കുടുംബം കലക്കി

രചന: ഗുൽമോഹർ
“എനിക്ക് മടുത്തു നിങ്ങടെ കൂടെ ഉള്ള ഈ ജീവിതം , നിങ്ങളെ പോലെ ഉള്ള ഒരു ആഭാസന്റ കൂടെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ “. സുഗന്ധിയുടെ ഇടർച്ചയുള്ള ശബ്ദത്തിൽ ദേഷ്യവും കൂടി കലർന്നിരുന്നു .

” എന്നാ പോയി ചാവടി , അത്രേം സന്തോഷം .. നീയൊക്കെ ചാവുന്നത് തന്നെയാ നല്ലത് . എനിക്കോ സമാധാനം ഇല്ല .. നാട്ടികാർക്കെങ്കിലും കുറച്ചു സമാധാനം കിട്ടുമല്ലോ “. ഹരീന്ദ്രന്റ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു . ഇതെല്ലാം കണ്ടുകൊണ്ട് ഇരിക്കുന്ന ഭാഗീരഥിയമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു .

“ഈശ്വരാ … ഇവരൊക്കെ എന്നാ ഒന്ന് നേരെയാകുന്നെ … ഇതൊക്ക കണ്ടു കരയാനാണല്ലോ എന്റെ വിധി. ഇവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ പോലും ഈ കിളവിക്കു കഴിയുന്നില്ലാലോ . ” അമ്മ മനസ്സിൽ പറഞ്ഞ് കൊണ്ട് നീട്ടി ഒന്ന് നെടുവീർപ്പിട്ടു .

അപ്പുറത്തെ അടിയുടെ ശബ്ദം കേട്ടപ്പോൾ അമ്മ ഞെട്ടിത്തരിച്ചു .

അപ്പോഴേക്കും സുഗന്ധിയുടെ മുഖമടച്ചൊന്നു പൊട്ടിച്ചിരുന്നു ഹരീന്ദ്രൻ .

മുഖം പൊത്തിപ്പിടിച്ച് രൂക്ഷമായി ഹരിയെ നോക്കി സുഗന്ധി അലറി ..

” ഇയാളെന്നെ തല്ലി അല്ലേ .. കണ്ടവളുമ്മാരുടെ കൂടെ അഴിഞ്ഞാടി നടന്നത് ചോദിച്ചതാണോ ഞാൻ ചെയ്ത തെറ്റ് … നോക്കിക്കോ ഇതിന് നിങ്ങളെ കൊണ്ട് ഉത്തരം പറയിക്കും ഞാൻ . ഇനി നിങ്ങളെ കോടതി കയറ്റിയിട്ടേ ഈ സുഗന്ധിക്ക് വിശ്രമം ഉള്ളൂ .”

അതും പറഞ്ഞ് അവൾ കലിതുള്ളി അകത്തേക്ക് പോയി .

ഹരിക്ക് അടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി .

” അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചുപോയതാ , വേണ്ടിയിരുന്നില്ല ” അവൻ വലതുകൈയിലേക്ക് നോക്കി പിറുപിറുത്തു .

ഇതെല്ലാം കണ്ട് വിറങ്ങലിച്ചിരിക്കുകയായിരുന്നു ഭാഗീരഥിയമ്മ .

” ഈ കുട്ടികൾക്ക് ഇത് എന്തിന്റെ കേടാ , നല്ല രീതിയിൽ ജീവിച്ചുതീർക്കേണ്ട ജീവിതം ആണ് വെറുതെ വഴക്കിട്ടു നശിപ്പിക്കുന്നത് .” നിറഞ്ഞ കണ്ണുകൾ അമ്മ മുണ്ടിന്റെ അറ്റം കൊണ്ട് മെല്ലെ തുടച്ചു . ഇതെല്ലാം കണ്ടായിരുന്നു പുറത്ത് നിന്ന് മധു കയറിവന്നത് ..

