ആദ്യത്തെ പെണ്ണ്…

രചന: നവാസ് ആമണ്ടൂർ.

ഞാൻ അവളെ കാണുന്നതിന് എത്രയോ മുൻപ് അവൾ എന്നെ അവളുടേതാക്കി സ്‌നേഹിച്ചു. അതിന് കാരണക്കാരി എന്റെ അനിയത്തി ഷെറിനാണ്. ഒരുമിച്ചു പഠിച്ച കൂട്ടുകാരിയെ ഏട്ടന് വേണ്ടി കോർത്ത്‌ കെട്ടാൻ അവൾ തീരുമാനിച്ച സമയം മുതൽ റിൻസി എന്നെ അറിയാൻ ശ്രമം തുടങ്ങി.

പലവട്ടം ഷെറിൻ എന്റെ അരികിൽ വന്നു. വിഷയം റിൻസി.

“ഏട്ടാ അവൾ സുന്ദരിയാ.. അവൾക്ക് എബിയേട്ടനെ നല്ലയിഷ്ടമാണ്.. ഒന്ന് പോയി കണ്ടാലെന്താ.. ”

“നിന്റെ കൂട്ടുകാരിയുടെ മുൻപിൽ ഈ ഏട്ടൻ അവതരിക്കാനുള്ള സമയം ആയിട്ടില്ല കുട്ട്യേ. ”

എന്തുകൊണ്ടോ ഞാൻ പലപ്പോഴും കല്യാണക്കാര്യത്തിൽ നിന്ന് അകന്ന് മാറി. പപ്പയും മമ്മിയും പറയുന്ന പോലെ എന്റെ മനസ്സിൽ ഏതെങ്കിലുമൊരു കിളി കൂട് കൂട്ടിയത് കൊണ്ടല്ല.. എന്തോ.. അങ്ങനെ നീട്ടി നീട്ടി പോയി.

റിൻസി കാണാൻ സുന്ദരിയൊക്കെ തന്നെയാ.ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയും തിളങ്ങുന്ന കണ്ണുകളും നീളമുള്ള മുടിയും എനിക്ക് ഇഷ്ടമായതാണ്‌. അതുകൊണ്ട് മാത്രമാണ് നോ.. എന്ന് പറയാത്തത്.

എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാകും ഷെറിൻ ഈ കാര്യം നേരെ പപ്പയോടും മമ്മിയോടും പറഞ്ഞത്. അവർക്ക് റിൻസിയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ സമ്മതം.

പിന്നെയങ്ങോട്ട് കാര്യങ്ങൾ സ്പീഡിൽ മുന്നോട്ട് പോയി.

ഷെറിൻ മൊബൈൽ എടുത്തു റിൻസിയെ വിളിച്ചു.

“നാളെ ഒരുങ്ങി സുന്ദരിയായി നിന്നോ.. ആദ്യ കാഴ്ചയിൽ തന്നെ ഏട്ടൻ വീഴണം. ”

“ഷെറി നീ എന്താ പറയുന്നത്…? ”

“അത് തന്നെ.. നാളെ എന്റെ എബിയേട്ടൻ നിനക്ക് മുൻപിൽ അവതരിക്കും. ”

“സത്യം.. ആണോ മോളെ. ”

“അതേ.. ”

“ഞാനെന്നാ എല്ലാവരോടും പറയട്ടെ.. ”

“അവിടെ ഇപ്പൊ എല്ലാർക്കും അറിയാം… ഇവിടെന്ന് നിന്റെ പപ്പയെ വിളിച്ചിരുന്നു. ”

ഞാനും പപ്പയും മമ്മിയും ഷെറിനും ഉച്ചക്ക് ശേഷം റിൻസിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.

ഞാനും ഷെറിനും കാറിന്റെ ബാക്ക് സീറ്റിൽ ഇരുന്നു.

“എന്തായാലും നമ്മുടെ കുടുംബത്തിന് പറ്റിയ പെണ്ണ് തന്നെയാ റിൻസി.. ഏട്ടനെ പൊന്നുപോലെ നോക്കും.. ഇത് എന്റെ ഉറപ്പാണ്. ”

“നിന്റെ തള്ളൽ മതിയാക്കിക്കൂടെ… തള്ളി തള്ളി അവളെ കാണാൻ ഇവിടെ വരെ എത്തിച്ചില്ലേ… ഇനിയും വേണോ..? ”

അത് കേട്ട് ഷെറി മാത്രം ചിരിച്ചില്ല.

റിൻസിയുടെ വീട് എത്തും വരെ അവൾ ഒന്നും മിണ്ടാതെ പുറത്തോട്ട് നോക്കി ഇരുന്നു.

കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഞങ്ങളെ സ്വീകരിക്കാൻ കൂറേയധികം ആളുകൾ.

കുടുംബത്തിലുള്ള ഒട്ടുമിക്ക ആളുകളും അവിടെ എത്തിയിട്ടുണ്ട്.

“റിൻസി എബിയെ പറ്റി പറഞ്ഞ് ഞങ്ങൾക്ക് എല്ലാവർക്കും അവനെ അറിയാം.. അപ്പൊ പിന്നെ അവൻ വരുമ്പോൾ എല്ലാരും ഉണ്ടാവട്ടേന്ന് കരുതി. ”

“അത് നന്നായി.. എല്ലാരേം പരിചയപ്പെടാലോ.”

ഞങ്ങൾ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ… റിൻസി എനിക്ക് ഇഷ്ടപ്പെട്ട മെറൂൺ നിറത്തിലുള്ള ചുരിയും ക്രീം ടോപ്പും ധരിച്ചു.. ജ്യൂസ് കൊണ്ടുവന്നു.

ദൈവം അവളുടെ ചുണ്ടിന് സമ്മാനമായി കൊടുത്തതാകും ഈ പുഞ്ചിരി. വിടർന്ന നുണക്കുഴികൾ അവൾക്ക് അഴകാണ്.

നാട്ടു വർത്തമാനവും വീട്ട് കാര്യങ്ങളും.. പിന്നെയും എന്തൊക്കെയോ പറഞ്ഞും പരിചയപ്പെട്ടും.. ഞങ്ങൾ തിരിച്ചു പോരാൻ ഇറങ്ങി.

എല്ലാവരോടും ബൈ പറഞ്ഞു കാറിൽ കയറി.

“വീട് നിറച്ചും ആളുകൾ.. ശരിക്കും അവർക്ക് ഇത് ആഘോഷമായിരുന്നു എബി. ”

“എന്താ നിന്റെ അഭിപ്രായം… ഇഷ്ടമായോ.. റിൻസിയെ. ”

പപ്പയും മമ്മിയും മാറി മാറി ചോദിച്ചു.

“ഇഷ്ടക്കേടില്ല .. പക്ഷെ ഇഷ്ടം ആണെന്ന് പറയാൻ പറ്റുന്നില്ല. എന്തായാലും പിന്നെ തീരുമാനിക്കാം. ”

ദിവസങ്ങൾ കഴിഞ്ഞുപോയി.

ഒരു തീരുമാനത്തിൽ എത്താൻ കഴിയുന്നില്ല.

റിൻസിയെക്കാൾ നല്ല പെണ്ണിനെ കിട്ടില്ലേ എന്നൊരു തോന്നൽ ഉള്ളിൽ ഉള്ളത് പോലെ.

ഒന്ന് രണ്ട് വട്ടം റിൻസിയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. പിന്നെ അവരും വിളി നിർത്തി.

ഷെറിനും റിൻസിയും പഴയ ഇഷ്ടം കുറഞ്ഞെന്ന് തോന്നുന്നു.

അവളെ പറ്റിയൊന്നും ഷെറി ഇപ്പൊ എന്നോട് പറയാറില്ല.

ഇതിന്റെ ഇടയിൽ ഞാൻ വേറെയും രണ്ട് വീട്ടിൽ പെണ്ണ് കാണാൻ പോയി.

ആദ്യം കണ്ട പെണ്ണിനെ തന്നെ കെട്ടാൻ സമ്മതിക്കാത്ത മനസ്സ് പിന്നെ കാണാൻ ചെന്ന പെൺ കുട്ടികളിൽ തിരഞ്ഞത് റിൻസിയെ തന്നെ ആയിരുന്നു.

“ഷെറി… നീ റിൻസിയെ വിളിക്ക്.. എന്നിട്ട് പറ അവളെ എനിക്ക് ഇഷ്ടമാണെന്ന്. ”

ഞാൻ പറഞ്ഞത് കേട്ടിട്ടും ഷെറി ഒന്നും മിണ്ടാതെ ടീവിയിൽ നോക്കി ഇരുന്നു.

“മോളെ… ഞാൻ സീരിയസ് ആണ്. എനിക്ക് അവൾ മതി. ഇത് വരെ ഒന്നും പറയാതിരുന്നത്.. അവളെ ഇഷ്ടമാവാത്തത് കൊണ്ടല്ല. ആദ്യമായി കണ്ട പെണ്ണിനെ ഒരു ചോയ്സ് ഇല്ലാതെ സെലക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പൊ എനിക്ക് ഉറപ്പാണ് അവളെക്കാൾ നല്ല പെണ്ണിനെ കിട്ടില്ല എനിക്ക്. ”

“ഏട്ടാ.. ഏട്ടൻ ഒരുപാട് താമസിച്ചു പോയി. ”

ഷെറി അവളുടെ മൊബൈൽ എടുത്ത് വാട്സ്ആപ് ഓപ്പൺ ചെയ്തു എന്റെ നേരെ നീട്ടി.

