നുള്ള കണ്ണീരുകണ്ടിട്ടാണ്‌….. തലപോക്കാൻ പോലും കഴിയില്ല ഉടനെ ഒന്നും എന്ന് മനസിലാക്കിയത്..എല്ലുകൾ ഞുറുങ്ങും പോലെ ഉള്ള നടുവേദന കൊണ്ടാണ്… വേദനയെക്കാൾ ഏറെ നീറ്റലായിരുന്നു…

കൈവിരലുകൾ നടുവിലേക്ക് പരതുമ്പോൾ അങ്ങിങ്ങായി ചോര കിനിഞ്ഞിരുന്നു…. അമ്മേ… ഉണ്ണിക്ക് വിച്ചന്നിട്ട് വയ്യല്ലോ അമ്മേ എന്ന് പറഞ്ഞു ഉണ്ണി കരയുമ്പോൾ തെല്ലൊന്ന് ആലോചിച്ചിട്ട് ഹരിയേട്ടനെ വിളിക്കാനാണ് തോന്നിയതും….

സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ്‌ കളിയിൽ മുഴുകി ഇരുന്ന ഹരിയേട്ടന് എന്റെ വിളി ഒരുതരത്തിൽ മുഴിച്ചിലായി എന്ന് മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു…. എന്താ…. ഗീതു നിനക്ക്.. വീണപ്പോൾ തന്നെ പൊക്കിയെടുത്തു ഇവിടെ കൊണ്ട് കിടത്തിയില്ലേ ഇനിയും എന്തിനാ വിളിച്ചു കൂവുന്നേ… അടങ്ങി ഒതുങ്ങി കിട്ടാക്കരുതോ നിനക്ക്… ഹരിയേട്ടന്റെ വാക്കുകൾക് മുന്നിൽ നിറഞ്ഞുവന്ന കണ്ണുകൾ ഒന്ന് കൂട്ടിയടച്ചു ഒന്നേ പറഞ്ഞുള്ളു…

നമ്മുടെ കുഞ്ഞിന് വിശക്കുന്നുണ്ട് എന്തെങ്കിലും ഒന്ന് കഴിക്കാൻ കൊടുക്കുവോ അതു കഴിഞ്ഞും ക്രിക്കറ്റ്‌ കളി കാണാല്ലോ… മറുത്തൊരു മറുപടി തരാതെ അടുക്കളയിലേക്ക് പോയി കുഞ്ഞിന് പാലും ബിസ്‌കറ്റും കൊണ്ടുവന്നു കൊടുത്തു തിരികെ ടീവിക്ക് മുന്നിലേക്ക് പോകുമ്പോൾ തന്നെ ഹരിയേട്ടന്റെ നീരസം മനസിലാക്കിയിരുന്നു…. പാലുകുടിച്ചു എനിക്കൊപ്പം ചേർന്ന് കിടന്ന് ഉറങ്ങുന്ന ഉണ്ണിയുടെ തലയിൽ തലോടുമ്പോൾ കണ്ണുനീർ ഒഴുകി തലയിണയെ നിറച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു…. ഏത് സമയത്താണോ അലക്കുകല്ലിനു അടുത്തേക്ക് പോകാൻ തോന്നിപ്പിച്ചത് എന്നോർത്തപ്പോൾ ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി…