ഉമ്മറത്തേക്ക് കയറിയത് തന്നെ അവൻ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു .

” ഇതെന്തൊരു സൗണ്ട് ആണ് ഇവിടെ …റോഡിലേക്ക് കേൾക്കാമല്ലോ . ആൾക്കാർ എന്ത് വിചാരിക്കും . അമ്മക്ക് ചെവി തീരെ കേൾക്കാനില്ലേ ”

മധുവിന്റ ദേഷ്യം കണ്ടപ്പോൾ അമ്മ കരഞ്ഞുകലങ്ങിയ മുഖം വേഗം തുടച്ചു .

” ആഹാ , അപ്പൊ ഇന്നും കരച്ചില് തന്നെ ആയിരുന്നോ . എന്റെ അമ്മേ , ഇതിനൊക്കെ ഇങ്ങനെ കരഞ്ഞാൽ അതിനെ സമയം ഉണ്ടാകൂ . എന്നും കേൾക്കുന്നതും കാണുന്നതും അല്ലേ ഈ വഴക്കും തെറി വിളിയും. കണ്ടു മടുത്തില്ലേ … ഇതൊക്കെ എന്നും ഉണ്ടാകൂ എന്ന് അറിഞ്ഞിട്ടും വെറുതെ ഉള്ള കണ്ണുനീർ കളയണോ . അല്ലെങ്കിലേ മനുഷ്യൻ ജോലി കഴിഞ്ഞു ക്ഷീണിച്ച വരുന്നത് . വരുമ്പോൾ കേൾക്കുന്നതോ ഈ തല്ലും പിടിയും തെറിവിളിയും .. അമ്മയോട് പറഞ്ഞിട്ട് കാര്യം ഇല്ലാലോ ”

മധു അതും പറഞ്ഞ് അകത്തേക്ക് പോയി . അവൻ പോയ വഴിയേ ഒന്ന് നോക്കി റൂമിൽ കേറിയെന്ന് ഉറപ്പു വരുത്തി ബഗീരഥിയമ്മ തിരിയുമ്പോൾ ദേ വരുന്നു പെട്ടിയും തൂക്കി പിടിച്ചുകൊണ്ട് സുഗന്ധി . പിന്നാലെ ഹരിയും .

” സുഗന്ധി , നീ എന്നോട് ക്ഷമിക്കൂ .. അറിയാതെ പറ്റിപ്പോയതാ . നീ അങ്ങിനെ ഒക്കെ പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി … ഇപ്പോൾ നീ ഇവിടുന്ന് പോവരുത് .. പോയാൽ എല്ലാവരുടെയും മുന്നിൽ ഞാൻ ശരിക്കും ഒരു കുറ്റക്കാരൻ ആകും ”

ഹരിയുടെ പതറിയ വാക്കുകൾക്ക് മുഖം കൊടുക്കാതെ സുഗന്ധി പുറത്തേക്ക് നടന്നതും വീട്ടിൽ കറന്റ പോയതും ഒരുമിച്ചായിരുന്നു.

“ഹാവു , ഇപ്പഴാ ഒരു സമാധാനം ആയത് … ഇനിയെങ്കിലും ചെവിതല കേൾക്കുമല്ലോ . അത് കഴിഞ്ഞില്ലേ .ഇനി ഒന്നിങ്ങു വന്നേ അമ്മേ ..എനിക്ക് വിശക്കുന്നു .”

മധുവിന്റ വിളി കേട്ടപ്പോൾ അമ്മ പതിയെ എഴുനേറ്റു .

” നാളെ എന്താകുമോ എന്തോ . ആ കുട്ടികൾക്ക് നല്ല ബുദ്ധി തോന്നിക്കണേ ഈശ്വരാ ”

മനസ്സിൽ അതും പറഞ്ഞ് അമ്മ മെല്ലെ ടീവിഓഫ്‌ ചെയ്യാൻ വേണ്ടി അതിനടുത്തേക്ക് നടന്നു .

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *