അവളെ സ്വന്തമാക്കാന്‍ നെഞ്ചിലൊരു തുടിപ്പ്…

രചന: Ameen azad

രമേശനൊരു പ്രേമം ഉണ്ടെന്നും, അവൾ ആരാണെന്നും അറിഞ്ഞതോടെ അച്ഛന്റെ സ്വഭാവം അപ്പാടെ മാറി….

അയാള്‍ കോപം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി…

” അയ്യോ അച്ഛാ……യേട്ടനെ ഒന്നും ചെയ്യല്ലേ…. ഞങ്ങളുടെ യേട്ടനെ ഒന്നും ചെയ്യല്ലേ…”

അവന്റെ കഴുത്തിന് കുത്തി പിടിച്ച് സ്വന്തം വീട്ടുമുറ്റത്ത് നിന്നും അച്ഛൻ ചവിട്ടിയിറക്കിയ പ്പോൾ…..

അമ്മ ഇല്ലാതെ…., കണ്ണിലെ കൃഷ്ണമണി പോലെ….,നെഞ്ചത്ത് വെച്ച് വളര്‍ത്തിയ രണ്ട് കുഞ്ഞു പെങ്ങന്മാര്‍ അവന് വേണ്ടി അച്ഛന്റെ കാല് പിടിച്ചു കെഞ്ചി കരഞ്ഞു….

“” എന്തോന്നാടി രണ്ടും കൂടി ഇവിടെ കിടന്ന് നിലവിളിക്കുന്നത്…..നിന്റെയൊക്കെ ആരെങ്കിലും ചത്തോ…..കയറി പൊക്കോളണം….മര്യാദയ്ക്ക്…ഇല്ലെങ്കിൽ രണ്ടിനേയും കൂടി ചവിട്ടി കൂട്ടും….ഞാൻ ”

രണ്ട് പെണ്മക്കളെയും കൂടി ബലം പ്രയോഗിച്ച് മുറ്റത്ത് നിന്നും വലിച്ചിഴച്ചു കൊണ്ടുവന്ന്‌ വീട്ടിനകത്ത് കയറ്റി….

പടിക്കു പുറത്താക്കിയ മകന് നേരെ ആ വീടിന്റെ വാതിൽ അയാള്‍ ശക്തിയായി കൊട്ടി അടച്ചു….

അയാള്‍ക്ക് അറിയാവുന്ന നാട്ടിലെ ഒരു പണച്ചാക്കിന്റെ ഒരേയൊരു മോളുടെ രണ്ടാം വിവാഹ ആലോചന രമേശനെ തേടി എത്തിയിരുന്നു….

എന്റെ മകന്‍ അവളെ വിവാഹം കഴിക്കുന്നതോടെ എന്റെ കുടുംബത്തിന്റെ എല്ലാ കഷ്ടപ്പാടുകളും മാറുമെന്ന് അയാള്‍ കണക്കുകൂട്ടി…..

ആ കണക്കുകൂട്ടലുകൾ തെറ്റായിരുന്നു എന്നതിനേക്കാള്‍ ആയിരം മടങ്ങ് വേദനയോടെ അയാളുടെ ഹൃദയത്തിലേറ്റ ആ വലിയ മുറിവിന് കാരണം….

അവളായിരുന്നു….!

മകന്‍ പ്രേമിക്കുന്ന ആ നശിച്ച പെണ്ണ്….!!

***** അവന്‍ വീട്ടുമുറ്റത്ത് നിന്നും വെന്തുരുകുന്ന മനസ്സുമായി ഒതുക്കു കല്ലുകള്‍ ഓരോന്നായി ചവിട്ടി ഇറങ്ങി…

തെരുവിലേക്ക് നടന്നു…..

ദാ…ഇതുപോലൊരു ദിവസം….

മൂത്ത പെങ്ങള് വെച്ചുണ്ടാക്കി തന്ന നല്ല രസികന്‍ ഊണും കഴിച്ച് ഒതുക്കു കല്ലിന് താഴെയായി പാർക്ക് ചെയ്തിരുന്ന സ്വന്തം ഓട്ടോയും എടുത്ത് കവലയിലേക്ക് തിരിച്ചു പോകുന്ന വഴിക്ക് റോഡില്‍ അപ്രതീക്ഷിതമായി ഒരാൾകൂട്ടം കണ്ടാണ് വണ്ടി നിറുത്തിയത്…

ആൾ കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട് അവിടേക്ക് കടന്നു ചെല്ലുമ്പോള്‍ കണ്ട കാഴ്ച അവന്റെ കരളലിയിപ്പിച്ചുകളഞ്ഞു……

ഏതോ ഒരു തെമ്മാടിയുടെ പ്രേമം നിരസിച്ചതിന് മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച ഒരു പാവം പെണ്‍കുട്ടി നിലത്തു കിടന്ന് ജീവനുവേണ്ടി യാചിക്കുകയാണ്…..

പിന്നെ വേറൊന്നും ആലോചിച്ചില്ല….

വാരി കൂട്ടിയെടുത്ത് ഓട്ടോയില്‍ കൊണ്ടു കിടത്തി ആററുപത്തില്‍ വിട്ടു ആശുപത്രി ലക്ഷ്യമാക്കി…..

അവളൊരു ഊമയാണെന്നും, രോഗിയായ അമ്മ അല്ലാതെ വേറെ ആരും അവള്‍ക്ക് കൂട്ടിന് ഇല്ലെന്നും മനസ്സിലായപ്പോള്‍ ആ ഇടം നെഞ്ചിലാണ് അവള്‍ക്കായി ഒരിടം നല്‍കിയത്…..

അന്നുതൊട്ട് തുടങ്ങിയതാണ്…..

അവളെ സ്വന്തമാക്കാന്‍ നെഞ്ചിലൊരു തുടിപ്പ്…,

അവളോട് മാത്രമായി ഉള്ളിലൊരു കിറുക്ക്…..

പിന്നെ രാവും, പകലും അവള്‍ക്കായി കാവലിരുന്നു…..

അമ്മയുടെ മരണത്തോടെ പുറമ്പോക്കിലെ ചോര്‍ന്നൊലിക്കുന്ന ആ കൂരയില്‍ അവൾ വീണ്ടും ഒറ്റയ്ക്കായി…..

****** സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു….

കാലം തെറ്റി വന്ന മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി…..

ആളും ,ആരവങ്ങളും….ഒഴിഞ്ഞ കവല ഉറക്കത്തിലേക്ക് മെല്ലെ ചാഞ്ഞു…..

വീട്ടിലേക്കുള്ള വഴി അടഞ്ഞിരിക്കുന്നു….!!

സ്റ്റാന്റില്‍ ഒതുക്കി ഇട്ടിരിക്കുന്ന ഓട്ടോയ്ക്കുള്ളില്‍ അവളെയും സ്വപ്നം കണ്ട് കിടക്കുമ്പോഴാണ് ആ വിളി കേട്ടത്…..

ചേട്ടാ…..”

പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ രണ്ട് പെങ്ങളും കൂടി ഓടി വന്ന് അവനെ കെട്ടിപിടിച്ചു…….

” മോനെ….രമേശ”

അവിടേക്ക് അച്ഛൻ കടന്നു വന്നു….

സ്വന്തം ചേട്ടനെ ജീവനു തുല്യം സ്നേഹിക്കുന്ന സഹോദരിന്മാരുടെ കണ്ണുനീരിന് മുന്നില്‍ ആ അച്ഛൻ തോറ്റു പോയിരുന്നു…..

മകനെ വീട്ടിലേക്ക് തിരിച്ചു വിളിക്കുമ്പോള്‍…..

അച്ഛന്റെ ശബ്ദത്തിലെ ഇടര്‍ച്ച, കണ്ണുകളില്‍ നനവ് പടര്‍ന്നിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു…..

ചാറല്‍ മഴ നനഞ്ഞു നില്‍ക്കുന്ന മൂന്ന് പേരെയും കൂട്ടി കൊണ്ട് തൊട്ടപ്പുറത്ത് കിടക്കുന്ന അവർ വന്ന അച്ഛന്റെ ഓട്ടോയ്ക്ക് അരികിലേക്ക് നടന്നടുക്കുമ്പോള്‍…

സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തില്‍ അവിടെ നില്‍ക്കുന്ന ആളെ കണ്ട് അവന്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി…..

പണമെന്ന് കേട്ടപ്പോൾ മകന്റെ ആ വലിയ മനസ്സ്‌ കാണാതെ പോയ അച്ഛൻ, അത് മനസ്സിലാക്കി ആ തെറ്റ് തിരുത്തിയിരിക്കുന്നു……

ഈ ലോകത്തിലെ അവന്റെ ഏറ്റവും പ്രീയപ്പെട്ടവളെ തന്നെ അയാള്‍ തേടിപ്പിടിച്ച് മകന് സമ്മാനമായി നല്‍കി…..!!!

രചന: Ameen azad

Leave a Reply

Your email address will not be published. Required fields are marked *