അതിൽ റിൻസിയുടെ വോയിസ്‌ ഞാൻ പ്ലേ ചെയ്തു.

“മോളെ ഞാൻ ഒത്തിരി ആഗ്രഹിച്ചതാണ് എബിയുടെ പെണ്ണായി നിന്റെ വീട്ടിൽ വരാൻ.. എബിയുടെ മറുപടിക്കായി ഇത്രയും നാൾ ഞങ്ങൾ എല്ലാവരും കാത്തിരുന്നില്ലേ.. ഞാൻ ഇനിയും കാത്തിരിക്കുമായിരുന്നു.. ഒരിക്കൽ ഒരു വട്ടം എന്നെ ഇഷ്ടമാണെന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ… ”

റിൻസി കരയുകാണെന്ന് ആ വോയിസ്‌ കേട്ടാൽ അറിയാം.

“നാളെയാണ് ഷെറി എന്റെ മനസമ്മതം നീ വരണം…പിന്നെ… പിന്നെ… മോളെ നീ എബിയോട് പറയണം സമ്മതമില്ലാതെ തന്നെ ജീവനോളം ഞാൻ അവനെ സേന്ഹിച്ചു പോയെന്ന്….. സങ്കടം വന്നിട്ട് ഒന്നും പറയാൻ പറ്റണില്ല. ”

വോയിസിന്റെ ഇടയിലെ തേങ്ങൽ എന്റെ കണ്ണിലും കണ്ണീരിന്റെ നനവുണ്ടാക്കി.

ടീവിയിൽ നോക്കി മുഖത്ത്‌ ഷാൾ അമർത്തിക്കരയുന്ന ഷെറി.

“മോളെ നീ എന്തിനാ കരയുന്നത്…? ”

ഞാൻ അവളെ ചേർത്തു പിടിച്ചു.

“ഞാനല്ലേ ഏട്ടാ.. എല്ലാം തുടങ്ങിവച്ചത്..ഇപ്പൊ എല്ലാർക്കും സങ്കടം.. സഹിക്കാൻ പറ്റുന്നില്ല.. ഇനി എന്റെ ഏട്ടന് അവളെ പോലെ ഒരു പെണ്ണിനെ കിട്ടില്ല. ”

അതേ..,അവളാണ് എന്റെ ആദ്യത്തെ പെണ്ണ് അവളെ പോലെ ഒരാളും എന്റെ വഴിയിൽ ഇനി വരില്ല. എന്റെ വഴിയിൽ ഇന്നും ഞാൻ കാത്തിരിക്കുന്നതും അവളെ തന്നെയാണ്.

“എഴുതി കഴിഞ്ഞോ…. കഥ..? ”

“ഇല്ല.. എന്താണ്. ”

“അനിയത്തിയും ഏട്ടനും കൂടി കരച്ചിലും കണ്ണീരുമായി വന്ന് എന്റെ മനസ്സമാധാനം കളഞ്ഞ് മനസമ്മതം മുടക്കി ഇങ്ങോട്ട് ഈ എബിത്തെമ്മാടിയുടെ മണവാട്ടിയാക്കിയതും എഴുതിക്കൊ. ”

“പോ പെണ്ണെ… അതൊന്നും എഴുതണ്ട… ആദ്യത്തെ പെണ്ണിനെ കിട്ടാത്ത പാവമായി ഞാനീ കഥയിൽ ജീവിച്ചോട്ടെ. ”

പിടിച്ചു വെക്കലല്ല വിട്ട് കൊടുക്കലാണ് സ്‌നേഹമെന്നൊക്കെ പറഞ്ഞ് ത്യാഗിയായി ഞാൻ മാറി നിന്നിരുന്നെങ്കിൽ അവൾ ഇന്നും ഓർമ്മയിലെ സങ്കടമാകുമായിരുന്നു. ഇഷ്ടപ്പെട്ട പെണ്ണിനെ വിട്ടുകൊടുക്കലല്ല, കൂടെ കൂട്ടുന്നത് തന്നെയാണ് ഹീറോയിസം.

രചന: നവാസ് ആമണ്ടൂർ.

Leave a Reply

Your email address will not be published. Required fields are marked *