തല ചുറ്റിയത് മാത്രം ഓർമയുണ്ട് അളക്കുകല്ലില്ലേക്ക് നടുവടിച്ചു വീണു കഴിഞ്ഞിരുന്നു… ഹരിയേട്ടന്റെ അമ്മയാണ് കണ്ടത്… ബോധം വന്നപ്പോൾ കട്ടിലിൽ കിടക്കുവായിരുന്നു… എന്തെങ്കിലും ക്ഷീണം തോന്നിയാൽ തുണി നനക്കാൻ പോകാതിരിക്കണം മറ്റുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് ഗീതു ഹരിയേട്ടന്റെ അമ്മയുടെ സംസാരം കേട്ടിട്ട് ഞാൻ സ്വയം വരുത്തി വെച്ചത് പോലെ ആണ് തോന്നിയത്… ഒന്നും മിണ്ടാതെ കണ്ണുനിറക്കാനേ എനിക്കപ്പോഴും കഴിഞ്ഞിരുന്നുള്ളൂ.. അമ്മ കുളിമുറിയിൽ വീണ് കാലൊടിഞ്ഞു കിടന്നപ്പോഴും ഹരിയേട്ടന്റെ അച്ഛൻ ഒരു വശം തളർന്നു കിടന്നപ്പോഴും ഇന്നലെ കൂടി ഹരിയേട്ടൻ പനിച്ചു ഉറങ്ങാതെ ഇരുന്നപ്പോഴും കൂടെ നിന്ന് പരിചരിച്ചത് സ്വന്തം എന്ന് കരുതിയാണ് എന്റെ കുടുംബം എന്നോർത്താണ്…. അമ്മേ.. ഇത്തിരി വെള്ളം എടുത്തു തരുമോ… എന്ന് ഞാൻ ചോദിച്ചപ്പോൾ അമ്മ ഹരിയേട്ടനോട് പറഞ്ഞത് ഞാൻ നിന്റെ കെട്ടിയോളുടെ വേലക്കാരി ഒന്നും അല്ല ആജ്ഞാപിക്കുമ്പോൾ ഓരോന്നും സാധിച്ചു കൊടുക്കാൻ എന്നാണ്… അമ്മയോട് മറുപടി പറയാതെ ഹരിയേട്ടൻ കൊണ്ട് വന്ന ചൂടുവെള്ളം എന്റെ നേർക്ക് വെച്ച് നീട്ടുമ്പോൾ ഞാൻ ചോദിച്ചത് ഞാൻ ഒരു ദിവസം വീണുപോയാൽ ഇതാണ് ഇവിടുത്തെ അവസ്ഥ അല്ലേ ഹരിയേട്ടാ…. ഇതുപോലെ ഒക്കെ എനിക്കും ചിന്തിക്കമായിരുന്നു ല്ലേ…

ഗീതു പതുക്കെ അമ്മ കേട്ടിട്ട് ഇനി അത് മതി എന്ന് പറഞ്ഞു ഹരിയേട്ടൻ വീണ്ടും ടീവീ ക്ക് മുന്നിലേക്ക് പോകുമ്പോൾ വേദനക്ക് ഇടയിലും ചിരിയാണ് വന്നത്…. കുഞ്ഞിനെ കുളിപ്പിക്കാനും അവനെയും കൊണ്ട് ടോയ്‌ലെറ്റിലേക്കും ഒക്കെ ഓടുന്ന ഹരിയേട്ടനെ കണ്ടു സഹതാപം ആണ് തോന്നിയത്…

ഇന്നലെ വരെ ഗീതു…. ഉണ്ണിക്ക് മൂത്രം ഒഴിക്കണം… ഉണ്ണി അപ്പി ഇട്ടു വേഗം വരൂ.. എന്നൊക്കെ പറഞ്ഞു വിളിക്കുമ്പോൾ ചെയ്തു കൊണ്ടിരുന്ന ജോലി പാതി വഴി ഇട്ട് ഉണ്ണിക്ക് പിറകെ ഓടുമ്പോൾ ഹരിയേട്ടൻ ചോദിക്കാറുള്ളത് എന്താ ഗീതു നിന്നെ ഒരു നൂറു വട്ടം വിളിക്കണമല്ലോ എന്തെങ്കിലും കാര്യം സാദിക്കണം എങ്കിൽ ഇതിന് വേണ്ടി എന്ത് ജോലിയാ നിനക്കിവിടെ എന്നായിരുന്നു… ഒരു പത്തു മിനിറ്റ് ആഹാരം കൊടുക്കാൻ താമസിച്ചാൽ ദേഷ്യപെടുന്ന ഹരിയേട്ടൻ ഇന്ന് ഉണ്ടത് മൂന്ന് മണിക്കാണ് എന്നുള്ളത് തെല്ലൊന്നുമല്ല എന്നെ അതിശയിപ്പിച്ചത്…. വിളക്ക് കഴുകാതെ കത്തിച്ചാൽ വഴക്കുപറയാറുള്ളത് അമ്മ പഴയ തുണിയിൽ വിളക്ക് വൃത്തിയാക്കി കത്തിക്കുന്നത് കണ്ടപ്പോൾ അമ്പരപ്പാരുന്നു….

ഹരിയേട്ടൻ വിവാഹം കഴിച്ചു കൊണ്ടുവന്ന അന്ന് ആണ് ഈ മുറിയെ ഞാൻ നോക്കിയത് പോലെ ഇന്നാണ് വീണ്ടും നോക്കി കണ്ടത് ഇത്രയേറെ സമയം ഈ മുറിയിൽ ചിലവഴിച്ചതും… അല്ലാത്തപ്പോൾ എല്ലാം മുറി തൂക്കാനും തുടക്കാനും തുണി മടക്കി വെക്കാനും ഇരുട്ട് മൂടുമ്പോൾ നിദ്രയെ പുൽകാനും ആണ് ഞാൻ ഇവിടേക്ക് വരാറ്… ഇത്രയേറെ ഭംഗിയാണ് ഞങ്ങളുടെ കിടപ്പറക്ക് എന്ന് തോന്നിയത് ഇന്നാദ്യം… അത്താഴത്തിനു കഞ്ഞിയും ചമ്മന്തിയും കൊടുത്ത അമ്മയോട് ഇതേ ഒള്ളോ അമ്മേ എന്നു ചോദിച്ച ഹരിയേട്ടനോട് അമ്മ പറഞ്ഞത് നിന്റെ ഭാര്യ ഇടവേള എടുത്തപ്പോൾ ഓർത്തില്ലേ കെട്ടിയോൻ പട്ടിണി ആകുമെന്ന് എന്നാണ്.. അല്ല അമ്മക്ക് കഞ്ഞിയൊക്കെ കുടിക്കാം അല്ലേ അവൾ അടുക്കളയിൽ കയറുമ്പോൾ നാലു കൂട്ടം കറി വേണം അതുകൊണ്ട് ചോദിച്ചതാ എന്ന് പറഞ്ഞു കുഞ്ഞിന് ആഹാരം കൊടുക്കാൻ ആയി ഹരിയേട്ടൻ പോകുമ്പോൾ മുറിക്കുള്ളിലേക്ക് കണ്ണുകൾ പായിച്ചിരുന്നു…

കുഞ്ഞിനെ ഉറക്കി രാത്രിയിൽ എന്റെ അടുത്ത് വന്നു കിടന്ന ഹരിയേട്ടൻ എന്നോട് ചോദിച്ച ചോദ്യം.. ഗീതു നീ എങ്ങിനെ ചെയ്യുന്നു എല്ലാം ഇത്രയും അടുക്കും ചിട്ടയും ആയി? ആ ഒറ്റ ചോദ്യം മാത്രം മതിയാരുന്നു അദ്ദേഹം എന്നെ മനസിലാക്കുന്നുണ്ടോ എന്നറിയാൻ… അതിനു മറുപടി ആയി ഒരു ചിരി സമ്മാനിച്ചപ്പോളും എന്റെ കണ്ണ് കലങ്ങിയിരുന്നു… പിറ്റേന്ന് രാവിലെ വേദന കടിച്ചു പിടിച്ചു അടുക്കള ലക്ഷ്യമാക്കി നടക്കാൻ തുനിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് ഹരിയേട്ടൻ പറഞ്ഞത്..

ഗീതു.. നീ കിടന്നോ ഞാൻ ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞിട്ടുണ്ട്.. എന്നായിരുന്നു.. കുഴപ്പമില്ല ഏട്ടാ.. എനിക്കെല്ലാം മാറി… എന്നു പറയുമ്പോൾ എനിക്കറിയാം നിനക്ക് വയ്യാന്നു കള്ളം പറയണ്ട… ഞാൻ അലാതെ മറ്റാരാണ് നിന്നെ മനസിലാക്കണ്ടത്… എന്ന് പറയുമ്പോൾ ആ നെഞ്ചോടു ഞാൻ തല ചായ്ച്ചിരുന്നു..

രചന: രച്ചൂസ് പപ്പൻ

1 thought on “ഹരിയേട്ടന്റെ വാക്കുകൾക് മുന്നിൽ നിറഞ്ഞുവന്ന കണ്ണുകൾ ഒന്ന് കൂട്ടിയടച്ചു ഒന്നേ പറഞ്ഞുള്ളു…

Leave a Reply

Your email address will not be published. Required fields are marked *